January 29, 2023 Sunday

Related news

January 20, 2023
January 14, 2023
January 9, 2023
January 5, 2023
December 31, 2022
December 29, 2022
December 24, 2022
December 24, 2022
December 24, 2022
December 23, 2022

ഇന്ത്യക്ക് ആവശ്യം ആരോഗ്യസംരക്ഷണ രംഗത്തെ വിപ്ലവം

ഹരിഹർ സ്വരൂപ്
October 10, 2022 5:45 am

മഹാമാരി സ്വപ്നം കണ്ട ഒരു എഴുത്തുകാരൻ പരിഭ്രാന്തനായി ഞെട്ടിയുണർന്നു. ക്ഷയരോഗം, മസ്തിഷ്കജ്വരം, പോളിയോ, കടുത്ത പോഷകാഹാരക്കുറവ്, വയറിളക്കം എന്നിവയാൽ ബുദ്ധിമുട്ടുന്ന കുട്ടികൾ നിറഞ്ഞ ഒരു ശിശുരോഗ വാർഡിൽ നിസ്സഹായനായി നില്ക്കുന്ന ഒരു യുവ ഡോക്ടറായിരുന്നു അദ്ദേഹമപ്പോള്‍. പക്ഷെ അത് ദുഃസ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശ്വാസമായി. ഇന്ന് സാഹചര്യം മാറിയിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളില്‍ ദ്രുതഗതിയിലുള്ള പുരോഗതി നാം കൈവരിച്ചു. വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥയും താരതമ്യേന ആരോഗ്യമുള്ള യുവജനങ്ങളും കൊണ്ട് ഇപ്പോൾ നമ്മള്‍ അനുഗൃഹീതരാണ്. എന്നിട്ടും കോവിഡ്-19 മഹാമാരി ഗുരുതര പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള നമ്മുടെ കഴിവിനെ മന്ദഗതിയിലാക്കി. ഉയര്‍ന്ന നേതൃത്വവും സജീവമായ സാമൂഹിക പങ്കാളിത്തവും കൊണ്ട്, പിപിഇ, വെന്റിലേറ്ററുകൾ, ആശുപത്രിക്കിടക്കകള്‍ എന്നിവയുടെ കാര്യത്തിൽ നാം സ്വയംപര്യാപ്തരായി. സ്വതന്ത്ര ഇന്ത്യക്ക് 100 തികയുമ്പോള്‍ കോവിഡ് മഹാമാരിയെ ജനം പേടിസ്വപ്നമായി ഓര്‍മ്മിക്കാനിടയുണ്ട്. ഇനിയും പുതിയ വെല്ലുവിളികൾ നമ്മെ കാത്തിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം, ജനങ്ങളുടെ വർധിച്ചുവരുന്ന ഉപഭോഗം, വിഭവങ്ങളുടെ അമിത ചൂഷണം എന്നിവ.

എന്നാല്‍ ഏറ്റവും വലിയ വെല്ലുവിളി ആരോഗ്യമാണ്. സാംക്രമികേതര രോഗങ്ങളുടെയും അർബുദങ്ങളുടെയും ആഘാതം മൂലമുള്ള മരണങ്ങളുടെയും കേന്ദ്രമായി ഇന്ത്യ മാറുമെന്ന് പ്രവചിക്കപ്പെടുന്നു. 1.35 ദശലക്ഷം ജനങ്ങളുള്ള രാജ്യമെന്ന നിലയില്‍ വെല്ലുവിളികൾ വളരെ വലുതാണ്. താരതമ്യേന അപര്യാപ്തമായ പൊതുജനാരോഗ്യ സംവിധാനവും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വലിയ അന്തരവും വെല്ലുവിളിയുടെ ശക്തി കൂട്ടും. എങ്കിലും കാല്‍ നൂറ്റാണ്ടിനപ്പുറം നമ്മുടെ ആരോഗ്യരംഗത്തെ മാനുഷികമായും കാര്യക്ഷമമായും ആവശ്യമായ രീതിയിലും കൈകാര്യം ചെയ്യാനാകുമെങ്കില്‍ അത് അസൂയാവഹമായിരിക്കും. ഇന്ത്യയെ ആരോഗ്യരംഗത്ത് ലോകനേതൃത്വത്തിലെത്തിക്കാനുള്ള വിപ്ലവമാണ് ഇന്നിന്റെ ആവശ്യം. നാം ഇപ്പോൾ പ്രവർത്തിക്കുകയാണെങ്കിൽ അടുത്ത 25 വർഷം ആരോഗ്യ സൂചികകളിൽ വലിയ മാറ്റത്തിന് സാക്ഷ്യം വഹിക്കും. ഇതിനായി, ഒരു സമൂഹമെന്ന നിലയിലും ഒരു രാഷ്ട്രമെന്ന നിലയിലും സഹകരിക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും വേണം.


ഇതുകൂടി വായിക്കൂ: ദീര്‍ഘകാല കോവിഡ് ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണം


കോളജുകളിലെ മെഡിക്കൽ അസോസിയേഷൻ, ലബോറട്ടറികളിലെ ലൈഫ് സയൻസ് ഗവേഷണം, സർക്കാർ ആശുപത്രികളിലെ പൊതുജനാരോഗ്യം എന്നിവയെ 2020ലെ ദേശീയ ആരോഗ്യ നയമനുസരിച്ച് സംയോജിപ്പിക്കുക, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ച നടപടികള്‍ എന്നിവ ഏറ്റവും പ്രധാനമാണ്. എങ്കില്‍ ഇന്ത്യ@100 പൊതുജനാരോഗ്യം, വിദ്യാഭ്യാസം, ഗവേഷണം എന്നിവ എണ്ണയിട്ട യന്ത്രം പോലെ സുഗമമായി പ്രവര്‍ത്തിക്കുന്നത് കാണാം. മെഡിക്കൽ വിദ്യാഭ്യാസം ഇന്ന് നിരവധി വെല്ലുവിളികൾ നേരിടുന്നു. കൂണുപോലെ മുളച്ചുവരുന്ന മെഡിക്കൽ, നഴ്സിങ്, ആയുഷ് കോളജുകൾ, സമർപ്പിതരായ ഫാക്കൽറ്റികളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഏറ്റവും നിർണായകമായത്. വിദ്യാർത്ഥികളിലേക്ക് വേഗത്തിലും ഫലപ്രദമായും ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാഭ്യാസമെത്തിച്ച് ഈ പോരായ്മകള്‍ മറികടക്കാൻ കഴിയും. സംയോജിത കോഴ്സുകളിലൂടെയും പാരാ-മെഡിക്കൽ, നഴ്സിങ് ജീവനക്കാരുടെ ബൃഹത്തായ ശൃംഖല സൃഷ്ടിക്കുന്നതിലൂടെയും നമുക്ക് മെഡിക്കൽ വിദ്യാഭ്യാസത്തെ ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ ആവശ്യങ്ങളുമായി ബന്ധിപ്പിക്കാനാകും. പരിശീലനം ലഭിച്ചവര്‍ക്ക് മതിയായ പ്രതിഫലം നല്കി മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയെന്നതും പ്രധാനമാണ്.

നവീനമാര്‍ഗങ്ങളുപയോഗിച്ച് വിദ്യാർത്ഥികളുടെ ആവശ്യങ്ങളും നിറവേറ്റേണ്ടതുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഫാക്കൽറ്റികൾക്കൊപ്പം പിജി വിദ്യാര്‍ത്ഥികള്‍ക്ക് റസിഡൻസി പ്രോഗ്രാം വിപുലീകരിക്കാവുന്നതാണ്. ഇത് പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും വിദ്യാർത്ഥികളുടെ ആവശ്യം നിറവേറ്റുകയും ചെയ്യും. ഇത് വിദഗ്ധരുടെ ശൃംഖല വർധിപ്പിക്കുകയും സർവകലാശാലകൾ കൂടുതല്‍ അനുബന്ധ ഫാക്കൽറ്റികളെ പരിശീലിപ്പിക്കുകയും ചെയ്യും. വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള ലേണിങ് മാനേജ്മെന്റ് സിസ്റ്റം രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് തുല്യമായ അവസരങ്ങൾ പ്രദാനം ചെയ്യും. വിദ്യാർത്ഥികൾക്ക് സമയത്തും വേഗത്തിലും അറിവ് ലഭ്യമാകും. ജോയിന്റ് ഡിഗ്രി അല്ലെങ്കിൽ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾക്കായി അന്താരാഷ്ട്ര സർവകലാശാലകളുമായുള്ള സഹകരണം ഇന്ന് ലഭ്യമായ വലിയ അവസരമാണ്. യുവജനസംഖ്യ കൂടുതലുള്ള ഇന്ത്യക്ക് ആരോഗ്യ പരിപാലന ഉദ്യോഗസ്ഥരുടെ ലോകദാതാവായി മാറാൻ കഴിയും. എന്‍ജിനീയറിങ്ങിനും മെഡിസിനും ഇടയിലുള്ള രേഖ നേര്‍ത്തു വരുന്നതാണ് മറ്റൊരു മാറ്റം. എന്‍ജിനീയറിങ്, സയൻസ് സ്ഥാപനങ്ങൾ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുമ്പോൾ, വികസനത്തിന് കൂടുതൽ സമയമെടുക്കുന്നു. എന്നാല്‍ വൈദ്യശാസ്ത്ര സർവകലാശാലകൾക്ക് ഡാറ്റാ സയൻസ്, കമ്പ്യൂട്ടിങ് ടൂളുകൾ, ഡിസൈൻ സ്കൂളുകളിൽ നിന്നുള്ള ഇൻപുട്ടുകൾ എന്നിവ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ കഴിയും. അങ്ങനെ, ഇന്ത്യ@100 ഒരു മേൽക്കൂരയിൽ ഒന്നിലധികം ബിരുദങ്ങൾ നല്കുന്നതിന് പര്യാപ്തമാകുമെന്ന് പ്രത്യാശിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.