27 July 2024, Saturday
KSFE Galaxy Chits Banner 2

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം: മണിപ്പൂരിൽ കൂറ്റൻ പ്രതിഷേധറാലി

Janayugom Webdesk
ഇംഫാൽ
July 20, 2023 4:31 pm

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ മണിപ്പൂരിൽ കൂറ്റൻ പ്രതിഷേധ റാലി. ചുരാചന്ദ്പൂരിലാണ് റാലി അരങ്ങേറിയത്. കറുപ്പ് വസ്ത്രമണിഞ്ഞായിരുന്നു പ്രതിഷേധക്കാർ എത്തിയത്.

സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും രാജ്യത്താകമാനം പ്രതിഷേധം ഉയരുകയും ചെയ്തതോടെ സുപ്രീം കോടതി ഇടപെടുകയും കേന്ദ്ര‑സംസ്ഥാന സർക്കാറുകൾക്കെതിരെ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സർക്കാർ നടപടിയെടുത്തില്ലെങ്കിൽ ഞങ്ങൾ അത് ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് മുന്നറിയിപ്പ് നൽകി. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാൻ കേന്ദ്ര‑സംസ്ഥാന സർക്കാറുകളോട് സുപ്രീം കോടതി ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിരേൻ സിങ്ങും പ്രതികരണവുമായി രംഗത്തെത്തി. കലാപം തുടങ്ങി 79 ദിവസം പിന്നിട്ട ശേഷമായിരുന്നു പ്രധാനമന്ത്രി മൗനം വെടിഞ്ഞത്. ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് താൻ രാജ്യത്തിന് ഉറപ്പ് നൽകുകയാണെന്ന് അദ്ദേഹം അറിയിച്ചു.

മണിപ്പൂരിൽ കുക്കി വനിതകൾക്കുനേരെയുണ്ടായ ക്രൂരമായ ആക്രമണം സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. രണ്ട് യുവതികളെ കൂട്ടബലാത്സംഗം ചെയ്ത് പട്ടാപ്പകൽ റോഡിലൂടെ നഗ്നരായി നടത്തിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മേയ് നാലിന് കാങ്പോക്പി ജില്ലയിൽ നടന്ന സംഭവത്തിന്റെ നടുക്കുന്ന ദൃശ്യമാണ് ഇപ്പോൾ പ്രചരിച്ചത്.

സംഭവത്തിന്റെ തലേദിവസം കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ സംഘട്ടനമുണ്ടായിരുന്നു. തുടരെ അപമാനിക്കുന്നതും നിസ്സഹായരായി സ്ത്രീകൾ കരയുന്നതും ദൃശ്യത്തിലുണ്ട്. കുട്ടികൾക്കും ചെറുപ്പക്കാർക്കുമിടയിലൂടെ മുഖത്തടിച്ചും സ്വകാര്യഭാഗങ്ങളിൽ അതിക്രമം നടത്തിയും യുവതിക​ളെ വയലിലേക്ക് ജനക്കൂട്ടം നടത്തിച്ചുകൊണ്ടുപോകുന്നതായിരുന്നു ദൃശ്യം. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. ഹെരദാസ് എന്നയാളാണ് മണിപ്പൂരിലെ തൗബാൽ ജില്ലയി​ൽനിന്ന് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

eng­lish summary;Incident of women being stripped naked: Mas­sive protest ral­ly in Manipur

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.