5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 5, 2024
November 2, 2024
November 1, 2024
October 31, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024

കോണ്‍ഗ്രസ് നെഹ്രുവിന് ഒപ്പമുണ്ടോ

Janayugom Webdesk
November 20, 2022 5:00 am

വ്യവസ്ഥാപിത രാഷ്ട്രീയ ചിന്തകളും പ്രവർത്തനങ്ങളും പ്രത്യയശാസ്ത്ര അടിത്തറകളിലാണ് രൂപപ്പെടുന്നത്. സാമൂഹിക‑രാഷ്ട്രീയ പോരാട്ടങ്ങളുടെ കാതൽ ഇതിൽ കേന്ദ്രീകൃതമാണ്. ചിന്തകളുടെ പ്രയോഗത്തിൽ നിർണായക ഘടകവുമാണ്. രാഷ്ട്രീയ പാർട്ടികളുടെ വർഗസ്വഭാവത്തിന് അനുസൃതമാണ് അവ പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രവും. കോൺഗ്രസിന് അതിന്റെ രാഷ്ട്രീയമുന്നേറ്റത്തിനുതകുന്ന പ്രത്യയശാസ്ത്രപരമായ ധാരണാ നിർമ്മിതി മുഖ്യമായും നെഹ്രുവിലൂടെയായിരുന്നു. സോഷ്യലിസം അടിസ്ഥാനമാക്കിയുള്ള ജനാധിപത്യ മതേതരത്വ ആശയങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. എന്നാൽ സോഷ്യലിസത്തെക്കുറിച്ചുള്ള നെഹ്രുവിന്റെ ധാരണ ശാസ്ത്രീയമല്ലെന്ന് അക്കാലയളവിൽത്തന്നെ വിമർശനവും ഉയർന്നിരുന്നു. സോവിയറ്റ് യൂണിയനോട് സൗഹൃദം പുലർത്തിയ നെഹ്രു ഇടതുപക്ഷ പ്രത്യയശാസ്ത്രവുമായി ഒരേസമയം അടുപ്പവും അകലവും പുലർത്തി. പാർട്ടിക്കുള്ളിൽ അനുകൂലമായും പ്രതികൂലമായും ഉള്ള ചേരിതിരിവിന് ഇത് വഴിയൊരുക്കി.
സോവിയറ്റ് യൂണിയന്റെ വീഴ്ചയെ തുടർന്ന് ആഗോളവല്ക്കരണ കാലഘട്ടത്തിൽ പ്രത്യയശാസ്ത്ര നിലപാടുകളിൽ സമൂലമായ മാറ്റങ്ങൾ സംഭവിച്ചു. ഉദാരവല്ക്കരണ ആഗോളീകരണ പ്രത്യയശാസ്ത്രം രാഷ്ട്രീയ പാർട്ടികളെ സ്വാധീനിച്ചു. കോൺഗ്രസും അപവാദമായില്ല. കോൺഗ്രസിന്റെ നേതൃത്വം നെഹ്രുവിൽ നിന്നും ഗാന്ധിജിയിൽ നിന്നും അകന്നു. തങ്ങൾക്കൊപ്പം നിലനിന്നിരുന്ന മതേതര ജനാധിപത്യ ഇടം കോൺഗ്രസിന് കൈമോശമായി. അധഃസ്ഥിത വിഭാഗത്തിന് കോൺഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. മതേതര ശക്തികൾ ആ പാര്‍ട്ടിയെ സംശയിച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കൊണ്ട് കോൺഗ്രസ് തകർന്നു. പക്ഷെ, ദുരവസ്ഥയുടെ ഈ പശ്ചാത്തലത്തിലും നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഗൗരവമായ ആത്മപരിശോധന നടത്താൻ കോൺഗ്രസ് നേതൃത്വം ശ്രമിച്ചതുമില്ല.


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസിലെ സുധാകര വിചിത്രവിനോദങ്ങള്‍


ആർഎസ്എസ്-ബിജെപി കൂട്ടുകെട്ട് നടപ്പിലാക്കുന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രം രാജ്യത്തിന്റെ മതേതര ജനാധിപത്യ ഘടനയെ വിഴുങ്ങുന്ന ഗുരുതരമായ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ, ഗാന്ധി-നെഹ്രു പൈതൃകവും അതിന്റെ ഭൂതകാലവും കോൺഗ്രസ് ഓർക്കണമെന്ന് ഇടതുപക്ഷം ആഗ്രഹിക്കുന്നു. ഉദാരവല്ക്കരണ ആഗോളീകരണ നവലിബറൽ സാമ്പത്തിക, രാഷ്ട്രീയ നിലപാടുകൾ സ്വയം വിമർശനാത്മകമായി വിശകലനം ചെയ്യണം. എന്നാൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം എന്ന് ആഘോഷിക്കുന്ന ‘ഭാരത് ജോഡോ’ യാത്രയിൽ പോലും ഇവയൊന്നും ചർച്ചയായില്ല. ഇടതുപക്ഷ പ്രത്യയശാസ്ത്രം കോൺഗ്രസ് പിന്തുടരുമെന്നോ രാഷ്ട്രീയ ധാരണകളിൽ ഒപ്പമാകുമെന്നോ ഇടതുപക്ഷം കരുതുന്നില്ല.
സംഘ്പരിവാറാകട്ടെ സർദാർ പട്ടേലിനോട് വലിയ സ്നേഹം പ്രകടിപ്പിക്കുന്നു. ഇതിന്റെ തുടക്കം നെഹ്രുവിനോടുള്ള കടുത്ത വിദ്വേഷത്തിൽ നിന്നാണ്. പക്ഷെ, പാർട്ടിയുടെ ഗാന്ധി-നെഹ്രു അടിത്തറയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള സംഘ്പരിവാറിന്റെ കൗശലത്തിൽ കോൺഗ്രസ് നേതൃത്വം ദയനീയമായ നിസംഗതയിലാണ്. ഫലമോ, ആ പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ ആർഎസ്എസുമായുള്ള അവരുടെ അടുപ്പം ഘോഷിച്ചു തുടങ്ങിയിരിക്കുന്നു. ആർഎസ്എസ് അനുകൂല പ്രസംഗങ്ങളിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും മുൻനിരയിൽ തന്നെയുണ്ട്. നെഹ്രുവിനെ വർഗീയ ഫാസിസത്തിന്റെ സൈദ്ധാന്തിക കൂട്ടാളിയായി ചിത്രീകരിച്ച് സംഘ്പരിവാറിനോടുള്ള വിധേയത്വം അദ്ദേഹം ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.


ഇതുകൂടി വായിക്കൂ: ഇനി കോണ്‍ഗ്രസുകാര്‍ സംസാരിക്കട്ടെ


കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമാകട്ടെ അതീവ ഗുരുതരമായ ഈ വിഷയത്തിൽ മൗനം തുടരുകയാണ്. ഈ പ്രത്യയശാസ്ത്ര നിഷ്പക്ഷത തങ്ങൾ അകപ്പെട്ടിരിക്കുന്ന ആഴത്തിലുള്ള പ്രതിസന്ധിയിൽ നിന്ന് കോൺഗ്രസിനെ കരകയറ്റില്ല. തങ്ങളുടെ പ്രത്യയശാസ്ത്രവും രാഷ്ട്രീയവും വർത്തമാന സാഹചര്യത്തിൽ അവർ വ്യക്തമാക്കണം. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യക്തതയ്ക്കായുള്ള അവരുടെ അന്വേഷണത്തിൽ ജവഹർലാൽ നെഹ്രു നിർണായകമായ ഘടകമാണ്. നെഹ്രുവിന് ഒപ്പമോ അല്ലയോ എന്ന ചോദ്യം മാത്രമാണ് അവർക്ക് മുന്നിൽ അവശേഷിക്കുന്നത്.

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.