22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 25, 2024
September 6, 2024
July 22, 2024
June 11, 2024
April 20, 2024
April 18, 2024
April 17, 2024
November 8, 2023
November 5, 2023
October 14, 2023

ഒരുക്കുന്നത് ഹിന്ദുത്വദേശീയതയ്ക്കുള്ള അടിത്തറ

സത്യന്‍ മൊകേരി
വിശകലനം
June 7, 2023 4:30 am

സങ്കുചിത ദേശീയതയുടെ ഭ്രാന്തമായ പ്രചാരണകേന്ദ്രങ്ങളാക്കി വിദ്യാലയങ്ങളെയും സര്‍വകലാശാലകളെയും സാങ്കേതിക സ്ഥാപനങ്ങളെയും മാറ്റാനുള്ള നീക്കങ്ങളാണ് ദ്രുതഗതിയില്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്ന സങ്കുചിത ഹിന്ദുത്വദേശീയതയ്ക്കുള്ള അടിത്തറ ശക്തിപ്പെടുത്താന്‍ സഹായകരമായി പുതുതലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്ന നടപടികളാണ് തുടര്‍ച്ചയായി സ്വീകരിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് അടിക്കടി നീക്കങ്ങള്‍ നടക്കുകയാണ്. പുരാവസ്തുഗവേഷണ മേഖലയില്‍ നടത്തിയ ഇടപെടലിലൂടെ ആര്യസംസ്കാരത്തില്‍ അധിഷ്ഠിതമായ ഒരു രാഷ്ട്രമാണ് പുരാതന ഇന്ത്യ എന്ന് സ്ഥാപിക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് സംഘ്പരിവാര്‍ നടത്തുന്നത്. രാജ്യത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പാരമ്പര്യത്തെയും തിരുത്തിയെഴുതിയാല്‍ മാത്രമേ തങ്ങളുടെ അജണ്ടയായ സമ്പൂര്‍ണ ഹിന്ദുരാഷ്ട്ര നിര്‍മ്മിതി സാധ്യമാകൂ എന്ന് മനസിലാക്കിയാണ് ഈ നീക്കങ്ങളെല്ലാം. താജ്മഹല്‍‍, കുത്തബ്മിനാര്‍ തുടങ്ങിയ ചരിത്ര സ്മാരകങ്ങളെല്ലാം ഹിന്ദുക്ഷേത്രങ്ങള്‍ക്ക് മുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് ബോധപൂര്‍വമായി പ്രചരിപ്പിക്കുന്നത് മുസ്ലിം വിദ്വേഷത്തിലും ഹിന്ദുത്വദേശീയതയിലും അധിഷ്ഠിതമായ മാനസികാവസ്ഥ ജനങ്ങളില്‍ സൃഷ്ടിക്കുന്നതിനുവേണ്ടിയാണ്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മിതിക്കായി നടത്തിയ പ്രചരണത്തിലൂടെ സങ്കുചിത ഹിന്ദുദേശീയത ഒരു ഭ്രാന്തായി ഇന്ത്യാക്കാരുടെ മനസില്‍ ഉല്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യമിട്ടത്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ചരിത്രസ്മാരകമായ ബാബറി മസ്ജിദ് പൊളിച്ചുമാറ്റി രാമക്ഷേത്രം പണിയാന്‍ സംഘ്പരിവാറിനെ പ്രേരിപ്പിച്ചത് അവരുടെ സങ്കുചിത രാഷ്ട്രീയ അജണ്ടയിലൂടെ ഹിന്ദുത്വദേശീയത രാജ്യത്തുടനീളം വ്യാപിപ്പി‌ക്കുക എന്നതായിരുന്നു. അവിടെനിന്നും വീണ്ടും മുന്നോട്ടുപോകുന്നതിനാണ് ചരിത്രഗവേഷണ കൗണ്‍സില്‍, പുരാവസ്തു വകുപ്പ്, സര്‍വകലാശാലകള്‍ തുടങ്ങിയ ബൗദ്ധിക ഗവേഷണ മേഖലകളില്‍ സംഘ്പരിവാര്‍ ബുദ്ധിജീവികളെ കുത്തിനിറയ്ക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇന്ത്യന്‍ പാരമ്പര്യത്തെയും അത് ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരത, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം എന്നീ ആശയങ്ങളെയും അതിന്റെ ശക്തമായ അടിത്തറയെയും തകര്‍ക്കാനും അതിനുമുകളില്‍ സങ്കുചിത ഹിന്ദുദേശീയതയുടെ അടിസ്ഥാനത്തിലുള്ള സാംസ്കാരിക, ബൗദ്ധികതലം സൃഷ്ടിക്കാനുമുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തിയത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലൂടെ പ്രധാനമന്ത്രി സങ്കുചിത ഹിന്ദുത്വശക്തികള്‍ക്ക് ആവേശം പകരുകയാണ് ചെയ്തത്. വിദ്യാലയങ്ങളും സര്‍വകലാശാലകളും സങ്കുചിത ഹിന്ദുത്വദേശീയവാദികളുടെ കേന്ദ്രങ്ങളാക്കി മാറ്റാന്‍ രാഷ്ട്രഭരണത്തില്‍ നേരിട്ട് ഇടപെട്ടുകൊണ്ടുള്ള നീക്കങ്ങള്‍ അനുദിനം ശക്തിപ്പെടുത്തുകയാണ് സംഘ്പരിവാര്‍ ചെയ്യുന്നത്.


ഇതുകൂടി വായിക്കൂ: വായ മൂടിക്കെട്ടിയ ഇന്ത്യ  


പാഠപുസ്തക പരിഷ്കരണത്തിലൂടെ ലക്ഷ്യം വച്ചിരുന്നത് തങ്ങളുടെ അജണ്ട നടപ്പിലാക്കുക എന്നതുതന്നെയാണ്. ‘ചെറുപ്പത്തിലെ പിടികൂടുക’ എന്ന തന്ത്രമാണ് മുന്നോട്ടു കൊണ്ടുപോകുന്നത്. മഹാത്മാഗാന്ധി വധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, പരിണാമ സിദ്ധാന്തം എന്നിവ പാഠപുസ്തകങ്ങളില്‍ നിന്നും ഒഴിവാക്കിയത് അതിന്റെ ഭാഗമാണ്. മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഗാന്ധിവധത്തിന് കാരണക്കാരായ ശക്തികളെക്കുറിച്ച് മനസിലാക്കും. നാഥുറാം വിനായക ഗോഡ്സെ എന്ന സങ്കുചിത ഹിന്ദുദേശീയവാദിയാണ് മഹാത്മാഗാന്ധിയെ വെടിവച്ചു കൊന്നത്. ഹിന്ദുരാഷ്ട്രം കൈവരിക്കുന്നതിന് മഹാത്മാഗാന്ധി ജീവിച്ചിരുന്നാല്‍ തടസമാകും എന്ന വിശ്വാസമാണ് ഗാന്ധിവധത്തിന് പ്രേരിപ്പിച്ചതെന്ന് ഗോഡ്സെ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുദേശീയ വാദികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സവര്‍ക്കര്‍ ഗാന്ധിവധക്കേസിലെ പ്രതിയായിരുന്നു. ഗോഡ്സെ യോടൊപ്പം ഗാന്ധിജിയെ വധിക്കാന്‍ ഗൂഢാലോചന നടത്തുകയും വധിക്കാനുള്ള സംഘത്തിലെ കൂട്ടാളിയുമായിരുന്നു. മഹാത്മാഗാന്ധിയെക്കുറിച്ച് പഠിക്കുമ്പോള്‍ ഇതെല്ലാം പുതിയ തലമുറ മനസിലാക്കും. രാജ്യത്തിന്റെ ശരിയായ ചരിത്രം പുതിയ തലമുറ പഠിക്കുന്നത് തങ്ങളുടെ ലക്ഷ്യത്തിന് തടസമാകുമെന്ന് മനസിലാക്കിയാണ് ഗാന്ധിജിയെ പാഠപുസ്തകത്തില്‍ നിന്നം മാറ്റിയത്. മുഗള്‍‍ ചരിത്രം പാഠപുസ്തകത്തില്‍ നിന്നും മാറ്റുന്നതിലൂടെ ഇന്ത്യയുടെ ചരിത്രത്തിന്റെ പ്രധാനഭാഗം പുതിയ തലമുറകളില്‍ നിന്ന് മറച്ചുവയ്ക്കുകയാണ്. ചരിത്രം പഠിക്കുന്നതിലൂടെ കുട്ടികള്‍‍ക്ക് രാജ്യത്തിന്റെ കഴിഞ്ഞ നാളുകളെക്കുറിച്ചുള്ള അറിവാണ് ലഭിക്കുന്നത്. അറിവ് ലഭിക്കുന്ന തലമുറ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നതിന് തടസമായിവരുമെന്ന് സംഘ്പരിവാറിന് നന്നായറിയാം.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവും പാഠപുസ്തകത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പരിണാമസിദ്ധാന്ത പഠനത്തിലൂടെ ശാസ്ത്രബോധമുള്ള തലമുറയാണ് രൂപപ്പെടുന്നത്. ശാസ്ത്രബോധമുള്ള തലമുറ സംഘ്പരിവാര്‍ ഇഷ്ടപ്പെടുന്നില്ല. ശാസ്ത്രബോധത്തില്‍ നിന്നും അകന്നുനിന്ന് അന്ധവിശ്വാസത്തിലും കെട്ടുകഥകളിലും വിശ്വാസമുള്ള ഒരു തലമുറയെ രൂപപ്പെടുത്തുക എന്നതാണ് അവരുടെ ലക്ഷ്യം. ഡാര്‍വിന്റെ പരിണാമ സിദ്ധാന്ത പഠനത്തിലൂടെ വളര്‍ന്നുവരുന്ന തലമുറ സങ്കുചിത ഹിന്ദുരാഷ്ട്ര നിര്‍മ്മിതിയെ ചോദ്യം ചെയ്യുന്നവരാകും എന്ന് സംഘ്പരിവാറിന് നന്നായി അറിയാം. പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളില്‍ നിന്ന് ജനാധിപത്യത്തെ കുറിച്ചുള്ള മുഴുവന്‍ പാഠഭാഗവും നീക്കം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ജനതയില്‍ ജനാധിപത്യബോധം ഉയര്‍ന്നുവരുന്നത് ഇല്ലാതാക്കാനുള്ള നീക്കമാണിത്. ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നീ മൗലികധാരകള്‍ക്ക് എതിരാണ് സംഘ്പരിവാര്‍. ജനാധിപത്യം നേരിടുന്ന വെല്ലുവിളികള്‍, ജനകീയ പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നീ ഭാഗങ്ങളും സാമൂഹ്യശാസ്ത്ര വിഭാഗത്തില്‍ നിന്നും എന്‍സിഇആര്‍ടി ഒഴിവാക്കിയിട്ടുണ്ട്. പത്താം ക്ലാസിലെ കണക്ക്, സയന്‍സ് വിഷയങ്ങളില്‍ നിന്നും ഒട്ടേറെ പാഠഭാഗങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. പാരമ്പര്യവും പരിണാമവും എന്നത് മാറ്റി പാരമ്പര്യം എന്നു മാത്രമാക്കി.


ഇതുകൂടി വായിക്കൂ: വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം  


ഭൂമിയില്‍ ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഡാര്‍വിന്റെ പാഠഭാഗവും ഒഴിവാക്കിയിട്ടുണ്ട്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ കുട്ടികള്‍ പഠിച്ചിരുന്ന ഫൈബര്‍ ഫാബ്രിക്സ് എന്നിവയെ കുറിച്ചുള്ള പാഠഭാഗങ്ങളും നീക്കംചെയ്തു. എന്തുകൊണ്ട് നമ്മള്‍ രോഗബാധിതരാകുന്നു എന്ന പാഠഭാഗങ്ങളും നീക്കാന്‍ തീരുമാനിച്ചു. 2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ 12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും വെട്ടിമാറ്റിയിട്ടുണ്ട്. പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ നീക്കിയത് രാജ്യത്ത് വിദ്യാഭ്യാസ–രാഷ്ട്രീയ മേഖലകളില്‍‍ സജീവമായി ചര്‍ച്ചയായിട്ടുണ്ട്. സംഘ്പരിവാര്‍ അജണ്ടക്ക് അനുസൃതമായി സിലബസില്‍ മാറ്റം വരുത്തുകയാണ് എന്ന ശക്തമായ വിമര്‍ശനം അക്കാദമിക് സമൂഹത്തില്‍ത്തന്നെ ശക്തമായി ഉയര്‍ന്നുവന്നത് ഏറെ ശ്രദ്ധേയമാണ്. പഠനഭാരം കുറയ്ക്കുകയും ആവര്‍ത്തനം ഒഴിവാക്കുകയും പ്രയാസമേറിയതും അപ്രസക്തവുമായ പാഠഭാഗങ്ങള്‍ നീക്കുകയും ചെയ്യുന്നുവെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ് (എന്‍സിഇആര്‍ടി) നല്കിയ വിശദീകരണം. സംഘ്പരിവാര്‍ ശക്തികളുടെ ഒരു ഏജന്‍സിയായി എന്‍സിഇആര്‍ടി ഇതിനകം മാറിക്കഴിഞ്ഞു. ചരിത്രം, വിദ്യാഭ്യാസം, സാങ്കേതികം എന്നീ മേഖലകളില്‍ മേല്‍ക്കോയ്മ ഉണ്ടായാല്‍ തങ്ങളുടെ അജണ്ട നടപ്പിലാക്കുന്നത് എളുപ്പമാകുമെന്ന് സങ്കുചിത ഹിന്ദുത്വദേശീയവാദികള്‍ കരുതുന്നു. മതേതര–ജനാധിപത്യ, ദേശാഭിമാന, ഇടതുപക്ഷ ചിന്താഗതിയുള്ള വിദ്യാഭ്യാസ–ഗവേഷണ മേഖലയിലെ എല്ലാവരും സമ്പന്നമായ ഇന്ത്യന്‍ വിദ്യാഭ്യാസ ഗവേഷണ–സാംസ്കാരിക മേഖലകളുടെ സംരക്ഷണത്തിനായി രംഗത്തുവരേണ്ട സമയമാണിത്.

Eng­lish Sam­mury: Foun­da­tions of Hin­du Nation­al­ism — Sathyan Mok­er­i’s Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.