3 May 2024, Friday

Related news

May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024
April 27, 2024

ബിജെപിയെ താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇനി തെരഞ്ഞെടുപ്പുണ്ടാകില്ല: എം വി ഗോവിന്ദൻ

Janayugom Webdesk
കഴക്കൂട്ടം
April 22, 2024 10:32 pm

ബിജെപിയെയും സംഘ്പരിവാറിനെയും ഭരണത്തിൽനിന്ന് താഴെയിറക്കാൻ കഴിഞ്ഞില്ലെങ്കിൽ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നും ഇത് അവസാന വോട്ടായിരിക്കുമെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ശ്രീകാര്യത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ 370–430 സീറ്റ് കിട്ടുമെന്ന പ്രചാരവേല നടത്തിയെങ്കിലും വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് ഉറപ്പായതോടെ സമനിലതെറ്റിയ പ്രധാനമന്ത്രി എന്തൊക്കെയോ വിളിച്ചു പറയുകയാണ്. ഇന്ത്യയിലെ പ്രതിപക്ഷം സമ്പത്ത് ശേഖരിച്ചു മുസ്ലിങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് കഴിഞ്ഞദിവസം പറഞ്ഞത്. പൊതുയോഗങ്ങളിലും പൊതുവേദികളിലും ഇറച്ചിയുടെയും മീനിന്റെയുമൊക്കെ പേരുപറഞ്ഞു പരസ്പര ബന്ധമില്ലാത്ത ജല്പനങ്ങൾ ആണ് മോഡി നടത്തിക്കൊണ്ടിരിക്കുന്നത്.

ദീർഘകാല സമരത്തിലൂടെ സ്വാതന്ത്ര്യം നേടിയ രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും ഉള്ള നമ്മുടെ ഭരണഘടനയും മതനിരപേക്ഷതയും ഫെഡറൽ സംവിധാനവും പാർലമെന്റ് സംവിധാനവും വേണ്ടെന്നാണ് മോഡി പറയുന്നത്. ഇതിനായി മോഡിയും ബിജെപിയും ഈ തെരഞ്ഞെടുപ്പിനെ തന്നെ വർഗീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്ത് ഭരണകൂട സംവിധാനമുപയോഗിച്ച് ആയുധവല്‍ക്കരണം നടത്തി ഫാസിസ്റ്റ് അജണ്ട നടപ്പാക്കാനാണ് സംഘ്പരിവാർ പരിശ്രമം. സ്വാതന്ത്ര്യാനന്തരം, ഇന്ത്യ മതരാഷ്ട്രമായി മാറിക്കൂടാ എന്ന വാശി ഗാന്ധിജി സ്വീകരിച്ചു എന്നാക്ഷേപിച്ചാണ് ഇവർ ഗാന്ധിജിയെ വധിച്ചത്. 

രാജ്യത്തെ മതരാഷ്ട്രം ആക്കണോ മതനിരപേക്ഷത നിലനിർത്തണമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിൽ ഒരു പ്രധാന ചോദ്യം. മതനിരപേക്ഷതയ്ക്കായി പൗരത്വഭേദ​ഗതി നിയമം റദ്ദാക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തി. ഇതാണ് ഇടതുപക്ഷത്തിന്റെ ശക്തമായ മുദ്രാവാക്യം. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് കാര്യപരിപാടിയിൽ പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല എന്നതു് ആശ്ചര്യം ജനിപ്പിക്കുകയാണ്. കേരളത്തിന് അപ്പുറം കടന്നാല്‍ കോണ്‍​ഗ്രസിന് മതനിരപേക്ഷതയില്ലെന്നും എം വി ​ഗോവിന്ദന്‍ പറഞ്ഞു.

Eng­lish Summary:If BJP can­not be brought down, there will be no elec­tions: MV Govindan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.