22 December 2024, Sunday
KSFE Galaxy Chits Banner 2

മോഡിയുടെ കാലത്ത് ‘വികസിച്ചത്’ ആത്മഹത്യ

ഡോ. ഗ്യാന്‍ പഥക്
February 19, 2023 4:45 am

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അവകാശവാദങ്ങൾ ഇന്ത്യ കേട്ടുകൊണ്ടേയിരിക്കുകയാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയിലെ തൊഴിൽസേനയ്ക്ക് വേണ്ടി വലിയ കാര്യങ്ങള്‍ നിർവഹിച്ചിരിക്കുന്നു എന്നത്. പ്രത്യേകിച്ച് മഹാമാരിക്കാലത്ത്. അതെന്തായാലും ഞെട്ടിക്കുന്ന വിവരമാണ് ഫെബ്രുവരി 13ന് കേന്ദ്ര തൊഴിൽമന്ത്രി ലോക്‌സഭയിൽ നൽകിയ മറുപടി. 2019 നും 21നുമിടയിലുള്ള മൂന്ന് വർഷക്കാലം 1.12 ലക്ഷം ദിവസവേതനക്കാര്‍ ആത്മഹത്യ ചെയ്തെന്നാണ് മറുപടിയിലുണ്ടായിരുന്നത്. 2008ലെ അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ നിയമമനുസരിച്ച് ദിവസവേതന തൊഴിലാളികൾ ഉൾപ്പെടെ അസംഘടിത മേഖലയിലുള്ളവര്‍ക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണം എന്നത് നിർബന്ധമാക്കിയിട്ടുണ്ടെന്ന് മന്ത്രി ചോദ്യോത്തര വേളയിൽ അറിയിക്കുകയുണ്ടായി. ജീവൻ, വൈകല്യം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സുരക്ഷ, പ്രസവാനുകൂല്യങ്ങൾ, വാർധക്യ സംരക്ഷണം തുടങ്ങിയ സുരക്ഷകളും ഉറപ്പുവരുത്തണം എന്നാണ് നിയമം സൂചിപ്പിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. എന്നാൽ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിലും നിയമം നടപ്പാക്കുന്നതിലും കേന്ദ്രസർക്കാർ ദയനീയമായി പരാജയപ്പെട്ടു എന്നാണ് മന്ത്രിയുടെ മറുപടിയില്‍ നിന്നുതന്നെ വ്യക്തമാകുന്നത്. 66,912 വീട്ടമ്മമാരും സ്വയം തൊഴിൽ ചെയ്യുന്ന 53,661 പേരും തൊഴിൽരഹിതരായ 4,385 പേരും ഇക്കാലയളവിൽ ആത്മഹത്യ ചെയ്തുവെന്ന് മറുപടിയിലുണ്ട്. 35,950 വിദ്യാർത്ഥികളും കാർഷിക മേഖലയിൽ പണിയെടുക്കുന്ന 36,839 പേരും ആത്മഹത്യയിൽ അഭയംതേടി എന്നാണ് 2019, 20, 21 വർഷങ്ങളിലെ കണക്ക് ഉദ്ധരിച്ച് മന്ത്രി പറഞ്ഞത്.


ഇതുകൂടി വായിക്കൂ:  ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം


ഈ കണക്കുകൾ ഒരേസമയം ദുഃഖിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണ്. കേന്ദ്രസർക്കാരിന്റെ വാഗ്ദാനങ്ങൾ പലതും പരാജയപ്പെട്ടതും അവകാശവാദങ്ങള്‍ പൊള്ളയുമാണെന്ന വസ്തുത ഈ ആത്മഹത്യാ കണക്കുകൾ അടയാളപ്പെടുത്തുന്നു. അസംഘടിത മേഖലയിലെ, പ്രത്യേകിച്ച് ദിവസവേതനക്കാരായ‑തൊഴിലാളികൾ ഏറ്റവുമധികം പ്രതിസന്ധിയും പ്രയാസങ്ങളും നേരിടേണ്ടി വന്നത് കോവിഡ് അടച്ചിടല്‍ കാലത്തായിരുന്നു. മാസങ്ങളോളം പുറത്തിറങ്ങാനാകാതെ സ്വന്തം വീടുകളിൽ അടച്ചിടപ്പെട്ടു. തൊഴിൽ ലഭ്യമായിരുന്ന സ്ഥാപനങ്ങൾ അടയ്ക്കപ്പെട്ടതിനാൽ തൊഴിൽലഭ്യത ഇല്ലാതാകുകയും ചെയ്തു. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സഹായപദ്ധതികൾ പലതും അവരിലേക്ക് എത്തിയില്ല എന്നതുകൊണ്ടാണ് ആത്മഹത്യാ നിരക്ക് വർധിക്കാൻ ഇടയായത്. എങ്കിലും പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നിവ ജീവനും വൈകല്യത്തിനും സുരക്ഷ നൽകുന്ന പദ്ധതികളായി നിലവിലുണ്ടെന്ന് മന്ത്രി അവകാശപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന 18 മുതൽ 50 വരെ പ്രായമുള്ള ആർക്കും ചേരുന്നതിന് സാധ്യമായതാണ്. പോസ്റ്റ് ഓഫിസുകളിലും ബാങ്കുകളിലും അക്കൗണ്ട് ഉള്ള ആർക്കും തങ്ങളുടെ സമ്മതം നൽകിയാൽ ഇതിൽ ചേരാനും പണമടവ് നടത്താനും സാധിക്കും. മരണം സംഭവിച്ചാൽ രണ്ടു ലക്ഷം വരെ നഷ്ടപരിഹാരം ഉറപ്പാക്കുന്ന ഈ പദ്ധതിയിൽ 436 രൂപയാണ് വാർഷിക പ്രീമിയമായി അടയ്ക്കേണ്ടത്. അക്കൗണ്ട് മുഖേന അംഗമാകുന്നവരിൽ നിന്ന് ഈ തുക നേരിട്ട് പിടിക്കുകയാണ് പതിവ്. 2022 ഡിസംബർ 31 കണക്ക് പ്രകാരം 14.82 കോടി ഗുണഭോക്താക്കൾ പദ്ധതിയിൽ അംഗങ്ങളായി ചേർന്നിട്ടുണ്ടെന്ന് മന്ത്രി പാർലമെന്റില്‍ അറിയിച്ചു. മന്ത്രിയുടെ പ്രസ്താവന യഥാർത്ഥത്തിൽ മറയ്ക്കാൻ ശ്രമിക്കുന്നത് ഈ വിഭാഗങ്ങളിലേക്ക് നേരിട്ട് എത്തിച്ചേരാൻ സ്വീകരിച്ച നടപടികളുടെ പരാജയമാണ്. അക്കാര്യം വിശദീകരിക്കാനാകാത്തതു കൊണ്ടാണ് ഇൻഷുറൻസ് പരിരക്ഷയുടെ കാര്യം പറഞ്ഞത്.


ഇതുകൂടി വായിക്കൂ:  ഭരണപരാജയം മറച്ചുവയ്ക്കാന്‍ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങ്


ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് നേരിട്ട് അനുഭവമാകുന്ന സഹായഹസ്തവുമായാണ് സർക്കാർ അവർക്കൊപ്പം എത്തേണ്ടിയിരുന്നത്. അതിനുപകരം ഇൻഷുറൻസ് പദ്ധതി കൊണ്ട് കാര്യമില്ല. പദ്ധതിയിലേക്ക് തൊഴിലാളികൾ അവരുടെ വിഹിതമായി പണം ചെലവഴിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കൃത്യമായി വേതനവും ഭക്ഷണം കഴിക്കാൻ പോലും പണമില്ലാത്ത ദുരിതകാലത്ത് എങ്ങനെ ഇൻഷുറൻസ് പ്രീമിയം അടയ്ക്കും എന്നാലോചിച്ചു നോക്കുക. ഈ മൂന്ന് വർഷത്തെ കണക്കുകൾ അവതരിപ്പിച്ചുകൊണ്ട് കോവിഡ് 19 സാഹചര്യങ്ങളുടെമേൽ കുറ്റം ചുമത്താൻ ആണ് കേന്ദ്രം ശ്രമിക്കുന്നത്. എന്നാൽ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014 മുതൽ തന്നെ ഇന്ത്യയിൽ തൊഴിലാളികളുടെ ആത്മഹത്യാ നിരക്ക് വർധിക്കുന്ന പ്രതിഭാസം ഉണ്ടെന്നാണ് വ്യക്തമാകുന്നത്. തൊഴിൽരഹിതർക്കിടയിലെ ആത്മഹത്യാ നിരക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തിൽ എത്തിയ 2014ന് ശേഷം വർധിക്കുകയാണ് ചെയ്തത്. ആ വർഷം 2027 ആത്മഹത്യകളാണ് തൊഴില്‍ രഹിതർക്കിടയിൽ ഉണ്ടായത്. 2015ൽ അത് 2723 ആയി ഉയർന്നു. അടുത്തവർഷം പക്ഷേ 2298 ആയി കുറഞ്ഞെങ്കിലും 2016 മുതൽ ഇത് കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് സൂചിപ്പിക്കുന്നത്. ഇതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത് 2016ലെ കുപ്രസിദ്ധമായ നോട്ട് നിരോധനമാണ്. സ്വയംതൊഴിൽ ലഭ്യത ഉറപ്പാക്കിയിരുന്ന ചെറുകിട ഇടത്തരം സംരംഭങ്ങൾ കൂടുതലായി അടച്ചുപൂട്ടി തുടങ്ങിയത് അക്കാലത്തായിരുന്നു. ഈ സംരംഭങ്ങളിലെ ലക്ഷക്കണക്കിന് തൊഴിലാളികളിൽ 25 ശതമാനം തൊഴില്‍ രഹിതരായി.


ഇതുകൂടി വായിക്കൂ:  തൊഴിൽ വരളും കാലം


2017ൽ ആത്മഹത്യ ചെയ്ത തൊഴിൽരഹിതരുടെ എണ്ണം 2404, 2018ൽ 2741, 2019ൽ 2851 എന്നിങ്ങനെ ഉയർന്നു. തൊഴിലില്ലായ്മക്കൊപ്പം തന്നെ പാപ്പരീകരണവും കടക്കെണിയുമാണ് ആത്മഹത്യയിലേക്ക് നയിക്കുന്നതിനുള്ള കാരണങ്ങളായത്. പാർലമെന്റില്‍ നൽകിയ മറ്റൊരു മറുപടി അനുസരിച്ച് 2018നും 20നുമിടയിൽ 16,091 ആളുകൾ പാപ്പരീകരണവും കടക്കെണിയും കാരണം ആത്മഹത്യ ചെയ്തിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള 2018 ൽ ഈ കാരണത്താൽ ആത്മഹത്യ ചെയ്തവരുടെ എണ്ണം 4970 ആയിരുന്നുവെങ്കിൽ 2019ല്‍ 5908 ആയി ഉയർന്നു. എന്നാൽ 2020ല്‍ 5213 ആയി കുറഞ്ഞു. മഹാമാരിയെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ പരാജയപ്പെട്ട പദ്ധതികളും പ്രഖ്യാപിച്ച പദ്ധതികൾ യഥാർത്ഥ തൊഴിലാളികളിൽ എത്തിച്ചേരാത്തതിന്റെ ഫലവുമാണ് ആത്മഹത്യകള്‍ വർധിപ്പിക്കുന്നതെന്നും ഉറപ്പാകുന്നു.
ഇത്തരം ദുഃഖകരമായ പശ്ചാത്തലത്തിലും കേന്ദ്രസർക്കാർ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്തിരിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിൽ 33ശതമാനം കുറവു വരുത്തി. നഗരത്തിലെ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിൽ നഗര തൊഴിലുറപ്പ് പദ്ധതി വേണമെന്ന ആവശ്യത്തിനു ചെവി കൊടുക്കാനും കേന്ദ്രം തയ്യാറായിട്ടില്ല.
തൊഴിലാളികൾക്കും കൂടുതൽ തൊഴിൽസൃഷ്ടിക്കും വേണ്ടിയുള്ള നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ആത്മഹത്യകൾ വർധിക്കുന്നതെന്നത് വൈരുധ്യമാണ്. തൊഴിൽപങ്കാളിത്ത നിരക്ക് 2023 ജനുവരിയിൽ 40ശതമാനത്തില്‍ താഴെയായി കുറഞ്ഞുവെന്നാണ് കണക്ക്. ഈ പശ്ചാത്തലത്തിൽ കണക്കുകൾക്കപ്പുറം തൊഴിലാളികൾക്ക് നേരിട്ട് അനുഭവവേദ്യമാകുന്ന പദ്ധതികളും സഹായങ്ങളുമാണ് കേന്ദ്രത്തിൽ നിന്നുണ്ടാകേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.