9 January 2025, Thursday
KSFE Galaxy Chits Banner 2

ജിഡിപി കുതിച്ചുയർന്നാൽ വികസനമാവില്ല

പ്രൊഫ. കെ അരവിന്ദാക്ഷൻ
September 12, 2023 4:13 am

ദേശീയ സ്ഥിതിവിവരക്കണക്ക് സ്ഥാപനം (എൻഎസ്ഒ) 2022–23 ധനകാര്യ വർഷത്തെ നാലാം പാദവുമായി ബന്ധപ്പെട്ട ജിഡിപി വളർച്ചാ കണക്കുകൾ പ്രസിദ്ധീകരിച്ചതോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നിലവിലുള്ള സ്ഥിതി സംബന്ധമായ ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുങ്ങിയിരിക്കുകയാണല്ലോ. എൻഎസ്ഒയുടെ ഔദ്യോഗിക കണ്ടെത്തൽ പുറത്തുവന്നതോടെ മോഡി ഭരണകൂടത്തിനും ധനമന്ത്രി നിർമ്മലാ സീതാരാമനും പാർലമെന്റിന്റെ ഇരുസഭകളിലും നടക്കാനിരിക്കുന്ന അതിശക്തമായ പ്രതിപക്ഷ ആക്രമണത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രതിസന്ധികൾ, രൂക്ഷമായ വിലക്കയറ്റം, പെരുകിവരുന്ന തൊഴിലില്ലായ്മ, ഇന്ത്യൻ കറൻസിയുടെ മൂല്യത്തകർച്ചയും വിദേശ വിനിമയ മേഖലാ കമ്മിയും അടക്കമുള്ളവ ഉയർത്തിക്കാട്ടിയായിരിക്കും സർക്കാരിനെതിരായ അവിശ്വാസപ്രമേയ വേളയിൽ ചർച്ചകൾ തകർക്കുക എന്ന് നിർമ്മലാ സീതാരാമന് വികസന ബോധ്യമുണ്ടായിരുന്നതുമാണ്. ഇതിന് തടയിടാൻ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യൻ ജിഡിപി രണ്ടക്ക വളർച്ച നേടിയതും നമ്മുടെ രാജ്യമാണ് ലോകത്ത്‍ അതിവേഗ വളർച്ച നേടുന്നതിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമെന്നതും ഈ നേട്ടങ്ങൾക്കുള്ള സാക്ഷ്യപത്രങ്ങൾ നൽകിയിരിക്കുന്നത് ഐഎംഎഫ്, മോർഗൻ സ്റ്റാൻമി തുടങ്ങിയ ആഗോള ധനകാര്യ റേറ്റിങ് ഏജൻസികളാണെന്നും വളർച്ച നിരക്ക് ‘ദി ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 3.5 ശതമാനത്തോളമാണെന്നും വിളംബരപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാപകമായി പ്രചരിപ്പിച്ചിരുന്ന ‘വികാസ്’ എന്ന ലക്ഷ്യം 1950–77 കാലയളവിൽ തന്നെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കൈവരിച്ചു കഴിഞ്ഞിരുന്നു എന്നാണ് ഡോ. സുബ്രഹ്മണ്യൻ സ്വാമി അഭിപ്രായപ്പെടുന്നത്. മാത്രമല്ല പി വി നരസിംഹറാവു, ഡോ. മൻമോഹൻ സിങ് എന്നിവർ പ്രധാനമന്ത്രിമാരായിരുന്ന ഒന്നര പതിറ്റാണ്ട് കാലയളവിൽ (1991–96, 2004–2014) ജിഡിപി നിരക്ക് ചില്ലറ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിരുന്നെങ്കിൽ തന്നെയും ആറ് മുതൽ എട്ട് ശതമാനം വരെയായിരുന്നു എന്നും കാണാം.


ഇത് കൂടി വായിക്കൂ: ചാൾസ് ഡാർവിന്‍ സിലബസിന് പുറത്താകുമ്പോള്‍


ഏത് മുന്നണിയുടെ ഭരണകാലത്താണ് ജിഡിപി വളർച്ചനിരക്ക് കൂടുതൽ ഉയരത്തിലെത്തുകയും ‘ഹിന്ദു റേറ്റ് ഓഫ് ഗ്രോത്ത്’ എന്ന താണ നിരക്കിനെ കടത്തിവെട്ടുകയും ചെയ്തത് എന്നതല്ല ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം പ്രസക്തമായ പ്രശ്നം. മറിച്ച് എന്തിനുവേണ്ടിയാണ് ആരുടെ താല്പര്യസംരക്ഷണാർത്ഥമാണ് ജിഡിപി വളർച്ചയിൽ‍ വർധനവ് വേണ്ടത് എന്നതാണ് മുഖ്യം. ധനമന്ത്രി നിർമ്മലാ സീതാരാമൻ വാദിക്കുന്നതനുസരിച്ച് ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയാണ് അതിവേഗ വളർച്ച നേടുന്നതെന്ന് അംഗീകരിച്ചു എന്ന് തന്നെ ഇരിക്കട്ടെ. അങ്ങനെയെങ്കിൽ പ്രസക്തമായി ഉദിക്കുന്നൊരു ചോദ്യത്തിന് അവർ മറുപടി പറയാൻ ബാധ്യസ്ഥരാണ്. എന്തു കാരണത്താലാണ് സമീപകാലത്ത് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്യാൻ ഇത്രയേറെ ജനങ്ങൾ തിക്കും തിരക്കും കൂട്ടുന്നത്. ജീവിക്കാൻ മറ്റൊരു ഗതിയും ഇല്ലാത്തതുകൊണ്ടായിരിക്കണമല്ലോ കൊടുംചൂടിലും തണുപ്പിലും പാവപ്പെട്ട ഗ്രാമീണ ജനത പ്രായഭേദമില്ലാതെ നിസാരമായ വേതനം കിട്ടാൻ ഗ്രാമീണ അർധനഗര ജനത ഈ പെടാപ്പാടുപെടുന്നത്. അധികാരത്തിലെത്തിയ ഉടനെ യുപിഎ സർക്കാർ പദ്ധതി എന്ന നിലയിൽ എംഎൻആർഇജി പദ്ധതിയെ തള്ളിപ്പറഞ്ഞ മോഡി സർക്കാർ എന്തേ ഈ വിഷയത്തിൽ യു ടേൺ എടുത്തുവെന്ന് വ്യക്തമാക്കട്ടെ.
മോഡി സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ജിഡിപി വളർച്ചനിരക്ക് 5.3 ശതമാനത്തിലെത്തിയെങ്കിലും തൊഴിലുറപ്പു പദ്ധതിക്കുള്ള ഡിമാൻഡിലും‍ 5–4 ശതമാനം വർധനവുണ്ടായിരിക്കുന്നു. ഇത് വൈരുധ്യമല്ലെങ്കിൽ മറ്റെന്താണ്? സമ്പദ്‌വ്യവസ്ഥ കുതിച്ചു വളരുകയാണെങ്കിൽ തൊഴിലവസരങ്ങളിലും ഇത് പ്രതിഫലിപ്പിക്കപ്പെടും. മെച്ചപ്പെട്ട വളർച്ചയും അധിക തൊഴിലവസര സൃഷ്ടിയും അധിക വരുമാനവും ഒരുമിച്ച് നീങ്ങുകയാണുണ്ടാവുക.
ജിഡിപി വളർച്ചനിരക്ക് വർധനവും തൊഴിലവസര സൃഷ്ടിയും വരുമാന സ്രോതസുകളുടെ ലഭ്യതയും തമ്മിൽ വൻതോതിൽ പൊരുത്തക്കേടുകളുണ്ട്. സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾപോലും സാമൂഹ്യ മേഖലയിൽ അസ്വസ്ഥതകൾക്കിടയാക്കുന്നു. ഇതിനുള്ള പ്രധാന കാരണം സേവന മേഖലകളിൽ സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ പൊതുവിൽ സമൂഹത്തിലെ ഉന്നതജാതി വിഭാഗങ്ങളിൽ പെടുന്നവർക്ക് ഇണങ്ങിയവയാകില്ല എന്നതാണ്. തൊഴിലുറപ്പ് പദ്ധതി വഴിയുണ്ടാകുന്ന 80 ശതമാനം തൊഴിലവസരങ്ങളും സമൂഹത്തിലെ താഴെക്കിടയിലുള്ള ദളിത്, ആദിവാസി, പിന്നാക്ക സമുദായത്തിൽപ്പെട്ട കുടുംബങ്ങൾക്കായിരിക്കും കിട്ടുക. എന്നാൽ സേവനമേഖലകളിലെ തൊഴിലുകളിൽ നാലിൽ മൂന്നു ഭാഗവും ഉന്നത ജാതിശ്രേണികളിൽ പെട്ടവരായിരിക്കും കയ്യടക്കുക. ഈ മാതൃകയിലുള്ള തൊഴിലവസര വിഭജനവും ലഭ്യതയും സ്വാഭാവികമായും സാമൂഹ്യ അസ്വസ്ഥതകൾക്കിടയാക്കും.


ഇത് കൂടി വായിക്കൂ: ഇണ്ടം‍തുരുത്തിമനയെ മറക്കരുത്…


1980 മുതൽ 1990 വരെയുള്ള ദശകക്കാലത്തിനിടയിലെ സ്ഥിതി വിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ ആർബിഐ റെക്കോ‍ഡുകൾ വെളിവാക്കുന്നത് ഒരു ശതമാനം നിരക്കിൽ രേഖപ്പെടുത്തിയ ജിഡിപി വളർച്ചയ്ക്ക് രണ്ട് ലക്ഷം നിരക്കിലുള്ള തൊഴിലുകളാണ് സൃഷ്ടിക്കപ്പെട്ടതെന്നാണ്. 1990കളിൽ സ്ഥിതി മാറി. രണ്ടു ലക്ഷം എന്നത് ഒരു ലക്ഷം തൊഴിലുകളെന്ന തോതിൽ തൊഴിൽ ലഭ്യതയിൽ കുറവുണ്ടായി. തുടർന്നുള്ള ഓരോ ദശകത്തിലും ഈ തകർച്ച ക്രമാനുഗതമായി പകുതിയോളം കുറഞ്ഞതായി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. അതായത് ഓരോ ശതമാനം ജിഡിപി വളർച്ചനിരക്ക് രേഖപ്പെടുത്തിയപ്പോഴും തൊഴിലവസരങ്ങളിലുണ്ടായ ഇടിവ് തീർത്തും ഞെട്ടിക്കുന്ന തോതിലായിരുന്നു. ഈ ദുഃസ്ഥിതിയിലേക്ക് തൊഴിൽ മേഖലയെ കൊണ്ടെത്തിച്ചത് ഗുണമേന്മ കുറഞ്ഞ ജിഡിപി വളർച്ചയും ഉല്പാദന വർധനമാത്രം ലക്ഷ്യമാക്കിയുള്ള കാര്യക്ഷമതാ വർധനവും തൊഴിൽശക്തി കുറയ്ക്കാനുള്ള യന്ത്രവൽക്കരണവുമായിരുന്നു. ഇത്തരം പ്രവണതകൾ ഇന്ത്യയുടെ മാത്രമല്ല, ആഗോള സാമ്പത്തിക പ്രശ്നം തന്നെയാണ്. അതേസമയം, ഇതിനെ മറികടക്കാൻ ശ്രമിക്കാതെ നിസംഗതാ മനോഭാവം പുലർത്തുന്ന മോഡി സർക്കാരിന്റെ നിലപാട് സാധൂകരിക്കാനാകില്ല.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഡോ. സുബ്രഹ്മണ്യൻ സ്വാമി പോലും മോഡി സർക്കാരിന്റെ സാമ്പത്തിക നയത്തെ കുറ്റപ്പെടുത്തുന്നു. 2014–23 കാലയളവിൽ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്ക് അനിവാര്യമായ നയം കരുപ്പിടിപ്പിക്കുന്നതിൽ കേന്ദ്ര ഭരണകൂടം സമ്പൂർണ പരാജയമാണെന്ന നിലപാടിലാണ് ഡോ. സ്വാമി. സ്വാഭാവികമായും 2016 മുതൽ തുടർച്ചയായി ജിഡിപി വളർച്ചനിരക്ക് ഇടിയുകയാണ്. വളർച്ച സംബന്ധിച്ചുള്ള ആകർഷകമായ ഏതാനും മുദ്രാവാക്യങ്ങളും ലക്ഷ്യപ്രഖ്യാപനങ്ങളും മുഴക്കുകയും കോടികൾ മുടക്കി മാധ്യമ പരസ്യങ്ങളിലൂടെ പിആർ വർക്ക് നടത്തുന്നതിലുപരി യാതൊന്നും ജനങ്ങളിലേക്കെത്തിയിട്ടില്ല. 2019ൽ പ്രഖ്യാപിച്ചതനുസരിച്ച് തൊട്ടടുത്ത അഞ്ച് വർഷത്തിനകം ജിഡിപി ഇരട്ടിക്കുമെന്നും 2024 ആകുമ്പോഴേക്ക് രാജ്യം അഞ്ച് ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും വാർഷിക ജിഡിപി വർധന 15 ശതമാനത്തിലെത്തണമെന്നുമായിരുന്നു. ഇന്ന് അത് എവിടെ എത്തിനിൽക്കുന്നു എന്ന ആത്മപരിശോധനയ്ക്ക് മോഡി സർക്കാർ തയ്യാറാകുമോ എന്നതാണ് യഥാർത്ഥ പ്രശ്നമായി ഡോ. സ്വാമി ഉയർത്തുന്നത്. ഇതിലേക്ക് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നു വെളിപ്പെടുത്താൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്.


ഇത് കൂടി വായിക്കൂ:ജി20 ഉച്ചകോടിക്ക് കൊടിയിറങ്ങിയപ്പോള്‍


ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സാമ്പത്തിക നയത്തെ ‘മൻമോഹനോമിക്സ്’ എന്ന് വിശേഷിപ്പിച്ച് കർശനമായ വിമർശനത്തിന് വിധേയമാക്കിയ ഡോ. സുബ്രഹ്മണ്യൻ സ്വാമിയെപ്പോലുള്ളവർ നിലവിലെ സാമ്പത്തിക നയത്തെ ‘മോഡിനോമിക്സ്’ എന്ന് വിശേഷിപ്പിക്കുകയും മോഡിയുടെ നോട്ടുനിരോധനം മുതൽ സ്മാർട്ട്സിറ്റിയും ജിഎസ്‌ടിയും വരെയുള്ള നയങ്ങളെ പമ്പര വിഡ്ഡിത്തം എന്ന് പ്രഖ്യാപിക്കുകയുമാണ്.
ഇന്ത്യക്ക് ഇന്നാവശ്യം ഒരു പുതിയ സാമ്പത്തിക നയമാണ്, കാഴ്ചപ്പാടാണ്, സമീപനമാണ്. അതിലേക്കായി മുൻകാല നെഹ്രുവിയൻ ചിന്തയേയും ഒരു പരിധിവരെ ആശ്രയിക്കേണ്ടതാണ്. വികസനത്തിന്റെ ലക്ഷ്യം സംബന്ധമായി പണ്ഡിറ്റ് നെഹ്രുവിനുണ്ടായിരുന്ന പുരോഗമനപരമായ കാഴ്ചപ്പാട് നാം തിരികെപ്പിടിക്കേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ സി അച്യുതമേനോനിലേക്കും ശ്രദ്ധതിരിക്കേണ്ടതാണ്. വിപണി വ്യവസ്ഥയെ നിലനിർത്തിക്കൊണ്ടുതന്നെ സർക്കാർ ആഭിമുഖ്യത്തിൽ പുരോഗമന ആശയങ്ങൾ പ്രാവർത്തികമാക്കാൻ മിശ്ര സമ്പദ്‌വ്യവസ്ഥയിലൂടെ സാമ്പത്തികാസൂത്രണത്തിന്റെ ആദ്യത്തെ ഒന്നര പതിറ്റാണ്ടുകാലയളവിൽ പരീക്ഷിച്ച് വിജയം കണ്ടെത്തിയത് മറക്കരുത്. പൊതുമേഖലയെ ഇല്ലാതാക്കലോ സ്വകാര്യമേഖലയെ അമിതമായി പ്രീണിപ്പിക്കലോ അല്ല വേണ്ടത്. ഏതുവിധേനയും വികസനം ത്വരിതപ്പെടുത്തുകയും കൂടുതൽ തൊഴിലവസരങ്ങളും വരുമാന സ്രോതസുകളും സൃഷ്ടിക്കുകയുമാണ്. ഇതുവഴിയല്ലാതെ സാമൂഹ്യ സുരക്ഷ ഉറപ്പാക്കാനും ഉൾക്കൊള്ളുന്ന വികസനം യാഥാർത്ഥ്യമാക്കാനും കുറുക്കുവഴികളൊന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.