23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 21, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 27, 2024

പലസ്തീന്‍ ജനതയുടെ അറുതിയില്ലാത്ത ദുരിതം

കെ ദിലീപ്
നമുക്ക് ചുറ്റും
October 11, 2023 4:00 am

ഹമാസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന “ഹറാക്ക് അല്‍‍ മഖ്യാ അല്‍ ഇസ്ലാമിയ” (ഇസ്ലാമിക് റസിസ്റ്റന്റ്സ് മൂവ്മെന്റ്)യുടെ വേരുകള്‍ 1928ല്‍ ഈജിപ്റ്റില്‍ സ്ഥാപിതമായ മുസ്ലിം ബ്രദര്‍ഹുഡിലാണ് എത്തിച്ചേരുന്നത്. ഈജിപ്റ്റിലെ മതനിരപേക്ഷ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ഒരു മതസംഘടനയാണ് ഇസ്ലാമിക് ബ്രദര്‍ഹുഡ്. മതനിരപേക്ഷ നിലപാടുകളെയും സോഷ്യലിസ്റ്റ് വ്യവസ്ഥയെയും ദേശീയതയെയും തള്ളിക്കൊണ്ട് തീവ്ര മതനിലപാടുകള്‍ സ്വീകരിച്ച സംഘടന 1945ല്‍ ജറുസലേമില്‍ ആദ്യ ശാഖ സ്ഥാപിച്ചുകൊണ്ട് പലസ്തീനില്‍ സജീവമായി. എന്നാല്‍ 1967ല്‍ പലസ്തീന്‍ ഭൂപ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചടക്കിയപ്പോള്‍ സംഘടന ചെറുത്തുനില്പുകളുമായി സഹകരിച്ചില്ല. അവര്‍ സാമൂഹ്യ‑മത മേഖലകളിലെ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധിച്ചത്. എന്നാല്‍ 1980കളില്‍ അഹമ്മദ് യാസിന്‍ ഗാസയിലെ ഇസ്ലാമിക് ബ്രദര്‍ഹുഡിന്റെ നേതാവായി ഉയര്‍ന്നുവന്നപ്പോള്‍ അവര്‍ രാഷ്ട്രീയ വിഷയങ്ങളിലിടപെട്ടു തുടങ്ങി. 1973ല്‍ യാസിന്‍ ഇസ്ലാമിക് സെന്റര്‍ എന്ന ജീവകാരുണ്യ പ്രസ്ഥാനം ഗാസയില്‍ ആരംഭിച്ചു. യാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് ഇസ്രയേല്‍ ആണെന്ന വസ്തുത ഇന്ന് പലരും മറന്നതായി നടിക്കുന്നു. അഫ്ഗാനിസ്ഥാനില്‍ ഡോ. നജീബുള്ളയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന സോഷ്യലിസ്റ്റ് മതനിരപേക്ഷ സര്‍ക്കാര്‍, ആ രാജ്യത്തെ പുരോഗതിയിലേക്കും സാമൂഹ്യ സമത്വത്തിലേക്കും നയിച്ചപ്പോള്‍, താലിബാന്‍ എന്ന മതഭീകര സംഘടനയ്ക്ക് ആളും അര്‍ത്ഥവും നല്‍കി, അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ സര്‍ക്കാരിനെ മതഭീകരവാദികളെ ഉപയോഗിച്ച് അട്ടിമറിച്ചത് അമേരിക്കന്‍ സര്‍ക്കാരാണ്.

സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് പ്രസിഡന്റ് ഡോ. നജീബുള്ളയെ കൊലപ്പെടുത്തി. തെരുവില്‍ ഭൗതിക ശരീരം വലിച്ചിഴച്ച അതേ താലിബാന്‍ തന്നെയാണ് 2001 സെപ്റ്റംബര്‍ 11ന് ലോകത്തെ ഞെട്ടിച്ച വ്യോമാക്രമണം അമേരിക്കയില്‍ നടത്തിയത്. അതേ അനുഭവം തന്നെയാണ് ഹമാസിന് എല്ലാ പിന്തുണയും നല്‍കിയ ഇസ്രയേലും നേരിടുന്നത്. ഇസ്രയേല്‍ എന്തിന് 1970കളില്‍ ഹമാസ് എന്ന തീവ്ര മതസംഘടനയ്ക്ക് പലസ്തീനില്‍ വളരുവാന്‍ അവസരമൊരുക്കി? ഈ ചോദ്യത്തിന് ഉത്തരം കാണാന്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ, പലസ്തീനിലെ എക്കാലത്തെയും വലിയ നേതാവായ പലസ്തീന്‍ ജനതയുടെ ജന്മനാട്ടിലെ അവകാശത്തിനായി സാമൂഹ്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കായി നിരന്തരം പൊരുതിയ, ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തായിരുന്ന യാസര്‍ അറഫാത്ത് എന്ന പലസ്തീന്‍ ജനനായകനെ കുറിച്ചറിയണം. ഈജിപ്റ്റില്‍ പലസ്തീനിയന്‍ കുടുംബത്തില്‍ ജനിച്ച അറഫാത്ത് കെയ്‌റോ യൂണിവേഴ്‌സിറ്റിയിലെ പഠനശേഷം 1948ല്‍ ഇസ്രയേല്‍ എന്ന സിയോണിസ്റ്റ് രാജ്യം പശ്ചിമേഷ്യയുടെ മണ്ണില്‍ സ്ഥാപിക്കുന്നതിനെതിരായി അറബ് രാജ്യങ്ങള്‍ നടത്തിയ പരാജയപ്പെട്ട യുദ്ധത്തില്‍ പങ്കെടുത്തശേഷം തിരിച്ച് കെയ്‌റോയിലെത്തി. പലസ്തീനിയന്‍ വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ പ്രസിഡന്റായി 1952 മുതല്‍ 66 വരെ പ്രവര്‍ത്തിച്ചു. 1950കളില്‍ ഫതാ എന്ന പേരില്‍ ജനാധിപത്യപരമായ സമരങ്ങളിലൂടെ പലസ്തീനില്‍ ഇസ്രയേല്‍ നടത്തിയ അധിനിവേശത്തിനെതിരെ പോരാട്ടമാരംഭിച്ചു. 1967ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനെെസേഷനില്‍ ചേര്‍ന്ന അറഫാത്ത് പലസ്തീന്‍ ദേശീയ കൗണ്‍സില്‍ പ്രസിഡന്റായി.


ഇതുകൂടി വായിക്കൂ: എന്നിട്ടും തുടരുന്ന യുദ്ധക്കൊതി


വിവിധ അറബ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പിഎല്‍ഒ നടത്തിയ പോരാട്ടം ഒടുവില്‍ ഇസ്രയേലിനെ പിഎല്‍‍ഒയുമായുള്ള ചര്‍ച്ചകള്‍ക്ക് നിര്‍ബന്ധിതമാക്കി. 1988ല്‍ ഇസ്രയേലിന്റെ നിലനില്പ് അംഗീകരിച്ചുകൊണ്ട് രണ്ട് രാജ്യങ്ങള്‍, പലസ്തീനും ഇസ്രയേലും എന്ന നിലപാടില്‍ പിഎല്‍ഒ എത്തിച്ചേര്‍ന്നു. 1994ല്‍ ഗാസയില്‍ തിരിച്ചെത്തിയ അറഫാത്ത് പലസ്തീന്‍ പ്രവിശ്യകളില്‍ സ്വയംഭരണത്തിനായി പ്രവര്‍ത്തിച്ചു. 1991ല്‍ മാഡ്രിഡിലും 93ല്‍ ഓസ്‌ലോയിലും 2000ത്തില്‍ ക്യാമ്പ് ഡേവിഡിലും നടന്ന ചര്‍ച്ചകള്‍ പലസ്തീന്‍ സ്വയംഭരണത്തിന് പദ്ധതികള്‍ രൂപീകരിച്ചുവെങ്കിലും ഫതാ പാര്‍ട്ടിയുടെ ജനപിന്തുണ ഇല്ലാതായി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളാണുണ്ടായിരുന്നത്. ഒന്ന്, ഹമാസ് എന്ന തീവ്ര മതസംഘടനയുടെ വളര്‍ച്ച. രണ്ട്, ഫതാ പാര്‍ട്ടിയില്‍ വളര്‍ന്നുവന്ന അഴിമതി. അറഫാത്ത് 2004ല്‍ അദ്ദേഹത്തിന്റെ ഹെഡ്‌ക്വാര്‍ട്ടേഴ്സ് ആയ റാമുള്ളയില്‍ ഇസ്രയേലി സെെന്യത്താല്‍ വളയപ്പെട്ട് രണ്ട് വര്‍ഷത്തോളം കഴിയേണ്ടിവരികയും അവിടെവച്ച് മരണപ്പെടുകയും ചെയ്തതോടെ ഹമാസ് പലസ്തീന്‍ രാഷ്ട്രീയത്തിലെ ഒന്നാം ശക്തിയായി മാറി. ഈ ചരിത്രവസ്തുതകള്‍ വിലയിരുത്തി മാത്രമേ നമുക്ക് ഇന്നത്തെ പലസ്തീന്‍-ഇസ്രയേല്‍ യുദ്ധം വിലയിരുത്തുവാന്‍ സാധിക്കുകയുള്ളു. ഇന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ വര്‍ഷിക്കുന്ന ഹമാസ് എന്ന മതതീവ്ര സംഘടനയ്ക്ക് 1970ല്‍ സാമ്പത്തിക സഹായം നല്‍കി എന്തിനാണ് ഇസ്രയേല്‍ വളര്‍ത്തിയത്? 80കളില്‍ ഗാസയിലെ ഇസ്രയേലിന്റെ ബ്രിഗേഡിയര്‍ ജനറലായിരുന്ന ഇസ്‌ഹാക്ക് ഡെഗേവ് ന്യൂയോര്‍ക്ക് ടെെംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത് പിഎല്‍ഒ എന്ന മതനിരപേക്ഷ ഇടതുപക്ഷ സംഘടനയുടെയും ഫതാ പാര്‍ട്ടിയുടെയും പലസ്തീനിലെ വളര്‍ച്ചയ്ക്ക് തടയിടാനാണ് 70കള്‍ മുതല്‍ ഹമാസ് എന്ന മതതീവ്ര സംഘടനയ്ക്ക് ഇസ്രയേല്‍ സഹായം നല്‍കിയത് എന്നാണ്. യാസര്‍ അറഫാത്ത് എന്ന നേതാവിന്റെ ശക്തി നശിപ്പിക്കുക എന്ന ഉദ്ദേശ്യവും പ്രധാനമായിരുന്നുവെന്നും ‘ഹമാസ്’ ഇസ്രയേലിന്റെ സൃഷ്ടിയാണെന്നും സെഗേവ് സമ്മതിക്കുന്നു.

ഇസ്രയേലി സര്‍ക്കാര്‍ പള്ളികള്‍ക്ക് നല്‍കാന്‍ ബജറ്റ് വിഹിതം അനുവദിച്ചിരുന്നുവെന്നും സെഗേവ് വെളിപ്പെടുത്തി. അവ്‌നര്‍ കൊഹേന്‍ എന്ന മറ്റൊരു ഇസ്രയേലി ഉദ്യോഗസ്ഥന്‍ 2009ല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിന് നല്‍കിയ അഭിമുഖത്തില്‍ 1980കളില്‍ 20 വര്‍ഷത്തോളം ഗാസയില്‍ പ്രവര്‍ത്തിച്ച കൊഹേന്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് പലസ്തീനിലെ മതനിരപേക്ഷ ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനായി നല്‍കുന്ന ധനസഹായം നിര്‍ത്തണമെന്ന് എഴുതിയിരുന്നതായും പറയുന്നു. എന്നാല്‍ സമചിത്തതയോടെയുള ഇത്തരം ഉപദേശങ്ങള്‍ക്ക് ഒരു ഫലവുമുണ്ടായില്ല. 2009, 12, 14 വര്‍ഷങ്ങളില്‍ ഇസ്രയേലിന് അവര്‍ തന്നെ വളര്‍ത്തിയ ഹമാസിനെതിരെ യുദ്ധം ചെയ്യേണ്ടിവന്നു. 2500ലധികം നിരപരാധികളായ പലസ്തീനിയന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടു. അതിലുമധികം ഇസ്രയേലി പൗരന്മാര്‍ ഹമാസിന്റെ ആയുധങ്ങള്‍ക്കിരയായി. ഡേവിഡ് ഹെക്കാം എന്ന ഇസ്രയേലി സെെനിക വിദഗ്ധന്‍ ഏറ്റുപറഞ്ഞത് ‘സംഭവപരമ്പരകള്‍ നോക്കിയാല്‍ നമ്മള്‍ കാണിച്ചത് അബദ്ധമായിരുന്നു, ആ സമയത്ത് ആരും വരാന്‍ പോവുന്നതെന്താണെന്ന് ആലോചിച്ചില്ല’ എന്നാണ്. നിരപരാധികളായ മനുഷ്യര്‍ ഗാസയിലും ഇസ്രയേലിലുമൊക്കെ മരിച്ചുവീഴുകയാണ്. കൊറിയയിലും വിയറ്റ്നാമിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമൊക്കെ ഇതുപോലെ നാപ്പാം ബോംബുകള്‍ക്കും യന്ത്രത്തോക്കുകള്‍ക്കും ഇരയായത് സമാധാനവും സ്വെെരജീവിതവും കാംക്ഷിച്ച നിരപരാധികളായ മനുഷ്യലക്ഷങ്ങളാണ്. അവര്‍ ചെയ്ത ഏകാപരാധം ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യസമത്വത്തിലും അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കണമെന്ന് തീരുമാനിച്ചതാണ്. അലന്‍ഡെയെയും ചെഗുവേരയെയും നെരൂദയെയും മാര്‍ട്ടിന്‍ ലൂഥര്‍കിങ്ങിനെയും ഡോ. നജീബുള്ളയെയും യാസര്‍ അറഫാത്തിനെയും സദ്ദാം ഹുസെെനെയും ഒക്കെ മറന്നുകൊണ്ട് ഇന്ന് ലോകത്താകെ വളര്‍ന്നുവരുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് സംസാരിക്കാനാവില്ല. ഇല്ലാത്ത അഴിമതിക്കഥകളും രാസായുധങ്ങളും ചേര്‍ത്തുവച്ച് ലോകത്തെ കൊലക്കളമാക്കി മാറ്റുന്നത് മുതലാളിത്തത്തിന്റെ സന്തതികളായ കോര്‍പറേറ്റുകളുടെയും അവരുടെ പിണിയാളുകളായ തീവ്ര വലതുപക്ഷ സര്‍ക്കാരുകളുടെയും അധികാരത്തോടും ധനത്തോടുമുള്ള ഒടുങ്ങാത്ത ആര്‍ത്തി മാത്രമാണ്. ഈ ആര്‍ത്തി മനുഷ്യരാശിയെ എത്തിച്ചിരിക്കുന്നത് തിരിച്ചുകയറാനാവാത്ത നാശത്തിന്റെ പടുകുഴിയിലേക്കും. ആയുധങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കുമായി വീണ്ടുവിചാരമില്ലാത്ത കോര്‍പറേറ്റുകള്‍ നയിക്കുന്ന തീവ്ര വലതുപക്ഷ സര്‍ക്കാരുകള്‍ ചെലവഴിക്കുന്ന അതിരറ്റ ധനത്തിന്റെ നൂറിലൊരംശം ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനും പൊതുആരോഗ്യത്തിനും പൊതു വിദ്യാഭ്യാസത്തിനുമായി മാറ്റിവച്ചിരുന്നുവെങ്കില്‍ ഈ ലോകം എത്ര സുന്ദരവും സന്തുഷ്ടവുമായി മാറുമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.