18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024

ഉത്തരാഖണ്ഡില്‍ ബിജെപിയില്‍ ആഭ്യന്തര കലഹം രൂക്ഷമാകുന്നു;പ്രചരണത്തില്‍ സജീവമാകാതെ നേതാക്കന്‍മാര്‍

പുളിക്കല്‍ സനില്‍രാഘവന്‍
February 10, 2022 3:56 pm

കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 ൽ 56 സീറ്റ് നേടിയായിരുന്നു ബി ജെ പി ഇവിടെ വിജയിച്ചത്. സംസ്ഥാനത്ത് ഇക്കുറിയും പതിവ് തെറ്റില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തൽ. ബി ജെ പിക്കുള്ളിലെ ആഭ്യന്തര കലങ്ങളും ഇതിന് ശക്തി പകരുന്നുണ്ട്.നിലവില്‍ ഉത്തരാഖണ്ഡില്‍ ബിജെപി ഘടകത്തില്‍ അവസാനിക്കാതെ പ്രശ്‌നങ്ങളാണുള്ളത്. വിഭാഗീയത കൊടി കുത്തി നില്‍ക്കുകയാണ് ബിജെപിയില്‍.

ഇതുവരെ സീനിയര്‍ നേതാക്കളാരും പ്രചാരണത്തിന് പോലും ഇറങ്ങിയിട്ടില്ല. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി അടക്കമുള്ള മുന്‍ മുഖ്യമന്ത്രിമാര്‍ നേതൃത്വവുമായി കലിപ്പിലാണ്. ഇവരെയാരും നേതൃത്വം പ്രചാരണത്തിന് പോലും ക്ഷണിച്ചില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.സോഷ്യല്‍ മീഡിയ ക്യാമ്പയിനിലും ഇവര്‍ക്ക് ഇടമില്ല. സ്വന്തം മണ്ഡലത്തില്‍ മാത്രം പ്രചാരണം മതിയെന്നാണ് നേതൃത്വം നല്‍കുന്ന പരോക്ഷ സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റാരും ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കള്‍ നീക്കുന്നത്.ഉത്തരാഖണ്ഡില്‍ 70 സീറ്റുണ്ട്. എന്നാല്‍ ഇതില്‍ പത്ത് സീറ്റില്‍ പോലും മുന്‍ മുഖ്യമന്ത്രിമാരെ പ്രചാരണത്തിനായി ബിജെപി ഇറക്കുന്നില്ല.

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായ ത്രിവേന്ദ്ര സിംഗ് റാവത്ത് തന്നെ മത്സരിപ്പിക്കരുതെന്ന് കേന്ദ്ര നേതൃത്വത്തോട് ആവസ്യപ്പെട്ട് കഴിഞ്ഞു. ബിജെപി ഭരണത്തില്‍ വീണ്ടുമെത്തുക ഉറപ്പിക്കാന്‍ മാത്രമാണ് തനിക്ക് താല്‍പര്യമെന്നും ത്രിവേന്ദ്ര റാവത്ത് പറഞ്ഞു. അതേസമയം ത്രിവേന്ദ്ര റാവത്തിനെ പ്രചാരണ രംഗത്ത് അധികം കാണാനുമില്ല. ദോയ് വാലയില്‍ മാത്രമായി ത്രിവേന്ദ്ര റാവത്തിന്റെ പ്രചാരണം ഒതുങ്ങിയിരിക്കുകയാണ്. ഇത്തവണ ബ്രിജ് ഭൂഷണ്‍ ഗൈരോളയാണ് ദോയ് വാലയില്‍ നിന്ന് മത്സരിക്കുന്നത് ത്രിവേന്ദ്ര റാവത്തിനോട് നേതൃത്വമാണ് മത്സരിക്കേണ്ടെന്ന് പറഞ്ഞതെന്നാണ് വിവരം. പുഷ്‌കര്‍ സിംഗ് ധമിയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പിക്കാനായിരുന്നു ഈ നീക്കം.

റാവത്തിന്റെ വിശ്വസ്തന് നേതൃത്വം ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഡോര്‍ ടു ഡോര്‍ ക്യാമ്പയിനില്‍ ഒതുങ്ങിയിരിക്കുകയാണ് ത്രിവേന്ദ്ര റാവത്ത്. ചില സ്ഥാനാര്‍ത്ഥികള്‍ അദ്ദേഹത്തെ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. ശ്രീനഗര്‍ സീറ്റില്‍ പ്രചാരണത്തിനായി റാവത്ത് എത്തിയിരുന്നു. ഡെറാഡൂണ്‍, രാജ്പൂര്‍ റോഡ്, സാഹസ്പൂര്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥ കാരണമാണ് എല്ലായിടത്തും പ്രചാരണത്തിന് എത്താതിരുന്നതെന്ന ന്യായമാണ് റാവത്ത് ഉന്നയിച്ചത്.തിരാത് സിംഗ് റാവത്ത്, രമേശ് പൊക്രിയാല്‍ നിഷാങ്ക്, ബിസി ഖണ്ഡൂരി എന്നീ പ്രമുഖരെല്ലാം പ്രചാരണത്തില്‍സജീവമല്ല. വിജയ് ബഹുഗുണയില്‍ സമാന രീതിയിലാണ് പ്രചാരണം നടത്തുന്നത്.

എല്ലാവരും സ്വന്തം മണ്ഡലങ്ങളിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. അതേസമയം പ്രചാരണത്തില്‍ ഈ നേതാക്കളില്ലാത്തത് ബിജെപി ശക്തമായി തന്നെ ബാധിക്കും. നിലവില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവാണ് പുഷ്‌കര്‍ സിംഗ് ധമി. അദ്ദേഹത്തിന്റെ ജനപ്രീതി കുറവിനെ ഈ സീനിയര്‍ നേതാക്കള്‍ക്ക് മറികടക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നേതൃത്വം തന്നെ ഇവരെ ഒതുക്കുമ്പോള്‍ പ്രവര്‍ത്തകരും അതേ വഴിയാണ്. മുഖ്യമന്ത്രി സ്ഥാനം വേറാര്‍ക്കും നല്‍കില്ലെന്ന സൂചനയും ഇതിന് പിന്നിലുണ്ട്. അതേസമയം പുഷ്‌കര്‍ സിംഗ് ധമി എതിര്‍ക്കുന്നവരെല്ലാം പാര്‍ട്ടിക്ക് പുറത്തായിരിക്കുമെന്ന മുന്നറിയിപ്പാണ് ബിജെപി നല്‍കുന്നത്.

ധമി പറയുന്നത് കേള്‍ക്കണം. അച്ചടക്കലംഘനം പാടില്ലെന്നും നേതൃത്വം പറഞ്ഞു. ധമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപിക്കുള്ളില്‍ വലിയൊരു വിഭാഗം അതൃപ്തിയിലാണ്. ഖാതിമയില്‍ നിന്ന് ധമിയുടെ വിജയം ഉറപ്പില്ല എന്നാണ് ഇവര്‍ പറയുന്നത്. രണ്ട് തവണ ഖാതിമയില്‍ നിന്ന് അദ്ദേഹം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ വിജയിക്കില്ലെന്നാണ് എതിരാളികള്‍ പറയുന്നത്. കര്‍ഷക സമരം അതിശക്തമായി നടന്ന മണ്ഡലമാണ് ഇത്. ധമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ കര്‍ഷകരുടെ രോഷം ബിജെപി ക്ഷണിച്ച് വരുത്തുകയാണെന്ന് സീനിയര്‍ നേതാക്കള്‍ പറയുന്നു. 

ധമി തന്നെ മുഖ്യമന്ത്രിയാവുമെന്ന് ബിജെപിയുടെ കേന്ദ്ര നേതൃത്വം പറയുന്നു. പ്രചാരണം അദ്ദേഹത്തെ കേന്ദ്രീകരിച്ച് നടക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന പ്രശ്‌നമില്ലെന്നും നേതൃത്വം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ നേതാവ് ഹരീഷ് റാവത്തിനേക്കാള്‍ ജനപ്രീതി കുറവാണ് പുഷ്‌കര്‍ ധമിക്കുള്ളത്. അടുത്തിടെ വന്ന സര്‍വേകളിലെല്ലാം ജനപ്രീതി ഏറ്റവും മോശം നിലയിലുള്ള നേതാവാണ് ധമി. ഏതെങ്കിലും സംസ്ഥാനത്ത് മുഖ്യമന്ത്രിയേക്കാള്‍ കൂടുതല്‍ ജനപ്രീതി പ്രതിപക്ഷ നേതാവ് സ്വന്തമാക്കുന്നതും ആദ്യമായിട്ടായിരുന്നു. ധമി മാത്രമല്ല സീനിയര്‍ നേതാക്കളുടെ എതിര്‍പ്പും ബിജെപിയുടെ പരാജയത്തിന് പ്രധാന കാരണമാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസില്‍ ഹരീഷ് റാവത്ത് തന്‍റെ വരുതിയില്‍ പാര്‍ട്ടിയെ കൊണ്ടുവരാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് 

Eng­lish Sumam­ry: In Uttarak­hand, inter­nal strife inten­si­fies in BJP; lead­ers not active in campaigning

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.