16 June 2024, Sunday

പ്രതീക്ഷിക്കാം, ഏകാധിപത്യത്തിനെതിരെ വിധിയെഴുത്ത്

സത്യന്‍ മൊകേരി
വിശകലനം
May 23, 2024 4:14 am

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ കീഴിലെ കേവലം ഒരു വകുപ്പാക്കി അധഃപതിപ്പിക്കുന്ന കാഴ്ചയാണ് രാജ്യം കണ്ടത്. ഭരണഘടന നല്‍കുന്ന പ്രത്യേക അധികാരം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേകതയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ പ്രക്രിയ പൂര്‍ത്തിയാകുന്നതുവരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ പരമാധികാരി തെരഞ്ഞെടുപ്പ് കമ്മിഷനാണ്. എന്‍ കെ ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷനായ കാലയളവില്‍ കമ്മിഷനില്‍ നിക്ഷിപ്തമായ അധികാരങ്ങള്‍ രാജ്യത്തിന് മനസിലായതാണ്.
മോഡി പ്രധാനമന്ത്രി ആയതിനുശേഷം എല്ലാനിലയ്ക്കും ഏകാധിപതിയായിട്ടാണ് പ്രവര്‍ത്തിച്ചുവന്നത്. എല്ലാം തന്റെ ചൊല്പടിക്ക് എന്ന ധാര്‍ഷ്ട്യത്തോടെയാണ് കഴിഞ്ഞ 10 വര്‍ഷക്കാലം രാജ്യം ഭരിച്ചത്. മൂന്നാംതവണയും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടത്തില്‍ തന്റെ വിശ്വരൂപം പ്രകടിപ്പിച്ച്, അധികാരങ്ങള്‍ പൂര്‍ണമായും കയ്യടക്കുന്ന സ്വേച്ഛാധിപതിയായി നരേന്ദ്ര മോഡി മാറുന്നതാണ് രാജ്യം കണ്ടത്. മോഡി ഗ്യാരന്റി, എന്ന് സ്വയം വിളിച്ചു പറയുന്ന തലത്തിലേക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി മാറി. തന്റെ നാമത്തിലൂടെ രാജ്യത്തിന്റെ എല്ലാ പദ്ധതികളും അറിയപ്പെടണമെന്ന ആഗ്രഹം ഏകാധിപതികളുടെ കൂടപ്പിറപ്പാണ്, അതാണ് ഇപ്പോള്‍ രാജ്യം മോഡിയിലൂടെ കാണുന്നത്. സ്വതന്ത്രമായ അധികാരമുള്ള ഭരണഘടനാ സൃഷ്ടിയായ തെരഞ്ഞെടുപ്പ് കമ്മിഷനെ മാനിക്കാതെ ജനങ്ങളെ പാവകളാക്കാം, തനിക്ക് എന്തുമാകാം എന്ന മനോഭാവത്തിലാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കാലത്ത് മുന്നോട്ടുപോകുന്നത്. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ എല്ലാം അതാണ് കാണിക്കുന്നത്. 

2024 മാര്‍ച്ചിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതോടെ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം അംഗീകരിക്കേണ്ടതിന്റെയും മാതൃകാപരമായി നടപ്പില്‍ വരുത്തേണ്ടതിന്റെയും പ്രധാന ഉത്തരവാദിത്തം പ്രധാനമന്ത്രിക്കാണ്. അതേ പ്രധാനമന്ത്രി തന്നെയാണ് പെരുമാറ്റച്ചട്ടം തനിക്ക് ബാധകമല്ല തനിക്ക് എന്തുമാകാം എന്ന മനോഭാവത്തോടെ വായില്‍ത്തോന്നിയ കാര്യങ്ങളെല്ലാം വിളിച്ചു പറയുന്നത്. ഏറ്റവും ഒടുവില്‍ നരേന്ദ്ര മോഡി യുപിയിലെ ബരാബങ്കിയില്‍‍ പ്രസംഗിച്ചത് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് രാമക്ഷേത്രം തകര്‍ക്കുമെന്നാണ്. രാമക്ഷേത്രം ഭൂരിപക്ഷം വരുന്ന ഇന്ത്യയിലെ ഹിന്ദുവിശ്വാസികളുടെ വികാരമായി ഉയര്‍ത്തിക്കൊണ്ടുവന്ന്, ഹിന്ദു ഏകോപനത്തിലൂടെ അധികാരത്തില്‍ വീണ്ടും വരിക എന്നതാണ് നരേന്ദ്ര മോഡിയുടെ ലക്ഷ്യം. പൂര്‍ത്തിയാക്കാത്ത അയോധ്യയിലെ രാമക്ഷേത്രത്തില്‍ നരേന്ദ്ര മോഡി പൂജാരിയുടെ വേഷമണിഞ്ഞതും വിഗ്രഹം പ്രതിഷ്ഠിച്ചതും അതിനുവേണ്ടിയായിരുന്നു. അതിനെതിരായി രാജ്യത്തെ ശ്രേഷ്ഠരായ ഹെെന്ദവ സന്യാസിമാര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തി. പ്രധാനമന്ത്രിക്ക് വിഗ്രഹ പ്രതിഷ്ഠ നടത്താന്‍ എന്ത് അവകാശം എന്ന ചോദ്യം ശക്തമായി ഉയര്‍ന്നു. തെരഞ്ഞെടുപ്പില്‍ രാമവിഗ്രഹ പ്രതിഷ്ഠ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ല എന്ന അവസ്ഥയുണ്ടായി. അയോധ്യ ഉള്‍പ്പെടുന്ന യുപിയിലും ഹിന്ദി മേഖലയിലാകെയും ഹിന്ദുമതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്, കുടിവെള്ളം, തൊഴില്‍, ദാരിദ്ര്യം, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളില്‍ എന്താണ് പ്രധാനമന്ത്രിക്ക് പറയാനുള്ളത് എന്ന ചോദ്യം ഉന്നയിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്ന് മനസിലാക്കിയാണ് കൂടുതല്‍ രൂക്ഷമായ തന്ത്രങ്ങളിലൂടെ മതപരമായി ചേരിതിരിച്ച്, ഹിന്ദുവികാരം ഉയര്‍ത്തി, ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ട് കൈവശമാക്കാം എന്ന ലക്ഷ്യം വച്ച് പ്രചരണം ശക്തിപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് റോഡ്ഷോയില്‍ രാമക്ഷേത്രം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ പോകുന്നു എന്ന് പ്രസംഗം നടത്തിയത് അതിനു വേണ്ടിയാണ്. മോഡിയുടെയും ആദിത്യനാഥിന്റെയും ശക്തികേന്ദ്രമെന്ന് കരുതുന്ന യുപിയിലെ ഗ്രാമങ്ങളില്‍ നിന്നുള്‍പ്പെടെ വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്, ജനങ്ങള്‍ അവരുടെ ജീവിത പ്രശ്നങ്ങളെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ്. രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ ‘അമ്മമാരുടെയും സഹോദരിമാരുടെയും താലിവരെ മുസ്ലിങ്ങള്‍ക്ക് വേണ്ടി തട്ടിപ്പറിച്ചെടുക്കുന്നവരാണ് ഇന്ത്യ സഖ്യം എന്നാണ്. രാജ്യത്തിന്റെ സമ്പത്ത് തട്ടിയെടുത്ത് കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് വിതരണം ചെയ്യുന്നതിന് ഇന്ത്യ മുന്നണി തയ്യാറാകും. രാജ്യത്ത് നുഴഞ്ഞുകയറിയവര്‍ക്കാണ് അത് നല്‍കുക എന്ന് ഉറപ്പാണ്. നിങ്ങള്‍ അത് അംഗീകരിക്കുമോ’ എന്നാണ് പ്രധാനമന്ത്രി ഉന്നയിച്ച ചോദ്യം. എന്റെ ജീവനുള്ള കാലംവരെ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കാന്‍ അനുവദിക്കില്ല എന്നാണ് തെലങ്കാനയില്‍ പറഞ്ഞത്. 

പാകിസ്ഥാന്‍ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കാര്യത്തില്‍ ഇടപെടുകയാണ്. കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. കോണ്‍ഗ്രസും പാകിസ്ഥാനും സഹകരണത്തിലാണ്. എന്നെല്ലാം രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാണ്. പാകിസ്ഥാനോടുള്ള വിരോധം ഉയര്‍ത്തി ഹിന്ദു ഏകീകരണം സാധ്യമാക്കുകയും അതിലൂടെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ വോട്ടു നേടുകയും ചെയ്യാം എന്നാണ് കണക്കു കൂട്ടല്‍.
പൗരത്വനിയമം ഇപ്പോള്‍ നടപ്പിലാക്കുന്നത് തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ മാത്രമാണ്. 2019ല്‍ പൗരത്വനിയമം പാസാ‌ക്കിയതാണ്. നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ കേസ് നിലവിലുണ്ട്. നിയമത്തിന് ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. നിയമം ഇപ്പോള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നില്ല എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ച നിലപാട്. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതിയുടെ മുമ്പില്‍ പരിഗണനയിലുള്ള നിയമമാണ് ഇപ്പോള്‍ നടപ്പിലാക്കിയത്. അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലെ വോട്ടാണ് പൗരത്വനിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധം പ്രധാനമന്ത്രിക്കുണ്ടായത്.
മോഡിയുടെ നടപടികളെല്ലാം പെരുമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനിടെയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സീതാദേവിക്ക് ക്ഷേത്രം പണിയുമെന്ന് തെരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചത്. ഹിന്ദുവിശ്വാസികളായ സ്ത്രീകളുടെ ഏകീകരണത്തിലൂടെ വോട്ട് ലക്ഷ്യം വച്ച പ്രസംഗമായിരുന്നു അമിത് ഷാ നടത്തിയത്. ഇതൊക്കെ തെരഞ്ഞെടുപ്പ് തികഞ്ഞ ചട്ടലംഘനമാണ്.
പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ വകവയ്ക്കാതെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, രാജ്യത്ത് ശക്തമായ വിമര്‍ശനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ദേശീയ ‑അന്തര്‍ദേശീയ മാധ്യമങ്ങള്‍ അതിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍, നിയമജ്ഞര്‍‍, സാമൂഹിക‑സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങി ദേശാഭിമാനികളായ നിരവധിപേര്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതികള്‍ ഇതിനകം തന്നെ നല്‍കിയിട്ടുണ്ട്. അതെല്ലാം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കയാണ്.
ചട്ടലംഘനത്തില്‍ മോഡിക്കെതിരെ നടപടിയില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെതിരായി വിമര്‍ശനം കടുത്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചത്. പ്രധാനമന്ത്രി നടത്തിയ പെരുമാറ്റച്ചട്ട ലംഘനത്തെക്കുറിച്ച് ബിജെപി പ്രസിഡന്റ് ജെ പി നഡ്ഡയോട് വിശദീകരണം ചോദിച്ചു. പേരിന് രാഹുല്‍ഗാന്ധിക്കെതിരെയുള്ള ഒരു പരാതിയുടെ വിശദീകരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടും ചോദിച്ചു. നിഷ്പക്ഷം എന്ന് വരുത്തിത്തീര്‍ക്കാനാണിത്.
എന്തുകൊണ്ട് പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറായില്ല എന്ന ചോദ്യം നിലനില്‍ക്കുന്നു. തങ്ങളെ നിയമിച്ച പ്രധാനമന്ത്രിയെ ഭയഭക്തി ബഹുമാനത്തോടെ കാണാനേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിയൂ. കമ്മിഷന്‍ നിയമനത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന സമിതി വേണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ നിയമഭേദഗതിയിലൂടെ കേന്ദ്രം മറികടന്നത്, തങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ പ്രതിഷ്ഠിച്ച് വരുതിയില്‍ നിര്‍ത്താനാണ്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നിയമമന്ത്രിയും ചേര്‍ന്നാണ് നിലവിലെ കമ്മിഷനെ നിയമിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോക്കുകുത്തിയാകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയായിരിക്കും. രാജ്യത്തെ ഭരണഘടനയനുസരിച്ചുള്ള ജനാധിപത്യ സംവിധാനങ്ങള്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന ഫലമായി ഉയര്‍ന്നുവന്നതാണ്. അതിനെയെല്ലാം നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങളാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനെതിരായി ഇന്ത്യയിലെ ജനങ്ങള്‍ വിധിയെഴുതും എന്ന് പ്രതീക്ഷിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.