25 December 2024, Wednesday
KSFE Galaxy Chits Banner 2

പലരാമായണങ്ങളുണ്ടെന്നത് പകല്‍ പോലെ സത്യം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ തത്വമനനം 3
July 19, 2023 8:13 am

ദൈവത്തിന് പല പേരുകളുണ്ടെന്നു പറയുന്നതു കേട്ടാല്‍ അസ്വസ്ഥരാകുന്ന ഏകദൈവ വാദികളുണ്ട്. ഇതുപോലെ നിരവധി രാമായണങ്ങളുണ്ടെന്നു കേട്ടാല്‍ ഇഞ്ചിതിന്ന കുരങ്ങിനെപ്പോലെ ചീറിയാര്‍ക്കുന്ന ബജ്‌രംഗ പ്രകൃതരും ഉണ്ട്. ഇത്തരക്കാരാണ് ഡോ. രാമാനുജത്തിന്റെ ‘മുന്നൂറു രാമായണങ്ങള്‍’ എന്ന ഗവേഷണ ഗ്രന്ഥത്തിനു നേരെ ചീറിച്ചാടിയത്. പലമക്കെതിരെ അഥവാ ബഹുസ്വരതയ്ക്കെതിരെ പടയ്ക്കൊരുങ്ങുന്ന ഭ്രാന്തപ്രകൃതരെയാണ് വിശാലബുദ്ധികളായ സജ്ജനങ്ങള്‍ വര്‍ഗീയവാദികള്‍ എന്നും മതരാഷ്ട്രവാദികള്‍ എന്നും വിളിക്കുന്നത്. പല മതങ്ങളുടെ ലോകത്ത് സത്യമായ ഒരേയൊരു മതം തങ്ങളുടേതാണെന്നും, പല ഭാഷകളാല്‍ വൈവിധ്യസുന്ദരമായ ലോകത്ത് ദേവഭാഷ ഞങ്ങളുടെ ഭാഷയാണെന്നും അതാകണം രാഷ്ട്രഭാഷയെന്നും പറഞ്ഞ് കലാപങ്ങള്‍ ഉണ്ടാക്കുന്നവരിലെല്ലാം ഏറിയോ കുറഞ്ഞോ ഒരു വര്‍ഗീയവാദിയും മതരാഷ്ട്ര ഭ്രാന്തനും ഉണ്ട്. ‘അല്ലാഹു അക്ബര്‍’ എന്ന ദൈവസ്തുതി ഉപയോഗിച്ചു ഭീകരവാദം നടത്തുന്നവരും ‘ജയ് ശ്രീറാം’ എന്ന മഹിത മന്ത്രം ഉപയോഗിച്ചു ഭീകരവാദം നടത്തുന്നവരും പേരില്‍ വ്യത്യസ്തരാണെങ്കിലും വേരില്‍ മതവര്‍ഗീയ രാഷ്ട്രീയ ജീവികള്‍ തന്നെയാണ്. ഇത്തരക്കാരുടെ വിഷബാധകളില്‍ നിന്നും ഭക്തജനങ്ങളെയും സദ് ഗ്രന്ഥങ്ങളെയും എന്നല്ല ദൈവ നാമങ്ങളെ തന്നെയും വിമോചിപ്പിച്ചു പരിരക്ഷിക്കേണ്ട ബാധ്യത സമാധാനകാംക്ഷികളും ജനാധിപത്യ മതേതരരുമായവരുടെ ചുമതലയായി തീര്‍ന്നിരിക്കുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്.

 


ഇതുകൂടി വായിക്കൂ; പരം കവീനാമാധാരം


എങ്ങനെ ചിന്തിച്ചാലും ദൈവത്തിനു പേരുകള്‍ ഉണ്ടായതും ദൈവിക‑വേദ ഗ്രന്ഥങ്ങള്‍ സംഭവിച്ചതും ഭൂമിയില്‍ മനുഷ്യ ജീവിതവും ഭാഷകളും ഉണ്ടായതിനു ശേഷം മാത്രമാണെന്ന് ചിത്തഭ്രമം ഇല്ലാത്ത ഏതൊരാള്‍ക്കും ബോധ്യപ്പെടും. ഭൂമിയില്‍ ഭാഷകള്‍ പലതുണ്ട്. അതിനാല്‍ത്തന്നെ ദൈവനാമങ്ങളും പലതുണ്ട്. വേദങ്ങളും പലതുണ്ട്. ഇപ്പറഞ്ഞ സകല വിധത്തിലുളള പലതുകളെയും അഥവാ ബഹുത്വങ്ങളെയും ആദരിക്കലും ആസ്വദിക്കലും പരിപാലിക്കലും കൂടിയാണ് ബഹുസ്വരതയോടും ജനാധിപത്യത്തോടും ഒക്കെ ആത്മാര്‍ത്ഥമായ അനുഭാവമുളള വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ധര്‍മ്മം. ഈ നിലയില്‍ എല്ലാ ഭാഷകളെയും എന്നതുപോലെ സകല ഭാഷകളിലും എഴുതപ്പെട്ട രാമായണങ്ങളെയും ആദരിച്ചും ആസ്വദിച്ചും പരിപാലിച്ചും പോന്ന ഒരു സാഹിതീയ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്നു തെളിഞ്ഞു കാണാം. തുളസീദാസ രാമായണവും ഏകനാഥ രാമായണവും കമ്പ രാമായണവും കൃത്തിവാസ രാമായണവും കണ്ണശ്ശ രാമായണവും എഴുത്തച്ഛന്റെ രാമായണവും ഒക്കെ വിവിധ നാട്ടുഭാഷകളില്‍ വിവിധ നാട്ടുകാര്‍ മുലപ്പാലിനൊപ്പം ഏറ്റുവാങ്ങി കൊണ്ടാടിയ രാമായണങ്ങളാണ്. വാല്മീകി രാമായണമാകട്ടെ സംസ്കൃതം അറിയാവുന്നവരെല്ലാം നെഞ്ചേറ്റുകയും ചെയ്തു.


ഇതുകൂടി വായിക്കൂരാമായണമാസം മാതൃഭാഷാ മഹോത്സവമാ‌ക്കാം


 

രാമായണ സംബന്ധിയായി ഭാഷാപരവും സാഹിത്യപരവുമായ മണ്ഡലങ്ങളില്‍ ഭാരതത്തില്‍ സംഭവിച്ചതും നിലനിന്നു വരുന്നതുമായ സര്‍ഗാത്മകമായ ബഹുസ്വര പ്രവണതകളെക്കുറിച്ചു കാല്‍ക്കഴഞ്ചു പോലും ബോധമില്ലാത്തവരാണ്, ‘മുന്നൂറു രാമായണ’ങ്ങളുണ്ടെന്ന സര്‍വകലാശാലാ പണ്ഡിതന്മാരുടെ ഗവേഷണ നിഗമനങ്ങളെയാണ് ‘ജയ് ശ്രീറാം’ ഘോഷിച്ചു വാള്‍മുനയില്‍ നിര്‍ത്തി നിശബ്ദീകരിക്കാന്‍ ശ്രമിക്കുന്നത്. ‘രാമായണങ്ങള്‍ പലതും കവിവര-\രാമോദമോടു പറഞ്ഞു കേള്‍പ്പുണ്ടു ഞാന്‍” എന്ന് സീതാദേവിയെക്കൊണ്ട് അധ്യാത്മ രാമായണത്തില്‍ തന്നെ സംസ്കൃതത്തില്‍ വ്യാസനും മലയാളത്തില്‍ തുഞ്ചത്താചാര്യനും പറയിപ്പിച്ചിട്ടുണ്ട്. ഈ രാമായണ വാക്യങ്ങള്‍ മനസില്‍പ്പതിഞ്ഞ ഒരു രാമായണ സ്നേഹിക്കും (രാമഭക്തനും) പല രാമായണങ്ങളുണ്ടെന്നു പറയുന്നവര്‍ക്കു നേരെയോ അക്കാര്യം ഗവേഷണംചെയ്തു സമര്‍ത്ഥനം ചെയ്ത പണ്ഡിതര്‍ക്കു നേരെയോ ആക്രോശിച്ചുകൊണ്ട് ആക്രമണം നടത്താനാവില്ല. ബഹുസ്വരതയ്ക്കെതിരായ ഏതൊരു നടപടിയും രാമായണ സാഹിത്യ പാരമ്പര്യത്തിനു വിരുദ്ധമാണ് എന്നു ചുരുക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.