19 December 2024, Thursday
KSFE Galaxy Chits Banner 2

ചിരിയുടെ രാജാവ് ഇന്നസെന്റിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രമൊഴി

Janayugom Webdesk
തൃശൂർ
March 28, 2023 11:15 am

അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിനെ സംസ്കാരിക കേരളവും ജന്മനാടും യാത്രയാക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ പള്ളിയില്‍ സംസ്കാരം നടന്നത്. നൂറുകണക്കിനാളുകളാണ് പള്ളിയില്‍ ഇന്നച്ചനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 2.20ന് അദ്ദേഹത്തിന്റെ ചേതനയറ്റ ശരീരം വീട്ടിലെത്തിയപ്പോള്‍ സങ്കടത്താൽ വിതുമ്പുകയായിരുന്നു ജന്മനാട്. പ്രിയനടനെ ഒരു നോക്ക് കാണാനായി ആയിരങ്ങളാണ് ഇരിങ്ങാലക്കുട ടൗൺഹാളിൽ തടിച്ചുകൂടിയത്.

രാഷ്ട്രീയ, സാമൂഹ്യ, ചലച്ചിത്ര, സാംസ്കാരിക രംഗത്തെ പ്രമുഖർ അതുല്യ നടന് യാത്രാമൊഴി നൽകാനായി എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കെ രാധാകൃഷ്ണൻ, എം ബി രാജേഷ്, ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ, ചലച്ചിത്ര താരങ്ങളായ ബിജു മേനോൻ, സുരേഷ് ഗോപി, സിദ്ദിഖ്, സംവിധായകൻ സത്യൻ അന്തിക്കാട്, പ്രിയദർശൻ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, മുൻ എംപി സി എൻ ജയദേവൻ, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മുൻമന്ത്രിമാരായ വി എസ് സുനിൽകുമാർ, സി രവീന്ദ്രനാഥ്, സിപിഐ(എം) ജില്ലാ സെക്രട്ടറി എം എം വർഗീസ്, കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. ഭാര്യ കമലയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.

ദിലീപ്, ഇടവേള ബാബു തുടങ്ങിയവർ കൊച്ചിയിൽ നിന്നും മൃതദേഹത്തെ അനുഗമിച്ചിരുന്നു. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആയിരക്കണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി. വിലാപയാത്രയിൽ അങ്കമാലി, ചാലക്കുടി, ആളൂര്‍ എന്നിവിടങ്ങളില്‍ അന്തിമോപചാരം അർപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനം അഞ്ചേകാലോടെ അവസാനിച്ചു. തുടർന്ന് ഭൗതികദേഹം അദ്ദേഹത്തിന്റെ വീടായ പാർപ്പിടത്തിലേക്കെത്തിച്ചു. അടുത്ത ബന്ധുക്കൾക്കും മറ്റുമായി വീട്ടിലും പൊതുദർശനമൊരുക്കിയിരുന്നു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.