27 April 2024, Saturday

കാൻസറിന്റെ ചിരിമരുന്ന്

അഡ്വ. പ്രശാന്ത് രാജൻ
April 2, 2023 9:05 am

എല്ലാവർഷവും ഡോ. വി പി ഗംഗാധരന്റെ നേതൃത്വത്തിലുളള കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗികളുടെ എല്ലാം മറന്നുള്ള രണ്ട് ആഘോഷ കൂട്ടായ്മകൾ കൊച്ചിയിൽ ചേരും. ഫെബ്രുവരിയിൽ ലോക കാൻസർ ദിനത്തിൽ നടത്തുന്ന ആഘോഷ പരിപാടി ‘കമ്മ്യൂണിയൻ’ എന്നും ഏപ്രിൽ മാസത്തിൽ കാൻസർ രോഗ ബാധിതരായ കുട്ടികൾക്ക് വേണ്ടി നടത്തുന്ന പരിപാടി ‘കളിക്കൂട്ടം’ എന്നുമാണ് അറിയപ്പെടുന്നത്. ഇന്നസെന്റ് കാൻസർ ബാധിതനാകുന്നതിന് മുമ്പ് തന്നെ ഈ രണ്ടു പരിപാടിയിലും സ്ഥിരം പങ്കാളിയാണ്. ഒന്നു രണ്ടു മണിക്കൂറിലധികം സമയം കാൻസർ രോഗികൾക്കൊപ്പം അദ്ദേഹം ചെലവഴിക്കും. 

ഡോ. വി പി ഗംഗാധരന്റെ സഹോദരൻ ഡോ. ബാലചന്ദ്രന്റെ സഹപാഠിയായിരുന്നു ഇന്നസെന്റ്. ഇന്നസെന്റ് ആ ബന്ധം പറയുന്നത് രസകരമാണ്. “ഞാനും ഈ ഗംഗാധരന്റെ ജ്യേഷ്ഠൻ ബാലചന്ദ്രനും ഒന്നിച്ച് പഠിച്ചതാണ്. ഞങ്ങൾ രണ്ടാളും സുഹൃത്തുക്കളും സ്കൂളിലെ ഒന്നാമൻ മാരായിരുന്നു. അയാള് പഠിത്തത്തിലും ഞാൻ ഒഴപ്പിലും ആയിരുന്നെന്നു മാത്രം.” അയാള് പഠിച്ച് മിടുക്കനായി കർണാടകത്തിലെ ദാവൻഗരെയിൽ എംബിബിഎസിന് ചേർന്നു. ഞാൻ വിട്ടില്ല, എന്റെ പഠിപ്പിന്റെ ഗുണം കൊണ്ട് ഞാനും അതേ ദാവൻഗരെയിൽ എത്തി. അയാള് എംബിബിഎസ് ന് അഡ്മിഷൻ എടുത്തപ്പോൾ ഞാൻ അടുത്തുള്ള തീപ്പെട്ടി കമ്പനിയിൽ അഡ്മിഷൻ എടുത്തു. നാട്ടിൽ ആരേലും ചോദിച്ചാൽ ഞാനും ബാലചന്ദ്രനും ദാവൻഗരെയിലാണ് പഠിക്കുന്നതെന്ന് തട്ടിവിടും.” ഇത്തരത്തിലാണ് ഓരോ വിഷയത്തിലും ഇന്നസെന്റിന്റെ അവതരണശൈലി. കേൾവിക്കാർ ചിരിച്ച് മറിയും. 

മറക്കാനാവാത്ത ഇടം സൃഷ്ടിച്ച് കടന്നുപോയ വിഖ്യാത നടനും അതുല്യ പ്രതിഭയുമായിരുന്നു ഇന്നസെന്റ് എന്ന് വിശേഷിപ്പിക്കുമ്പോൾ അത്തരം വിശേഷണങ്ങളുള്ള ഒരുപാട് ആളുകൾ നമുക്കിടയിൽ ജീവിച്ച് കടന്നു പോയിട്ടുണ്ട്. ഇന്നസെന്റ് ഇതിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. എട്ടാം ക്ലാസ് വരെ മാത്രം പഠനം നടത്തിയ ഇന്നസെന്റ് സമൂഹത്തിൽ നിന്നും ആർജിച്ച വിദ്യാഭ്യാസം ലോകത്തെ ഒരു സർവ്വകലാശാലയിൽ നിന്നും ലഭിക്കുന്നതല്ല.
സംസാരത്തിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രസംഗങ്ങളിലും അഭിനയ കലയിലും
നമുക്കത് തിരിച്ചറിയാൻ കഴിയും.
കാൻസർ ബാധിതനായതിന് ശേഷം അദ്ദേഹം എഴുതിയ ‘കാൻസർ വാർഡിലെ ചിരി’ എന്ന പുസ്തകത്തിലൂടെ നർമ്മത്തിൽ ചാലിച്ച് അദ്ദേഹം പൊതു സമൂഹത്തോട് പറയാൻ ശ്രമിക്കുന്നത് യുക്തിചിന്തയെക്കുറിച്ചും ശാസ്ത്ര ബോധത്തെക്കുറിച്ചുമാണ്. വഴി തെറ്റി ചികിൽസിക്കരുതെന്നാണ്… രോഗികളോട് എങ്ങനെ സമീപിക്കണമെന്നാണ്…
അന്ധമായ വിശ്വാസങ്ങളും പ്രാർത്ഥനയും ആയി നടന്ന് ആളുകളെ വഴിതെറ്റിക്കുന്നവരെ ഇന്നസെന്റ് കണക്കറ്റ് ഹാസ്യരൂപത്തിൽ വിമർശിക്കുന്നുണ്ട്. പക്ഷേ, ആർക്കും പിണക്കമില്ല. കാരണം, അങ്ങനാണ് അത് ഇന്നസെന്റ് പറഞ്ഞു വയ്ക്കുന്ന രീതി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ മറികടക്കാമെന്ന സന്ദേശം മാത്രമല്ല, കാൻസർ രോഗികൾക്ക് ഒട്ടും പാർശ്വഫലങ്ങളില്ലാത്തതും മനസിന് ആരോഗ്യവും സന്തോഷവും പ്രദാനം ചെയ്യുന്ന പുതിയ ഔഷധമായിരുന്നു അദ്ദഹത്തിന്റെ ‘കാൻസർ വാർഡിലെ ചിരി“ ‘ എന്ന പുസ്തകം. 

ഒരു എട്ടാം ക്ലാസുകാരന്റെ പുസ്തകം പല ഭാഷകളിൽ രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധീകരിക്കപ്പെട്ടതും, നമ്മുടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ പാഠഭാഗമായി മാറിയതും ചെറിയ കാര്യമല്ല. 

ഒരാൾ ഇവിടെ ജീവിച്ച് മരിക്കുമ്പോൾ താൻ എന്തായി തീർന്നു എന്നത് മാത്രമല്ല പരിശോധിക്കപ്പെടേണ്ടത്. താൻ ജീവിച്ച കാലത്ത് ഈ സമൂഹത്തിന് എന്ത് സംഭാവന നൽകിയാണ് വിട പറയുന്നത് എന്നതുംകൂടി വിലയിരുത്തപ്പെടേണ്ടതുണ്ട്. അങ്ങനെ വിലയിരുത്തിയാൽ എട്ടും ഗുസ്തിയും അഭിനയ കലയും മാത്രം കൈവശമുണ്ടായിരുന്ന ഇരിങ്ങാലക്കുടക്കാരൻ ഇന്നസെന്റ് സമൂഹത്തിന് നൽകിയ സംഭാവന മഹത്തരവും മഹനീയവുമാണ്. നന്മ നിറഞ്ഞ ആ മനസാണ് മാഞ്ഞുപോയത്. ഞങ്ങളുടെയെല്ലാം ആദരണീയനായ പ്രിയപ്പെട്ട സുഹൃത്തായിരുന്നു അദ്ദേഹം. ഏറ്റുമാനൂരിൽ വരുമ്പോൾ തീർച്ചയായും വീട്ടിൽ വരാം എന്ന വാക്ക് ബാക്കി നിൽക്കുകയാണ്. കാലം എക്കാലവും കാത്ത് സൂക്ഷിക്കും ‘ഇന്നസെന്റ് ’ എന്ന നാമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.