19 May 2024, Sunday

ഇന്ത്യ ഭയത്തിന്റെയും നാണക്കേടിന്റെയും രാജ്യം

പി. വസന്തം
May 8, 2023 4:30 am

ഇന്ത്യയെന്നത് സ്ത്രീകള്‍ക്ക് ഭയത്തിന്റെയും നാണക്കേടിന്റെയും രാജ്യമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനമായ വനിതാ ഗുസ്തിതാരങ്ങള്‍ റസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷനും ലോകസഭാംഗവുമായ ബ്രിജ് ഭൂഷണ്‍ ചരണ്‍ ശര്‍മ്മ ഉള്‍പ്പെടെയുള്ള പരിശീലകര്‍ക്കെതിരെ ലെെംഗിക അതിക്രമം ആരോപിച്ച് ഡല്‍ഹിയില്‍ രാപ്പകല്‍ സമരത്തിലാണ്. ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ മഹിളാ ഫെഡറേഷന്‍ ദേശവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നാരിശക്തിയെക്കുറിച്ച് രായ്ക്കുരാമാനം പ്രസംഗിക്കുന്ന പ്രധാനമന്ത്രിയും കായികമന്ത്രാലയവും ഡല്‍ഹി പൊലീസും സ്വീകരിക്കുന്ന നിലപാട് ഞെട്ടിക്കുന്നതാണ്. 2012 മുതല്‍ 2022 വരെ പലതവണ ബിജെപി എംപിയായ ബ്രിജ് ഭൂഷണ്‍ ലെെംഗിക പീഡനം നടത്തിയെന്ന് പരാതിക്കാര്‍ തുറന്നുപറയുന്നു. പരാതിക്കാരില്‍ 16 വയസുള്ള പെണ്‍കുട്ടിയും ഉണ്ടെന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. ആ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസുപോലും രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയ്യാറായിട്ടില്ല, മാത്രമല്ല എംപി കൂടിയായ പ്രതിയെ സഹായിക്കുവാന്‍ പരാതിക്കാരുടെ മുഴുവന്‍ പേരുവിവരങ്ങളും നല്കി, പരാതിയില്‍ നിന്ന് പിന്മാറാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കയാണ്, പ്രതികളെ അറസ്റ്റ് ചെയ്യാനും തയ്യാറായിട്ടില്ല.

 


ഇതുകൂടി വായിക്കു; തൊഴിലാളികളുടെ വേതനം കുറയുന്നതായി റിപ്പോർട്ട്; തൊഴിൽമേഖല ഗുരുതരമായ പ്രതിസന്ധിയിലേക്ക്


ഈ വര്‍ഷം ജനുവരി ആദ്യത്തില്‍ത്തന്നെ കായികതാരങ്ങള്‍ പ്രതിഷേധിച്ചിരുന്നു. സമരം നീണ്ടുപോവുമെന്ന് സര്‍ക്കാരിന് തോന്നിയതിന്റെ അടിസ്ഥാനത്തില്‍ കായികമന്ത്രാലയം തന്നെ ബോക്സിങ് താരവും എംപിയുമായ മേരി കോമിന്റെ നേതൃത്വത്തിലുള്ള മേല്‍നോട്ട സമിതിയെ അന്വേഷണത്തിന് നിയോഗിച്ചെങ്കിലും ആ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആ റിപ്പോര്‍ട്ട് വായിക്കാന്‍പോലും സമിതി അംഗങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല എന്ന് മുന്‍ ഗുസ്തിതാരം ബബിത ഫോഗട്ട് വെളിപ്പെടുത്തി. രാജ്യത്തിന്റെ അഭിമാനം ലോകത്തിന് മുമ്പില്‍ ഉയര്‍ത്തിയ കായിക താരങ്ങള്‍ക്കാണ് നീതിക്കുവേണ്ടി മാസങ്ങളോളം പോരാടേണ്ട സ്ഥിതി വന്നിട്ടുള്ളത്. സ്ത്രീകളെ അതിലേറെ വേദനിപ്പിച്ചത് പി ടി ഉഷയുടെ പ്രതികരണമാണ്. ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമാണവര്‍. നീതിക്കായി തെരുവിലിറങ്ങി സമരം ചെയ്യുന്നത് അച്ചടക്കലംഘനമാണെന്നും രാജ്യത്തിന് നാണക്കേടുണ്ടാക്കിയെന്നുമായിരുന്നു ഉഷയുടെ ഭാഷ്യം. ലെെംഗികമായ അവഹേളനങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരായ സംരക്ഷണം എന്ന അവകാശം ഭരണഘടന ഉറപ്പ് നല്കുന്നതും അത് ലിംഗപദവിയിലെ തുല്യത ഉറപ്പാക്കുന്ന തുണുകളിലൊന്നുമാണ്. ഇരകളെ കുറ്റപ്പെടുത്തുകയും ലിംഗപരമായ മുന്‍വിധി ഉറപ്പിക്കുന്ന തരത്തിലുള്ള ജല്പനങ്ങള്‍ നടത്തുകയും ചെയ്യുന്ന ബിജെപി നേതാവായി ആര്‍എസ്എസിന്റെ കുഴലൂത്തുകാരിയായി ഉഷ മാറിയിരിക്കുകയാണ്.

2012ല്‍ ഡല്‍ഹിയിലെ നിര്‍ഭയ കേസിന്റെ ഭാഗമായി പൊതുസമൂഹം സ്ത്രീസുരക്ഷയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായി ജസ്റ്റിസ് വര്‍മ്മ കമ്മിറ്റിയുടെ ശുപാര്‍ശകളും 2012ലെ ക്രീമിനല്‍ നിയമം (ഭേദഗതി) സംയുക്തമായി പരിഗണിച്ചാണ് ക്രിമിനല്‍ നിയമം (ഭേദഗതി) 2013 നിലവില്‍ വന്നത്. ഈ നിയമപ്രകാരം ലെെംഗിക കുറ്റകൃത്യങ്ങളില്‍ എഫ്ഐആര്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെ ശിക്ഷിക്കാന്‍ കഴിയും. ഈ ഭേദഗതി പ്രകാരം സ്ത്രീസുരക്ഷയുടെ ഭാഗമായി സ്ത്രീകളുടെ മാന്യതയ്ക്ക് നേരെയുള്ള ബലപ്രയോഗത്തെ (354 ഐപിസി) നിലനിര്‍ത്തി ലെെംഗികപീഡനം എന്ന പരിധിയിലേക്ക് ചില കുറ്റകൃത്യങ്ങളും കൂടി ഉള്‍പ്പെടുത്തി ശിക്ഷയും വര്‍ധിപ്പിച്ചു. അത്തരത്തില്‍ നിയമപരമായി സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്ന ശക്തമായ വകുപ്പുകള്‍ നിലവില്‍ വന്നു. മാത്രമല്ല, ഈ റിപ്പോര്‍ട്ടില്‍ ജസ്റ്റിസ് വര്‍മ്മ, ജസ്റ്റിസ് ലീല സേത്ത്, ജസ്റ്റിസ് സുബ്രഹ്മണ്യം എന്നിവര്‍ രേഖപ്പെടുത്തിയത് ‘രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരായിരിക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാരില്‍ നിക്ഷിപ്തമായിരിക്കുന്നു. നിശ്ചയദാര്‍ഢ്യത്തോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സ്ത്രീകള്‍ക്കെതിരായ ചരിത്രപരമായ അസന്തുലിതാവസ്ഥ തിരുത്തുവാന്‍ കഴിയുകയുള്ളു എന്നാണ്.’ ഇപ്പോള്‍ ഏറ്റവും പ്രസക്തമായ റിപ്പോര്‍ട്ടിലെ ഭാഗം ‘സ്ത്രീവിരുദ്ധ നിലപാടെടുക്കുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കുന്നതിന് സമയമായി എന്ന് വളരെ ഗൗരവമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍ ഇന്ത്യയില്‍ ബിജെപിയുടെ എത്ര ജനപ്രതിനിധികള്‍ ബാക്കിയാവും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്നു. രാജ്യം ഭരിക്കുന്ന ബിജെപി ഭരണാധികാരികളുടെ സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രം ഇത്തരം കേസുകളോടുള്ള സര്‍ക്കാരിന്റെ സമീപനങ്ങളില്‍ നിന്ന് വ്യക്തമാവുന്നു.


ഇതുകൂടി വായിക്കു; വായ മൂടിക്കെട്ടിയ ഇന്ത്യ | JANAYUGOM EDITORIAL


ഉന്നാവോ, ഹത്രാസ്, കഠ്‌വ, ബില്‍ക്ക സിബാനു കേസുകളില്‍ ബിജെപിയുടെ രാഷ്ട്രീയം പ്രകടമായിരുന്നു. വര്‍ഗീയ കലാപങ്ങള്‍ക്കിടയിലും ക്രൂരമായി അരങ്ങേറുന്ന ഒന്നാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍. പ്രതികള്‍ തങ്ങളുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നു എന്ന കാരണത്താല്‍ എഫ്ഐആര്‍ തയ്യാറാക്കല്‍ മുതല്‍ വിചാരണ വരെയുള്ള ഘട്ടങ്ങളില്‍ തികഞ്ഞ സ്ത്രീവിരുദ്ധതയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. തോംസണ്‍ റോയിട്ടേഴ്സ് ഫൗണ്ടേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തില്‍ സ്ത്രീ സുരക്ഷയില്ലാത്ത ഒന്നാമത്തെ രാജ്യം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനും സിറിയയും രണ്ടും മൂന്നും സ്ഥാനം പങ്കിട്ടു. വീടിനകത്ത് വച്ചും പുറത്തുവച്ചും സ്ത്രീകള്‍ പീഡനത്തിന് വിധേയരാവുന്നു. നാഷണല്‍ ക്രെെം ബ്യൂറോ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നത് ഓരോ ഏഴ് മിനിറ്റിലും സ്ത്രീ ബലാത്സംഗത്തിന് ഇരയാവുന്നു എന്നാണ്. ഓരോ മൂന്നു മിനിറ്റിലും ലെെംഗിക പീഡനത്തിന് വിധേയരാവുന്നു. സെെബര്‍ കുറ്റകൃത്യങ്ങള്‍ ഒരു ദിവസം 136 എന്ന രീതിയിലായിരിക്കുകയാണ്. 2022 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ രേഖപ്പെടുത്തുന്നത് 2021ല്‍ 56.5 ശതമാനം കേസുകളില്‍ നിന്ന് 64.5 ശതമാനമായി വര്‍ധിച്ചു എന്നതാണ്. ഇത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ മാത്രം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വലിയൊരു വിഭാഗം സ്ത്രീകള്‍ ഇപ്പോഴും കണക്കുകള്‍ക്ക് പുറത്താണ്.
ഫാസിസ്റ്റ് ഭരണാധികാരികള്‍ നിയോ ലിബറല്‍ മൂലധന ശക്തികള്‍ക്ക് ഒപ്പം നിന്നുകൊണ്ട് സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചും ശാക്തീകരണത്തെക്കുറിച്ചും പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ട് തന്നെയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ചൂഷണവും അതിക്രമങ്ങളും സ്ത്രീകള്‍ക്ക് നേരെ തുടരുന്നത്.

പുരുഷ മേധാവിത്തം നിലനില്ക്കുന്ന ഏത് വ്യവസ്ഥയ്ക്ക് കീഴിലും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും വ്യവസ്ഥാപിത അധികാരത്തെ കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാക്കുന്ന ആധുനിക മുതലാളിത്തം സ്ത്രീവിരുദ്ധ സംസ്കാരത്തെ ശക്തിപ്പെടുത്തുന്നു എന്നത് വസ്തുതയാണ്. ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും സ്ത്രീവിരുദ്ധമാണ്. ആ രാഷ്ട്രീയ പാര്‍ട്ടി തന്നെയാണ് സ്ത്രീകളുടെ രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും പെണ്‍കുട്ടികളെ പഠിപ്പിക്കാനും ഉയരങ്ങളിലെത്തിക്കാനും ശ്രമിക്കുമെന്നും സ്ത്രീകളോട് വാചകമടി നടത്തുന്നത്. എന്തിനും ഏതിനും വാ തുറക്കുന്ന പ്രധാനമന്ത്രി സ്ത്രീ സുരക്ഷാ പ്രശ്നങ്ങളോട് പ്രതികരിക്കാറില്ല. കായികതാരങ്ങളുടെ വിഷയത്തിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല എന്ന് മാത്രമല്ല ബ്രിജ് ഭൂഷണ്‍ ചരണിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. ബ്രിജ് ഭൂഷണ്‍ ചില്ലറക്കാരനല്ലാത്തതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങളെ തല്ലിച്ചതയ്ക്കാന്‍ പൊലീസ് സമര കേന്ദ്രത്തില്‍ എത്തിയത്. ഈ സമരം പൊതുസമൂഹം ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തില്‍ കേരള മഹിളാസംഘവും ഐക്യദാര്‍ഢ്യ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയിരിക്കുകയാണ്. ബ്രിജ് ഭൂഷണ്‍ എം പി സ്ഥാനം രാജിവയ്ക്കണമെന്നും തങ്ങള്‍ക്ക് കേസില്‍ നീതി ലഭ്യമാവണമെന്നും ആവശ്യം ഉന്നയിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരം, വിജയിക്കുക തന്നെ ചെയ്യും. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെയും രാഷ്ട്രീയ പ്രശ്നമായി കണക്കാക്കണം. സാമൂഹ്യമാറ്റവുമായി ബന്ധപ്പെടുത്തി ഇതിനെ പരിശോധിക്കണം. സങ്കീര്‍ണമായ നിരവധി ഘടകങ്ങളുടെ ഉല്പന്നമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ലെെംഗികാതിക്രമങ്ങള്‍. ഇതെല്ലാം രാഷ്ട്രീയ ബാഹ്യമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.