25 April 2024, Thursday

പന്തിരിക്കരയിലെ ഇർഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി

Janayugom Webdesk
കോഴിക്കോട്
August 7, 2022 9:48 pm

പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹ അവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യ വീട്ടിലേക്ക് പുറപ്പെട്ട ഇർഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇർഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വർണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കൾ പെരുവണ്ണാമൂഴി പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തി. ഇർഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15 ന് വൈകിട്ട് പുറക്കാട്ടിരി പാലത്തിൽ നിന്ന് ഇർഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്.
ജൂലൈ 17 ന് ഇതിന്റെ പരിസരപ്രദേശത്ത് ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു. അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന ധാരണയിൽ ബന്ധുക്കൾ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു.
ദീപക്കിന്റെ ചില ബന്ധുക്കൾ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ഡി എൻ എ പരിശോധനയ്ക്കായി സാംപിൾ പരിശോധിച്ചു. പരിശോധനയിൽ മൃതദേഹം ഇർഷാദിന്റേതെന്ന് തിരിച്ചറിഞ്ഞു.
കേസിൽ മുഖ്യപ്രതി മുഹമ്മദ് സ്വാലിഹ് എന്ന 916 നാസർ, സഹോദരൻ ഷംനാദ് എന്നിവരെ നാട്ടിലെത്തിക്കാൻ ഉടൻ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. പ്രതികളുടെ പാസ്പോർട്ട് വിവരങ്ങടക്കം അന്വേഷണസംഘം ശേഖരിച്ചു. 

Eng­lish Sum­ma­ry: Irshad’s mor­tal remains were hand­ed over to his rel­a­tives in Pandirikara

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.