പതിറ്റാണ്ടിന്‍റെ പക തീര്‍ക്കാന്‍ ഇന്ത്യ

Web Desk
Posted on February 06, 2019, 9:52 am

വെല്ലിംങ്ടണ്‍: ഏകദിന പരമ്പരയ്ക്ക് ശേഷം ഇന്ത്യ‑ന്യൂസിലന്റ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന പരമ്പരയിലേറ്റ കനത്ത തോല്‍വിക്ക് മറുപടി നല്‍കാനാണ് കിവീസ് കളത്തിലിറങ്ങുന്നത്. എന്നാല്‍ ഇന്ത്യയുടെ പകയ്ക്ക് ഇതിലും വീര്യമുണ്ട്. 10 വര്‍ഷം മുമ്പായിരുന്നു ഇന്ത്യ കിവീസിന്റെ നാട്ടില്‍ ആദ്യമായി ടി20 കളിച്ചത്. രണ്ട് മത്സരങ്ങള്‍ ഉണ്ടായിരുന്ന പരമ്പരയില്‍ രണ്ടിലും ഇന്ത്യ തോല്‍ക്കുകയും ചെയ്തു. ഇതിന് മറുപടി കൊടുക്കുക എന്ന ഉദ്ദേശം തന്നെയാണ് ഇന്ത്യക്കുള്ളത്.

ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് വേദിയായ വെല്ലിംങ്ടണില്‍ തന്നെയാണ് ഈ മത്സരവും നടക്കുന്നത്. ഇന്ത്യന്‍ സമയം 12.30 നാണ് മത്സരം. കോലിയുടെ അഭാവത്തില്‍ രോഹിതാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.