25 April 2024, Thursday

Related news

April 21, 2024
April 21, 2024
April 20, 2024
April 19, 2024
April 15, 2024
April 15, 2024
April 7, 2024
April 6, 2024
April 4, 2024
April 3, 2024

ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ ഇന്നിറങ്ങും; ബൗളിങ് നിരയില്‍ അഴിച്ചുപണിക്ക് സാധ്യത

Janayugom Webdesk
ഇന്‍ഡോര്‍
January 24, 2023 11:58 am

ന്യൂസിലാന്‍ഡിനെതിരായ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പരമ്പരയിലെ അവസാന മത്സരത്തിനായി ഇന്ത്യയിന്നിറങ്ങും. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. നേരത്തെ ശ്രീലങ്കയ്ക്കെതിരായ ഏകദിനം തൂത്തുവാരിയ ഇന്ത്യ, ന്യൂസിലാന്‍ഡിനെതിരെയും ഇതേ ലക്ഷ്യത്തോടെയാണ് കളത്തിലിറങ്ങുന്നത്. റണ്ണൊഴുകിയ ആദ്യ മത്സരത്തില്‍ 12 റണ്‍സിന്റെയും ബൗളര്‍മാര്‍ കസറിയ രണ്ടാമങ്കത്തില്‍ എട്ടു വിക്കറ്റിന്റെയും വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. ഇന്നത്തെ മത്സരത്തിലും വിജയിച്ചാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് തലപ്പത്തെത്താം. 

ഇംഗ്ലണ്ടാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. പരമ്പര നേടിയതിനാല്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കണക്കിലെടുത്ത് പേസ് ബൗളര്‍മാരില്‍ ചിലര്‍ക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ സൂചന നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം ഏകദിനത്തിനുള്ള ടീമില്‍ ബൗളിങ് നിരയില്‍ കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് കരുതുന്നത്. ബാറ്റിങ് നിരയില്‍ കാര്യമായ മാറ്റങ്ങള്‍ സാധ്യതയില്ലെന്നാണ് സൂചന. ഓപ്പണിംഗില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മും ശുഭ്മാന്‍ ഗില്ലും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമതായി ഇഷാന്‍ കിഷനും കളിക്കും. സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയുമാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ നിര്‍ണായക താരമാണ് പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി. അതുകൊണ്ടു തന്നെ പരമ്പരയില്‍ അദ്ദേഹത്തിന്റെ ഫോമും ഫിറ്റ്‌നസുമെല്ലാം പ്രധാനമാണ്. ഷമിക്കു പകരം സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറക്കിയേക്കും. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഉമ്രാനെ ഇന്ത്യ പുറത്ത് ഇരുത്തിയിരുന്നു. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കു പകരം യുവ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദിനെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ പരീക്ഷിച്ചേക്കും. ഹാര്‍ദിക്കിന്റെ ഫിറ്റ്‌നസ് കുറേക്കാലമായി ഇന്ത്യക്കു തലവേദനയായിക്കൊണ്ടിരിക്കുന്ന കാര്യമാണ്. 

ഏകദിന ലോകകപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായക താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ ഹാര്‍ദിക്കിനെ ഇന്ത്യ സൂക്ഷിച്ച് കൈകാര്യം ചെയ്യുകയും വേണം. അവസാന മത്സരത്തിലെങ്കിലും വിജയിച്ച് നാണക്കേടൊഴിവാക്കാനാകും ന്യൂസിലാന്‍ഡിന്റെ ശ്രമം. സീനിയര്‍ താരം കെയ്‌ന്‍ വില്യംസണില്ലാതെ യുവനിരയുമായാണ് കിവികള്‍ കളിക്കുന്നത്. മുന്‍നിരയിലെ വിക്കറ്റുകള്‍ വേഗത്തില്‍ കൊഴിയുന്നതാണ് കിവീസിന് തിരിച്ചടിയാകുന്നത്. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയതിനാല്‍ സമ്മര്‍ദ്ദങ്ങളില്ലാതെയാകും ഇരുടീമുമിറങ്ങുക. 

Eng­lish Summary:India New Zealand match; There is a pos­si­bil­i­ty of loose work in the bowl­ing line

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.