26 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 21, 2024
July 19, 2024
July 19, 2024
July 17, 2024
July 16, 2024
July 14, 2024
July 13, 2024
July 4, 2024
June 20, 2024

അനധികൃത സ്വത്ത് സമ്പാദനം: മോഡിയുടെ വിശ്വസ്തന്റെ വീട്ടില്‍ സിബിഐ റെയ്ഡ്

മേക്ക് ഇന്‍ ഇന്ത്യയുടെ ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥന്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
February 21, 2024 8:11 pm

വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദന കേസില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ വിശ്വസ്തന്റെയും മകളുടെയും വീടുകളില്‍ സിബിഐ റെയ്ഡ്. 1982 ബാച്ച് ഐഎഎസ് ഓഫിസറും മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മേല്‍നേട്ടം വഹിച്ച ഉദ്യോഗസ്ഥനുമായ രമേശ് അഭിഷേക്, മകള്‍ വനീഷ അഗര്‍വാള്‍ എന്നിവരുടെ വസതികളിലാണ് റെയ്ഡ് നടത്തിയത്. അനധികൃതസ്വത്ത് സമ്പാദനക്കേസില്‍ ലോക്പാലിന്റെ നിര്‍ദേശമനുസരിച്ചാണ് ഇരുവര്‍ക്കുമെതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി), ഫോര്‍വേഡ് മാര്‍ക്കറ്റ്സ് കമ്മിഷന്‍ (എഫ്എംസി) ചെയര്‍മാന്‍ എന്നീ പദവികളും മോഡിയുടെ പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയുടെ ചുമതലയും ഇദ്ദേഹം വഹിച്ചിരുന്നു. 2019ല്‍ വിരമിച്ച ഇദ്ദേഹം നിലവില്‍ റിസര്‍വ് ബാങ്ക് അന്വേഷണം നടക്കുന്ന പേടിഎം കമ്പനിയുടെ നാല് സ്വതന്ത്ര ഡയറക്ടമാരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നു. ഡിപിഐഐടി, എഫ്എംസി ചുമതല വഹിച്ചിരുന്ന സമയത്ത് അഭിഷേകും മകളും കമ്പനികളുമായി നടത്തിയ സാമ്പത്തിക ഇടപാടില്‍ ദുരൂഹതയുണ്ടെന്നാണ് ലോക്പാല്‍ അഴിമതി വിരുദ്ധ സംഘം കണ്ടെത്തിയിരിക്കുന്നത്.

2023 ഡിസംബര്‍ 20നാണ് ഇതു സംബന്ധിച്ച് ലോക്പാല്‍ ഉത്തരവിറങ്ങിയത്. 2022ല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇഡി) അഭിഷേകിന്റെയും മകളുടെയും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്താന്‍ ലോക്പാല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അഭിഷേക് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ഹര്‍ജി തള്ളി. ഡല്‍ഹിയിലും ബിഹാറിലുമുളള വസതികളും ഫാം ഹൗസുകളും മറ്റ് സ്വത്തുക്കളും പരിശോധിക്കാന്‍ ലോക്പാല്‍ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ഇഡി ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോര്‍ട്ട് ലോക്പാലിന് സമര്‍പ്പിച്ചു. തുടര്‍ന്നാണ് തുറന്ന അന്വേഷണത്തിന് അഴിമതി വിരുദ്ധ ബ്യൂറോയോട് ആവശ്യപ്പെട്ടത്. പ്രതിമാസം 2.7 കോടി രൂപ തനിക്ക് വിരമിക്കലിന്ശേഷം പ്രൊഫഷണല്‍ ഫീയായി ലഭിക്കുന്നതായി അഭിഷേക് വെളിപ്പെടുത്തി. എഫ്­എം­സി ചെയര്‍മാനായിരുന്ന വേളയില്‍ മുംബൈ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് അഭിഷേകിനെതിരെ അന്വേഷണം നടത്താന്‍ ബോംബൈ ഹൈക്കോടതിയും നിര്‍ദേശിച്ചിരുന്നു.

Eng­lish Summary:Illegal asset acqui­si­tion: CBI raids Modi con­fi­dan­t’s house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.