17 November 2024, Sunday
KSFE Galaxy Chits Banner 2

നവാഗത സംവിധാന തികവിന്റെ ‘മുന്നറിയിപ്പു‘മായ് സജിമോൻ

സുമേഷ് നിഹാരിക — ജേയെസ്
August 21, 2022 7:15 am

അരങ്ങ് ആടി തിമിർക്കുമ്പോൾ അണിയറയിലെ നിശബ്ദ സാന്നിധ്യമായ് ‘മലയൻ കുഞ്ഞിന്റെ’ സംവിധായകൻ സജിമോൻ പ്രഭാകരൻ. തന്റെ പോയ കാല നാൾവഴികൾ ഓർത്തെടുക്കുകയാണ് നവാഗത സംവിധായകനായ സജിമോൻ.
തിരുവനന്തപുരത്തെ ‘സതേൺ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം, നഗരത്തിലെ കുഞ്ഞു സൊസൈറ്റികൾ മുതൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾ വരെ വിപുലമായ സൗഹൃദങ്ങൾ. അധ്യാപകനായ ആദം ആയൂബിന്റെ അസിസ്റ്റന്റായി തുടക്കം. പിന്നീട് നിരവധി പ്രമുഖ ടിവി- സീരിയൽ മേഖലകളിലെ നിറസാന്നിധ്യം. ഇടക്കാലത്ത് ഇസ്മയിൽ മർച്ചന്റിന്റെ ഒരു ഹോളിവുഡ് സിനിമയിലും സഹകരിച്ചു. സ്വന്തം അധ്യാപകനായ ആദം അയൂബിൽ തുടങ്ങി മഹേഷ് നാരായണൻ വരെ പ്രതിഭാശാലികളുടെ അസോസിയേറ്റായ പ്രവർത്തന പരിചയം. അസോസിയേറ്റായ കാലത്തെ വേണുവിന്റെ ‘മുന്നറിയിപ്പ്’ മുതൽ മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’ വരെ എത്തി നിൽക്കുന്ന പ്രതിഭയുടെ പകർന്നാട്ടങ്ങൾ. വി കെ പ്രകാശിന്റെ ‘നത്തോലി ഒരു ചെറിയ മീനല്ല,’ വൈശാഖിന്റെ ‘വിശുദ്ധൻ,’ വേണുവിന്റെ ‘മുന്നറിയിപ്പ്,’ ‘കാർബൺ,’ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ആൻ ഡ്രോയിഡ് കുഞ്ഞപ്പൻ,’ മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്,’ ‘മാലിക്’ … ഇവയിൽ ചിലതു മാത്രം. ആത്മമിത്രമായ മഹേഷ് നാരായണൻ ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ നിന്നാണ് സജിമോൻ പ്രഭാകരൻ സ്വതന്ത്ര സംവിധായകനാകുന്നത്.
തൊട്ടതെല്ലാം പൊന്നാക്കിയ അപൂർവ പ്രതിഭയുടെ തികഞ്ഞ നേട്ടം തന്നെയാണ് മലയൻ കുഞ്ഞ്. സർവൈവൽ ത്രില്ലറായ മോളിവുഡ് സിനിമകൾ വിരലിലെണ്ണാവുന്നവയാണെങ്കിലും, അവയിൽ മികച്ചു നിൽക്കുന്ന ഒന്നു തന്നെയാണ് മലയൻ കുഞ്ഞെന്ന് നിസംശയം പറയാം. ഈ ചിത്രത്തിലാവട്ടെ മഹേഷ് നാരായണനുമായുള്ള കൂട്ടുകെട്ട്, ഫാസിലിന്റെ നിർമ്മാണം, ഫഹദിന്റെ കേന്ദ്ര കഥാപാത്രം, സാങ്കേതിക തികവിന്റെ പുത്തൻ ഛായാഗ്രഹകനായ മഹേഷിന്റെ കാമറ കൂടിയായപ്പോൾ ഇടവേള വരെ കഥ പറഞ്ഞ സിനിമ മറുപാതി മുഴുവൻ കാമറ തികവിന്റെ സർഗാത്മക കാഴ്ച്ചകളെ കലാസംവിധായകരായ ജ്യോതിഷും കൂട്ടരും മറ്റൊരു മാനത്തിലേക്കെത്തിച്ചു. ലളിതമായിരിക്കുക എന്നത് ഏറെ സങ്കീർണ്ണമായ പ്രക്രിയയാണല്ലൊ എന്ന് സംവിധായകൻ നമ്മെ ബോധ്യപ്പെടുത്തും പോലെ. 30 വർഷങ്ങൾക്കു ശേഷം എ ആർ റഹ്മാന്റെ സംഗീതവും മലായാളത്തിനു കിട്ടിയ മറ്റൊരു നേട്ടമായി.
കലാമൂല്യമുള്ള കച്ചവട സിനിമകൾക്ക് കേൾക്കേണ്ടി വന്ന പഴിയേ ‘മലയൻ കുഞ്ഞി‘നും കിട്ടിയുള്ളു. അതിനാൽ കൊമേഴ്സ്യൽ എന്നോ ആർട്ട് ഫിലിം എന്നോ വകഭേദമില്ലാത്ത നല്ല സിനിമാഗണത്തിലാണ് സജിമോന്റെ സിനിമയെ ഉൾപ്പെടുത്തേണ്ടത്. കാലിക പ്രാധാന്യമുള്ള ഒരു കഥാതന്തുവിനെ സമകാലിക സിനിമയുടെ കാൻവാസിലേക്ക് കൊണ്ടുവരുമ്പോഴുള്ള പ്രതിസന്ധികളെ തിരക്കഥാകൃത്തും ഛായാഗ്രാഹകനുമായ മഹേഷ് നാരായണൻ വിദഗ്ദ്ധമായി മറികടന്നിട്ടുണ്ട്. സിനിമയുടെ പരിചരണമാവട്ടെ സജിമോൻ തികച്ചും ശില്പഭദ്രമായ് നിർവ്വഹിച്ചു. യുവത്വം നേരിടുന്ന സാമൂഹിക- മാനസിക സാഹചര്യങ്ങൾ സിനിമ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. 

ഉരുൾ പൊട്ടലിന്റെ ശബ്ദപഥത്തിൽ നിന്നും ഛായാഗ്രഹണ തികവിന്റെ ദൃശ്യ തലത്തിലേക്ക് എത്തി നിൽക്കുന്ന “പൊന്നീ, പൊന്നീ…” എന്ന അനിക്കുട്ടന്റെ വിളി പ്രേക്ഷകരിലുണ്ടാക്കുന്ന ഉദ്വേഗനിമിഷങ്ങളെല്ലാം കൂടി ചേർന്ന ക്ലൈമാക്സിൽ നിന്നും ഒരു നെടുവീർപ്പിന്റെ നിശ്വാസത്തിലവസാനിക്കുന്ന സിനിമ. ഒരു പക്ഷേ മലയാള സിനിമയിൽ ഫഹദിനു മാത്രം സാധ്യമാവുന്ന ഒരു കഥാപാത്രമായി തോന്നിയതിനാലാവണം ഫാസിൽ തന്നെ സിനിമ നിർമ്മിച്ചതും.
സിനിമയിലുടനീളം മഴപ്പെയ്ത്തിന്റെ ഈണവും താളവും നിലനിർത്താൻ ശ്രമിച്ച പശ്ചാത്തല സംഗീതം സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്. കാഴ്ചയുടെ സുതാര്യതയും ശ്രദ്ധയും വേണ്ട ഒരു തൊഴിൽ മേഖലയാണല്ലൊ, ഓരോ ഇലക്ട്രീഷ്യന്റെതും (ടിവി റിപ്പയർ ) അനിക്കുട്ടനാവട്ടെ അച്ഛന്റെ ദുർമരണം ഒരു ഒബ്സെഷനായതിനാലായിരിക്കണം, ക്ലോസ്ട്രോഫോബിയായിലൂടെ കടന്നു പോകുന്ന ചില മാനറിസങ്ങൾ ആഴത്തിൽ അനുഭവപെടുത്താൻ സംവിധായകന്റെ ദൃശ്യ വിന്യാസത്തിനെന്ന പോലെ ഫഹദിനും സാധിച്ചിട്ടുണ്ട്. ആദ്യ പകുതിയിലെ ഗാന ചിത്രീകരണമാവട്ടെ ഗൃഹാതുരത്വത്തിന്റെ പായലടർന്ന പടവുകളിലൂടെ പോയ കാല വിവാഹാഘോഷങ്ങളിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കും പോലെ.
മഴക്കെടുതിയുടെ അതിജീവന കഥ പറയുന്ന സിനിമയിൽ രജിഷ വിജയനും, ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്നതും റിലീസ് കഴിഞ്ഞ് 56 ദിവസവും കടന്ന് ഒടിടി യിൽ പ്രദർശനം തുടരുന്ന സിനിമയുടെ തിളക്കം തന്നെ. ബിഗ് ബജറ്റ് ചിത്രമല്ലാതിരുന്നിട്ടും ജന മനസിന്റെ സ്വീകാര്യത തന്നെയാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. സാമ്പ്രദായിക സിനിമാസങ്കല്പങ്ങളെ പൊളിച്ചടക്കി തരാരാധനയും വീരാരാധനയും കാറ്റിൽ പറത്തി, കേവലം വിരലിലെണ്ണാവുന്ന സ്വഭാവ നടന്മാരെ മാത്രം ഉൾപ്പെടുത്തിയതുമെല്ലാം ഇനിയും ഏറെ ഉയരങ്ങൾ കീഴടക്കാനുള്ള സജിമോൻ പ്രഭാകരന്റെ വ്യതിരിക്തത തന്നെ. 

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.