29 June 2024, Saturday
KSFE Galaxy Chits

Related news

June 14, 2024
June 12, 2024
June 8, 2024
June 3, 2024
June 3, 2024
May 24, 2024
May 16, 2024
May 13, 2024
May 9, 2024
May 6, 2024

മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാരം തേടി സുപ്രീം കോടതിയിൽ‍

Janayugom Webdesk
ന്യൂഡൽഹി
September 22, 2021 12:14 pm

കോളിളക്കം സൃഷ്ടിച്ച ഐഎസ്ആർഒ ചാരക്കേസിലെ മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ. നിയമവിരുദ്ധമായി തടങ്കിൽ പാർപ്പിച്ചതിനടക്കം രണ്ട് കോടി രൂപ വീതം അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കിത്തരണമെന്നാണ് ഇരുവരുടെയും ആവശ്യം. കള്ളക്കേസ് ചുമത്തി ജയിലടച്ചിട്ട വിഖ്യാത ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം വിധിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മറിയം റഷീദയും ഫൗസിയ ഹസനും ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന സിബിഐ മുഖേന സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

മൂന്നര വർഷത്തോളം വിചാരണയില്ലാതെയാണ് ജയിലിൽ കിടക്കേണ്ടിവന്നത്. തുടർന്നുള്ള ജീവിതം വഴിമുട്ടിയതായിരുന്നു. സിബി മാത്യൂസ് ഉൾപ്പെടെ അന്ന് കേസന്വേഷിച്ച 18 ഉദ്യോഗസ്ഥരിൽ നിന്നായി തങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക കണ്ടെത്തണം. തങ്ങളിരുവരെയും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരെയും കള്ളക്കേസിൽ കുടുക്കിയതുവഴി ഈ ഉദ്യോഗസ്ഥർ കോടികളാണ് സമ്പാദിച്ചത്. ഇക്കാര്യവും അന്വേഷിക്കണമെന്നും മറിയവും ഫൗസിയയും നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു.

 


ഇതുകൂടി വായിക്കൂ: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്: സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം


 

അന്വേഷണത്തിനിടെ ലോഡ്ജ് മുറിയിൽവച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ച കുറ്റത്തിന് ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം കേസെടുക്കണമെന്ന ഹർജിയും മറിയം റഷീദ നൽകിയിട്ടുണ്ട്. കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു വിജയൻ. ഇയാൾക്കുള്ള വ്യക്തിവൈരാഗ്യമാണ് ചാരക്കേസിന് പിന്നിലെന്നും ഇതേക്കുറിച്ചും അന്വേഷണം വേണമെന്നും മറിയം റഷീദയുടെ പ്രത്യേക അപേക്ഷയിലും പറയുന്നു. ഇരുവരുടെയും സുപ്രീം കോടതിയിലെ നിയമപോരാട്ടം ഐഎസ്ആർഒ ചാരക്കേസിന്റെ ഗൂഢാലാചനയുടെ കൂടുതൽ ചുരുളഴിയിക്കുമെന്ന കണക്കുകൂട്ടലിലാണ് സിബിഐ. നിലവിൽ സിബിഐയുടെ കസ്റ്റഡിയിലുള്ള പ്രതികൾക്കോ സാക്ഷികൾക്കോ എന്തെങ്കിലും പുതിയ വിവരങ്ങൾ അന്വേഷണസംഘത്തെ അറിയിക്കാവുന്നതാണെന്ന് സുപ്രീം കോടതി നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. ഈ ഘട്ടത്തിലാണ് സിബിഐ മുഖാന്തിരം ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹസനും നഷ്ടപരിഹാര ഹർജിയുമായി കോടതിയിലെത്തിയിരിക്കുന്നത്.

1994 ഒക്ടോബർ 20നാണ് ചാരപ്രവർത്തനം സംശയിച്ചു മാലദ്വീപ് വനിത മറിയം റഷീദയെ തിരുവനന്തപുരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 30ന് നമ്പി നാരായണനെയും 94 നവംബർ 13ന് ബംഗളുരുവിൽ നിന്ന് ഫൗസിയ ഹസനെയും അറസ്റ്റുചെയ്തതോടെയാണ് ഐഎസ്ആർഒ ചാരക്കേസ് കുപ്രസിദ്ധിയാർജ്ജിക്കുന്നത്. തിരുവനന്തപുരം ഐഎസ്ആർഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ)യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. 1996 മെയ് ഒന്നിനാണ് കേസ് അടിസ്ഥാനമില്ലാത്തതാണെന്നും പ്രതികളായി കസ്റ്റഡിയിൽ വച്ചിരിക്കുന്നവരെ നിരുപാധികം വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ റിപ്പോർട്ട് നൽകുന്നത്. മെയ് രണ്ടിന് പ്രതികളെ വിട്ടയയ്ക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു.

 


ഇതുകൂടി വായിക്കൂ: ഐഎസ്ആർഒ ചാരക്കേസിന് പിന്നിൽ ഐഎസ്ഐയെന്ന് സിബിഐ


 

ചാരക്കേസിൽ പ്രതിയാക്കി പീഡിപ്പിച്ചതിന് നമ്പി നാരായണന് നഷ്ടപരിഹാരം നൽ‍കാനുള്ള തീരുമാനം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും 2012 സെപ്റ്റംബർ ഏഴിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അത് ശരിവച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ച ഇടക്കാല നഷ്ടപരിഹാരം 10 ലക്ഷം രൂപ അനുവദിക്കപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ ഹൈക്കോടതിയെയും പിന്നീട് സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. 2018 സെപ്റ്റംബർ 14നാണ് കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സംസ്ഥാന സർക്കാർ 50 ലക്ഷം രൂര നമ്പി നാരായണന് നഷ്ടപരിഹാരത്തുക നൽകണമെന്നും സുപ്രിം കോടതി വിധി പ്രഖ്യാപിച്ചത്. 2018 ഒക്ടോബർ 18ന് സംസ്ഥാന സർക്കാർ ആ തുക പൂർണമായും നൽകി സുപ്രീം കോടതി വിധി പാലിക്കുകയും ചെയ്തു.

 

Eng­lish Sum­ma­ry: Mari­am Rashee­da and Fouzia Has­san in the Supreme Court seek­ing compensation

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.