ഇപ്റ്റ (IPTA- Indian People’s Theatre Association) യുടെ ദേശീയ അധ്യക്ഷന്‍ രണ്‍ബീര്‍ സിങ് (93) അന്തരിച്ചു. ജയ്പൂരില്‍ വെച്ചായിരുന്നു മരണം. നാടക പ്രവര്‍ത്തകന്‍, നാടകകൃത്ത്, നടന്‍, സംവിധായകന്‍, ചരിത്രകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് രണ്‍ബീര്‍ സിങ്. ലോക നാടകരംഗത്തെകുറിച്ച് പ്രതിപാദിക്കുന്ന പ്രധാനപുസ്തകങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കിയ രണ്‍ബീര്‍ സിങ് ലോക നാടകവേദികളെക്കുറിച്ച് പഠിക്കാനും ഇന്ത്യന്‍ നാടകവേദിയെക്കുറിച്ച് പ്രചാരണം നടത്താനും യുകെ, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ചെക്കോസ്ലോവാകിയ, ബംഗ്ലാദേശ്, നേപ്പാള്‍, മൗറീഷ്യസ് എന്നിവ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ പര്യടനം നടത്തിയിരുന്നു.
1929 ജൂലൈ 7‑ന് ജനിച്ച രണ്‍ബീര്‍ സിങ് മയോയില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. 1944‑ല്‍ കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം കരസ്ഥമാക്കി ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം സിനിമകളില്‍ അഭിനയിക്കാന്‍ 1949‑ല്‍ മുംബൈയിലേക്ക് പോയി, ബിആര്‍ ചോപ്രയുടെ ഷോലെയില്‍ അശോക് കുമാറിനും ബീനയ്ക്കുമൊപ്പവും ‘ചാന്ദ്‌നി ചൗക്കില്‍’ മീന കുമാരി, ശേഖര്‍ എന്നിവര്‍ക്കൊപ്പവും അഭിനയിച്ചു. 1953‑ല്‍ ജയ്പൂരില്‍ തിരിച്ചെത്തി ജയ്പൂര്‍ നാടകസംഘം രൂപീകരിച്ച് നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. 1959‑ല്‍ ഡല്‍ഹിയിലെത്തി കമല ദേവി ചതോപാധ്യായയെ ചെയര്‍പേഴ്സണാക്കി ‘ഭാരതീ നാട്യ സംഘം’ രൂപീകരിച്ചു. ഡല്‍ഹിയില്‍ അദ്ദേഹം ‘യാത്രിക്’ എന്ന നാടകസംഘവും രൂപീകരിച്ച് നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. ഇതിനിടെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 1976‑ല്‍ നാടക ഉപദേഷ്ടാവായി മൗറീഷ്യസിലേക്ക് പോയി.
അഭിനയത്തിനും സംവിധാനത്തിനും പുറമെ ഹിന്ദിയിലെ ഒരു പ്രധാന നാടകകൃത്തായി രണ്‍ബീര്‍ സിങ് മാറി. പ്രധാന നാടകങ്ങള്‍: പാസെ, ഹായ് മേരാ ദില്‍, സാരായ് കി മാല്‍കിന്‍, ഗള്‍ഫാം, മുഖൗതോന്‍ കി ജിന്ദഗി, മിര്‍സ സാഹിബ്, അമൃത് ജല്‍, തന്‍ഹായ് കി രാത്, മറ്റ് ഭാഷകളിലെ നാടകങ്ങളുടെ നിരവധി രൂപാന്തരങ്ങളും. സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് ഇന്ദര്‍ സഭ, ഹിസ്റ്ററി ഓഫ് പാഴ്‌സി രംഗ്മഞ്ച്, ഹിസ്റ്റോറിസിറ്റി ഓഫ് സന്‍സ്‌ക്രിത് ഡ്രാമ, വാസിദ് അലി ഷാഹ് എന്നിവയുള്‍പ്പെടെ നിരവധി അപൂര്‍വ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
1983 മുതല്‍ 1985 വരെ ഇപ്റ്റയുടെ പുനഃസംഘടനയ്ക്കായുള്ള പരിശ്രമങ്ങളില്‍ രണ്‍ബീര്‍ സിങ് ഭാഗമാകുകയും 1985 ല്‍ ആഗ്രയില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയും ചെയ്തു. 1986 ല്‍ ഹൈദരാബാദില്‍ നടന്ന സമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രണ്‍ബീര്‍ സിങ് 2012ല്‍ എകെ ഹംഗലിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ദേശീയ പ്രസിഡന്റായത്.
രണ്‍ബീര്‍ സിങ്ങിന്റെ നിര്യാണത്തില്‍ ഇപ്റ്റ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
English summary; IPTA National President Ranbir Sinh passed away
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.