4 May 2024, Saturday

Related news

May 3, 2024
May 2, 2024
April 30, 2024
April 29, 2024
April 29, 2024
April 28, 2024
April 28, 2024
April 28, 2024
April 27, 2024
April 27, 2024

അനധികൃത നിയമനം: മകനുവേണ്ടി കേന്ദ്ര സ്ഥാപനത്തില്‍ തസ്തിക വരെ സൃഷ്ടിച്ച് കെ സുരേന്ദ്രന്‍

Janayugom Webdesk
തിരുവനന്തപുരം
September 2, 2022 4:52 pm

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന് അനധികൃത നിയമനം. കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയിലാണ് കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണനെ ടെക്നിക്കല്‍ ഓഫീസറായി നിയമിച്ചത്. മകനുവേണ്ടി തസ്തിക സൃഷ്ടിച്ചാണ് നിയമനം നടത്തിയതെന്നും നിയമനം സംബന്ധിച്ച വിവരങ്ങള്‍ തേടുമ്പോള്‍ കൃത്യമായ വിശദീകരണം നല്‍കുന്നില്ലെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിനാണ് ടെക്നിക്കല്‍ ഓഫീസറടക്കം മൂന്ന് ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിക്കുന്നത്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തികയിലേക്ക് ബി.ടെക് മെക്കാനിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍ ബിരുദത്തില്‍ 60 ശതമാനം മാര്‍ക്കാണ് അടിസ്ഥാന യോഗ്യതയായി നിര്‍ദേശിച്ചിരുന്നത്. എംടെക് ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നു. പിന്നാക്ക വിഭാഗത്തിനായാണ് തസ്തിക സംവരണം ചെയ്തത്. മുന്‍കാലങ്ങളില്‍ ശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ളവരെയാണ് നിയമിച്ചിരുന്നത്. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികള്‍ ധൃതിപ്പെട്ട് പൂര്‍ത്തിയാക്കുകയായിരുന്നു.

ആദ്യഘട്ടത്തില്‍ 48 ഉദ്യോഗാര്‍ഥികളെയാണ് പരീക്ഷയ്ക്ക് ക്ഷണിച്ചത്. ഏപ്രില്‍ മാസത്തില്‍ രാവിലെ ഒന്നാം ഘട്ട പരീക്ഷയും ഉച്ചയ്ക്ക് ശേഷം രണ്ടാം ഘട്ട പരീക്ഷയും നടന്നു. ഇതില്‍ യോഗ്യത നേടിയ നാല് പേരെ ഏപ്രില്‍ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. ലാബ് പരീക്ഷയില്‍ പങ്കെടുത്ത് നാല് പേരില്‍ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണന്‍ കെ എസിനാണ്. റാങ്ക് പട്ടികയെ കുറിച്ചോ മറ്റ് കാര്യങ്ങളോ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഉദ്യോഗാര്‍ഥികള്‍ അന്വേഷിച്ചിട്ട് വിവരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ലെന്നാണ് ഉദ്യേഗാര്‍ഥികള്‍ പറയുന്നത്. അടിസ്ഥാന ശമ്പളം ഉള്‍പ്പെടെ എഴുപതിനായിരം രൂപയാണ് പരിശീലന കാലയളവില്‍ ലഭിക്കുന്നത്. 

നിലവില്‍ വിദഗ്ധ പരിശീലനത്തിന് ഡല്‍ഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് ഹരികൃഷ്ണന്‍ കെ എസിനെ അയച്ചതായാണ് വിവരം. നിയമനം നടന്നിട്ടുണ്ടെന്ന് ആര്‍ജിസിബി ചീഫ് കണ്‍ട്രോളര്‍ എസ് മോഹനന്‍നായര്‍ പറയുന്നു. നിയമനം ലഭിക്കേണ്ട വ്യക്തിയുടെ യോഗ്യതയ്ക്കും ജാതിക്കും അനുസരിച്ച് പുതിയ തസ്തിക സൃഷ്ടിച്ചതും മറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാതിരിക്കുന്നതും ദുരൂഹമാണ്. നിയമനം നടന്നിട്ടില്ലെന്നാണ് ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞതെങ്കിലും ഹരികൃഷ്ണന്‍ കെ എസിന് ജൂണ്‍ മാസത്തില്‍ ആര്‍ജിസിബിയില്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും വിവരങ്ങള്‍ വ്യക്തമാക്കുന്നു. അനധികൃത നിയമനം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ വന്‍ പ്രതിഷേധമാണ് ബിജെപിക്കെതിരെയും കെ സുരേന്ദ്രനെതിരെയും ഉയര്‍ന്നുവരുന്നത്.

Eng­lish Summary:Illegal appoint­ment: K Suren­dran cre­at­ed a post in a cen­tral govt job for his son
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.