5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

April 11, 2024
April 19, 2023
March 8, 2023
January 11, 2023
September 1, 2022
August 10, 2022
July 27, 2022
July 20, 2022
July 19, 2022
April 20, 2022

വിലക്കയറ്റവും സ്ഥിതിവിവര കണക്കുകളുടെ കമ്മിയും

പ്രൊഫ. കെ അരവിന്ദാക്ഷൻ
March 8, 2023 4:45 am

ണപ്പെരുപ്പം എന്ന വിപത്തിനെ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചിരുന്നത് മുതലയെപ്പോലുള്ള ഒരു ആക്രമണകാരി, ആയുധധാരിയായൊരു കൊള്ളക്കാരന്‍, ക്രൂരനായൊരു വാടകക്കൊലയാളി എന്നൊക്കെയായിരുന്നു. പുരോഗമന ചിന്താഗതിക്കാരായ ധനശാസ്ത്രജ്ഞന്മാര്‍, ബൂര്‍ഷ്വാ ധനതത്വശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ്, പണപ്പെരുപ്പത്തെ നിരീക്ഷിക്കുന്നത് ഭൂരിഭാഗം ജനങ്ങളെയു ദരിദ്രരാക്കുകയും ഒരു ന്യൂനപക്ഷത്തെ സമ്പന്നരാക്കുകയും തോന്നുംപോലെ സമ്പത്തിന്റെ പുനര്‍വിതരണം നടത്തുകയും ചെയ്യുന്ന ഒരു പ്രതിഭാസം എന്ന നിലയിലുമായിരുന്നു. സിദ്ധാന്തങ്ങളും അവയുടെ പ്രായോഗികതയും തമ്മില്‍ പണപ്പെരുപ്പമെന്ന പ്രതിഭാസത്തെ കെെകാര്യം ചെയ്യാന്‍ പോന്നവിധത്തില്‍‍ ഒരുതരത്തിലും പൊരുത്തപ്പെടുത്തിക്കൊണ്ട് പോകാനാവില്ലെന്നാണ് നാം കരുതാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്.
2023 ഫെബ്രുവരി എട്ടിന്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ഗവര്‍ണര്‍ ശക്തികാന്ത്ദാസ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചത്, ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയൊരു ആശ്വാസം ദൃശ്യമാണെന്നും അതിനാല്‍ പണപ്പെരുപ്പം സംബന്ധിച്ചുള്ള പ്രവചനത്തിലും സമാനമായൊരു മാറ്റം വരുത്താവുന്നതാണെന്നുമായിരുന്നു. എന്നാല്‍, ഈ ശുഭാപ്തി വിശ്വാസം താല്ക്കാലികം മാത്രമായിരുന്നു. ഫെബ്രുവരി 14ന് നാഷണല്‍ സാമ്പിള്‍ സര്‍വെ ഓഫീസ് അഭിപ്രായപ്പെട്ടത് കണ്‍സ്യൂമര്‍പണപ്പെരുപ്പ സൂചിക (സിപിഐ) 5.7ല്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ന്നു എന്നാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥയിലാകെ തന്നെ ചില്ലറവിലകള്‍ കുതിച്ചുയരുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: വിദ്യാഭ്യാസത്തിനും വിലക്കയറ്റം


വിപണികളിലും വീടുകളിലും സമീപകാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയവും നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം തന്നെ. പാലിന്റെ വിലവര്‍ധന 15 ശതമാനം. ആറ് മാസക്കാലത്തിനിടയിലെ അനുഭവമാണിത്. കോഴിമുട്ട വിലവര്‍ധനവാണെങ്കില്‍ 20 ശതമാനം വരെയും വിവിധ ഇനം മാംസ ഉല്പന്നങ്ങളുടേത് 25 ശതമാനം വരെയും മത്സ്യങ്ങളുടെ വിലവര്‍ധന 20–25 ശതമാനം വരെയുമാണ്. ഉപഭോഗ ഡിമാന്‍ഡ് ഉയര്‍ന്നുനില്ക്കുന്ന വിവിധയിനം പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വിലനിലവാരം പ്രാദേശികവും കാലാവസ്ഥാപരവുമായ മാറ്റങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പോലും ഒട്ടും കുറവാണെന്ന് കരുതുക സാധ്യമല്ല. ഇപ്പോളിതാ കൂനിന്മല്‍ കുരു എന്ന് പറയുന്നതുപോലെ ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വില 50 രൂപ കൂടി ഉയര്‍ത്തിയതോടെ, ഈ അധികഭാരം 10 മാസങ്ങള്‍ക്കിടെ 150 രൂപയിലെത്തിയിരിക്കുകയാണ്. മൊത്തം ഒരു സിലിണ്ടറിന്റെ വില 1,110 രൂപ. വാണിജ്യ സിലിണ്ടര്‍ വില 350 രൂപ ഉയര്‍ത്തിയതോടെ മൊത്തം വില 2720 രൂപയുമായിരിക്കുന്നു. ഇതിന് പുറമെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇത്തരമൊരു പശ്ചാത്തലത്തില്‍, ആഗോള പ്രതിസന്ധികളുടെ ആഘാതം കൂടി സഹിക്കേണ്ടിവന്നിരിക്കുന്നതെന്നോര്‍ക്കുക. ഇതിനെല്ലാം ഉപരിയായി ഇന്ത്യന്‍ ഭരണാധികാരികളെ അലട്ടുന്നൊരു പ്രശ്നമാണ് വിവിധ മേഖലകളുടെ നിജസ്ഥിതി സംബന്ധമായ വിശ്വസനീയമായ സ്ഥിതിവിവര കണക്കുകള്‍ ലഭ്യമല്ലാത്തൊരു സങ്കീര്‍ണാവസ്ഥയും. കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോടൊപ്പം കേന്ദ്ര ധനമന്ത്രാലയവും വിവിധ ആവശ്യങ്ങള്‍ക്കായി ലഭ്യമായ നികുതിവരുമാനം വീതംവയ്ക്കുന്നതിന് ഏതെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിക്കേണ്ടതെന്നറിയാന്‍ കഴിയാതെ തന്മൂലം കുഴയുകയാണ്. സംസ്ഥാന സര്‍ക്കാരുകളാണെങ്കില്‍ ജിഎസ്‌ടി വ്യവസ്ഥ തുടരാനിടയില്ലെന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ജിഎസ്‌ടി കൗണ്‍സില്‍ യോഗത്തിന് ശേഷം വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ നിലകൊള്ളുകയാണ്.


ഇതുകൂടി വായിക്കൂ: പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതെങ്ങനെ?


അതേ അവസരത്തില്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ തയാറെടുപ്പുകള്‍ക്കും അവശ്യം വേണ്ടത്, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ പ്രവര്‍ത്തനം സംബന്ധമായി കൃത്യമായ സ്തിതിവിവര കണക്കുകള്‍ ശേഖരിക്കുക എന്നതാണ്. ഉല്പാദനം, ഉപഭോഗം, നിക്ഷേപം, ജിഡിപി വളര്‍ച്ചാ പ്രവചനം, സമ്പാദ്യ നിരക്ക് തുടങ്ങിയ നിരവധി മേഖലകള്‍ സംബന്ധമായ വിവരങ്ങള്‍, കണക്കുകള്‍ അടക്കം ലഭ്യമായിരിക്കണം. കാരണമെന്തെന്നാല്‍, പണപ്പെരുപ്പം എന്ന പ്രതിഭാസം ഏതെങ്കിലും ഒരു മേഖലയുമായി മാത്രം ബന്ധപ്പെട്ടു കിടക്കുന്നൊരു പ്രതിഭാസമല്ല എന്നതുതന്നെ. ഒറ്റപ്പെട്ട നിലയില്‍ കെെകാര്യം ചെയ്യാനും പറ്റുന്നൊരു വിഷയമല്ല ഇതെന്നതും ശ്രദ്ധേയമാണ്.
സ്വാഭാവികമായും ഇത്തരമൊരു സ്ഥിതിവിശേഷത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ സംബന്ധിച്ചിടത്തോളം ഒഴിവാക്കാന്‍ കഴിയാത്ത പൊതു ചെലവുകള്‍ നിര്‍വഹിക്കുന്നതിന് വിപണി വായ്പകളെ ആശ്രയിക്കുക എന്നത് മാത്രമായിരിക്കും രക്ഷാമാര്‍ഗം. ഇതില്‍, കേന്ദ്ര സര്‍ക്കാരിനായിരിക്കും വിപണിവായ്പാ സമാഹരണത്തിലൂടെ അധികം പണം സ്വരുക്കൂട്ടാന്‍ കഴിയുക. സംസ്ഥാനങ്ങളുടെ വായ്പകള്‍ക്കുമേല്‍ കേന്ദ്ര ഭരണകൂടത്തിന്റെ നിയന്ത്രണവും മോണിറ്ററിങ്ങും ഓഡിറ്റിങ്ങും ഉണ്ടായിരിക്കുകയും ചെയ്യും. ഒരു ഫെഡറല്‍ ജനാധിപത്യ ചട്ടക്കൂടിനുള്ളിലാണ് നമ്മുടെ ഭരണവ്യവസ്ഥ നിലനില്ക്കുന്നതെങ്കിലും ‘സഹകരണ ഫെഡറലിസം’ എന്ന മുദ്രാവാക്യമാണ് മോഡി സര്‍ക്കാര്‍ ഇടയ്ക്കിടെ ഉരുവിട്ട് വരുന്നതെങ്കിലും ഫലത്തില്‍ അനുഭവം തീര്‍ത്തും വ്യത്യസ്തമാണ്. ഏതായാലും ഇന്നത്തെ നിലയില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം വിപണിവായ്പ 23.5 ലക്ഷം കോടി രൂപയോളമാണ്. അതായത്, പ്രതിദിനം 6,400 കോടി രൂപ. വായ്പാ ചെലവ് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കാനാണ് സാധ്യത തെളിയുന്നത്. കാരണം, പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിന് ആര്‍ബിഐ പലിശനിരക്ക് ഉയര്‍ത്തല്‍ പ്രക്രിയ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കേന്ദ്ര ബാങ്കിനാണെങ്കില്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ താളത്തിനൊത്ത് തുള്ളാനല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും ഇല്ല. ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കെ, സര്‍ക്കാരുകള്‍ക്ക് കടം വാങ്ങാനുള്ള കഴിവും അതിലേക്കായി അവര്‍ വഹിക്കേണ്ടിവരുന്ന ചെലവും നിര്‍ണായക ഘടകങ്ങള്‍ തന്നെയായിരിക്കുകയും ചെയ്യും.
മൂലധനത്തിന്റെ ചെലവ് നിക്ഷേപസാധ്യതകളെ സ്വാധീനിക്കുക സ്വാഭാവികമാണ്. ഈ സ്വാധീനത്തിന്റെ അളവ് നിര്‍ണയിക്കപ്പെടുക ആഭ്യന്തര സാഹചര്യങ്ങളുടെ മാത്രമല്ല, ആഗോള സാഹചര്യങ്ങളുടെയും സ്വാധീനത്തെ തുടര്‍ന്നായിരിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ ഡോളറിന്റെ മൂല്യത്തകര്‍ച്ച രൂപയുടെ വിദേശവിനിമയ മൂല്യശോഷണത്തിലേക്കും നയിക്കുമല്ലോ. ഇന്ത്യയുടെ ഡോളര്‍ ശേഖരം വിപണിയിലിറക്കി ഒരു പരിധിവരെയെങ്കിലും രൂപയുടെ മൂല്യംസംരക്ഷിക്കാന്‍ ആര്‍ബിഐക്ക് കഴിഞ്ഞേക്കാം. അതിനപ്പുറം, ആഗോള സാഹചര്യങ്ങളിലെ മാറ്റങ്ങളെത്തന്നെ ആശ്രയിക്കാതെ സാധ്യമാവില്ല.


ഇതുകൂടി വായിക്കൂ: ജി-20 പ്രസക്തിയും ബാലി സമ്മേളനവും


പലിശനിരക്ക് വര്‍ധന അറ്റകെെ പ്രയോഗത്തിനായി മാത്രം വിനിയോഗിക്കേണ്ടൊരു ആയുധമാണെങ്കിലും ഡിമാന്‍ഡ് അതിരുകടക്കാനിരിക്കുന്നതിന് ആശ്രയിക്കാവുന്ന വേറെ കുറുക്കു വിദ്യകളൊന്നുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ക്കനുസൃതമായി ബാങ്ക് നിരക്കുകളില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തുക എന്ന പ്രക്രിയ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളും അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളും അതിനനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചുവരുന്നതും. പണപ്പെരുപ്പം അടിയന്തിരമായി പിടിച്ചുനിര്‍ത്താന്‍ എളുപ്പത്തില്‍ ആശ്രയിക്കാവുന്ന ഏകമാര്‍ഗം ബാങ്ക് പലിശനിരക്ക് ഉയര്‍ത്തുകവഴി പണത്തിന്റെ ലിക്വിഡിറ്റി സമ്പദ്‌വ്യവസ്ഥയില്‍ കഴിയുന്നത്ര കുറയ്ക്കുക എന്നതാണ്. ഇക്കാര്യത്തില്‍ ജി-7 രാജ്യക്കൂട്ടായ്മയായാലും ജി-20 രാജ്യക്കൂട്ടായ്മയായാലും ഏറെക്കുറെ സമാനമായ നിലപാടുകളാണ് സ്വീകരിച്ചുവരുന്നതും വന്നിട്ടുള്ളതും. ബംഗളൂരുവിലെ ജി-20 സമ്മേളന തീരുമാനവും പണപ്പെരുപ്പമെന്ന വിപത്ത് ദീര്‍ഘകാലത്തേക്ക് തുടരാനാണ് സാധ്യത തെളിയുന്നതെന്ന സാഹചര്യം കണക്കിലെടുക്കാതിരിക്കില്ല. ഇറക്കുമതിയുടെ ചെലവേറുകയും കയറ്റുമതി വരുമാനം ഇടിവ് തുടരുകയും ചെയ്യുമെന്ന പ്രവണതയും അര്‍ഹിക്കുന്ന ഗൗരവത്തോടെ തന്നെ പരിഗണനാ വിധേയമാക്കപ്പെടുകതന്നെ ചെയ്യും.
റഷ്യ‑ഉക്രെയ്ന്‍ യുദ്ധം ഇതിനകം ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇരുരാജ്യങ്ങളും ഉടനടി ഒരു വെടിനിര്‍ത്തലിന് തയാറാകുമെന്ന് തോന്നുന്നുമില്ല. യുഎസ് പ്രസിഡന്റ് ജോബെെഡന്റെ പൊടുന്നനെയുള്ള ഉക്രെയ്ന്‍ സന്ദര്‍ശനവും ഇതിനോടുള്ള റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്റെ സ്വാഭാവികമായ രോഷപ്രകടനവും സ്ഥിതിഗതികള്‍ ഏതുവഴിക്കാണ് നീങ്ങുക എന്നതിന്റെ വ്യക്തമായ സൂചനകളാണ് ലോകരാജ്യങ്ങള്‍ക്ക് ലഭ്യമായിട്ടുള്ളത്. ഇന്ത്യയും ഈ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക പ്രകടമാക്കിക്കഴിഞ്ഞിട്ടുമുണ്ട്. വികസ്വര രാജ്യങ്ങളുടെ കൂട്ടത്തില്‍ മാത്രമല്ല, വികസിത രാജ്യങ്ങളെടുത്താലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തന്നെയാണ് അതിവേഗ സാമ്പത്തിക വികസനം നേടിവരുന്നൊരു രാജ്യമായി തുടരുന്നതും. വികസന രേഖയിലെ ഈ ഗതിവേഗം തുടരണമെങ്കില്‍ സ്വകാര്യ നിക്ഷേപം അതിനോടൊപ്പം തന്നെ വര്‍ധിക്കുകയും വേണം. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ ജനതയുടെ വരുമാനവും ക്രയശേഷിയും ഉയര്‍ത്തുകയും ചെയ്യണം. ഇവിടെയാണ് പണപ്പെരുപ്പം തുടര്‍ച്ചയായൊരു ഭീഷണിയായി നിലകൊള്ളുന്നത്. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ധനക്കമ്മി യാതൊരുവിധ പരിധിയുമില്ലാതെ വര്‍ധിക്കുന്ന പ്രവണതയും അവയുടെ കടബാധ്യത അനുദിനം പെരുകിവരികയാണെന്നതും കനത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ വരുമാനം ഉയര്‍ത്തുന്നതിന് അസറ്റ് മോണറ്റെെസേഷനും ഡിസ്ഇന്‍വെസ്റ്റ്മെന്റും വലിയ തോതില്‍ ആശ്രയിക്കാനുള്ള സാധ്യതകളും വിപണികളില്‍ നിന്നുള്ള മോശപ്പെട്ട പ്രതികരണം കണക്കെടുക്കുമ്പോള്‍ വലിയ പ്രതീക്ഷകള്‍ക്കൊന്നും ഇടം നല്കുന്നുമില്ല.
ചുരുക്കത്തില്‍ ആഗോളതലത്തില്‍ തുടരുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അധിവസിക്കുന്ന ജനങ്ങളെയാകെത്തന്നെ അനിശ്ചിതത്വത്തിലും ആശങ്കയിലും അകപ്പെടുത്തിയിരിക്കുകയാണ്. ഇതോടൊപ്പം സുതാര്യവും ആധികാരികവുമായ സ്ഥിതിവിവര കണക്കുകളുടെ അഭാവവും ഇത്തരം ആശങ്കകളും പ്രതിസന്ധികളും മറികടക്കുന്നതിനുള്ള പോംവഴികള്‍ കണ്ടെത്തുന്നതിന് വിലങ്ങുതടികളായി നിലനില്ക്കുകയാണെന്നതും പ്രസക്തമായി തുടരുന്ന സ്ഥിതിയാണുള്ളത്. ഇത്തരമൊരു സ്ഥിതിവിശേഷം ഏറെനാള്‍ തുടരാനാണ് സാധ്യത കാണുന്നതും ജനാധിപത്യ വ്യവസ്ഥയുടെ അസ്തിത്വം തന്നെ അപകടത്തിലാകുമോ എന്ന ആശങ്ക വ്യാപകമായിരിക്കുന്നതും.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.