അതിവിസ്തൃതമായ ഇന്ത്യൻ വിപണിയിൽ ആഴമേറിയ സ്വാധീനമുറപ്പിക്കാൻ ഇറങ്ങിത്തിരിച്ചവർക്ക് പിൻവാങ്ങേണ്ടിവന്നിരിക്കുകയാണ്. രാജ്യത്തെ ചില്ലറ വില്പന മേഖലയാകെ വിഴുങ്ങാൻ വായ് തുറന്നുനിന്ന ബഹുരാഷ്ട്ര കുത്തകകൾ തൽക്കാലത്തേക്ക് വായടയ്ക്കാൻ നിർബന്ധിതരായി. ഇന്ത്യയിലെ ജനജീവിതവുമായി ഗാഢമായി ഇഴുകിച്ചേർന്നു നിൽക്കുകയാണ് നാല് കോടി ചില്ലറ കച്ചവടക്കാരുടെ ബൃഹത്തായ സമൂഹം. അതിനെ ഘട്ടംഘട്ടമായി ഉന്മൂലനം ചെയ്യാൻ വഴിവയ്ക്കുന്ന നടപടികൾക്കാണ് കേന്ദ്ര സർക്കാർ മുതിരുന്നത്. രൂക്ഷമായ എതിർപ്പിന്റെ പശ്ചാത്തലത്തിൽ തല്‍ക്കാലത്തേക്കൊരു ഇടവേള കൊടുത്തുവെന്നുമാത്രം. ചില്ലറ വില്പനക്കാരെ ആശ്രയിച്ചുകഴിയുന്ന 20 കോടി ജനങ്ങളെ തെരുവാധാരമാക്കുന്ന ഒന്നായിരുന്നു വിദേശ കമ്പനികളെ ചില്ലറ വില്പന രംഗത്തേക്ക് കൊണ്ടുവരണമെന്ന പിടിവാശി. ഒന്നാം യുപിഎ സർക്കാരിന്റെ കാലം മുതലാണ് ചില്ലറ വ്യാപാര രംഗത്തേക്ക് വിദേശ കമ്പനികൾക്ക് പരവതാനി വിരിക്കാനുള്ള ശ്രമമാരംഭിച്ചത്. ശക്തമായ എതിർപ്പ് നേരിടേണ്ടിവരും എന്നറിഞ്ഞുകൊണ്ടുതന്നെയാണ് ഏറെ വിവാദത്തിന് തിരികൊളുത്തുന്ന ഈ തീരുമാനം അടിച്ചേല്പിക്കാൻ തുനിഞ്ഞത്. ഇപ്പോള്‍ കണ്ണിൽപ്പൊടിയിടാൻ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിദുർബലമായ അതിർവരമ്പുകൾ ഇടിഞ്ഞുവീഴാൻ അധികകാലമൊന്നും വേണ്ടിവരില്ല. 800ൽപ്പരം പട്ടണങ്ങളുള്ള രാജ്യത്ത് 10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള 33 പട്ടണങ്ങളിൽ മാത്രമേ വിദേശകമ്പനികളുടെ സൂപ്പർ, ഹൈപ്പർ മാർക്കറ്റുകളും മാളുകളും തുറക്കാൻ അനുവദിക്കൂ എന്നതുകൊണ്ട് രാജ്യത്തെ ചില്ലറ വില്പന മേഖലയാകെ വിഴുങ്ങാനൊന്നും പോകുന്നില്ലെന്നാണ് സർക്കാർ ഭാഷ്യം.
ഇന്ത്യൻ വിപണിയിലേക്ക് കുതിച്ചു പാഞ്ഞെത്താൻ അമിതാവേശം കാട്ടുന്നത് ലോകത്തെ വന്‍കിടക്കാരാണ്. രാജ്യാന്തര റീട്ടെയിൽ ഭീമന്മാരായ അമേരിക്കയിലെ വാൾമാർട്ടും ബ്രിട്ടണിലെ മെട്രോയും ടെസ്കോയും ഫ്രാൻസിലെ കാരിഫോറും കിങ്ഫിഷറും നെതർലൻഡിലെ അഹോൾഡും ഒക്കെയാണ്. വിദേശകമ്പനികളുടെ വ്യാപാരം ജനങ്ങൾക്ക് വലിയ ആശ്വാസമാണെന്നും രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗുണകരമാണെന്നും മറ്റുമുള്ള നല്ലനടപ്പ് സർട്ടിഫിക്കറ്റ് നൽകി അവരുടെ വ്യാപനം സുഗമമാക്കാൻ വെമ്പൽകൊള്ളുന്നത് ജനങ്ങൾക്ക് വേണ്ടിയല്ലെന്ന് വ്യക്തമാണ്.
വാൾമാർട്ടും ടെസ്കോയും ഒക്കെ ഇടനിലക്കാരെ ഒഴിവാക്കി കൃഷിയിടങ്ങളിൽ നിന്ന് നേരിട്ട് ഉല്പന്നങ്ങൾ വാങ്ങുമ്പോൾ കർഷകർക്ക് ഉയർന്ന വില കിട്ടുമെന്ന വാദം തട്ടിപ്പാണെന്ന് മനസിലാക്കാൻ അധികദൂരം സഞ്ചരിക്കേണ്ടതില്ല. ഇപ്പോൾ തന്നെ റിലയൻസ്, ടാറ്റാ, മോർ, ട്രെൻഡ്, പാന്റലൂൺ, ഷോപ്പേഴ്സ് ഷോപ്പ് തുടങ്ങിയ സ്വദേശ കോർപറേറ്റുകൾ ധാന്യവിപണിയിൽ ആധിപത്യം നേടിയിരിക്കുകയാണ്. കർഷകരിൽ നിന്ന് നേരിട്ട് ഉല്പന്നങ്ങൾ വാങ്ങുന്നതുകൊണ്ട് ഉല്പന്നങ്ങളുടെ വില നേരിയ തോതിൽ പോലും വർധിച്ചിട്ടില്ല. കർഷകരെ ചൂഷണം ചെയ്യുന്ന ഇടനിലക്കാരെ ഒഴിവാക്കി അതിനെക്കാൾ അപകടം പിടിച്ച ഏർപ്പാടാണ് വരുന്നത്. ഗുണനിലവാരം, ആകർഷകത്വം, ഒരേ രൂപഭംഗി, ഒരേ വലിപ്പം എന്നൊക്കെ പറഞ്ഞ് ഉല്പന്നങ്ങളുടെ ഗ്രേഡിങ് തരംതിരിക്കൽ നടത്തുകയാണീ കോർപറേറ്റുകൾ. വില ഇടിച്ചു താഴ്ത്താനുള്ള തന്ത്രം കർഷകർക്ക് വലിയ വിനയായി മാറുന്നു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന തറവിലയും താങ്ങുവിലയുമൊന്നും കോർപറേറ്റുകൾക്ക് പ്രശ്നമല്ല. പാട്ടക്കൃഷി, അവധിവ്യാപാരം എന്നിവയിലൂടെയും കർഷകരെ ചൂഷണം ചെയ്യുകയാണ്.
വിദേശകമ്പനികളെ കൊണ്ടുവരാനുള്ള തീരുമാനത്തെ ന്യായീകരിക്കാൻ സർക്കാരും അവരുടെ വക്താക്കളും നിരത്തിയ വാദങ്ങൾ കേട്ടാൽ ഇന്ത്യ സ്വർഗരാജ്യമാകാൻ പോകുന്നുവെന്നുതോന്നും. 800ലേറെ പട്ടണങ്ങളുള്ളതിൽ 53 എണ്ണത്തില്‍ വിദേശ ചില്ലറ വില്പനശാലകള്‍ ഉയർന്നു വരുമ്പോൾത്തന്നെ 80,000 പേർക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമത്രെ. പരിമിതമായ ഇത്രയും പട്ടണങ്ങളിൽ നിന്നുതന്നെ മൊത്തം ചില്ലറ വില്പനയുടെ 20 ശതമാനം വിദേശകമ്പനികൾ കയ്യടക്കുമെന്ന സത്യം മറച്ചുവച്ചുകൊണ്ടാണീ കണക്ക്.
ഈ വില്പനശാലകൾ നടത്തിക്കൊണ്ടുപോകാൻ അരലക്ഷത്തിൽ താഴെ തൊഴിലാളികൾ മാത്രം മതിയെന്ന് വിദേശ കോർപറേറ്റുകൾ തന്നെ പറയുന്നു. മറുവശത്ത് ഇതേ പട്ടണങ്ങളിലെ 80 ലക്ഷം തദ്ദേശ ചെറുകിട കച്ചവടക്കാരുടെ ജീവനോപാധി അടയുകയും അവർ തൊഴിൽ രഹിതരാകുകയും ചെയ്യും എന്ന യാഥാർത്ഥ്യത്തെ ഖണ്ഡിക്കാനും സർക്കാരിനായില്ല. ആ പരമാർത്ഥത്തിന് മൂടുപടമിടാനാണ് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും എന്ന കല്ലുവച്ച നുണ പ്രചരിപ്പിക്കുന്നത്. ഈ കണക്ക് വാദത്തിനുവേണ്ടി സമ്മതിച്ചാൽ, 800 പട്ടണങ്ങളിലും വിദേശ വ്യാപാരശാലകൾ തുറക്കുമ്പോൾ ഉണ്ടാകുന്നത് 16 കോടിയിൽപ്പരം തൊഴിലവസരങ്ങൾ എന്ന മഹാത്ഭുതമായിരിക്കും. 55 രാജ്യങ്ങളിലായുള്ള 8,500 വില്പനശാലകളിൽ നിന്നായി പ്രതിവർഷം 16.56 ലക്ഷം കോടി രൂപയുടെ വരുമാനമുണ്ടാക്കുന്ന വാൾമാർട്ട് ആകെ 2.1 ദശലക്ഷം പേർക്കാണ് തൊഴിൽ നൽകുന്നതെന്ന കണക്കും സര്‍ക്കാര്‍ വാദത്തിന്റെ കാപട്യം തുറന്നുകാട്ടുന്നതാണ്.
ഏറ്റവും പുതിയ സാങ്കേതികവിദ്യയും ഉയർന്ന കാര്യക്ഷമതയുമാണ് വിദേശകമ്പനികൾ ഇന്നാട്ടിലെത്തിക്കുകയത്രെ. ഉല്പാദനം, വിതരണം, ഗുണമേന്മാ നിലവാരം, ട്രാൻസ്പോർട്ടേഷൻ, വെയർഹൗസിങ്, ലോജിസ്റ്റിക്സ്, ശീതീകരണ സംവിധാനങ്ങൾ എന്നിവയിൽ വിപ്ലവകരമായ മാറ്റം ഇന്ത്യൻ വിപണിയിലെത്തുമെന്നും പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽ മേഖലയെ മുച്ചൂടും മുടിച്ചു കൊണ്ടുതന്നെ വേണോ ഇതൊക്കെയെന്ന ചോദ്യത്തിനു മറുപടിയില്ലതാനും. ആഗോള സാമ്പത്തിക പ്രതിസന്ധി താമസംവിനാ വീണ്ടും രൂക്ഷമാകുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയിലെയും പാശ്ചാത്യ രാജ്യങ്ങളിലെയും സ്വകാര്യ കമ്പനികൾ അതിൽപ്പെട്ട് നിലംപരിശാകാതെ രക്ഷിക്കുകയെന്ന അമേരിക്കൻ ഭരണകൂടത്തിന്റെ തീരുമാനം ഇന്ത്യയിലും നടപ്പിലാക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കം രാജ്യദ്രോഹനടപടിയായിട്ടാണ് ജനങ്ങൾ കാണുക.
ചെറിയ മൂലധനം കൊണ്ട് സ്വന്തമായൊരു തൊഴിൽ ചെയ്ത് ഉപജീവനം നടത്താൻ കഴിയുന്ന ഒരേയൊരു തൊഴിൽ മേഖലയേയുള്ളു, ചില്ലറക്കച്ചവടം. ദാരിദ്യ്രം മൂലം കാര്യമായ വിദ്യാഭ്യാസം ചെയ്യാൻ കഴിയാത്തവരുടെയും ഉന്നതവിദ്യാഭ്യാസം നേടിയിട്ടും തൊഴിൽ കിട്ടാത്തവരുടെയും അത്താണിയാണ്. കായികമായി അധ്വാനിക്കാൻ ശേഷിയില്ലാത്തവരുടെ തൊഴിലും ഇതുതന്നെ. അംഗവൈകല്യം ബാധിച്ചവരുടെ ആശ്രയകേന്ദ്രവും മറ്റൊന്നല്ല. ചില്ലറ കച്ചവടക്കാരുടെ പെരുപ്പത്തിന്റെ കാര്യത്തിൽ മറ്റൊരു രാജ്യവും ഇന്ത്യയുടെ അടുത്തെങ്ങുമെത്തിയിട്ടില്ല. ജനസംഖ്യയിൽ ഇന്ത്യയെക്കാൾ ഏറെ മുന്നിലുള്ള ചൈനയിൽ പോലും 1.30 കോടി ചെറുകിട കച്ചവടക്കാരേയുള്ളു.
തട്ടുകടകളും പെട്ടിക്കടകളും കൊച്ചുപീടികകളും ചായക്കടകളും പച്ചക്കറി-മത്സ്യക്കടകളും തുണിക്കടകളുമൊക്കെയാണ് ഇന്ത്യൻ ഗ്രാമീണ സമ്പദ്ഘടനയെ ശക്തമാക്കുന്നത്. ലാഭേച്ഛയിൽ അധിഷ്ഠിതമാണെങ്കിൽ പോലും സാമൂഹിക സേവനത്തിന്റെ ഒരു വശം കൂടി ഇതിൽ അന്തർലീനമാണ്. വികസനവും ആധുനീകരണവുമൊക്കെയുണ്ടെങ്കിലും ചില്ലറ വ്യാപാരമേഖലയ്ക്ക് ഗ്രാമീണതയുടെ മുഖമുദ്രയാണുള്ളത്. നാട്ടിൻപുറങ്ങളിൽ നിന്ന് ഉപഭോഗ സാധനങ്ങൾ സമാഹരിച്ച് ഏറെയും അവിടെത്തന്നെ വിറ്റഴിക്കുന്നു. അവിടെ ആർത്തിയില്ല. അമിത ലാഭക്കൊതിയില്ല. നിത്യവൃത്തിക്ക് വകയുണ്ടാക്കണം, കുടുംബം പോറ്റണം, കുട്ടികളെ പഠിപ്പിക്കണം, ഒരു തുണ്ടു ഭൂമിയും ഒരു കൊച്ചു കൂരയുമുണ്ടാകണം ഇതിലൊതുങ്ങുന്നു ശരാശരി ചില്ലറ വ്യാപാരിയുടെ സ്വപ്നങ്ങൾ.
ചെറുകിടക്കാരും ഇടത്തരക്കാരും പലതട്ടുകളിലായുള്ള വൻകിടക്കാരും കണ്ണികളായുള്ള ഇന്ത്യയിലെ ചില്ലറ വ്യാപരമേഖല ലോകത്തിലെ ഏറ്റവും വിപുലമായ കമ്പോള ശൃംഖലയാണ്. പ്രതിവർഷം 26 ലക്ഷം കോടിരൂപയുടെ വില്പന നടക്കുന്നത് ഈ മേഖലയിൽ നിന്നാണ്. മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 40 ശതമാനം. ഇതിൽ കോർപറേറ്റുകളുടെ പങ്ക് അഞ്ച് ശതമാനം മാത്രം.രാജ്യത്ത് ആഞ്ഞടിച്ച പ്രക്ഷോഭ കൊടുങ്കാറ്റ് ചില്ലറ വ്യാപാരിയുടെ തൊഴിൽ സുരക്ഷിതത്വത്തിനും ജീവിത സുരക്ഷിതത്വത്തിനും വേണ്ടിയായിരുന്നു. അതിന്റെ ഭാഗമായി തെരുവു കച്ചവടക്കാർക്കായി കേന്ദ്ര സർക്കാർ ഒരു പ്രത്യേക പദ്ധതിക്ക് രൂപം നൽകാൻ നിർബന്ധിതമായി. സംസ്ഥാനങ്ങളിൽ നഗരസഭകളും കുടുംബശ്രീയുമാണ് ഇവയുടെ ചുമതല വഹിക്കുക. നഗരങ്ങളിലെ തെരുവു കച്ചവടക്കാർക്ക് ബാങ്ക് വായ്പ നല്‍കുന്ന പദ്ധതി കേരളം നടപ്പിലാക്കിയിരിക്കുകയാണ്. പരമാവധി 80,000 രൂപവരെയാണ് വായ്പ നല്‍കുക. കേരളത്തിൽ ഇതുവരെ അരലക്ഷത്തോളം പേർ വായ്പ നേടിയതായാണ് റിപ്പോർട്ട്.ഒരുകോടി ചില്ലറ വില്പന കടകളാണ് രാജ്യത്തുള്ളതെന്നും ഇത് നാല് കോടി ആളുകൾക്ക് ഉപജീവന മാർഗമാണെന്നുമാണ് വിദേശ നിക്ഷേപം സംബന്ധിച്ച പാർലമെന്ററി കമ്മിറ്റി റിപ്പോർട്ടിലുള്ളത്. ചെറുകിട കച്ചവടക്കാർ പ്രതിസന്ധിയിലാകുമ്പോൾ അത് കർഷകരെയും നേരിട്ടു ബാധിക്കും. ചില്ലറ വ്യാപാരത്തിന്റെ 63 ശതമാനവും ഭക്ഷ്യധാന്യങ്ങൾ പയർവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പഴവർഗങ്ങൾ തുടങ്ങിയവയാണ്. രാജ്യത്തുല്പാദിപ്പിക്കുന്ന ധാന്യത്തിന്റെ 40 ശതമാനം മാത്രമേ വിപണിയിലെത്തുന്നുള്ളു. ചെറുകിട കച്ചവടക്കാരും കർഷകരും എട്ട് കോടിയോളം വരും. ചെറുകിട മേഖല തകർന്നാൽ ഫലത്തിൽ ഈ എട്ട് കോടിക്കാണ് അതിന്റെ ആഘാതം ഏൽക്കേണ്ടിവരിക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.