18 November 2024, Monday
KSFE Galaxy Chits Banner 2

സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ

ഗൗതം ഭട്ടാചാര്യ
January 15, 2022 7:00 am

കേന്ദ്രത്തിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വൻ ഭൂരിപക്ഷത്തോടെ ഭരണത്തില്‍ വന്നപ്പോഴെല്ലാം ഫെഡറൽ മൂല്യങ്ങളെ തകർക്കുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നിലവിലെ ഭരണകൂടത്തിനെതിരെയും സമാനമായ വിമർശനങ്ങൾക്ക് ഒട്ടും കുറവില്ല. തെരഞ്ഞെടുപ്പു പ്രക്രിയകളിൽ കേന്ദ്ര സേനയുടെ അമിതപ്രാധാന്യം, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അനാവശ്യ ഇടപെടല്‍, സാമ്പത്തിക സ്രോതസുകളുടെ കേന്ദ്രീകരണം എന്നിവ സംസ്ഥാനങ്ങളുടെ അധികാരം ചോർന്നതിന് ഉദാഹരണങ്ങളാണ്. സമ്പദ്‌വ്യവസ്ഥ വളരുന്നതനുസരിച്ച്, ജനങ്ങളുടെ അന്തർസംസ്ഥാന ചലനാത്മകത വർധിക്കും. അത് കേന്ദ്ര സ്ഥാപനങ്ങൾ കൂടുതൽ വ്യാപകമാകാൻ സൗകര്യമൊരുക്കുകയും ചെയ്യും. ഉദാഹരണത്തിന് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നിന്ന് കിഴക്കോട്ട് മാറുന്ന ഒരു കുടുംബം, കുട്ടികൾ സംസ്ഥാന ബോർഡ് സ്കൂളിൽ പ്രാദേശിക ഭാഷയില്‍ പഠിക്കുന്നതിന് പകരം സെൻട്രൽ ബോർഡിന് കീഴിലുള്ള സ്കൂളിൽ പ്രവേശനം നേടാനും ഹിന്ദി പഠിപ്പിക്കാനും ഇഷ്ടപ്പെടുന്നു. ഇത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ സെൻട്രൽ ബോർഡ് സ്കൂളുകൾ കൂടുതൽ വ്യാപകമാക്കി. സമൂഹത്തിൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണ്. പൊതുവെ സംസ്ഥാനങ്ങളുടെ സാമൂഹിക ഘടനയെ തടസപ്പെടുത്താത്തിടത്തോളം കാലം ഈ പ്രവണത ആശാസ്യവുമാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഉന്നത പ്രൊഫഷണൽ വിദ്യാഭ്യാസത്തെ കേന്ദ്രീയ സ്ഥാപനങ്ങൾ കൂടുതലായി കൈവശപ്പെടുത്തുകയും സംസ്ഥാനങ്ങളിലെ സർവകലാശാലകൾ ഫണ്ടിന്റെ ദൗർലഭ്യം കാരണം പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന പ്രവണതയുമുണ്ട്. വാസ്തവത്തിൽ, ഇന്ന് മിക്ക സംസ്ഥാനങ്ങളും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്ന നികുതി ആനുകൂല്യങ്ങളുടെ സ്ഥാനത്ത് ജിഎസ്‌ടി കൗൺസിൽ വന്നതാണ് പ്രധാന കാരണം. രാഷ്ട്രീയ വ്യത്യാസമില്ലാതെ സമീപ ദശകങ്ങളിൽ അധികാരത്തിലിരുന്ന കേന്ദ്രസർക്കാരുകൾ കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കായി കൂടുതൽ ഉത്സാഹം കാണിക്കുന്നതായും കാണാം. സംസ്ഥാനങ്ങളുടെ നിയമനിർമ്മാണ പരിധിയിൽ വരുന്ന വിഷയങ്ങളിൽ പോലും കേന്ദ്രപദ്ധതികൾ അടിച്ചേല്പിക്കപ്പെടുന്നു. സംസ്ഥാനങ്ങൾക്ക് മൊത്തം ചെലവിന്റെ ഒരു ഭാഗം പങ്കിടുന്ന വ്യവസ്ഥയിലാണ് പലപ്പോഴും ഗ്രാന്റുകൾ നൽകുന്നത്. കൃത്യമായ മാർഗനിർദേശങ്ങളില്ലാതെ ഫണ്ട് നേരിട്ട് കൈമാറിയാൽ ദേശീയ മുൻഗണനകൾക്കനുസൃതമായി സംസ്ഥാനങ്ങൾ അവ ചെലവഴിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികൾ ഭരിക്കുമ്പോൾ കേന്ദ്രത്തിന്റെ ഈ വിശ്വാസക്കുറവ് മനസിലാക്കാവുന്നതേയുള്ളൂ. അതേസാഹചര്യത്തിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ ഇത്തരം ശ്രമങ്ങളെ അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുകയും പദ്ധതികൾ രാഷ്ട്രീയ പരിഗണനകൾ കണക്കിലെടുത്താണ് കേന്ദ്രം രൂപകല്പന ചെയ്യുന്നതെന്ന് ആരോപിക്കുന്നതും സ്വാഭാവികം.


ഇതുകൂടി വായിക്കാം; മണിപ്പവറില്‍ അധികാരം പിടിച്ച ബിജെപിയുടെ മണിപ്പുര്‍ ഭാവി പ്രവചനം അസാധ്യം


കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തുടർച്ചയായ സംഘർഷത്തിന്റെ ഉറവിടങ്ങളാകുന്നു. ഫെഡറലിസത്തിന്റെ സംരക്ഷണത്തിന് ഇത്തരം പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കേണ്ടതുണ്ട്. ധനകാര്യ കമ്മിഷന്റെ അധികാരപരിധിക്ക് പുറത്തുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് തീരുമാനിക്കാൻ സർക്കാരിയ കമ്മിഷനെപ്പോലെ ഒരു ഉന്നതാധികാര കമ്മിഷനെ രൂപീകരിക്കേണ്ട സമയമായിരിക്കുന്നു. സംസ്ഥാനങ്ങളിലെ പൊലീസ് സേനയെ രാഷ്ട്രീയവല്ക്കരിക്കുന്നതും വലിയ അസ്വസ്ഥതക്ക് കാരണമാകുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളുടെ കാര്യവും വ്യത്യസ്തമല്ല. രണ്ട് പതിറ്റാണ്ട് മുമ്പ് വരെ സംസ്ഥാനങ്ങളിലെ പ്രതിപക്ഷ പാർട്ടികൾ മിക്ക തർക്ക വിഷയങ്ങളിലും കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ലോക്കൽ പൊലീസിന് നീതിപൂർവം ജോലി നിർവഹിക്കാൻ കഴിയില്ലെന്ന ആശങ്ക സൂചിപ്പിച്ച് കോടതികളും അത്തരം ആവശ്യങ്ങൾ അംഗീകരിച്ചു. എന്നാലിന്ന് പ്രതിപക്ഷം കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെടുമ്പോൾ സംസ്ഥാന ഭരണകൂടങ്ങൾ ഈ ആവശ്യങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് വ്യാഖ്യാനിക്കുന്നു. ഇരുപക്ഷവും കോടതിയെ സമീപിക്കുമ്പോൾ തീരുമാനമെടുക്കാൻ കോടതികളും പ്രയാസപ്പെടുകയാണ്. സംസ്ഥാനങ്ങളിലെ ഭരണാധികാരികളും കേന്ദ്ര ഭരണകർത്താക്കളും സങ്കുചിത രാഷ്ട്രീയ പരിഗണനകൾക്ക് അതീതമായി ഉയരുന്നില്ലെങ്കിൽ ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകില്ല. അന്വേഷണ ഏജൻസികളെ നിയമാനുസൃത സ്ഥാപനങ്ങളാക്കി മാറ്റിയാലും സർക്കാരുകളുടെ തലപ്പത്തുള്ളവർ സേനകളുടെ നിഷ്പക്ഷതയിൽ ഉറച്ചുനിൽക്കാത്തിടത്തോളം വലിയ വ്യത്യാസമൊന്നും ഉണ്ടാകാൻ പോകുന്നില്ല. നാഗാലാൻഡിൽ അടുത്തിടെ നടന്ന കൊലപാതകങ്ങൾ നമ്മുടെ കണ്ണ് തുറപ്പിക്കുന്നതാണ്. മോൺ ജില്ലയിലെ ആറ് തൊഴിലാളികൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ, സായുധ സേനയുടെ വെടിയേറ്റ് മരിച്ചു. ഒരുപക്ഷേ തെറ്റായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ സേനകൾ പ്രവർത്തിച്ചതാകാം. എന്നാൽ സംഭവത്തിന് തൊട്ടുപിന്നാലെ മരിച്ച തൊഴിലാളികളുടെ വസ്ത്രങ്ങൾ മാറ്റാൻ ശ്രമം നടന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തെ കേന്ദ്രസർക്കാർ അപലപിച്ചിട്ടുണ്ടെങ്കിലും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരത്തെ ഇത് വ്രണപ്പെടുത്തി. മേഖലയിലെ മിക്ക മുഖ്യമന്ത്രിമാരും സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‍സ്‍പ) നിർത്താൻ ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇത്തരം ഹീനമായ പ്രവൃത്തികൾ ജനങ്ങളുടെ മനസിലെ മുറിവുണക്കുന്നില്ല. ജനതയുടെ ദൈനംദിന ജീവിതത്തിൽ കേന്ദ്രം കൂടുതൽ ആധിപത്യം പുലർത്തുന്നത് ശക്തമായ ഏക ഇന്ത്യ ഉയർന്നുവരുന്നതിന്റെ സൂചനയായി ചിലർ വ്യാഖ്യാനിക്കുന്നു. എന്നാല്‍ ഈ വ്യാഖ്യാനം ‘സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും ഇന്ത്യ’ എന്ന നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ ദുർബലപ്പെടുത്തരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.