2 May 2024, Thursday

മതരാഷ്ട്രവാദികള്‍ക്കെതിരെ ഇന്ത്യ സഖ്യത്തിന്റെ ജനാധിപത്യ യുദ്ധം

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2024 9:08 am

ഇന്ത്യയെ ഇന്ത്യയാക്കി നിര്‍ത്തിയ ഭരണഘടനയും ജനാധിപത്യവും ചോദ്യമുനയില്‍ നില്‍ക്കവെ നിര്‍ണായകമായ ലോ‌‌ക‌്സഭാ തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. രാജ്യം ഭരിക്കുന്ന സംഘ്പരിവാര്‍ മതരാഷ്ട്രവാദികളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള മതനിരപേക്ഷ പ്രതിപക്ഷത്തിന്റെ ജനാധിപത്യ യുദ്ധമാണ് ഇന്ന് ആരംഭിക്കുക. ജൂണ്‍ ഒന്നുവരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. 144 കോടി വരുന്ന ജനസംഖ്യയിലെ 96.8 കോടി പേര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്നാണിത്. 47.15 കോടി സ്ത്രീ വോട്ടര്‍മാരും 49.7 കോടി പുരുഷ വോട്ടര്‍മാരുമാണുള്ളത്. ഭിന്നലിംഗ വിഭാഗത്തില്‍ 48,044 വോട്ടര്‍മാരുമുണ്ട്. ബാക്കിയുള്ള 18.33 ലക്ഷം സര്‍വീസ് വോട്ടാണ്. 

വോട്ടര്‍മാരുടെ എണ്ണത്തില്‍ രാജ്യം സമ്പന്നമാണെങ്കിലും പോളിങ് ശതമാനത്തില്‍ പ്രകടമായ വ്യത്യാസങ്ങളാണ് കഴിഞ്ഞ 17 തവണ രേഖപ്പെടുത്തിയത്. 2019ല്‍ 67.44 ശതമാനമായിരുന്നു പോളിങ്. ഇത്തവണ പുതിയ റെക്കോഡ് സൃഷ്ടിച്ചേക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.
വര്‍ഗീയ വിഷയങ്ങളിലൂന്നിയ പ്രചാരണത്തിലൂടെ അധികാരം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം ഇലക്ടറല്‍ ബോണ്ട്, വിലക്കയറ്റം, തൊഴിലില്ലായ്മ, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തുടങ്ങിയ ജനദ്രോഹ നയങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ തുടരുകയാണ്. പ്രതിപക്ഷ പാര്‍ട്ടികളുടെ ഇന്ത്യ സഖ്യമുയര്‍ത്തുന്ന വെല്ലുവിളികളെയും വിമര്‍ശനങ്ങളെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് കേന്ദ്ര നീക്കം. പ്രാദേശിക ചെറുകക്ഷികളെ കൂട്ടുപിടിച്ച് വോട്ടുപിടിക്കാനുള്ള തന്ത്രവും ബിജെപി പയറ്റുന്നു.
പൗരത്വ ഭേദഗതി, എന്‍ആര്‍സി, ഏകീകൃത സിവില്‍ കോഡ് തുടങ്ങി വര്‍ഗീയ അജണ്ടകളുടെ തനിയാവര്‍ത്തനമാണ് ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക. രാമക്ഷേത്രവും യുസിസിയുമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യവിഷയങ്ങള്‍. അതേസമയം സിഎഎ, എന്‍ആര്‍സി, യുസിസി തുടങ്ങിയവ നടപ്പാക്കില്ലെന്ന് ഇന്ത്യ സഖ്യകക്ഷികള്‍ പ്രകടന പത്രികയിലൂടെ ഉറപ്പുനല്‍കുന്നു.

ആദ്യഘട്ടത്തില്‍ 102 മണ്ഡലങ്ങളാണ് വിധിയെഴുതുക. തമിഴ‌്നാട്(39), ഉത്തരാഖണ്ഡ് (അഞ്ച്), അരുണാചല്‍ പ്രദേശ് (രണ്ട്), മേഘാലയ (രണ്ട്), ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് (ഒന്ന്), മിസോറാം (ഒന്ന്), നാഗാലാന്‍ഡ് (ഒന്ന്), പുതുച്ചേരി (ഒന്ന്), സിക്കിം (ഒന്ന്), ലക്ഷദ്വീപ് (ഒന്ന്) സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലേക്കും ഇന്ന് തെരഞ്ഞെടുപ്പ് നടക്കും. രാജസ്ഥാന്‍ (12) ഉത്തര്‍പ്രദേശ് (ആറ്) മധ്യപ്രദേശ് (അഞ്ച്) അസം (ഒന്ന്) മഹാരാഷ്ട്ര (ഒന്ന്) ബിഹാര്‍ (നാല്) പശ്ചിമബംഗാള്‍ (മൂന്ന്) മണിപ്പൂര്‍(രണ്ട്) ത്രിപുര (ഒന്ന്) ജമ്മു കശ്മീര്‍ (ഒന്ന്), ഛത്തീസ്ഗഢ് (ഒന്ന്) സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.
കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 89 സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പ് 26ന് നടക്കും.

മതചിഹ്നമുപയോഗിച്ച് ബിജെപി പ്രചരണം ;പെരുമാറ്റച്ചട്ട ലംഘനം

ന്യൂഡല്‍ഹി: ആദ്യ പോളിങ് ദിനത്തിന് മുന്നോടിയായി മതചിഹ്നമുപയോഗിച്ചുള്ള പ്രചാരണം ശക്തമാക്കി ബിജെപി. രാമക്ഷേത്രം മുന്‍നിര്‍ത്തി ഒരു വോട്ട് എന്ന ടാഗ് ലൈനിലാണ് അയോധ്യയിലെ രാംലല്ലയുടെ ചിത്രം സഹിതം ബിജെപി വോട്ടഭ്യര്‍ത്ഥന നടത്തിയത്. നവമാധ്യമങ്ങളിലും എക്സിലും ബിജെപിയുടെ ഔദ്യോഗിക പേജുകളിലാണ് വ്യാപകമായ തോതില്‍ രാമനെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം പ്രത്യക്ഷപ്പെട്ടത്.
1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123 അനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ മതം-ജാതി എന്നിവയുടെ പേരില്‍ വോട്ടര്‍മാരെ സമീപിക്കാന്‍ പാടില്ല. ഇത് അവഗണിച്ചാണ് മോഡിയും പരിവാരവും രാമനുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാക്കള്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് കാട്ടി കര്‍ശന നടപടി സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മിഷനും വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെ വിഷയത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്.
തൃണമൂൽ രാജ്യസഭാ എംപി സാകേത് ഗോഖലെയാണ് പരാതി നല്‍കിയത്. മറ്റു പാർട്ടിക്കാരുടെ പോസ്റ്റുകൾ എക്സിൽനിന്ന് നീക്കം ചെയ്യുമ്പോൾ ബിജെപിക്കെതിരെ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപിയെ എന്തുകൊണ്ട് പെരുമാറ്റച്ചട്ടത്തിൽനിന്ന് ഒഴിവാക്കുന്നുവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയും കമ്മിഷൻ വക്താവിനെയും ടാഗ് ചെയ്ത് അദ്ദേഹം ചോദിച്ചു. സമാനമായ വിഷയങ്ങളില്‍ ബിജെപിക്കെതിരെ നല്‍കിയ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. 

Eng­lish Sum­ma­ry: Indi­a’s coali­tion’s demo­c­ra­t­ic war against reli­gious nationalists

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.