26 July 2024, Friday
KSFE Galaxy Chits Banner 2

സംസ്ഥാനത്തെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധന തുടരുന്നു; രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 3, 2023 9:17 pm

അതിഥി തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങൾ പരിശോധിച്ചു. ഇതോടെ സംസ്ഥാനത്തൊട്ടാകെ 297 കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫിസർമാരും അതത് അസി. ലേബർ ഓഫിസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അതിഥി തൊഴിലാളികളുള്ളതായും കണ്ടെത്തി.

അതിഥി പോർട്ടൽ രജിസ്ട്രേഷന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണ പ്രവർത്തനങ്ങളും രജിസ്ട്രേഷൻ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തര നിർദേശത്തെ തുടർന്നാണ് പരിശോധന.

കരാർ തൊഴിലാളി നിയമം, ഇതര സംസ്ഥാനതൊഴിലാളി നിയമം, ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ, കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതുമായ നിയമലംഘനം എന്നിവ കണ്ടെത്തി. നിയമലംഘനങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദേശം നൽകുകയും ചെയ്തു.

അതിഥിതൊഴിലാളികൾക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനൽ പശ്ചാത്തലം എന്നിവ കണ്ടെത്തുക, പകർച്ചവ്യാധി സാധ്യതകൾ വിലയിരുത്തുക, അതിഥി പോർട്ടൽ രജിസ്ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിർമ്മാണ സ്ഥലങ്ങളിൽ ഇതര സംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്ട്രേഷൻ, ലൈസൻസ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം.

Eng­lish Sum­ma­ry: Inspec­tion of guest labour camps in the state
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.