ആരാധകര്‍ കാത്തിരുന്ന ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറും. ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ 15-ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ രവീന്ദ്ര ജഡേജയും കൊൽക്കത്ത ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും ഇന്ന് അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനും തുടക്കം പ്രതിസന്ധിയാണ്. ഓസീസ് താരങ്ങളായ ആരോൺ ഫിഞ്ചിനും പാറ്റ് കമ്മിൻസിനും ആദ്യ നാല് മത്സരങ്ങളിൽ കളിക്കാനാകില്ല. പാകിസ്ഥാനുമായുള്ള ഓസ്ട്രേലിയയുടെ പരമ്പര തീരുന്ന ഏപ്രിൽ അഞ്ച് വരെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ താരങ്ങളെ ഐപിഎല്ലില്‍ കളിക്കുന്നതില്‍ നിന്ന് വിലക്കിയിരിക്കുന്നത്.
രണ്ട് ടീമും ഐപിഎല്ലില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാവുന്ന നിരയാണ്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ നാല് തവണ ടൂര്‍ണമെന്റില്‍ മുത്തമിട്ടവരാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണയും ഇതിനോടകം കിരീടം നേടിയിട്ടുണ്ട്. 26 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ 17 തവണയും കെകെആറിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നു. എട്ട് തവണ മാത്രമാണ് കെകെആറിന് ജയിക്കാനായത്. ഒരു തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഫലം കാണാതെ മത്സരം അവസാനിച്ചു.
കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനമാണ് ഇത്തവണത്തെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസും ലഖ്‌നൗ സൂപ്പർ ജയന്റ്സും വന്നതോടെ ഈ സീസൺ മുതൽ ഐപിഎല്ലിൽ പത്ത് ടീമുകളാണ് മത്സരിക്കുന്നത്. അഞ്ച് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണത്തെ മത്സരങ്ങള്‍. ആകെ 74 മത്സരങ്ങള്‍. ഗ്രൂപ്പ് റൗണ്ടില്‍ ഓരോ ടീമും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം 14. സ്വന്തം ഗ്രൂപ്പിലെ നാല് ടീമുകള്‍ക്കും എതിര്‍ ഗ്രൂപ്പിലെ ഒരു ടീമിനുമെതിരെ രണ്ട് മത്സരങ്ങള്‍ വീതം. എതിര്‍ ഗ്രൂപ്പിലെ മറ്റു നാല് ടീമുകള്‍ക്കെതിരെ ഒരോ മത്സരവും കളിക്കേണ്ടതുണ്ട്. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഇത്തവണത്തെ ഐപിഎല്ലില്‍ വിദേശ താരങ്ങളടക്കം ചില ബാറ്റര്‍മാരുടെ ഒരു തിരിച്ചുവരവാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിലടക്കം മോശം ഫോമിന്റെ പേരില്‍ ചില മുന്‍ നിര ബാറ്റര്‍മാര്‍ ഏറെ വിമര്‍ശനം നേരിട്ടിട്ടുണ്ട്.
ഐപിഎല്ലില്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി പറഞ്ഞ നിരവധി താരങ്ങളുണ്ട്. പുതിയ സീസണില്‍ ടീമിന്റെ വിജയത്തിന് ഉള്‍പ്പെടെ നിര്‍ണായക സംഭാവനകള്‍ നല്‍കി ഈ സീസണില്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ ഒരുങ്ങുന്ന ചില താരങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു.
ഡേവിഡ് വാര്‍ണര്‍ — (ഡല്‍ഹി ക്യാപിറ്റല്‍സ്)
കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയും പ്ലേയിങ് ഇലവനിലെ സ്ഥാനവും നഷ്ടപ്പെട്ട് ദയനീയാവസ്ഥയിലായിരുന്നു ഡേവിഡ് വാര്‍ണര്‍. ഇത്തവണ താരലേലത്തിലൂടെ വാര്‍ണര്‍ താന്‍ ഐപിഎല്‍ ആരംഭിച്ചിടത്തേക്ക് തന്നെ തിരിച്ചെത്തി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി ബാറ്റുകൊണ്ട് മികവ് കാണിച്ച് വാര്‍ണര്‍ ഒരു മാസ് തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്. അപകടകാരിയായ ഈ ബാറ്റര്‍ 150 ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുകയും ഇതുവരെ 5,449 റണ്‍സ് നേടുകയും ചെയ്തിട്ടുണ്ട്.
ശിഖര്‍ ധവാന്‍ — (പഞ്ചാബ് കിങ്സ്)
ഇന്ത്യന്‍ ടീമിലെ ശിഖര്‍ ധവാന്റെ സ്ഥാനം ഇളകി കഴിഞ്ഞു. ഐപിഎല്ലില്‍ കഴിഞ്ഞ ആറ് സീസണിലും 450ന് മുകളില്‍ റണ്‍സ് കണ്ടെത്തിയിട്ടും ധവാന് ഇന്ത്യന്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാനാവുന്നില്ല. ടി20 ലോകകപ്പ് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ധവാന് ഈ ഐപിഎല്ലിലും മികവ് കാണിക്കണം. ഐപിഎല്ലിലെ റണ്‍വേട്ടയില്‍ രണ്ടാമതാണ് ധവാന്‍. 5784 റണ്‍സ് ആണ് ധവാന്‍ സ്‌കോര്‍ ചെയ്തത്.
വിരാട് കോലി — (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍)
ഇന്ത്യന്‍ ടീമിന്റെയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ക്യാപ്റ്റന്‍സി ഒഴിഞ്ഞ അത്തരം ഭാരങ്ങള്‍ ഒന്നുമില്ലാത്ത കോലി കൂടുതല്‍ സ്വതന്ത്രമായി കളിക്കും എന്നാണ് ആരാധകരും ക്രിക്കറ്റ് വിദഗ്‌ധരും പ്രതീക്ഷിക്കുന്നത്. ടോപ്പ്-ഓര്‍ഡര്‍ ബാറ്ററായാ അദ്ദേഹം പൂര്‍ണ ഫോമിലാണെങ്കില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അതൊരു വിരുന്നാണ്. 207 മത്സരങ്ങളില്‍ നിന്ന് 6,283 റണ്‍സ് നേടിയിട്ടുള്ള വിരാട്, ഐപിഎല്ലിലെ മികച്ച റണ്‍ വേട്ടക്കാരനാണ്.
ശ്രേയസ് അയ്യര്‍ — (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പുതിയ നായകന്‍ ശ്രേയസ് അയ്യര്‍ ഒറ്റയ്ക്ക് മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന താരമാണ്. 87 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2,375 റണ്‍സ് നേടിയ ശ്രേയസ് തന്റെ പുതിയ പദവി പൂര്‍ണമായി ഉപയോഗപ്പെടുത്താനും തന്നെ കൊണ്ട് പലതും കഴിയും എന്ന് തെളിയിക്കാനും ഉറച്ചാവും ഇറങ്ങുക. കഴിഞ്ഞ ഐപിഎല്ലില്‍ പരിക്കിന്റെ പിടിയിലായി തിരിച്ചെത്തിയ ശ്രേയസിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തയാറല്ലായിരുന്നു. തുടര്‍ന്ന് മോഗാതാരലേലത്തിന് മുമ്പ് താരത്തെ ഡല്‍ഹി കയൊഴിയുകയും കൊല്‍ക്കത്ത തങ്ങളുടെ ടീമിലെത്തിക്കുകയുമായിരുന്നു.
English summary; ipl cricket carnival
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.