11 July 2025, Friday
KSFE Galaxy Chits Banner 2

Related news

July 9, 2025
July 3, 2025
June 26, 2025
June 21, 2025
June 16, 2025
June 15, 2025
June 15, 2025
June 11, 2025
June 3, 2025
May 28, 2025

കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ വര്‍ധന

ഡാലിയ ജേക്കബ്
ആലപ്പുഴ
September 1, 2023 10:24 pm

സംസ്ഥാനത്ത് കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തിൽ വൻ വർധനയെന്നു റിപ്പോർട്ട്. മൂന്നരവർഷത്തിനിടെ 792 കുട്ടികളെയും 606 സ്ത്രീകളെയും കാണാതായെന്നാണ് സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോയുടെ കണക്ക്. അതായത് വർഷത്തിൽ ശരാശരി 150 പേരെ കാണാതാകുന്നു. 2020 ൽ 200 കുട്ടികളെയും 151 സ്ത്രീകളെയും 2021ൽ 257 കുട്ടികളെയും 179 സ്ത്രീകളെയുമാണ് കാണാതായത്. 2022 ൽ 210 സ്ത്രീകളെയും 269 കുട്ടികളെയും കാണാതായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മേയ് വരെ 66 സ്ത്രീകളെയും കുട്ടികളെയും കാണാതായി. 

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സ്വവർഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായാണ് റിപ്പോർട്ട്. മൂന്ന് പെൺകുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം ജില്ലയിൽ നടന്ന അന്വേഷണമാണ് ഈ റാക്കറ്റിന്റെ പ്രവർത്തനത്തിലേക്ക് എത്തിയത്. കോട്ടയം ജില്ലയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും മറ്റു പല ജില്ലകൾ കേന്ദ്രീകരിച്ചും ഇവരുടെ പ്രവർത്തനമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

രജിസ്റ്റർ ചെയ്യുന്നതിൽ 40 ശതമാനം കേസുകളിൽ മാത്രമാണ് സ്ത്രീകളെയും കുട്ടികളെയും കണ്ടെത്തുന്നത്. കാണാതാകുന്ന വീട്ടമ്മമാരുടെ എണ്ണത്തിലും വർധനയുണ്ട്. കുട്ടികൾ ഒളിച്ചോടുന്നതിനുള്ള പ്രധാന കാരണം മാതാപിതാക്കളിൽ നിന്ന് സ്നേഹം ലഭിക്കാത്തതോ, കുടുംബ ബന്ധങ്ങളിലെ തകർച്ചയോ, പരീക്ഷകളിലെ തോൽവിയോ, അതുമല്ലെങ്കിൽ മയക്കുമരുന്ന് മാഫിയയുടെ വലയിൽ പെട്ട് ആഡംബര ജീവിതത്തോടുള്ള ആർത്തിയോ ഒക്കെയാണെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളെ കണ്ടെത്തുമ്പോൾ ഇത്തരം കാരണങ്ങളാണ് അവരിൽ ഭൂരിഭാഗത്തിനും പറയാനുണ്ടാകുക. ഇത്തരം കുട്ടികളെ അവരുടെ മാനസികമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമാനമായ പ്രവണത ആവർത്തിക്കാതിരിക്കാനുമായി കൗൺസിലിങ് അടക്കമുള്ളവയ്ക്ക് നിർദേശം നൽകാറുണ്ടെന്ന് പൊലീസ് പറയുന്നു. 

കുടുംബ പ്രശ്നങ്ങൾ തന്നെയാണ് സ്ത്രീകളുടെ ഒളിച്ചോട്ടത്തിലെയും വില്ലൻ. ഒളിച്ചോടുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനത്തിനെയും പിന്നീട് കണ്ടെത്താൻ കഴിയാറുണ്ട്. കാമുകൻമാരുടെ കൂടെ ഒളിച്ചോടുന്ന പെൺകുട്ടികളുടെയും ഭർത്താവിനെയും കുട്ടികളെയുമെല്ലാം ഉപേക്ഷിച്ച് ആൺ സുഹൃത്തുക്കളുടെ കൂടെ ഒളിച്ചോടുന്ന സ്ത്രീകളുടെയും എണ്ണം വളരെയധികം കൂടി വരികയാണെന്നാണ് പൊലീസിന്റെ കണക്കുകൾ പറയുന്നു. അതുകൊണ്ടാണ് കാണാതാകൽ കേസുകളുടെ എണ്ണം വർധിക്കുന്നത്. ചെറിയ കുട്ടികളുള്ള അമ്മമാർ ആൺ സുഹൃത്തുക്കളുടെ കൂടെ ഒളിച്ചോടുമ്പോൾ അവർക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളെ സംബന്ധിച്ച വകുപ്പുകൾ കൂടി ചേർക്കുകയാണ് പതിവ്. ജാമ്യം കിട്ടാത്ത വകുപ്പായതിനാൽ ഇവരെ കണ്ടെത്തിയാൽ രണ്ടു പേരെയും റിമാന്റിൽ ജയിലിലടയ്ക്കുകയാണ് കോടതികൾ ഇപ്പോൾ ചെയ്തു വരുന്നത്. കാണാതായവരിൽ കുറേ പേരെ കണ്ടെത്തുകയോ അല്ലെങ്കിൽ അവർ സ്വമേധയാ തിരിച്ചെത്തുകയോ ചെയ്യാറുണ്ടെങ്കിലും ആരുടെയും കണ്ണിൽ പെടാതെ എവിടെയോ പോയ് മറഞ്ഞവരും നിരവധിയുണ്ടെന്നാണ് കണക്കുകള്‍. 

Eng­lish Sum­ma­ry: Increase in the num­ber of miss­ing women and children

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.