24 December 2024, Tuesday
KSFE Galaxy Chits Banner 2

തൊഴിലും തൊഴിലിടങ്ങളും നഷ്ടപ്പെടുന്ന ഇന്ത്യ

ഡോ. ഗ്യാന്‍ പഥക്
June 19, 2023 4:30 am

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കീഴിലുള്ള ഇന്ത്യയില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജോലികൾ അതിവേഗം ഇല്ലാതാകുന്നു. സുരക്ഷിത ജോലികൾ, സാമൂഹിക പരിരക്ഷയില്ലാത്ത അരക്ഷിത ജോലികളായി പരിവര്‍ത്തിപ്പിക്കപ്പെടുന്നുവെന്നതും ഇപ്പോൾ രഹസ്യമല്ല. ഇന്ത്യന്‍ പൊതുമേഖലാ വകുപ്പ് വർഷങ്ങളായി നടത്തിയ ‘സെന്‍ട്രൽ പബ്ലിക് എന്റർപ്രൈസസ് സർവേ’ ഈ വസ്തുതയുടെ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതിന് മറയിടാന്‍ പ്രധാനമന്ത്രിയുടെ പേരില്‍ തൊഴിൽമേളകൾ സംഘടിപ്പിക്കുകയാണ്. 10 മാസത്തിനുള്ളിൽ രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, തൊഴിൽരഹിതർക്ക് ജോലിക്കുള്ള ഉത്തരവ് പ്രധാനമന്ത്രി വിതരണം ചെയ്യുന്നതിലെ താല്പര്യം വ്യക്തമാണ്. തൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും ചൂഷണപരമായ വേതനവ്യവസ്ഥകള്‍, നിർബന്ധിത തൊഴിൽ തുടങ്ങിയ പ്രതിസന്ധികളും പരിഹരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവരുമ്പോഴാണിത്. ജൂൺ 16ന് ഇന്ത്യയിലെ ശരാശരി തൊഴിലില്ലായ്മാ നിരക്ക് 8.2 ശതമാനമാണെന്ന് സിഎംഐഇയുടെ കണക്കുകൾ പറയുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ തൊഴിൽ വിതരണം വെറും പ്രഹസനമാണ്. കഴിഞ്ഞ ഒരു ദശാബ്ദമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ (സിപിഎസ്ഇ) ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായി പൊതുസംരംഭങ്ങളുടെ സർവേകള്‍ വെളിപ്പെടുത്തുന്നു. 2013 മാർച്ച് 31ന് സിപിഎസ്ഇകളിൽ 17.3 ലക്ഷം ജീവനക്കാരുണ്ടായിരുന്നു. 2022 മാർച്ച് 31ലെ കണക്കില്‍ 14.6 ലക്ഷം ജീവനക്കാർ മാത്രമായി. 2.7 ലക്ഷം തൊഴിലവസരങ്ങൾ ഇല്ലാതായി. തൊഴിലിന്റെ ഗുണനിലവാരവും ഗണ്യമായി കുറഞ്ഞു.

താല്‍ക്കാലിക, കരാർത്തൊഴിലാളികളുടെ വിഹിതം 2013ലെ 19 ശതമാനത്തിൽ നിന്ന് 2022ൽ 42.5 ശതമാനമായി വർധിച്ചു. താല്‍ക്കാലികവും, ദിവസവേതനക്കാരുമായ തൊഴിലാളികളുടെ എണ്ണം 40,000ൽ നിന്ന് ഒരു ലക്ഷമായും കരാർത്തൊഴിലാളികളുടെ എണ്ണം 2.9 ലക്ഷത്തില്‍ നിന്ന് 5.2 ലക്ഷമായും ഉയര്‍ന്നു. തൊഴിലും പ്രതിഫലവും വെട്ടിക്കുറയ്ക്കുന്ന ഇരുതല മൂർച്ചയുള്ള വാളാണിത്. കുറഞ്ഞ വേതനമുള്ള ജോലികൾ സ്വീകരിക്കാൻ ആളുകളെ നിർബന്ധിതരാക്കുന്നതോടൊപ്പം സാമൂഹിക സുരക്ഷാ പദ്ധതിയുടെ വ്യാപ്തി കുറയ്ക്കുകയും നിയമപ്രകാരം തൊഴിൽ ചെയ്യുന്നവര്‍ക്ക് മാത്രം ലഭ്യമാക്കുകയും ചെയ്യുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ്, 2014 മാർച്ച് 31 വരെ രാജ്യത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ മൊത്തം താല്‍ക്കാലിക അല്ലെങ്കിൽ ദിവസവേതന തൊഴിലാളികളുടെ എണ്ണം ഏകദേശം 30,000 ആയിരുന്നു. കരാർത്തൊഴിലാളികളുടെ എണ്ണം 3.1 ലക്ഷവും. 2022 മാർച്ച് 31ഓടെ ഇത് യഥാക്രമം ഒരു ലക്ഷം, 5.2 ലക്ഷം എന്നിങ്ങനെ ഉയർന്നു. ഇത്തരക്കാരുടെ മൊത്തം വിഹിതം സി‌പി‌എസ്‌ഇകളിലെ ആകെ ജോലിക്കാരുടെ 42.5 ശതമാനമായി. സ്ഥിരമായ ജോലി 57.5 ശതമാനമായി കുറയുന്നത് സിപിഎസ്ഇകളിലെ തൊഴിലിന്റെ ഗുണനിലവാരവും മോശമാക്കുകയാണെന്ന് പറയാതെ വയ്യ. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണമോ ഓഹരി വിറ്റഴിക്കലോ ഉൾപ്പെടെയുള്ള മോഡിസർക്കാരിന്റെ നയങ്ങളാണ് വലിയ തോതിലുള്ള തൊഴിൽ നഷ്ടങ്ങൾക്ക് കാരണമായത്. എയർ ഇന്ത്യ ലിമിറ്റഡ് സ്വകാര്യവൽക്കരിക്കപ്പെട്ടപ്പാേള്‍ പൊതുമേഖലയിലെ 27,985 തൊഴിലവസരം ഇല്ലാതായി. കേന്ദ്രനയമനുസരിച്ച് മറ്റ് നിരവധി പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുകയോ ഓഹരി വിറ്റഴിക്കലിന് വിധേയമാവുകയോ ചെയ്തിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: തൊഴിൽസേനയെ സംരക്ഷിക്കാൻ വേണ്ടത് സാമൂഹ്യ നീതി


അവഗണനയും അലംഭാവവും സിപിഎസ്ഇകളുടെ തകർച്ചയുടെ മറ്റൊരു കാരണമാണ്. വൻകിട കോർപറേറ്റ് സുഹൃത്തുക്കൾക്കനുകൂലമായി ഓഹരി വിറ്റഴിക്കാനോ സ്വകാര്യവൽക്കരിക്കാനോ കഴിയുന്ന തരത്തിൽ മോശം പ്രകടനം നടത്തുന്ന സംരംഭങ്ങളായി മാറാൻ കേന്ദ്രം അവയെ മനഃപൂര്‍വം അനുവദിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ ആസൂത്രിതമായി അട്ടിമറിക്കുകയും ദുര്‍ബലമാക്കുകയും ചെയ്യുന്നതിന് തല്പരകക്ഷികളും സിപിഎസ്ഇകളിൽ നിന്നും സർക്കാരിൽ നിന്നുമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥരും ചേര്‍ന്ന ലോബികള്‍ പ്രവര്‍ത്തിച്ചു. സർക്കാരിന്റെ അവഗണനയും അനാസ്ഥയും കാരണം തൊഴിൽ നഷ്ടത്തിന്റെ ഏറ്റവും മോശം അവസ്ഥയുടെ ഉദാഹരണങ്ങള്‍ ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവയാണ്. വ്യക്തമായലക്ഷ്യത്തോടെ ഇരു കമ്പനികളെയും നശിക്കാൻ അനുവദിക്കുകയും മോശം അവസ്ഥയിലെത്തുകയും ചെയ്തപ്പോൾ, പ്രധാനമന്ത്രി 2015ൽ ഡിജിറ്റൽ ഇന്ത്യ ആരംഭിച്ചു. സ്വകാര്യമേഖലാ കമ്പനിയായ മുകേഷ് അംബാനിയുടെ ജിയോയെ പ്രോത്സാഹിപ്പിക്കുകയാണ് ഡിജിറ്റല്‍ ഇന്ത്യ ചെയ്തത്. ബിഎസ്എൻഎൽ, എംടിഎൻഎൽ എന്നിവ നിലനില്പിനായി പാെരുതുമ്പോൾ ജിയോ രാജ്യത്തെ ഏറ്റവും മികച്ച സ്വകാര്യ ടെലികോം ഓപ്പറേറ്ററായി വളർന്നു. എംടിഎൻഎല്ലിൽ, 2013 മാർച്ചിൽ 39,283 ജീവനക്കാരുണ്ടായിരുന്നു. അതിൽ 34,997 പേർക്ക് 2022 മാർച്ചോടെ ജോലി നഷ്ടപ്പെട്ടു. സിപിഎസ്‌ഇയിൽ ഇന്ത്യയിലെ മൂന്നാമത്തെ വലിയ തൊഴിൽ നഷ്ടമാണിത്. 1,81,127 പേർക്കാണ് ബിഎസ്എൻഎല്ലില്‍ തൊഴിൽ നഷ്ടം സംഭവിച്ചത്.  2013ൽ 2,55,840 ജീവനക്കാരാണ് ഉണ്ടായിരുന്നതെങ്കിൽ 2022 മാർച്ചിൽ കേവലം 74,713 പേർ മാത്രമായി.  തൊഴിൽനഷ്ടത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം സെയിലി(സ്റ്റീല്‍ അതോറിട്ടി ഓഫ് ഇന്ത്യ)നാണ്.

2013നും 2022നും ഇടയിൽ 61,928 തൊഴിലവസരങ്ങളാണ് നഷ്ടപ്പെട്ടത്. ഈ കാലയളവിൽ ജീവനക്കാരുടെ എണ്ണം 1,86,207 ൽ നിന്ന് 1,24,279 ആയി കുറഞ്ഞു. 20,000ത്തിലധികം തൊഴിലവസരങ്ങളിൽ ഇടിവ് നേരിട്ട സിപിഎസ്ഇകളിൽ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്-29,140, എഫ്‌സിഐ‑28,063, ഒഎൻജിസി-21,120 എന്നിവ ഉൾപ്പെടുന്നു. നഷ്ടത്തിലായ സിപിഎസ്ഇകള്‍ക്ക് ഇത്രയും വലിയ ബാധ്യത താങ്ങാൻ കഴിയാത്തതിനാലാണ് തസ്തികകള്‍ വെട്ടിക്കുറച്ചതെന്നാണ് ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും പറയുന്നത്. തൊഴിലാളികളെ ആസൂത്രണത്തിന്റെയും വികസനത്തിന്റെയും ഭാഗമാക്കാനും തൊഴിൽവിപണി വീണ്ടെടുക്കലിനും ലോകമെമ്പാടുമുള്ള സർക്കാരുകളോട് ഐക്യരാഷ്ട്രസഭയും ഐഎൽഒയും ആവശ്യപ്പെടുമ്പോഴും യാഥാര്‍ത്ഥ്യം മറയ്ക്കാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. തൊഴിലെടുക്കുന്ന ജനങ്ങൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നൽകുന്നത് പരിഗണിക്കുന്നേയില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുന്ന പിഎസ്ഇകളായ സെയിലും ഒഎൻജിസിയും ഈ വസ്തുത തെളിയിക്കുന്നു. കേന്ദ്ര നയങ്ങൾ തൊഴിലാളികളുടെ ക്ഷേമത്തിൽ നിന്നകന്ന് ലാഭം കൊയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2021–22ലെ ഏറ്റവും പുതിയ പബ്ലിക് എന്റർപ്രൈസസ് സർവേ പ്രകാരം പിഎസ്ഇകൾ 2.6 ലക്ഷം കോടി രൂപയാണ് ലാഭമുണ്ടാക്കിയത്. അതേസമയം ചില കമ്പനികളിലൂടെ 0.15 ലക്ഷം കോടി നഷ്ടവും ഉണ്ടാകുന്നു. രാജ്യത്തെ 305 പിഎസ്ഇകളുടെ അറ്റാദായം 2019–20ലെ 93,51,610 ലക്ഷത്തിൽ നിന്ന് 2020–21ൽ 1,57,57,559 ലക്ഷവും 2021–22ൽ 2,48,78,154 ലക്ഷവുമായി ഉയർന്നതായി സർവേ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ സംരംഭങ്ങള്‍ മെച്ചപ്പെടുത്താൻ മോഡി സർക്കാർ ആഗ്രഹിച്ചിരുന്നെങ്കിൽ മേഖലയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമായിരുന്നില്ല. പക്ഷേ, സ്വകാര്യവൽക്കരണത്തിനും ഓഹരി വിറ്റഴിക്കലിനുമാണ് സർക്കാരിന് കൂടുതൽ താല്പര്യം. 20,000ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന 13 സിപിഎസ്ഇകളാണുള്ളത്. 10,000ത്തിന് മുകളിൽ തൊഴിലാളികളുള്ള 22, 5000ത്തിന് മുകളിൽ 34, 1000ത്തിന് മുകളിൽ 71, 100ന് മുകളിൽ 148, 100ൽ താഴെ തൊഴിലാളികളുള്ളത് 147 എന്നിങ്ങനെയാണ് 2022 മാർച്ച് 31 വരെയുള്ള പൊതുമേഖലാ സംരംഭങ്ങളുടെ കണക്ക്.
(അവലംബം: ഐപിഎ)


ഇതുകൂടി വായിക്കൂ: ഇന്ത്യ ഭയത്തിന്റെയും നാണക്കേടിന്റെയും രാജ്യം


അവസ്ഥ രൂക്ഷമെന്ന് ഐഎൽഒ

ആഗോള തൊഴിലില്ലായ്മ കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ പറയുന്നു. 2023ൽ ആഗോള തൊഴിലില്ലായ്മ 5.3 ശതമാനമായി കുറഞ്ഞതാണ് ഐഎൽഒയുടെ പ്രതീക്ഷയ്ക്ക് കാരണം. ലോകത്ത് തൊഴിലില്ലായ്മ കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയിൽ അവസ്ഥ പ്രതിദിനം രൂക്ഷമാകുകയാണെന്നും ഈ മാസമാദ്യം പുറത്തുവിട്ട കണക്കുകളില്‍ ഐഎല്‍ഒ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 157 രാജ്യങ്ങളിലെ സാമ്പത്തിക സാഹചര്യങ്ങൾ അടിസ്ഥാനമാക്കി സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേ നടത്തിയ പഠനത്തിൽ 103-ാം സ്ഥാനമാണ് ഇന്ത്യക്ക് നൽകിയിരിക്കുന്നത്. 2022 ഡിസംബറിൽ 8.30 ശതമാനമായിരുന്ന തൊഴിലില്ലായ്മാ നിരക്ക് 2023 ജനുവരിയിൽ 7.14 ആയി കുറഞ്ഞെങ്കിലും ഫെബ്രുവരിയിൽ 7.45 ശതമാനവും മാർച്ചിൽ 7.8 ശതമാനവും ഏപ്രിലിൽ 8.11 ശതമാനവുമായി വർധിച്ചു. ഇന്ത്യയിൽ തൊഴിലില്ലായ്മ പ്രതിദിനം വർധിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. ആഫ്രിക്കയിലെയും അറബ് മേഖലയിലെയും കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ തൊഴിലില്ലായ്മാ നിരക്ക് കോവിഡിന് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്താൻ ഈ വർഷം സാധ്യതയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഉത്തരാഫ്രിക്കയിൽ 2019ൽ 10.9 ശതമാനമായിരുന്ന തൊഴിലില്ലായ്മ 2023ൽ 11.2 ശതമാനമായി വർധിച്ചു. സബ് സഹാറൻ ആഫ്രിക്കയിൽ 2019ലെ 5.7 ശതമാനത്തിൽ നിന്ന് 2023ൽ 6.3 ശതമാനമായാണ് ഉയർന്നത്. അറബ് രാജ്യങ്ങളിൽ 2019ൽ 8.7 ശതമാനമുണ്ടായിരുന്നത് 2023ൽ 9.3 ശതമാനമായി വർധിച്ചു. കോവിഡ് പ്രതിസന്ധിക്ക് മുമ്പുള്ളതിനെക്കാൾ ഗണ്യമായി നിരക്ക് കുറയ്ക്കാൻ ലാറ്റിനമേരിക്കൻ, കരീബിയൻ രാഷ്ട്രങ്ങൾക്ക് സാധിച്ചു. 2019ലെ എട്ട് ശതമാനത്തിൽ നിന്ന് 6.7 ശതമാനമായാണ് കുറഞ്ഞത്. വിവിധ യൂറോപ്യൻ രാജ്യങ്ങളിലും തൊഴിലില്ലായ്മാ നിരക്ക് 2019ലെ ഏഴില്‍ നിന്ന് 6.3 ശതമാനമായി കുറഞ്ഞു. മധ്യ‑പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളിലും തൊഴിലില്ലായ്മ 2019ലെ 9.2 ശതമാനത്തിൽനിന്ന് 7.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വികസിത‑വികസ്വര രാജ്യങ്ങൾ തമ്മിൽ ആഗോള തൊഴിൽ അന്തരം വർധിക്കുന്നതായും കോവിഡ് വ്യാപനത്തിന് ശേഷം ഇത് വർധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.