മൂന്നാഴ്ച മുമ്പ് ഇന്ധന വില വര്‍ധന പുനരാരംഭിച്ചതിനുശേഷം അവശ്യ വസ്തുക്കള്‍ക്കുണ്ടായ വന്‍ വിലക്കയറ്റത്തില്‍ പത്തില്‍ ഒമ്പത് കുടുംബങ്ങളുടെയും ദൈനംദിന ബജറ്റിന്റെ താളംതെറ്റി. 21 ദിവസത്തിനിടെ 14 തവണയാണ് പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന വരുത്തിയത്. മാര്‍ച്ച് 22ന് ശേഷം ഇന്ത്യയില്‍ പെട്രോളിനും ഡീസലിനും 10 രൂപയോളം എണ്ണകമ്പനികള്‍ കൂട്ടിയിട്ടുണ്ട്. ഗാര്‍ഹിക, വാണിജ്യ പാചക വാതക വിലയിലും വര്‍ധനയുണ്ടായി. ആയിരം രൂപയോളമായി ഗാര്‍ഹിക പാചകവാതകത്തിന്റെ വില ഉയര്‍ന്നു. ഇന്ധനവിലവര്‍ധന ചരക്കുഗതാഗതത്തിന്റെ ചെലവേറ്റിയതാണ് അവശ്യ വസ്തുക്കളുടെ വന്‍ വിലക്കയറ്റത്തിന് കാരണമായത്.
ഇന്ധന വിലയ്ക്കൊപ്പം പഴം, പച്ചക്കറി വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ധാന്യങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം വില ഉയര്‍ന്നിട്ടുണ്ട്. 87 ശതമാനം കുടുംബങ്ങളെയും വിലക്കയറ്റം സാരമായി ബാധിച്ചുവെന്ന് ലോക്കല്‍ സര്‍ക്കിള്‍സ് എന്ന സംഘടന നടത്തിയ സര്‍വേയില്‍ കണ്ടെത്തി. രാജ്യത്തെ 311 ജില്ലകളില്‍ നിന്ന് 11,800 പേരാണ് സര്‍വേയില്‍ പ്രതികരിച്ചത്. പച്ചക്കറി വാങ്ങുന്നതിന് ചെലവഴിക്കുന്ന തുകയില്‍ 25 ശതമാനം വര്‍ധനവുണ്ടായെന്ന് 37 ശതമാനം പേരും വ്യക്തമാക്കി.
പത്തു മുതല്‍ 25 ശതമാനം വരെ പച്ചക്കറി ഉല്പന്നങ്ങള്‍ക്കായി ഇപ്പോള്‍ അധികം ചെലവഴിക്കേണ്ടിവരുന്നുവെന്ന് 36 ശതമാനം പേരും പത്ത് ശതമാനം തുക വരെ അധികം നല്‍കേണ്ടിവരുന്നുവെന്ന് 14 ശതമാനം പേരും വ്യക്തമാക്കി. നേരത്തെ വാങ്ങിയിരുന്ന അതേ അളവിലുള്ള പച്ചക്കറി വാങ്ങുന്നതിനായി 25 മുതല്‍ അമ്പത് ശതമാനം വരെ അധികം വില നല്‍കേണ്ടിവരുന്നുവെന്ന് 25 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. ഭക്ഷ്യ എണ്ണകള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് വില ഉയര്‍ന്നത്.
പൊതു വിപണിയിലെ ഭക്ഷ്യവകുപ്പിന്റെ ഇടപെടലാണ് സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസമാകുന്നത്. 13-ാളം നിത്യോപയോഗ സാധനങ്ങൾ 60 ശതമാനത്തോളം വില കുറച്ചാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ വില്പന നടത്തുന്നത്. പച്ചക്കറി വിപണിയിൽ ഹോർട്ടി കോർപ്പും ഇടപെടൽ നടത്തുന്നുണ്ട്. ഉത്സവകാലം പ്രമാണിച്ച് സപ്ലൈകോയും കണ്‍സ്യൂമര്‍ ഫെഡും സംസ്ഥാനത്തുടനീളം പ്രത്യേക ചന്തകള്‍ ആരംഭിച്ചതും ആശ്വാസമായി.
മഹാരാഷ്ട്രയിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് 10, 000 രൂപ വരെ വാടകയിനത്തിൽ കൂട്ടിയെന്ന് വ്യാപാരികൾ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പുറപ്പെടുന്ന ചരക്കുലോറികൾ കേരളത്തിലെത്തുന്ന ദിവസത്തെ ഇന്ധന വിലയുടെ അടിസ്ഥാനത്തില്‍ വര്‍ധിപ്പിച്ച വാടകയാണ് ഈടാക്കുന്നത്. കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ സ്ഥിതിയും ഇതു തന്നെ. വറ്റൽ മുളകിനാണ് വലിയ തോതിൽ വില കൂടിയത്.
160 രൂപയില്‍ നിന്ന് 240 രൂപയിലെത്തി. 90 രൂപയായിരുന്ന ഒരു കിലോ മല്ലിക്ക് 140 രൂപയായി. പാചക എണ്ണ 110‑ൽ നിന്നു 180‑ലെത്തി. ജീരകം, വെളുത്തുള്ളി, ചെറിയ ഉള്ളി എന്നിവയുടെയും മസാല ഉല്പന്നങ്ങളുടെയും വിലയും കൂടി. നേന്ത്രപ്പഴത്തിന്റെ വില കിലോയ്ക്ക് 70 രൂപയാണ്. നോമ്പുകാലം കൂടിയായതോടെ മറ്റു നാടൻ പഴങ്ങളുടെ വിലയിലും മാറ്റമുണ്ടായി.
പച്ചക്കറിയുടെ വിലയിലും കുറച്ചു ദിവസങ്ങൾക്കു മുമ്പുണ്ടായിരുന്നതിലും വ്യത്യാസമുണ്ട്. നേന്ത്രക്കായ 50, വെണ്ടക്ക 60, വഴുതിനങ്ങ 50, ഒരു മുരിങ്ങാ കായയ്ക്കു 12, അച്ചിങ്ങാപ്പയർ 40 എന്നിങ്ങനെയാണ് ചെറുകടകളിലെ വില. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 60 രൂപയായിരുന്ന ബീൻസിനു 80 രൂപയാണ് വില.
English summary; Inflation rises as fuel prices rise
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.