23 December 2024, Monday
KSFE Galaxy Chits Banner 2

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സ്റ്റാഗ്ഫ്ലേഷന്റെ പിടിയില്‍

Janayugom Webdesk
June 29, 2022 5:30 am

തൊരു സമ്പദ്‌വ്യവസ്ഥയുടെയും മാക്രോ സമഗ്രമായ മാനേജ്മെന്റിന് നിരവധി ഗുരുതരമായ കടമ്പകള്‍ കടക്കേണ്ടിവരുമെന്നാണ് ചരിത്രം നല്‍കുന്ന പാഠം. ഈവിധത്തിലൊരു പ്രശ്നം വികസിത സമ്പദ്‌വ്യവസ്ഥകള്‍ തന്നെ നേരിടേണ്ടിവന്നത് എഴുപതുകളിലായിരുന്നു. സാധാരണ ഗതിയില്‍ പണപ്പെരുപ്പവും തൊഴിലില്ലായ്മയും ചാക്രിക പ്രതിസന്ധിയുടെ ഫലമായി വിരുദ്ധ ദിശകളിലേക്കായിരുന്നു ചലിച്ചിരുന്നത്. ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ നിലവിലിരിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച മെല്ലെപ്പോക്കിലോ മരവിപ്പിലോ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്നത്തെ സ്ഥിതി ഇതല്ല. പണപ്പെരുപ്പം ഗുരുതരാവസ്ഥയില്‍ തുടരുന്നതോടൊപ്പം തൊഴിലില്ലായ്മയും രൂക്ഷമായി തുടരുന്നു എന്നാണ് ആനുകാലിക ഇന്ത്യയിലെ അനുഭവം. ഇത്തരമൊരു പ്രതിഭാസം വിശേഷിപ്പിക്കുന്നതിന് ധനശാസ്ത്രജ്ഞര്‍ കണ്ടെത്തിയ പുതിയൊരു പദമാണ് “സ്റ്റാഗ്ഫ്ലേഷന്‍”. അതായത് സ്റ്റാഗ്‌നേഷന്‍ അഥവാ പണഞെരുക്കം ഒരുവശത്തും അതിനോടു ചേര്‍ന്നുതന്നെ ഇന്‍ഫ്ലേഷനും അഥവാ പണപ്പെരുപ്പവും നിലവിലിരിക്കുന്നു. ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മാത്രമല്ല, ലോകരാജ്യ സമ്പദ്‌വ്യവസ്ഥകളാകെത്തന്നെ നേരിടുന്ന പ്രതിഭാസവും മറ്റൊന്നല്ല. അരനൂറ്റാണ്ടിനു മുമ്പുണ്ടായിരുന്ന പ്രതിഭാസത്തിന്റെ തനിയാവര്‍ത്തനം തന്നെയാണിത്. അതായത് ഇന്ത്യയടക്കമുള്ള സമ്പദ്‌വ്യവസ്ഥകളില്‍‍, ഒരേസമയം താണ നിരക്കിലോ പൂജ്യം നിരക്കിലോ ഉള്ള വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പനിരക്കും ഒരേസമയം തുല്യമായ ഗുരുതരാവസ്ഥയില്‍ തുടരുന്നൊരു സവിശേഷ അനുഭവം തന്നെയാണിത്.


ഇതുകൂടി വായിക്കൂ: കടം കയറി തകരുന്ന സമ്പദ്‌വ്യവസ്ഥകൾ


ധനശാസ്ത്രജ്ഞര്‍ 1970കളില്‍ ഈ പുതിയ പ്രതിഭാസത്തിന്റെതായ ചില സവിശേഷതകള്‍ കണ്ടെത്തിയിരുന്നു. അക്കൂട്ടത്തില്‍ ദുരന്ത സൂചികക്കിടയാക്കുന്ന കുതിച്ചുയര്‍ന്ന ഉപഭോഗ ഉല്പന്ന നിരക്ക്, അതിവേഗം പെരുകിവന്നിരുന്ന തൊഴിലില്ലായ്മാ നിരക്ക് എന്നിവയാണ് മുന്നണിയിലുണ്ടായിരുന്നത്. ഇപ്പോഴും നമുക്ക് സമാനമായൊരു ദുരന്ത സൂചിക സൃഷ്ടിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ അത് നല്‍കുന്ന സൂചന എന്തായിരിക്കും? ദുരന്തം അതീവ ഗുരുതരമായിരിക്കുക, വിഭവ ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്ന സമ്പദ്‌വ്യവസ്ഥകളിലും വിഭവ ലഭ്യതയുണ്ടെങ്കില്‍ തന്നെയും സാമ്പത്തിക മിസ്‌മാനേജ്മെന്റ് ഗുരുതരാവസ്ഥയില്‍ തുടരുന്ന സമ്പദ്‌വ്യവസ്ഥകളിലുമായിരിക്കും എന്നാണ്. ഈ വിഭാഗം രാജ്യങ്ങളില്‍ ടര്‍ക്കി അര്‍ജന്റീന, ദക്ഷിണാഫ്രിക്ക എന്നിവ ഉള്‍പ്പെടുമ്പോള്‍, തൊട്ടു പിന്നിലായി രണ്ട് “ബ്രിക്ക്സ്” കൂട്ടായ്മാ രാജ്യങ്ങളായ ബ്രസീലും റഷ്യക്കും ഇവയോടൊപ്പം പാകിസ്ഥാനും ഈജിപ്റ്റും ഉണ്ടാകും. മൂന്നാം സ്ഥാനത്ത് ഇന്ത്യയും ഉണ്ടായിരിക്കും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വര്‍ഷം ആഘോഷിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒട്ടുംതന്നെ അഭിമാനിക്കാന്‍ വക നല്‍കുന്ന ഒരു റെക്കോ‍ഡായിരിക്കില്ല ഇത്. അതേസമയം, നമുക്ക് തെല്ല് ആശ്വാസത്തിനു വക നല്കുന്നൊരു കാര്യം ഇന്ത്യക്ക് പിന്നില്‍ ഏറെ അകലത്തിലല്ലാതെ യൂറോപ്യന്‍ രാജ്യസമൂഹവും അമേരിക്കയും നിലകൊള്ളുന്നു എന്നതാണ്. യുഎസിലെ പണപ്പെരുപ്പം 41 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന 8.6 ശതമാനം നിരക്കിലായിരിക്കുന്നു. ആഫ്രിക്കന്‍ രാജ്യമായ സിംബാബ്‌വെയില്‍ ഇത് 130 ശതമാനത്തിലേറെയുമാണത്രെ.


ഇതുകൂടി വായിക്കൂ: ഇന്ത്യൻ ജനത വിശപ്പിന്റെ പാരമ്യത്തിലേക്കോ?


സമകാലിക കാലഘട്ടമെടുത്താന്‍ നമ്മുടെ രാജ്യത്ത് ദുരന്ത സൂചിക തയാറാക്കുന്ന സമയത്ത് നടപടിക്രമത്തില്‍ രണ്ട് ഭേദഗതികള്‍ വരുത്തേണ്ടതുണ്ട്. ഇതിലൊന്ന് നിലവിലുള്ള പലിശനിരക്കാണ്. ഈ നിരക്കിന് വളര്‍ച്ചനിരക്കില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിയും. ഈ ഘടകം കൂടി കണക്കിലെടുക്കുമ്പോള്‍ ദാരിദ്ര്യ സമ്പദ്‌വ്യവസ്ഥകളുടെ സ്ഥിതി പരമദയനീയമാണെന്ന് കരുതേണ്ടിവരുന്നു. ആധുനിക കാലഘട്ടത്തില്‍ സ്വീകരിച്ചിട്ടുള്ള രണ്ടാമത്തെ ഭേദഗതി ശരാശരി ആളോഹരി വാര്‍ഷിക വരുമാനം കണ്ടെത്തുക എന്നതാണ്. 2022ലെ സ്ഥിതി നോക്കിയാല്‍ ഇന്ത്യക്ക് സാമാന്യം ഭേദപ്പെട്ട നിലവാരമുള്ളതായി കാണാന്‍ കഴിയും. ഇന്ത്യ അതിവേഗ വളര്‍ച്ച കൈവരിച്ചുവരുന്ന രാജ്യങ്ങളുടെ വിഭാഗത്തില്‍ തന്നെയാണ് ഇന്നും തുടരുന്നത്. അതേസമയം ഇന്ത്യയുടെ റാങ്കില്‍ വലിയ മാറ്റമൊന്നും അവകാശപ്പെടാനുമില്ല. താണ വളര്‍ച്ച നിരക്കുകളുള്ള മുന്നാക്ക രാജ്യങ്ങളുമായി തുലനം ചെയ്താലും റാങ്കില്‍ പഴയപടി തന്നെയാണ് ഇന്ത്യ തുടരുന്നത്. ഇവിടെ വികസിത രാജ്യങ്ങളിലെ മുരടിപ്പിലായതോ താണുകൊണ്ടിരിക്കുന്നതോ ആയ ജനസംഖ്യാ വളര്‍ച്ചനിരക്കുകള്‍ പ്രസക്തമാണെന്നതുകൂടി കണക്കിലെടുക്കേണ്ടതുണ്ട്. ചുരുക്കത്തില്‍ പണപ്പെരുപ്പം തൊഴിലില്ലായ്മ പലിശനിരക്കുകള്‍, വരുമാന നിലവാര വളര്‍ച്ച എന്നിങ്ങനെയുള്ള നാലു ഘടകങ്ങള്‍ കണക്കിലെടുത്താല്‍ 20 രാജ്യങ്ങളുടെ കൂട്ടത്തില്‍ ഇന്ത്യയുടേത് 12-ാം സ്ഥാനമാണുള്ളതെന്നും തിരിച്ചറിയാം.


ഇതുകൂടി വായിക്കൂ: മേനി നടിക്കലിന്റെ നാണക്കേടും ദുരിതവും


ആഗോള സാമ്പത്തിക ഫോറത്തിന്റെ ഈയിടെ നടന്ന ഡാവോസ് സമ്മേളനവും ലോക രാജ്യങ്ങള്‍ മൊത്തത്തില്‍ ഗുരുതരമായ പ്രതിസന്ധികളാണ് ഏതാനും വര്‍ഷക്കാലത്തേക്കു കൂടി നേരിടേണ്ടിവരികയെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയും ഈ ദൂഷിതവലയില്‍ത്തന്നെയായിരിക്കും കുടുങ്ങിക്കിടക്കുക. ഏറ്റവുമൊടുവില്‍ മൊത്ത പണപ്പെരുപ്പം 2022ല്‍ പിന്നിട്ട ഒരു ദശകക്കാലത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന 15.88 ശതമാനത്തിലെത്തിയിരിക്കുന്നു. 2021ല്‍ ഇത് 13.11 ശതമാനമായിരുന്നു. ചില്ലറ വില സൂചികയാണെങ്കില്‍ 2022 ഏപ്രില്‍ മാസത്തില്‍ 7.79 ശതമാനത്തില്‍ എത്തിയിരുന്നതാണ്.
തൊഴിലില്ലായ്മയും ഇതോടൊപ്പം ഗുരുതരാവസ്ഥയില്‍ തന്നെ തുടരുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബിജെപിക്കും ‘സ്റ്റാഗ്ഫ്ലേഷന്‍’ ഉയര്‍ത്തുന്ന ഗുരുതരമായ ഭീഷണിക്കു നേരെ ഇനിയും കണ്ണടയ്ക്കാന്‍ കഴിയില്ലെന്ന് ബോധ്യമായിരിക്കുന്നു എന്നാണ് മാധ്യമ വാര്‍ത്തകള്‍ (ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്’ ജൂണ്‍ 15, 2022) നല്കുന്ന സൂചന. രണ്ടാം വട്ടം അധികാരത്തിലെത്തുന്നതിനു തൊട്ടു തലേനാളുകളില്‍ രാജ്യത്ത് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് പ്രതിവര്‍ഷം രണ്ടു കോടി വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വീമ്പിളക്കിയിരുന്നതെങ്കിലും നാളിതുവരെയായി ഈ വാഗ്ദാനം പേരിനുപോലും നടപ്പാക്കുകയുണ്ടായില്ല. ഇന്നിതാ, അടുത്ത പൊതു തെരഞ്ഞെടുപ്പിന് രണ്ട് വര്‍ഷത്തില്‍ താഴെ മാത്രം കാലാവധി അവശേഷിച്ചിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പ് മേധാവികളോട് അവരുടെ വകുപ്പുകളില്‍ എത്ര ഒഴിവുകളുണ്ടെന്ന് അടിയന്തരമായി റിപ്പോര്‍ട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിനുശേഷം വരുന്ന ഒന്നര വര്‍ഷത്തിനുള്ളില്‍ ഒരു മില്യന്‍ നിരക്കില്‍ നിയമനം നടത്താനും നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു.


ഇതുകൂടി വായിക്കൂ: ടൂറിസം സൂചികയിലും ഇന്ത്യ താഴേക്ക്


കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഒഴികെയുള്ളവയില്‍ റയില്‍വേ വകുപ്പില്‍ മാത്രം 2018, 2019 എന്നീ വര്‍ഷങ്ങളില്‍ 1.27 ദശലക്ഷം നിരക്കില്‍ ഒഴിവുകളാണുണ്ടായിരുന്നതെങ്കില്‍ 2020, 2021ല്‍ യഥാക്രമം 1.25 ദശലക്ഷം‍, 1.20 ദശലക്ഷം‍ എന്നിങ്ങനെയും ആയിരുന്നു. ഈ വര്‍ഷങ്ങളിലെല്ലാം തന്നെ റയില്‍വേ വകുപ്പില്‍ ഉണ്ടായിരുന്ന തസ്തികകള്‍ 3.26 ദശലക്ഷം‍ മുതല്‍ 3.46 ദശലക്ഷം‍ വരെയുമായിരുന്നു എന്നോര്‍ക്കുക. അതായത്, തസ്തികകള്‍ ഒഴിഞ്ഞുകിടന്നിരുന്നെങ്കിലും മോഡി സര്‍ക്കാര്‍ നിയമനം നടത്താതെ യുവാക്കളെ തുടര്‍ച്ചയായി വഞ്ചിക്കുകയായിരുന്നു എന്ന് വ്യക്തമാക്കപ്പെടുകയാണ്. ഏഴാം ശമ്പള കമ്മിഷന്‍ പറയുന്നതനുസരിച്ച് 2006 – 2014 കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള നിയമനങ്ങള്‍ ശരാശരി ഒരു ലക്ഷത്തില്‍ താഴെയായിരുന്നു എന്നാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക രേഖകള്‍ ലഭ്യവുമല്ല. കമ്മിഷന്‍ ഇതോടൊപ്പം ചൂണ്ടിക്കാട്ടുന്നത് കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള നിയമനം മൊത്തം തൊഴില്‍ തേടിവരുന്നവരുടെ കണക്കുമായി തുലനം ചെയ്യുമ്പോള്‍ വെറും നാമമാത്രമായ തോതിലായിരിക്കുമെന്നാണ്. പ്രതിവര്‍ഷം തൊഴിലന്വേഷികളുടെ എണ്ണത്തിലുണ്ടാകുന്ന കുതിപ്പ് അത്രയേറെയുമാണ്. ഇതിന്റെ അര്‍ത്ഥം പുതിയ തൊഴിലവസരങ്ങള്‍ക്കായി സര്‍ക്കാര്‍ വകുപ്പുകളോ പൊതുമേഖലാ സ്ഥാപനങ്ങളോ എത്രതന്നെ ശ്രമിച്ചിട്ടും അനുദിനം പെരുകിവരുന്ന തൊഴിലില്ലായ്മയ്ക്ക് പരിഹാരമാവില്ല എന്നുതന്നെയാണ്. ഇതിനിടെ പുതിയൊരു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത് ആഗോള പൗരത്വ ആസൂത്രണ സ്ഥാപനമായ ഹെന്‍ട്രി ആന്റ് പാര്‍ട്ട്നര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടാണ്. ഇതിനനുസരിച്ച് നടപ്പുവര്‍ഷത്തില്‍ തന്നെ 8000 കോടീശ്വരന്മാര്‍ മെച്ചപ്പെട്ട യുഎഇ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഇന്ത്യയെ കൈവിട്ട് ചേക്കേറുമെന്നാണ്. ഈ പ്രവണത തുടര്‍ന്നാല്‍ സ്വകാര്യ നിക്ഷേപം വഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകള്‍ക്കും മങ്ങലേല്ക്കുമെന്നത് ഉറപ്പാണ്. അതുകൊണ്ടുതന്നെ ‘സ്റ്റാഗ്ഫ്ലേഷന്‍’ എന്ന പ്രതിഭാസം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കുറെ നാളുകള്‍ കൂടി തുടരുമെന്നുതന്നെവേണം കരുതുവാന്‍. അതായത് ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും മോചനം നേടിയതിന്റെ 75-ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന മോഡി സര്‍ക്കാരിന് മുന്നില്‍ ഈ സ്ഥിതി വിശേഷം തന്നെയാണ് ഏറ്റവും ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.