തായ്‍വാന്‍ വിഷയത്തില്‍ യുഎസിന്റെ ഇടപെടലിന് മുന്നറിയിപ്പുമായി ചെെനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്. യുഎസ് പ്രസിഡന്റ് ജോ ബെെഡനുമായി നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ഷീ ജിന്‍ പിങ്ങിന്റെ പ്രതികരണം. തീ കൊണ്ട് കളിക്കരുത്, അങ്ങനെ സംഭവിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞു പോകുമെന്നാണ് ബെെഡന് ചെെനീസ് നേതാവ് നല്‍കിയ മുന്നറിയിപ്പ്. യുഎസിന് ഇതിനെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തായ്‍വാന്‍ വിഷയത്തില്‍ പ്രതികരിക്കുന്നതിനു മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണം. വാഷിങ്ടൺ ഏക‑ചൈന തത്വം പാലിക്കണമെന്നും തായ്‌വാനിലെ ബാഹ്യ ഇടപെടലിനെ ചൈന എതിർക്കുമെന്നും ഷീ പറഞ്ഞു.
എന്നാല്‍ തായ്‌വാനുമായി ബന്ധപ്പെട്ട യുഎസിന്റെ നയം മാറിയിട്ടില്ലെന്നും തായ്‌വാൻ കടലിടുക്കിൽ ഉടനീളമുള്ള സമാധാനവും സുസ്ഥിരതയും ഇല്ലാതാക്കുന്നതിനോ നിലവിലുള്ള സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും ബെെഡന് പ്രതികരിച്ചതായി വെെറ്റ് ഹൗസ് പ്രസ്താവനയില്‍ അറിയിച്ചു. ബെെഡന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് തായ്‍വാനും രംഗത്തെത്തി. യുഎസുമായുള്ള സുരക്ഷാ പങ്കാളിത്തം ആഴത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് തായ്‍വാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രണ്ട് മണിക്കുറും 17 മിനിറ്റും നീണ്ടുനിന്ന ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയെ നിരവധി തര്‍ക്കങ്ങളുടെ കെെമാറ്റമെന്നാണ് ഇരുപക്ഷവും വിശേഷിപ്പിച്ചത്. കഴിഞ്ഞ നവംബറില്‍ നടന്ന ചര്‍ച്ചയിലും തായ്‍വാന്‍ വിഷയത്തിലെ ഇടപെടല്‍ തീയില്‍ കളിക്കുന്നതിന് സമാനമാണെന്ന് പിങ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തായ്‍വാന്‍ വിഷയത്തില്‍ അമേരിക്കയ്ക്ക് തന്ത്രപരമായ അവ്യക്ത നിലപാടാണുള്ളതെന്നാണ് പരക്കെയുള്ള വിശേഷണം. നേരത്തെ ഓഗസ്റ്റ് മാസത്തില്‍ അമേരിക്കന്‍ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ അമേരിക്ക അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈന പ്രതികരിച്ചിരുന്നു. തായ്‍വാനില്‍ യുഎസ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനങ്ങളുണ്ടാവാറുണ്ടെങ്കിലും പൊലോസിയുടെ സന്ദര്‍ശനം പ്രകോപനമായാണ് ചെെന പരിഗണിക്കുന്നത്.
അതിനിടെ, ഇരു നേതാക്കളും ആദ്യ മുഖാമുഖ ഉച്ചകോടി നടത്താന്‍ സമ്മതിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബെെഡന്‍ അധികാരമേറ്റതിനു ശേഷം ഷീ ജിന്‍ പിങ്ങുമായി അഞ്ച് തവണ വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഉച്ചകോടി സംബന്ധിച്ച മറ്റ് വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോടിക്കണക്കിന് ഡോളറിന്റെ ചെെനീസ് ഉല്പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാര യുദ്ധം ഈ ചര്‍ച്ചയിലും പരിഹരിക്കുപ്പെട്ടില്ല. യുഎസ് സമ്പദ്‍ വ്യവസ്ഥയില്‍ കുതിച്ചുയരുന്ന പണപ്പെരുപ്പം കൂറയ്ക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി തീരുവകളില്‍ ബെെഡന്‍ ഇളവ് പ്രഖ്യാപിച്ചേക്കുമെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.
English Summary:Intervention in Taiwan: China’s Warning to Biden
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.