തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പൊറുതിമുട്ടുന്ന കേരള ജനതയ്ക്ക് ഇരുട്ടടിയായി മണ്ണെണ്ണവിലയും കേന്ദ്രം വർധിപ്പിച്ചു. ഇക്കുറി 22 രൂപയാണ് ഒറ്റയടിക്ക് വർധിപ്പിച്ചത്. ഇതോടെ റേഷൻ മണ്ണെണ്ണയ്ക്ക് 81 രൂപയായി ഉയരും. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതവും വെട്ടിക്കുറച്ചിട്ടുണ്ട്. ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത തരത്തിൽ മണ്ണെണ്ണ വില വർധിപ്പിച്ച ഓയിൽ കമ്പനികളുടെ നടപടിക്കെതിരെ കേന്ദ്ര സർക്കാരിനെ സംസ്ഥാന സർക്കാർ സമീപിക്കും.
ഏപ്രിൽ ആറിന് ഡൽഹിയിലെത്തുന്ന ഭക്ഷ്യമന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം-ഭക്ഷ്യ പൊതുവിതരണ മന്ത്രിമാരെ നേരിട്ട് കണ്ട് കേരളത്തിന്റെ പ്രതിഷേധം അറിയിക്കും. നേരത്തെ ലഭിച്ചുകൊണ്ടിരുന്ന മണ്ണെണ്ണ വിഹിതത്തിന്റെ പകുതിയോളമാണ് വെട്ടിക്കുറച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ കേരളത്തിന് അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടും. ഉയർന്നവിലയ്ക്ക് മണ്ണെണ്ണ എടുക്കാനാകില്ലെന്ന് റേഷൻ മൊത്ത വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എണ്ണ കമ്പനികൾ ഇക്കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം മണ്ണെണ്ണയുടെ വില രണ്ടുവട്ടം വർധിപ്പിച്ചിരുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്തുന്ന വില വർധന ഒഴിവാക്കിയാണ് ഭക്ഷ്യവകുപ്പ് മാർച്ച് 31 വരെ മണ്ണെണ്ണ വിതരണം ചെയ്തത്.
2022 മാർച്ച് 31 വരെ വിതരണം ചെയ്യുന്നതിനുള്ള മണ്ണെണ്ണ 2021 ഡിസംബർ മാസം തന്നെ ബന്ധപ്പെട്ട ഓയിൽ കമ്പനികളിൽ നിന്നും ഭക്ഷ്യവകുപ്പ് വാങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളിൽ നിന്നും യാതൊരു ലാഭവും കൈപ്പറ്റാതെ ജനുവരി മാസത്തെ വിലയിൽ റേഷൻ കാർഡ് ഉടമകൾക്ക് മണ്ണെണ്ണ വിതരണം ചെയ്യാൻ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർദേശം നൽകിയിരുന്നു. അന്ന് പുതിയ വിലവർധനവ് നടപ്പാക്കിയിരുന്നെങ്കിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന പിഡിഎസ് മണ്ണെണ്ണയുടെ വില 60 രൂപയോളമാകുമായിരുന്നു.
ജനുവരി മാസത്തിൽ 41.64 രൂപയായിരുന്ന മണ്ണെണ്ണയുടെ അടിസ്ഥാന വില ഫെബ്രുവരി ഒന്നിന് 5.39രൂപ വർധിപ്പിച്ച് 47.03 ആക്കി. ഫെബ്രുവരി രണ്ടിന് വീണ്ടും 2.52 രൂപ വർധിപ്പിച്ച് 49.55 ആക്കി. മണ്ണെണ്ണയുടെ അടിസ്ഥാന വിലയോടൊപ്പം കടത്ത് കൂലി, ഡീലേഴ്സ് കമ്മിഷൻ, സിജിഎസ്‌ടി, എസ്ജിഎസ്‌ടി എന്നിവ കൂട്ടിച്ചേർത്ത വിലയ്ക്കാണ് റേഷൻ കടകളിൽ നിന്നും മണ്ണെണ്ണ വിതരണം ചെയ്യുന്നത്. അന്ന് 53 രൂപയ്ക്കാണ് സംസ്ഥാനത്തെ റേഷൻ കടകളിലൂടെ മണ്ണെണ്ണ വിതരണം ചെയ്തിരുന്നത്. English summary; Huge increase in kerosene price
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.