19 December 2024, Thursday
KSFE Galaxy Chits Banner 2

അഭിനയ സിദ്ധിയു‍ടെ മാന്ത്രികന്‍

പി കെ കാവേരി 
March 27, 2023 11:04 pm

ഗൗരവമേറിയ വിഷയങ്ങള്‍ പോലും ലളിതമായി നര്‍മത്തിലൂടെ അവതരിപ്പിക്കാന്‍ കഴിവുള്ള അപൂര്‍വം ചില അഭിനയപ്രതിഭകളില്‍ ഒരാളായിരുന്നു ഇന്നസെന്റ്. ജീവിതത്തിലും സിനിമയിലുമുണ്ടായ പല പ്രതിസന്ധികളേയും തരണം ചെയ്യാന്‍ അദ്ദേഹത്തിന്റെ നര്‍മബോധം ഏറെ ഗുണകരമായി.മലയാള ഹാസ്യകലാരംഗത്ത് തന്റേതായ സ്ഥാനമുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.ഏതു വിഷയമാണെങ്കിലും അതിന്റെ ജീവന്‍ നഷ്ടപ്പെടുത്താതെ ലാഘവഭാവത്തില്‍ അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കി.

പണ്ട് പള്ളിയില്‍ പോകുമ്പോള്‍ കുര്‍ബാന കൂടാതെ കൗതുകത്തോടെ പാമ്പു കളി കണ്ടു മടങ്ങിയ ഇന്നസെന്റിന് യാദൃച്ഛികമായി സിനിമ ഒരു ആവേശമായി തീരുകയായിരുന്നു.ഏത് വേഷം കിട്ടിയാലും അതിനെ അനശ്വര കഥാപാത്രമാക്കി മാറ്റുന്ന മാജിക്ക് അദ്ദേഹത്തിന്റെ ഭാവപ്രകടനങ്ങള്‍ക്കുണ്ടായിരുന്നു. അടൂര്‍ഭാസി, കുതിരവട്ടം പപ്പു, മാള അരവിന്ദന്‍ തു‍ടങ്ങിയവര്‍ മലയാള സിനിമയില്‍ അരങ്ങു വാണിരുന്ന കാലത്ത് ഇന്നസെന്റിനെ മലയാളികള്‍ കൂടുതല്‍ ഇഷ്ടപ്പെടാനുള്ള കാരണവും അദ്ദേഹത്തിന്റെ വേറിട്ട അഭിനയ ശൈലി തന്നെയാണ്. “സിനിമാ നടന്റെ മകന്‍ സിനിമാ നടനാകുന്നു, രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നു. എന്റെ മകന് സിനിമയിലഭിനയിക്കാന്‍ താത്പര്യമില്ലെങ്കില്‍ അതിനകത്തു നമ്മള്‍ വിഷമിക്കേണ്ട കാര്യമില്ല.” എന്നദ്ദേഹം പറഞ്ഞു വെക്കുമ്പോള്‍ ആ ജീവിതത്തിന്റെ ലാളിത്യമാണ് തെളിയുന്നത്. കാന്‍സര്‍ എന്ന ശക്തനായ എതിരാളിയോട് മല്ലിടുമ്പോളും ജിവിതത്തില്‍ തോല്‍വി സമ്മതിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ജാതി മത വിഷയങ്ങളില്‍ പ്രത്യേക കാഴ്ചപ്പാടുകളും നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

താര സംഘടനയുടെ വളര്‍ച്ചയ്ക്കും കൂട്ടായ്മയ്ക്കും വേണ്ടി പല സാഹചര്യങ്ങളിലും കൗശലബുദ്ധിയോടുകൂടിയാണ് ഇടപെട്ടിരുന്നത്. ഇത് സംഘടനയില്‍ ഒരു വിഭാഗം സഹപ്രവര്‍ത്തകരുടെ അപ്രീതിക്ക് കാരണമായെങ്കിലും അദ്ദേഹം പതറിയില്ല. സിനിമയിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലും ഉയര്‍ന്ന സ്ഥാനങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കലാകാരന്‍മാര്‍ പലപ്പോഴും തിരുത്തലുകള്‍ക്ക് തയ്യാറാകുന്നില്ല. ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ നേര്‍ദിശയില്‍ കൂടി നടക്കുന്നതിന് പ്രേരണ നല്‍കുന്നതാണെന്ന് ഇന്നസെന്റ് അഭിപ്രായപ്പെട്ടത് അദ്ദേഹത്തിന്റെ നേതൃപാടവത്തെ അങ്ങേയറ്റം ശ്രദ്ധേയമാക്കി. ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇന്നസെന്റ് ഇനി മലയാളി മനസുകളിലെ നിത്യ സ്മരണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.