23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 9, 2024
April 9, 2024
December 31, 2023
September 9, 2023
February 8, 2023
December 8, 2022
October 11, 2022
September 26, 2022
July 30, 2022
June 29, 2022

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ വികസന വൈരുധ്യങ്ങളുടെ ഉറവിടമോ?

പ്രൊഫ. കെ അരവിന്ദാക്ഷൻ
October 11, 2022 5:30 am

കോവിഡനന്തര കാലഘട്ടത്തിൽ ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങൾ അതിസങ്കീർണവും ഗുരുതരവുമായ വികസന പ്രതിസന്ധികളാണ് അഭിമുഖീകരിച്ചു വരുന്നത്. ആഭ്യന്തരതലത്തിൽ പെരുകിവരുന്ന തൊഴിലില്ലായ്മയും കുത്തനെയുള്ള പണപ്പെരുപ്പ നിരക്ക് വർധനവും വിലക്കയറ്റവും നിക്ഷേപ വിപണിയിൽ അനിശ്ചിതത്വവും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ആഗോള സാമ്പത്തികസ്ഥിതിയും കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശവും സൈനികാതിക്രമങ്ങളും യാതൊരുവിധ അയവുമില്ലാതെ ഇന്നും തുടരുകയാണ്. സ്വാഭാവികമായും ഇതെല്ലാം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യൻ രൂപയുടെ വിദേശ വിനിമയ മൂല്യം ഒരു ഡോളറിന് 81–99 രൂപവരെയായി താണിരിക്കുകയാണ്. ഈ തകർച്ച തുടരുമെന്നാണ് കരുതപ്പെടുന്നത്. മുകളിൽ സൂചിപ്പിച്ച പ്രതികൂല സാഹചര്യങ്ങൾ ജനസംഖ്യയിൽ ഭൂരിഭാഗം വരുന്ന സാമാന്യ ജനതയുടെ നിത്യജീവിതം ദുരിതപൂർണമാക്കി. എന്നാൽ ഇതൊന്നും തെല്ലും ബാധിച്ചിട്ടില്ലാത്തൊരു വിഭാഗവും രാജ്യത്തുണ്ട്. ഈ ന്യൂനപക്ഷ വിഭാഗം ശതകോടീശ്വരന്മാരാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നേതൃത്വവും ജനസംഖ്യക്ക് മേൽ അധീശത്വവും നിലനിർത്തിവരുന്നത്. ക്രെഡിറ്റ് സ്യൂസെന്ന ആഗോള ക്രെഡിറ്റ് ഏജൻസി പ്രസിദ്ധീകരിച്ച “ഗ്ലോബൽ വെൽത്ത് റിപ്പോർട്ട്, 2022” എന്ന പഠനരേഖയിലാണ് ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത് (“ബിസിനസ് സ്റ്റാൻഡേർഡ്” 2022 സെപ്റ്റംബർ 21).

ഈ റിപ്പോർട്ടിൽ കാണുന്നത് 2021–22ൽ ഇന്ത്യയിലെ സമ്പന്നരുടെ കുടുംബ വരുമാനത്തിൽ 12 ശതമാനം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു എന്നാണ്. 14,225 ബില്യൻ ഡോളറാണ് വർധന. ഈ സ്ഥിതി തുടരുന്നപക്ഷം, 2026 ആകുന്നതോടെ രാജ്യത്തെ ശതകോടീശ്വരന്‍മാരുടെ എണ്ണം നേരെ ഇരട്ടിയായി 7,96,000ത്തിൽ നിന്ന് 1.6 ദശലക്ഷത്തിലേക്ക് കുതിച്ചുയരുമെന്നുമാണ് കണക്കാക്കിയിരിക്കുന്നത്. 2020–21 കാലയളവിൽ കുടുംബ സ്വത്തിൽ ഉണ്ടായ വർധന 9.8 ശതമാനം-463.6 ട്രില്യൻ ഡോളർ വരെയായിരുന്നു. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങളെ മറികടന്നും നേടിയ ഈ അധികസമ്പത്ത് ഓഹരി വിലവർധനവിലൂടെയും കേന്ദ്ര ബാങ്കായ ആർബിഐയുടെ നിക്ഷേപാനുകൂല പരിസ്ഥിതി സൃഷ്ടിയുടെയും പ്രതിഫലനമായിരുന്നു. വ്യക്തിഗത സമ്പത്തിലും ഈ ഒരു വർഷക്കാലയളവിൽ ആഗോള തലത്തിൽ വർധനവാണുണ്ടായത്; 8.4 ശതമാനം അഥവാ 87,489 ഡോളർ. സമൂഹത്തിലെ മുകൾത്തട്ടിലുള്ള ഒരു ശതമാനം കുടുംബങ്ങളാണ് 46 ശതമാനം കുടുംബസ്വത്തിന്റെയും ഉടമകൾ എങ്കിൽ ഏറ്റവും സമ്പന്നരായ 10 ശതമാനം പേരാണ് 82 ശതമാനം ആഗോള സമ്പത്തിന്റെയും ഉടമകൾ.


ഇതുകൂടി വായിക്കൂ:ആരോഗ്യം ക്ഷയിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 


അതിസമ്പന്നരിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ആളോഹരി 50 മില്യൻ ഡോളറിലേറെ വരുമാനമുള്ളവരുടെ എണ്ണം 1,40, 000 വരുന്ന യുഎസിലെ അതിസമ്പന്നർ. രണ്ടാംസ്ഥാനത്ത് 32,170 പേർ വരുന്ന ചൈനയുമുണ്ട്. അതേ അവസരത്തിൽ ക്രെഡിറ്റ് ഏജൻസി ചൂണ്ടിക്കാട്ടുന്നൊരു വസ്തുതയുണ്ട്. 2020 ൽ മുൻവർഷങ്ങളിലേതുപോലെ വിദേശ വിനിമയ നിരക്കുകൾ മാറ്റമില്ലാതെ തുടരുമായിരുന്നെങ്കിൽ ആഗോളസമ്പത്തിന്റെ വർധന 12.7 ശതമാനവും വ്യക്തിഗത സ്വത്ത് വർധന 11.3 ശതമാനവും ആയി തുടരുമായിരുന്നുവെന്നാണ്. റിപ്പോർട്ടിന്റെ മറ്റൊരു പ്രവചനം വ്യക്തിഗത സ്വത്ത് 2024 ആകുമ്പോഴേക്ക് തന്നെ 28 ശതമാനം വർധനവോടെ 1,00, 000 ഡോളർ വരെ ആകുമെന്നാണ്. വ്യക്തിഗത അതിസമ്പന്നർ 3,85,000 വരെയായി ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. മൊത്തത്തിൽ അതിസമ്പന്നരുടെ ഉത്സവകാലം. ആഗോള സ്വത്തു വർധനവിന്റെ കാര്യത്തിൽ പ്രാദേശികാടിസ്ഥാനത്തിൽ മെച്ചപ്പെട്ട ചിത്രം കാഴ്ചവയ്ക്കുന്നത് നോർത്ത് അമേരിക്കൻ രാജ്യങ്ങളും ചൈനയുമാണ്.

അമേരിക്കൻ രാജ്യങ്ങൾ പകുതിയിലേറെ ആഗോള സ്വത്ത് കൈവശപ്പെടുത്തിയിരിക്കെ ചൈന നാലിലൊന്ന് സ്വത്തും കൈവശപ്പെടുത്തിയിരിക്കുകയാണ്. ആഫ്രിക്ക, യൂറോപ്പ്, ഇന്ത്യ, ലാറ്റിൻ അമേരിക്ക എന്നീ പ്രദേശങ്ങൾ വെറും 11.1 ശതമാനം ആഗോള സമ്പത്തിന്റെ ഉടമാവകാശം മാത്രമാണ് കൈവശം സൂക്ഷിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിന്റെ കുടുംബസ്വത്ത് നിലവാരമെടുത്താൽ ഒന്നാം സ്ഥാനത്തുള്ളത് യുഎസ് തന്നെയാണ്. തൊട്ടുപിന്നിൽ ചൈന, കാനഡ, ഇന്ത്യ, ഓസ്ട്രേലിയ എന്നിങ്ങനെ പോകുന്നു. വ്യക്തിഗത സ്വത്തിന്റെ കാര്യമെടുത്താൽ ഒന്നാം സ്ഥാനത്ത് ഇന്നും തുടരുന്നത് സ്വിറ്റ്സർലൻഡ് ആണ്-6,96,600 ഡോളറോടെ. തൊട്ടു പിന്നിലുള്ളത് യുഎസ്, ഹോങ്കോങ്, ഓസ്ട്രേലിയ എന്നിവയുമാണ്. ഇടത്തരം വരുമാന വിഭാഗക്കാരുടെ എണ്ണമെടുത്താൽ ആദ്യ മൂന്നു സ്ഥാനക്കാരായി ഓസ്ട്രേലിയ, ബെൽജിയം, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളുമുണ്ട്. ആഗോളാടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ കാണാൻ കഴിയുക 2021 അവസാനത്തോടെ മില്യനയർമാരുടെ എണ്ണം 62.5 മില്യൻ ആയി ഉയർന്നു എന്നാണ്. 2020 നെ അപേക്ഷിച്ച് ഇത് 5.2 മില്യൻ വർധനവാണ് കാണിക്കുന്നതും. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ 1,000 കോടി രൂപയിലേറെ അറ്റ വരുമാനമുള്ളവരുടെ എണ്ണം തുടർച്ചയായി വർധിച്ചുവരുന്നതായി റിപ്പോർട്ടുകളുണ്ട്.


ഇതുകൂടി വായിക്കൂ: ഇന്ത്യക്ക് ആവശ്യം ആരോഗ്യസംരക്ഷണ രംഗത്തെ വിപ്ലവം


“ഹുറൂൺ ഇന്ത്യ റിച്ച്ലിസ്റ്റ് 2022” എന്ന പേരിലുള്ള ഈ പട്ടികയിൽ പുതുതായി 149 പേർ കൂടി നിലവിലുള്ള 1,103 പേരുടെ കൂടെ “സമ്പന്ന ക്ലബ്ബ്” അംഗങ്ങളായിരിക്കുന്നു. 122 ഇന്ത്യൻ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്നവരുടെ സ‍ഞ്ചിത സ്വത്ത് 100 ട്രില്യൻ രൂപയോളവുമാണ്. ഇതിൽ ഏറ്റവും പ്രായം കുറഞ്ഞൊരു വനിത, 37 വയസുകാരി നേഹാനാർഖ്ഡെ, ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തിവരുന്നൊരു ഗ്രോസറി വിതരണക്കാരിയാണ്. ഏറ്റവും പ്രായം കുറഞ്ഞ യുവസംരംഭകൻ- 19 കാരനായ കൈവല്യ വോറെയുമാണ്. ഇവർ ഇരുവരും ഉൾപ്പെടുന്ന സമ്പന്നരുടെ സമ്പത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ വർധന 62 ശതമാനമാണ്. ഇവരെല്ലാം സ്വന്തം പ്രയത്നങ്ങളിലൂടെ സമ്പന്നരായവരാണെന്ന അവകാശവാദം അംഗീകരിക്കുക പ്രയാസമാണ്. ദേശീയ ഭരണകൂടത്തിന്റെ അനുകൂല നിലപാടുകൾ അവർക്ക് സഹായകമായെന്നത് ഉറപ്പാണ്. ഉക്രെയ്ൻ യുദ്ധമോ പണപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും സമ്മർദ്ദങ്ങളോ കോവിഡിന്റെയും തൊഴിലില്ലായ്മയുടെയും കനത്ത ആഘാതമോ ഒന്നുംഅതിസമ്പന്നരുടെ പെരുപ്പത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ല. ഗൗതം അഡാനി മുമ്പെന്നപോലെ, അതിസമ്പന്നരിൽ രണ്ടാമനായി തുടരുന്നു.

ഈ പ്രവണതയെ ഹുറൂൺ എംഡി അനസ് റഹ്‌മാൻ ജുനൈദ് വിവരിക്കുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യ ഇന്നും “വളർച്ചയുടെ യന്ത്രമായി” തുടരുന്നു എന്നാണ്. അഡാനിമാരും അംബാനിമാരും തങ്ങളുടെ സ്ഥാനങ്ങൾ കോട്ടമില്ലാതെ നിലനിർത്തുമ്പോൾ തന്നെ സമ്പന്നരുടെ പട്ടികയിൽ നിരവധിപേർ പുതുതായി വന്നെത്തിക്കൊണ്ടിരിക്കുകയുമാണ്. 2021 സെപ്റ്റംബറിൽ അഡാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അഡാനിയുടെ സഞ്ചിത സ്വത്ത് 1,612 കോടിയായിരുന്നത് ഇന്നും 10,94,400 കോടി രൂപയിൽ തുടരുന്നതായി കാണുന്നു. അഡാനിയുടെ സ്വത്ത് 2021 ൽ വർധിച്ചത് 116 ശതമാനമായിരുന്നു. അഡാനിക്കും അംബാനിക്കും പിന്നാലെയാണ് പുനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സൈറസ് പൂനാവാലയുടെ 2,05,400 കോടി രൂപയും ശിവ നാടാർ ചെയർമാനായ എച്ച്സിഎല്ലിന്റെ 1,85,800 കോടി രൂപയും അവന്യു സൂപ്പർ മാർക്കറ്റ്സ് ഉടമ രാധാകൃഷ്ണ ദമാനിയുടെ 1,75,000 കോടി രൂപ ആസ്തിമൂല്യവും നിലനിർത്തിവരുന്നത്. ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ പരിഗണനയ്ക്ക് വിധേയമാവാത്തതും ആഗോളതലത്തിൽ വ്യാപകമായി പ്രവർത്തനം നടത്തിവരുന്നതുമായ 75 രാജ്യങ്ങളിലെ സാമൂഹ്യ‑സാമ്പത്തിക സംഘടനകൾ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയ്ക്ക് അയച്ച തുറന്ന കത്തില്‍ ചൂണ്ടിക്കാണിക്കുന്നത് നാം ജീവിക്കുന്ന ഈ ലോകവും ഇവിടത്തെ ജനകോടികളും പട്ടിണിയിൽ അമർന്നുകൊണ്ടിരിക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.


ഇതുകൂടി വായിക്കൂ: അഡാനിയുടെ വളര്‍ച്ചയും ചങ്ങാത്ത മുതലാളിത്തവും 


ഓരോ നാല് സെക്കൻഡിലും ലോകത്ത് പട്ടിണിമൂലം ഒരാൾ വീതം മരിച്ചുകൊണ്ടിരിക്കുകയാണ്. പ്രതിദിനം ഭക്ഷണം കിട്ടാതെ മരിക്കുന്നവർ 19,700ൽ ഏറെയാണ്. ലോക ജനസംഖ്യയിൽ 45.5 കോടി പേർ കൊടും പട്ടിണിയിലുമാണ്. 2019ൽ യുഎൻ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ 11 ശതമാനത്തോളം പട്ടിണി കിടന്നിരുന്നു. പിന്നിട്ട മൂന്നു വർഷത്തിനിടെ ഇത് വർധിച്ചിട്ടുള്ളതല്ലാതെ, കുറവുണ്ടായിട്ടില്ല. പട്ടിണിമൂലമുള്ള ശിശുമരണവും വർധിക്കുകയാണ്. അഞ്ച് വയസിൽ താഴെയുള്ള 29,000 കുട്ടികൾ പട്ടിണിക്കിരയായി മരണമടയുമ്പോൾ പ്രതിവർഷം 100 കോടി ടണ്ണിലധികം ഭക്ഷ്യധാന്യങ്ങളാണ് അതിസമ്പന്ന വർഗവും സമ്പന്ന വർഗവും ചേർന്ന് പാഴാക്കിക്കളയുന്നതെന്ന വൈരുധ്യവും നാം ശ്രദ്ധിക്കേണ്ടതാണ്. മൊത്തം 925 ദശലക്ഷം പേർ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തപ്പോഴാണ് ഈ പ്രതിഭാസം. 2050 ആകുമ്പോഴേക്ക് ലോക ജനസംഖ്യ 900 കോടിയിലേറെയാകുമെന്നാണ് ഏകദേശ കണക്ക്. അതേ അവസരം കാലാവസ്ഥാവ്യതിയാനത്തെ തുടർന്ന് കൃഷിഭൂമിയും വാസയോഗ്യമായ ഭൂമിയും അനുദിനമെന്നോണം കുറഞ്ഞുവരുന്നൊരു കാലഘട്ടത്തിൽ ദാരിദ്ര്യനിർമാർജനം പോയിട്ട് പട്ടിണിമരണം ഒഴിവാക്കാൻപോലും കഴിയാത്തൊരു സ്ഥിതിവിശേഷത്തിലാണ് നാം ജീവിക്കുന്നതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.