12 April 2024, Friday

ജയ് ഭീം; ശബ്ദമില്ലാത്തവരുടെ ശബ്ദം

കെ കെ ജയേഷ്
November 5, 2021 7:18 pm

‘തപ്പ് പണ്ട്രവര്‍ക്ക് പദവി, പണം, ജാതീന്ന് നിറയെ ഇരുക്ക് സാര്‍’ പാതിക്കപ്പെട്ടവങ്കള്‍ക്ക് നാമ താനെ ഇരുക്കും. . നാമളും എന്ത എക്‌സ്ട്രീമുക്കും പോണം സാര്‍. . ’ ശബ്ദമില്ലാത്ത നിസ്സഹായരായ മനുഷ്യര്‍ക്ക് വേണ്ടിയാണ് അഡ്വക്കറ്റ് ചന്ദ്രുവിന്റെ പോരാട്ടം. പതിവ് കച്ചവട തമിഴ് സിനിമകളില്‍ കാണും പോലെ തലൈവരായി നിന്ന് എതിരാളിയെ തച്ചുടച്ച് ഏകനായി എല്ലാം തകര്‍ത്തെറിയുന്ന വീര നായകനല്ല ചന്ദ്രു. പരിമിതികള്‍ ഏറെയുള്ള, പലപ്പോഴും നിസ്സഹായനാവുന്ന ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ് അയാള്‍. മനുഷ്യനായി പോലും സമൂഹം അംഗീകരിക്കാത്ത പാവങ്ങള്‍ക്ക് നീതിപീഠം മാത്രമാണ് ആശ്രയമെന്ന് ചന്ദ്രു വിശ്വസിക്കുന്നു. പോരാട്ടം നടത്തുന്നതിന് നിയമം തനിക്കൊരു ആയുധമാണെന്ന് അയാള്‍ പറയുന്നു. എന്നാല്‍ പോരാട്ടത്തിനുള്ള ഒരു വഴി മാത്രമാണ് ചന്ദ്രുവിന് കോടതി. കോടതിയില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ തെരുവില്‍ ഇറങ്ങി പോരാടുമെന്ന് വ്യക്തമാക്കുമ്പോഴും മുഖം നഷ്ടപ്പെടുന്ന അധികാര സംവിധാനങ്ങളോടും ഭരണകൂടത്തോടും സാധാരണ മനുഷ്യനായി നിന്നാണ് അയാള്‍ പോരാടുന്നത്.

ദലിത് രാഷ്ട്രീയത്തിന്റെയും ഇടത് രാഷ്ട്രീയത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്ന സിനിമ ഇവയെല്ലാം ഒരുമിച്ച് മുന്നോട്ട് പോകണമെന്നും വ്യക്തമാക്കുന്നു. ഇടതുപക്ഷ പ്രവര്‍ത്തകനായ ചന്ദ്രുവിന്റെ മുറിയില്‍ മാര്‍ക്‌സിന്റെയും അംബേദ്ക്കറുടെയും പെരിയോറിന്റെയും ചിത്രങ്ങളുണ്ട്. മേശപ്പുറത്ത് ലെനിന്റെ പ്രതിമയുമുണ്ട്. ഇതേ സമയം ചില മലയാള സിനിമകളിലേതുപോലെ നെടുങ്കന്‍ ഡലയോഗുകളോ മുദ്രാവാക്യം വിളിയോ കൊണ്ട് ചിത്രത്തെ അലോസരപ്പെടുത്തുന്നില്ല സംവിധായകന്‍. നെഹ്‌റുവും ഗാന്ധിയുമുള്ള വേദിയില്‍ അംബേദ്ക്കര്‍ എവിടെ എന്ന ചോദ്യം സിനിമ ഉന്നയിക്കുന്നു. ഫാസിസ്റ്റുകള്‍ പിടിമുറുക്കിയ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ മാര്‍ക്‌സും ലെനിനും അംബേദ്ക്കറും ഗാന്ധിയും നെഹ്‌റുവുമെല്ലാം ഒന്നിച്ചു ചേരുന്ന സമര പോരാട്ടങ്ങളുടെ പ്രാധാന്യത്തിലേക്ക് സിനിമ വാതില്‍ തുറന്നിടുന്നുമുണ്ട്.

അടിച്ചമര്‍ത്തപ്പെട്ട.. വോട്ട് ചെയ്യാനുള്ള അവകാശം പോലും നിരസിക്കപ്പെടുന്ന നിസ്സഹായരായ മനുഷ്യരുടെ കഥയാണ് ‘ജയ് ഭീം’. വര്‍ത്തമാന കാലത്തിലും തുടരുന്ന ജാതി വിവേചനത്തിന്റെയും ജാതി വെറിയുടെയും നേര്‍ക്കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവരുടെ ചെറുത്തു നില്‍പ്പിന്റെയും അവര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെയും ഉള്ളുലയ്ക്കുന്ന ചലച്ചിത്ര ഭാഷ്യവുമാണിത്. മദ്രാസ് ഹൈക്കോടതി റിട്ട. ജസ്റ്റിസ് കെ ചന്ദ്രുവിന്റെ ജീവിതത്തെ ആസ്പദമാക്കി ടി ജെ ജ്ഞാനവേല്‍ ഒരുക്കിയ ‘ജയ് ഭീം’ സത്യസന്ധമായ ജീവിതക്കാഴ്ചകളുടെ നിറംപിടിപ്പിക്കാത്ത ആവിഷ്‌ക്കാരം കൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

പുതിയ കാലത്തിലെ മാറുന്ന തമിഴ് സിനിമയുടെ മുഖമാണ് ജയ് ഭീം. വെട്രിമാരന്റെ വിസാരണയ്ക്കും അസുരനും മാരി സെല്‍വരാജിന്റെ പരിയേറും പെരുമാളിനും കര്‍ണ്ണനും മഡോണി അശ്വിന്റെ മണ്ടേലയ്ക്കുമെല്ലാം ശേഷം ജാതി വിവേചനത്തിന്റെ ദയനീയതയും മുഖം നഷ്ടപ്പെട്ട അധികാര കേന്ദ്രങ്ങളുടെ ക്രൗര്യവും അസാധാരണമായ കൈയ്യടക്കത്തോടെയാണ് ചിത്രം കാട്ടിത്തരുന്നത്. ജീവിതത്തില്‍ പ്രിയപ്പെട്ടതെല്ലാം നഷ്ടമായ പാ രഞ്ജിത്തിന്റെ കാല ഹരിദാദയെന്ന ഹരിദേവ് അഭയന്‍കറുടെ വീട്ടിലേക്ക് ശാന്തനായി കടന്നുചെല്ലുന്നു. പരിഹസിക്കുന്ന ഹരിദാദയുടെ മുഖത്ത് നോക്കി കാല പറയുന്നു മണ്ണ് ഉങ്കള്ക്ക് അധികാരം… എങ്കള്ക്ക് അത് വാഴ്‌ക്കൈ…

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുള്ള ആരവങ്ങള്‍ക്കിടയിലോ നൃത്തം ചെയ്യുന്ന പെണ്‍പടയ്ക്കിടയിലോ അല്ല കബാലിയില്‍ രജനികാന്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. മറിച്ച് ജയിലില്‍ ഒരു ദലിത് ചിന്തകന്റെ പുസ്തകം വായിക്കുന്ന ശാന്തമായ ഒരു രംഗത്തിലായിരുന്നു. തട്ടുപൊളിപ്പന്‍ മാസ് എന്റര്‍ടെയ്‌നറുകളില്‍ മാത്രം അഭിനയിച്ചിരുന്ന രജനീകാന്തിനെ നായകനാക്കി പാ രഞ്ജിത്ത് സിനിമകളൊരുക്കിയപ്പോള്‍ താരപ്പകിട്ടിനെ കൃത്യമായ കീഴാള രാഷ്ട്രീയ നിലപാട് മറികടക്കുകയായിരുന്നു. ഈ ധാരയിലേക്ക് മറ്റു താരങ്ങളും കണ്ണിചേരുന്ന മനോഹരമായ കാഴ്ചയാണ് ജയ് ഭീമിലും കാണാന്‍ കഴിയുന്നത്. ആദിവാസി വിഭാഗത്തില്‍ പെട്ട ഒരു ഗോത്രത്തിനെതിരായി രാഷ്ട്രീയവും പൊലീസും അധികാരകേന്ദ്രങ്ങളും നടത്തുന്ന അനീതികളെ കോടതി മുറിയില്‍ ചോദ്യം ചെയ്യുമ്പോള്‍ തന്നെ ഒരു ഡോക്യുമെന്ററിയുടെ തലത്തിലേക്ക് മാറാതെ ഒരു ത്രില്ലര്‍ സ്വഭാവം ജയ് ഭീം നിലനിര്‍ത്തുന്നുണ്ട്.

1995 കാലഘട്ടത്തില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സമൂഹത്തില്‍ ആഴത്തില്‍ പിടിമുറുക്കിയ ജാതി ചിന്തയെയും വിവേചനത്തെയും തുറന്നു കാട്ടുന്ന രംഗത്തോടെയാണ് ചിത്രത്തിന്റെ തുടക്കം. ജയില്‍ മോചിതരായി പുറത്തേക്ക് വരുന്ന കുറേ മനുഷ്യരെയും അവരെ കാത്തു നില്‍ക്കുന്ന ബന്ധുക്കളെയും പൊലീസിനെയും കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ജയിലില്‍ നിന്ന് പുറത്തേക്കിറങ്ങുന്നവരോട് പുറത്തുകാത്തു നില്‍ക്കുന്ന പൊലീസുകാര്‍ അവരുടെ ജാതിയെക്കുറിച്ചാണ് ചോദിക്കുന്നത്. താഴ്ന്ന ജാതിയില്‍ പെട്ടവര്‍ മാറ്റിനിര്‍ത്തപ്പെടുകയും മറ്റുള്ളവരെ വിട്ടയയ്ക്കുകയും ചെയ്യുന്നു. സ്‌റ്റേഷനുകളിലെ തെളിയിക്കപ്പെടാത്ത കേസുകള്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് മേല്‍ കെട്ടി വെച്ച് അവരെ വീണ്ടും ജയിലിലേക്ക് തന്നെ അയയ്ക്കുകയാണ്. ഞെട്ടിക്കുന്ന ഈ കാഴ്ചകളില്‍ തുടങ്ങുകയാണ് ജയ് ഭീമിലെ മനുഷ്യാവകാശ ലംഘനങ്ങളുടെ പൊള്ളുന്ന ദൃശ്യങ്ങള്‍.

ഇരുളര്‍ എന്ന ആദിവാസി ഗോത്രത്തില്‍ പെട്ട ദമ്പതികളായ സെന്‍ഗിണി, രാജാകണ്ണ് എന്നിവരുടെ ജീവിതത്തിലേക്കാണ് സിനിമ പിന്നീട് സഞ്ചരിക്കുന്നത്. വേട്ടയാടിയും കൂലിവേല ചെയ്തും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവരുടെ പ്രണയവും ജീവിതവുമെല്ലാം അതീവ മനോഹരമായി ആവിഷ്‌ക്കരിക്കുന്നു. ഒരു മോഷണക്കുറ്റത്തില്‍ കള്ളക്കേസ് ചുമത്തി രാജാ കണ്ണിനെയും ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നതോടെ ഭീകരമായ കാഴ്ചകളിലേക്കാണ് സിനിമയുടെ യാത്ര. ലോക്കപ്പ് മര്‍ദ്ദനങ്ങളുടെ ക്രൂരമായ മുഖം പ്രേക്ഷകനെ ഞെട്ടിപ്പിക്കുക തന്നെ ചെയ്യും. പൊലീസ് കസ്റ്റഡിയില്‍ നിന്ന് രാജാ കണ്ണിനെയും മറ്റു രണ്ടുപേരെയും കാണാതാവുന്നതോടെയാണ് ഒരു ത്രില്ലര്‍ മൂഡിലേക്ക് സിനിമ പ്രവേശിക്കുന്നത്. കാണാതായ രാജാ കണ്ണിനെ കണ്ടുപിടിക്കാനായി പൂര്‍ണ്ണ ഗര്‍ഭിണിയായ സെന്‍ഗിണി മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന അഭിഭാഷകനായ ചന്ദ്രുവിന്റെ സഹായം തേടുന്നു. നീതിക്ക് വേണ്ടി സെന്‍ഗിണിയും ചന്ദ്രുവും നടത്തുന്ന നിയമ പോരാട്ടം കോര്‍ട്ട് റൂം ഡ്രാമയായി സിനിമയെ മാറ്റുമ്പോഴും അതിന്റെ ത്രില്ലര്‍ സ്വഭാവത്തിന് മാറ്റം വരുന്നില്ല. റിയലിസ്റ്റിക് രീതിയില്‍ ഒരുക്കിയ കോടതി മുറിയുടെ ചിത്രീകരണാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.
അഡ്വ. ചന്ദ്രുവായി പക്വതയുടെ പ്രകടനമാണ് സൂര്യയുടേത്. രക്ഷക വേഷമാണെങ്കിലും പ്രമേയത്തിന് മുകളിലേക്കുള്ള മേലാപ്പൊന്നും സൂര്യയുടെ നായകന് സിനിമ നല്‍കുന്നില്ല.

പഞ്ച് ഡയലോഗുകളും താരപ്പകിട്ടുമെല്ലാം ഉണ്ടെങ്കിലും പതിവ് അമാനുഷിക രക്ഷക പരിവേഷങ്ങള്‍ ഈ കഥാപാത്രത്തിന് മേല്‍ ചാര്‍ത്താതിരിക്കാന്‍ സംവിധായകന്‍ ശ്രദ്ധിച്ചിരിക്കുന്നു. ഐ ജി പെരുമാള്‍ സ്വാമിയായെത്തിയ പ്രകാശ് രാജ്, ടീച്ചര്‍ മൈത്രയായെത്തിയ രജിഷ വിജയന്‍ തുടങ്ങിയവര്‍ മികച്ചു നില്‍ക്കുമ്പോഴും രാജാകണ്ണായെത്തുന്ന മണികണ്ഠനും സെന്‍ഗിണിയായെത്തുന്ന ലിജോ മോളുമാണ് ചിത്രത്തിലെ യഥാര്‍ത്ഥ താരങ്ങള്‍. ഇരുള വിഭാഗത്തില്‍ പെട്ട സെന്‍ഗിണിയായി അസാധാരണമായ പ്രകടനമാണ് ലിജോ മോളുടേത്. നോക്കിലും വാക്കിലും ചലനങ്ങളിലുമെല്ലാം അടിമുടി സെന്‍ഗിണിയായുള്ള രൂപാന്തരമാണ് അവരുടേത്. ഭര്‍ത്താവിനൊപ്പമുള്ള പ്രണയ രംഗങ്ങളിലും ജയിലിലെ നിസ്സഹായമായ നിമിഷങ്ങളിലും ചെറുത്തു നില്‍പ്പിന്റെ പടവുകളിലുമെല്ലാം അതിഗംഭീരമാണ് ഈ നടിയുടെ പ്രകടനം. രാജാക്കണ്ണായെത്തുന്ന മണികണ്ഠന്‍ സൂക്ഷ്മമായ ഭാവപ്രകടനങ്ങള്‍ കൊണ്ടാണ് പ്രേക്ഷക ഹൃദയം കീഴടക്കുന്നത്.

പബ്ലിക് പ്രോസിക്യൂട്ടറായി ഗുരു സോമസുന്ദരവും അഡ്വ ശങ്കറായി എം എസ് ഭാസ്‌ക്കറും എസ് ഐ ഗുരുമൂര്‍ത്തിയായി തമിഴും ഇന്‍സ്‌പെക്ടര്‍ ഭാഷ്യമായി രവി വെങ്കിട്ടരാമനും കയ്യടി നേടുന്നു. മൂന്നാറിലെ ചായക്കടക്കാരന്‍ രാജേഷായി മലയാളിയായ ജിജോയ് പി ആര്‍, എസ് പി അശോക് വരദനായി തൊണ്ടി മുതലും ദൃക് സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ് എന്നിവരും ചിത്രത്തിലുണ്ട്. തൊണ്ണൂറുകളുടെ പശ്ചാത്തലം കൃത്യമായൊരുക്കിയ രംഗസജ്ജീകരണവും എസ് ആര്‍ കതിരിന്റെ ക്യാമറാക്കാഴ്ചകളം സീന്‍ റോള്‍ഡന്റെ സംഗീതവും ചിത്രത്തിന് കരുത്താകുന്നു. കസേരിയില്‍ കാലിന്മേല്‍ കാല്‍ കയറ്റിയിരുന്ന് പത്രം വായിക്കുന്ന സെന്‍ഗിണിയുടെയും രാജാക്കണ്ണിന്റെയും മകളായ അല്ലിയുടെ ദൃശ്യത്തിലൂടെ എല്ലാവര്‍ക്കും തുല്യത ലഭിക്കുന്ന ഒരു കാലത്തിന്റെ പ്രതീക്ഷകളിലാണ് ജയ് ഭീമിലെ കാഴ്ചകള്‍ അവസാനിക്കുന്നത്.

ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ജയ് ഭീം. . തീര്‍ച്ചയായും കണ്ടിരിക്കേണ്ട.. ചര്‍ച്ച ചെയ്യപ്പെടേണ്ട കാഴ്ചാനുഭവം.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.