ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് കാനഡ ഉയർത്തുന്ന ആരോപണങ്ങളെ നരേന്ദ്ര മോഡി സർക്കാരിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തിയാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ദ അറ്റ്ലാന്റിക്, ദി ഇക്കണോമിസ്റ്റ്, ദി ടൈംസ് എന്നിവയാണ് ഇത്തരത്തില്‍ വിലയിരുത്തുന്നത്. വിശകലനങ്ങളും എഡിറ്റോറിയലും വിമര്‍ശകരെയും മാധ്യമങ്ങളെയും അടിച്ചമർത്തുന്ന വ്യക്തിയാണ് മോഡിയെന്ന ആഗോള ധാരണ വർധിച്ചുവരുന്നതായി ചൂണ്ടിക്കാട്ടുന്നു. “ഇന്ത്യൻ സര്‍ക്കാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തില്‍ ഇന്ത്യ, സ്വദേശത്ത് ഔദാര്യമില്ലാത്തവരും വിദേശത്ത് യുദ്ധപ്രിയരുമായിരിക്കുന്നു. വിദേശ മണ്ണിലെ കൊലപാതകങ്ങൾ സങ്കല്പിക്കാന്‍ പാടില്ല എന്നൊരു അവസ്ഥ വര്‍ത്തമാന സാഹചര്യത്തിലില്ല” എന്ന് അറ്റ്ലാന്റിക് പറയുന്നു. ‘മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ന്യൂഡൽഹി, വിമതരെയും വിമര്‍ശനങ്ങളെയും നിശബ്ദമാക്കാൻ എന്തും ചെയ്യാന്‍ മടിക്കാത്ത ഭരണകൂടമായിരിക്കുന്നു’.
1985ൽ എയർ ഇന്ത്യ വിമാനത്തിന് നേരെ നടന്ന ബോംബാക്രമണവും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകവും ഉൾപ്പെടെയുള്ള ഖലിസ്ഥാനി പ്രസ്ഥാനത്തിന്റെ വന്യതയും അറ്റ്ലാന്റിക് വിവരിക്കുന്നുണ്ട്. എന്നാല്‍ നിജ്ജറിന്റെ പ്രവര്‍ത്തനം സമാധാനപരവും സിഖ് തീവ്രവാദ പ്രവർത്തനങ്ങളുമായി ചേര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് ഒപ്പമുള്ളതല്ലെന്നും അറ്റ്ലാന്റിക് വാദിക്കുന്നു. ‘നിജ്ജറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെങ്കിൽ, അത് സിഖ് വിഘടനവാദ ഭയംകൊണ്ടല്ല. വിമര്‍ശനങ്ങളെ ഭയക്കുന്ന സഹിഷ്ണുതയില്ലാത്ത ഒരിടമായി ഇന്ത്യ രൂപാന്തരപ്പെടുന്നു എന്നതുകൊണ്ടു മാത്രമാണ്. ഭരണകൂടം ഹിന്ദുമതത്തെ മറ്റെന്തിനും മുകളില്‍-എല്ലാ മൂല്യങ്ങളെയും ഇല്ലാതാക്കി ഉയര്‍ത്തിയിരിക്കുന്നു എന്ന് കരുതണം’.
മുസ്ലിങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സിഖ് ജനതയെ “കൊടും ക്രൂരമായ വംശീയവാദ നടപടികളിൽ നിന്ന് ഒഴിവാക്കിയിരുന്നു” എന്ന് കരുതാം. എന്നാൽ വിവാദമായ ഇത്തരം സംഭവങ്ങള്‍ തുടരുമ്പോള്‍ അവരും ഒഴിവാക്കപ്പെട്ടിട്ടില്ല എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മോഡി സർക്കാരിനെ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിലേക്ക് നയിച്ച ചരിത്രപരമായ പ്രതിഷേധങ്ങളിൽ സിഖ് കർഷകരുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ തങ്ങളുടെ സ്വാഭാവിക സുഹൃത്താണെന്ന അമേരിക്കയുടെ വാദം, ‘മഹത്തായ, സമാധാനപൂർണമായ ജനാധിപത്യമല്ല, മറിച്ച് ദക്ഷിണേഷ്യയിൽ ആധിപത്യം പുലർത്തുന്ന ഒരു ഹിന്ദു ശക്തിയെ സൃഷ്ടിക്കാനാണ്’ ശ്രമിക്കുന്നതെങ്കിൽ വ്യര്‍ഥമെന്ന് അറ്റ്ലാന്റിക് നിരീക്ഷിക്കുന്നു.
‘തീവ്രവാദികളെയും വിമതരെയും ഇന്ത്യ അവരുടെ സ്വന്തം പ്രദേശത്ത് കൊന്നൊടുക്കുന്നത് പതിവാണ്. സൗഹാർദപരവും സുവ്യവസ്ഥിതവുമായ പടിഞ്ഞാറൻ രാജ്യങ്ങളിൽ മുമ്പൊരിക്കലും ഇങ്ങനെ ഉണ്ടായിട്ടില്ല’ എന്ന് ഇക്കണോമിസ്റ്റ് വാദിക്കുന്നു. മോഡി സര്‍ക്കാരിന്റെ “ആവര്‍ത്തിക്കുന്ന ദൂഷണം” കണ്ടില്ലെന്നു നടിക്കാതെ ഒരു ജാഗ്രതാ അറിയിപ്പായി അമേരിക്കയും സഖ്യകക്ഷികളും സംഭവങ്ങളെ കാണണമെന്ന് ഇക്കണോമിസ്റ്റ് പറഞ്ഞു. “ഇന്ത്യ സ്വരാജ്യത്ത് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയും കോടതികളെ ഭയപ്പെടുത്തുകയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നു. കാനഡയിൽ നടന്ന കൊലപാതകവും, അനാവശ്യവും തെറ്റായതുമാണ്. വിഘടനവാദി നേതാക്കളിൽ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കുന്നത് ആത്യന്തികമായി അവരുടെ ലക്ഷ്യത്തിനുള്ള സമ്മാനമാണ്. രാജ്യത്ത് പ്രകടമാകുന്ന അരക്ഷിതാവസ്ഥ അതിന്റെ വളര്‍ച്ചയുടെ സവിശേഷതയായും പരിഗണിക്കാം- ഇക്കണോമിസ്റ്റ് ചൂണ്ടിക്കാട്ടി.
രാജ്യം അതിന്റെ നേതാക്കൾ പരസ്യമായി പ്രഖ്യാപിക്കുന്നതിനേക്കാൾ ദുർബലമാണ്, എന്നാൽ അവർ സ്വകാര്യമായി ഭയപ്പെടുന്നതിനേക്കാൾ ശക്തമാണ് ഈ പൊരുത്തക്കേട് ഇത്തരത്തിലുള്ള തെറ്റായ കണക്കുകൂട്ടലുകളുടെ ഉത്തരമാണ്. കുറ്റകൃത്യത്തിൽ ഇന്ത്യയുടെ പങ്കാളിത്തം സ്ഥിരീകരിക്കുകയാണെങ്കിൽ, അത് കൂടുതൽ കർശന നിലപാടുകള്‍ക്ക് ഇടയാക്കും. കാനഡയുടെ ആരോപണം ശരിയെങ്കിൽ, അത് രാജ്യാന്തര തലങ്ങളില്‍ ഇന്ത്യയെ എങ്ങനെ കാണുന്നു എന്നതിലെ വഴിത്തിരിവ് ആകുമെന്ന് ദ ടൈംസ് അഭിപ്രായപ്പെട്ടു. ‘ലോക രാഷ്ട്രീയ ഭൂപടത്തില്‍ ശ്രദ്ധേയ വ്യക്തിത്വമായ മോഡിക്ക് വ്ലാദിമിർ പുടിനൊപ്പം ഒറ്റയാനായി അഭിനയിക്കേണ്ടി വരു‘മെന്നും റിപ്പോര്‍ട്ട് പറയുന്നു.
ദ ടൈംസ് എഡിറ്റോറിയലാകട്ടെ മോഡിയുടെ ‘കായബലത്തിന്റെ സഹജാവബോധത്തിന്’ കീഴിൽ മതസഹിഷ്ണുതയിലും മാധ്യമസ്വാതന്ത്ര്യത്തിലും ആഗോള റാങ്കിങ്ങിൽ ഇന്ത്യ എങ്ങനെ താഴേക്ക് പോയി എന്ന് വ്യക്തമാക്കുന്നു. ഗുജറാത്ത് കലാപത്തിൽ മോഡിയുടെ പങ്കിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയെ തുടർന്ന് ബിബിസി ഓഫിസ് റെയ്ഡ് നടത്തിയതും എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു. ‘തന്റെ സ്വേച്ഛാധിപത്യ ബോധത്തിലും ആഗോള മുഖ്യധാരയിൽ മോഡി സ്ഥാനം നിലനിർത്തി. എന്നാൽ സിഖ് മാതൃരാജ്യത്തിനായി വാദിച്ച, ഡൽഹി തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് ബോധ്യപ്പെട്ടാല്‍ രാജ്യാന്തര മുഖ്യധാരയില്‍ നിന്ന് പുറത്താകുകയും റഷ്യ പോലുള്ള വഴക്കാളി രാജ്യങ്ങളുടെ സംശയാസ്പദമായ കൂട്ടത്തില്‍ എത്തിച്ചേരുകയും ചെയ്യും’.
രണ്ട് ശക്തരായ കോമൺവെൽത്ത് അംഗങ്ങൾക്കിടയിലെ പരസ്പര ആരോപണങ്ങള്‍ ബ്രിട്ടന് കടുത്ത തലവേദന തീര്‍ക്കുകയാണ്. ഈ വിഷയത്തിൽ നയതന്ത്ര വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ദ ടൈംസ് എഡിറ്റോറിയൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.