23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയും വികസനതന്ത്രവും

പ്രൊഫ. കെ അരവിന്ദാക്ഷൻ
January 5, 2024 4:15 am

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൂട്ടല്‍ 2023–24ല്‍ ജിഡിപി വളര്‍ച്ചാനിരക്ക് ഏഴ് ശതമാനത്തില്‍ ഒതുങ്ങുമെന്നാണ്. സാര്‍വദേശീയ നാണയനിധി (ജിഎംഎഫ്), ലോകബാങ്ക് എന്നീ ആഗോള സ്ഥാപനങ്ങള്‍ ഇത് 6.3 ശതമാനത്തിലേറെ ആകാനിടയില്ലെന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2023–24ലെ‍ ഒന്നും രണ്ടും പാദങ്ങളില്‍ യഥാക്രമം 7.8, 7.6 ശതമാനമാ‌യിരിക്കുമെന്നതിനാല്‍, ധനകാര്യ വര്‍ഷത്തിലെ ശരാശരി ജിഡിപി വളര്‍ച്ച ആര്‍ബിഐയുടെ പ്രതീക്ഷയനുസരിച്ചുള്ള ഏഴ് ശതമാനം തന്നെ എത്തിച്ചേരാനാണ് സാധ്യത തെളിയുന്നത്. ഐഎംഎഫ് ആണെങ്കില്‍ ഭാവി വളര്‍ച്ചാ സാധ്യതകള്‍ കൂടി കണക്കിലെടുത്തതിന്റെ അടിസ്ഥാനത്തില്‍ 2028–29 ധനകാര്യ വര്‍ഷത്തെ വളര്‍ച്ചനിരക്കും 6.3 ശതമാനം ആയിരിക്കുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. അതേസമയം, ഈ ലക്ഷ്യം ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ മാത്രം ആശ്രയിച്ചല്ല നിലകൊള്ളുന്നതെന്നും ആഗോള സാമ്പത്തിക മാറ്റങ്ങളും സ്വാധീനം ചെലുത്തുമെന്നും നാണയനിധി ഇന്ത്യന്‍ ഭരണാധികാരികളെ ഓര്‍മ്മപ്പെടുത്തുന്നുമുണ്ട്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സാമ്പത്തിക വ്യവസ്ഥ എന്ന കളിക്കളത്തിന്റെ കയറ്റങ്ങളും ഇറക്കങ്ങളും അതിജാഗ്രതയോടെ വേണം നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും.
സമീപകാലത്ത് ആഗോള സമ്പദ് വ്യവസ്ഥയില്‍ ഏറെക്കുറെ സാമാന്യം വ്യക്തതയോടെ നമുക്ക് കാണാന്‍ കഴിയുക ‘ഡി-ഗ്ലോബലൈസേഷന്‍’ എന്ന പ്രകൃതിയിലേക്കുള്ള ദിശാമാറ്റമാണ്. ഇത്തരമൊരു മാറ്റത്തിന് സാമ്പത്തിക മാനം മാത്രമല്ല വഴിയൊരുക്കുന്നത്. രാഷ്ട്രീയ‑സാംസ്കാരിക‑സൈനിക മാനങ്ങളും നിര്‍ണായകമായ സമ്മര്‍ദശക്തികളായി വളര്‍ന്നുവരികയാണ്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധവും ഇസ്രയേല്‍-ഹമാസ് യുദ്ധവും ഗുരുതരമായ ബാഹ്യ ഇടപെടലുകളാണ് വിവിധ വികസിത‑വികസ്വര സമ്പദ്‌വ്യവസ്ഥകള്‍ക്കുമേല്‍ നടത്തിവരുന്നത്. ഇത്തരം ഭൗമ‑രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ പ്രതിരോധ നടപടികളുടേതായൊരു കാലാവസ്ഥയിലേക്കായിരിക്കും ലോക രാജ്യങ്ങളെ നയിക്കുക. ചരക്കുകളുടെയും സേവനങ്ങളുടെയും സുഗമമായ ലഭ്യതയ്ക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന വിതരണ ശൃംഖലകളുടെ തകര്‍ച്ചയിലേക്കും കൊണ്ടെത്തിക്കും. ഇതുമൂലം യഥാര്‍ത്ഥ ജിഡിപിയുടെ തകര്‍ച്ചയിലേക്കും ആഗോളകയറ്റുമതികളുടെ ശോഷണത്തിലേക്കുമായിരിക്കും നയിക്കുക. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സുഗമമായ പുരോഗതിക്ക് പ്രതിബന്ധങ്ങളാവുകയും ചെയ്യും. ഇറക്കുമതികള്‍ക്കും തടസങ്ങള്‍ നേരിടും. സ്വാഭാവികമായും പെട്രോളിയം ഉല്പന്നങ്ങളുടെ 80 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കായിരിക്കും വഴിയൊരുക്കുക.
ഇന്ത്യയില്‍ 2003–04നും 2008–09നും ഇടയ്ക്ക് ജിഡിപിയില്‍ കയറ്റുമതിക്കുണ്ടായിരുന്ന പങ്ക് കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഈ പ്രവണത തുടരുകയും 2013–14 ആയതോടെ 25 ശതമാനത്തിലെത്തുകയും ചെയ്തു. 2019–20, 2020–21ലും ഇത് യഥാക്രമം 22.8 ശതമാനം 18.7 ശതമാനം എന്നിങ്ങനെയുമായിരുന്നു.


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനവും ജിഡിപിയും


ആഭ്യന്തര സ്രോതസുകളെ കൂടുതലായി ആശ്രയിക്കേണ്ട സാഹചര്യമാണ് നിക്ഷേപ വര്‍ധനവിനുള്ള ലക്ഷ്യം കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാരിനുള്ളത്. ജിഡിപി നിരക്ക് ഏഴ് ശതമാനമായി ഉയര്‍ത്തണമെങ്കില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടിവരിക ആഭ്യന്തര സമ്പാദ്യം ആയിരിക്കും. 2022–23ലേക്കുള്ള ആഭ്യന്തര സമ്പാദ്യ നിരക്ക് 29 ശതമാനമാണെന്നാണ് ഏകദേശ കണക്ക്. ഇതിനുള്ള മുഖ്യ പ്രതിബന്ധം ധനകാര്യ ആസ്തികളുടെ കാര്യത്തില്‍ ഗാര്‍ഹിക സമ്പാദ്യ മേഖലയ്ക്കുണ്ടായിരിക്കുന്ന തിരിച്ചടിയാണ്. ഈ മേഖലയിലുണ്ടായ ഇടിവ് 2015–16നും 2022–23‌നുമിടയ്ക്ക് ജിഡിപിയുടെ 7.8 ശതമാനത്തില്‍ നിന്ന് 5.1 ശതമാനത്തിലേക്കാണ്. കോവിഡിന്റെ കടന്നാക്രമണത്തെത്തുടര്‍ന്നുണ്ടായ ഈ 2.7 ശതമാനം ഇടിവ് നിസാരമായി കാണുന്നത് ശരിയല്ല. ഗാര്‍ഹിക സമ്പാദ്യ മേഖലയില്‍ പ്രകടമാകുന്ന ഈ തകര്‍ച്ച തുടരുകയാണെങ്കില്‍ വളര്‍ച്ചാനിരക്കിന് ഗുരുതരമായ ഭീഷണി നേരിടേണ്ടി വരും. ഗാര്‍ഹിക സമ്പാദ്യത്തെ പ്രധാനമായി ആശ്രയിക്കുന്ന സര്‍ക്കാരിനുമാത്രമല്ല, കോര്‍പറേറ്റ് മേഖലയ്ക്കും ഈ പ്രവണത ഹാനികരമായിരിക്കും. കോര്‍പറേറ്റ് മേഖലാ നിക്ഷേപത്തിന് മുഖ്യ ആശ്രയമായിരിക്കുക അന്തിമ വിശകലനത്തില്‍ ആഭ്യന്തര സമ്പാദ്യ നിരക്കുതന്നെ ആയിരിക്കും.
ആഭ്യന്തര സമ്പാദ്യം ആദ്യഘട്ടത്തില്‍ വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന മൂലധന ഓഹരികളുടെയും മൂലധന ഒഴുക്കിന്റെയും തോത് നിര്‍ണയിക്കാതിരിക്കില്ല. ഇതിനനുസൃതമായിട്ടാണ് സമ്പദ്‌വ്യവസ്ഥയിലെ മൊത്തം മൂലധന രൂപീകരണവും നിക്ഷേപസാധ്യതകളും നിര്‍ണയിക്കപ്പെടുക. 2022–23ലേക്കുള്ള നോമിനല്‍ നിക്ഷേപം ജിഡിപിയുടെ 29.2 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. പണപ്പെരുപ്പത്തിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപനിരക്ക് 33 ശതമാനമായിരിക്കും. ഇതോടൊപ്പം രണ്ട് ശതമാനം കൂടി കൂട്ടിയാല്‍ മാത്രമേ നിര്‍ദിഷ്ട തോതില്‍ നിക്ഷേപം ലഭ്യമാകൂ. അതായത്, നിക്ഷേപം മൂലധന ജിഡിപിയുടെ 35 ശതമാനമാക്കാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ ഏഴ് ശതമാനം വികസന നിരക്ക് എന്ന ലക്ഷ്യം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് കൈവരിക്കാന്‍ സാധ്യമാകൂ.


ഇതുകൂടി വായിക്കൂ: നാശോന്മുഖമായ സമ്പദ്‌വ്യവസ്ഥ


നിക്ഷേപ വര്‍ധനയും വികസന പരിപ്രേക്ഷ്യവും നിര്‍ണയിക്കുന്നതില്‍ മുന്തിയ പരിഗണന അര്‍ഹിക്കുന്ന ഒന്നാണ് തൊഴിലവസരങ്ങള്‍. ഒരുവശത്ത് മനുഷ്യാധ്വാനം കുറയ്ക്കാന്‍ ഉപകരിക്കുന്ന ശാസ്ത്ര‑സാങ്കേതിക വിദ്യകളും ഉപകരണങ്ങളും എഐ അഭ്യാസങ്ങളും കരുത്താര്‍ജിച്ചുവരുന്നതോടൊപ്പം ജനസംഖ്യാ വര്‍ധനവും തൊഴിലിനുള്ള അര്‍ഹത തേടി എത്തുന്ന യുവാക്കളുടെ തള്ളിക്കയറ്റവും കൂടിയാവുമ്പോള്‍ തൊഴിലില്ലായ്മയുടെ ഗുരുതരാവസ്ഥ പതിന്മടങ്ങ് വര്‍ധിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ജനസംഖ്യാ പഠനറിപ്പോര്‍ട്ട് കണ്ടെത്തിയിരിക്കുന്നത് 2030 ആകുന്നതോടെ ഇന്ത്യയുടെ അധ്വാനശക്തി ജനസംഖ്യയുടെ 68.9 ശതമാനത്തിലെത്തുമെന്നാണ്. അതേയവസരത്തില്‍ ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുള്ള തൊഴിലവസരങ്ങള്‍ 31.2 ശതമാനം മാത്രമായിരിക്കും. അതായത് വളര്‍ന്നുവരുന്ന അധ്വാനശക്തിക്കാവശ്യമായ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് മെച്ചപ്പെട്ട തൊഴില്‍ പരിശീലന സജ്ജീകരണങ്ങള്‍ അനിവാര്യമായിരിക്കും. ഇതെല്ലാം ഒരുക്കാന്‍ കൂടുതല്‍ വിഭവങ്ങളും കണ്ടെത്തേണ്ടി വരും. നിസാരമായ കാര്യമല്ല ഇതെന്നും വ്യക്തമാണ്.
തൊഴിലവസര വളര്‍ച്ച മുഖ്യമായും ജിഡിപി വളര്‍ച്ചയെയാണ് ആശ്രയിച്ചിരിക്കുക. ഉല്പാദന വര്‍ധനവിലൂടെ വിപണികളിലെത്തുന്ന ചരക്കുകളുടെയും സേവനങ്ങളുടെയും ഘടനയും ഇതില്‍ പ്രസക്തവും നിര്‍ണായകവുമായ ഘടകങ്ങളുമായിരിക്കും. യുഎന്‍ പഠനം വെളിവാക്കുന്ന മറ്റൊരു കാര്യം 2023–24നും 2048–49നും ഇടയ്ക്ക് അധ്വാനശക്തി പ്രദാനംചെയ്യുന്ന പ്രായപരിധിയില്‍പ്പെടുന്നവര്‍ ജനസംഖ്യയുടെ 1.2ശതമാനം എന്നത് ‘0’ ശതമാനത്തിലെത്തുമെന്നുമാണ്. ഈ പ്രവചനം എത്രമാത്രം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പു പറയാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ലേബര്‍ ഫോഴ്സ് സര്‍വേ (എല്‍എഫ്എസ്) അനുസരിച്ച് 15വയസിനു മുകളില്‍ വരുന്നവരുടെ തൊഴില്‍ ആശ്രിതത്വ നിരക്ക് 2017–18മുതല്‍ ശരാശരി 1.5ശതമാനം നിരക്കില്‍ ഉയര്‍ന്നു. ഇപ്പോള്‍ 44.1 ശതമാനത്തില്‍ നിന്ന് 51.8ശതമാനം വരെ എത്തിനില്‍ക്കുന്നു. ഇനിയുള്ള കാലയളവില്‍ തൊഴിലിനായുള്ള ആശ്രിതത്വം കാര്‍ഷികേതര മേഖലയില്‍ വര്‍ധനവുണ്ടാക്കുമെന്നുവേണം കരുതാന്‍. ഗാര്‍ഹിക സര്‍വേയുടെ കണ്ടെത്തലനുസരിച്ച് 2022–23ല്‍ ഈ വിഭാത്തില്‍പ്പെടുന്നവര്‍ 45.8ശതമാനം വരെ ആയിരിക്കും. ഇവിടെ പ്രസക്തമായി വരുന്ന പ്രധാന ഘടകം എഐ അടക്കമുള്ള സാങ്കേതികവിദ്യ ഉയര്‍ത്താനിടയുള്ള ഗുരുതരമായ ഭീഷണിയുമാണ്.


ഇതുകൂടി വായിക്കൂ: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ – ഭാവി എന്ത് ?


തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുപോലെ തന്നെ, ഒരുപക്ഷെ, അതിലേറെ സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തെ സഹായിക്കുന്ന ഘടകമായിരിക്കും ധനകാര്യ ഉത്തരവാദിത്തം യാഥാര്‍ത്ഥ്യമാക്കുക എന്നത്. സമീപകാലത്ത് ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളോടൊപ്പമോ, അതിലും ഗൗരവമേറിയതോ ആയ പ്രതിബന്ധമായിരിക്കുന്ന ആഗോള രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ മൂലം ധനകാര്യ സുസ്ഥിരത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിരവധി തടസങ്ങളുണ്ട്. വളര്‍ച്ചാനിരക്ക് പരമാവധി ഉയര്‍ന്ന നിലവാരത്തിലെത്തിക്കുന്നതിന് ധനക്കമ്മിയും കടവും ചേര്‍ന്നുള്ള മൊത്തം ബാധ്യതയും ജിഡിപിയും തമ്മിലുള്ള അനുപാതങ്ങള്‍ യഥാക്രമം ആറ് ശതമാനം, 60 ശതമാനം എന്നിങ്ങനെ പരിമിതപ്പെടുത്തണമെന്നാണ്. ഈ ലക്ഷ്യം നേടിയാല്‍ മാത്രമേ, പലിശ ബാധ്യതയും റവന്യു വരുമാനവും തമ്മില്‍ പൊരുത്തപ്പെടുത്താനും അത് അനുവദനീയമായ പരിധിക്കുള്ളില്‍ ഒതുക്കിനിര്‍ത്താനും കഴിയൂ. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ സമ്പാദ്യനിരക്കുകള്‍ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനു പുറമെ, മൊത്തം സമ്പാദ്യനിരക്ക് സുരക്ഷിതമാക്കാന്‍ വഴിയൊരുക്കുകയും ചെയ്യും. ഇത്തരമൊരു പൊതു വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് വരുന്ന രണ്ടു വര്‍ഷക്കാലയളവില്‍ വളര്‍ച്ചാനിരക്ക് 6.5ശതമാനത്തിലെത്തിക്കാമെന്ന പൊതു നിഗമനത്തില്‍ എത്തിച്ചേരുന്നത്.
കോവിഡനന്തര കാലയളവിലെ താണനിരക്കില്‍ നിന്നുള്ള മോചനമായി വേണമെങ്കില്‍ ഇതിനെ കാണാന്‍ കഴിയും. അതേസമയം ഈ ലക്ഷ്യം ഉടനടി നേടുന്നത് അത്ര എളുപ്പമായിരിക്കില്ല. ഇടക്കാലത്തേക്കെങ്കിലും ആഭ്യന്തരതലത്തിലും ആഗോളതലത്തിലുമുള്ള നിരവധി പ്രതികൂല സാഹചര്യങ്ങള്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം. സമ്പാദ്യ‑നിക്ഷേപ നിരക്കുകള്‍ ഉയര്‍ത്തുക, തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുക, യുവാക്കളെ തൊഴില്‍ വിപണികളിലേക്ക് ആകര്‍ഷിക്കുന്നതിന് അനുയോജ്യമായ സാങ്കേതികവിദ്യ കരുപ്പിടിപ്പിച്ചെടുക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ഏഴ് മുതല്‍ 7.5ശതമാനം വരെയുള്ള വളര്‍ച്ചാനിരക്കുകള്‍ ലക്ഷ്യമാക്കേണ്ടതുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.