22 December 2024, Sunday
KSFE Galaxy Chits Banner 2

ജനനിബിഡമായ ആത്മഗീതങ്ങൾ

Janayugom Webdesk
January 7, 2024 9:30 am

നനിബിഡമായ ആത്മഗീതങ്ങളാണ് രാധാകൃഷ്ണൻ പെരുമ്പളയുടെ കവിതകൾ. ഓർമ്മ, മറവി, ജനതയുടെ പൊറുതികേടുകൾ — ഇവയിലേക്കുള്ള സങ്കടനോട്ടങ്ങൾ, അതിജീവനേച്ഛകൾ, രാഷ്ട്രീയ നിലപാടുകൾ ഇവ പച്ചയായി ആവിഷ്ക്കരിക്കപ്പെടുന്നു. തത്ക്ഷണ പ്രതികരണങ്ങളിലാണ് ശ്രദ്ധ. രാഷ്ട്രീയ ഭാഷയാണ് ഈ കവിതകളുടെ ആകർഷണം. തികച്ചും ജനകീയമായ കാവ്യ വഴി. സമൂഹത്തിന്റെ ദുഃസ്ഥിതികളെക്കുറിച്ചുള്ള നിശിതപരിശോധനകളാണ ‘സ്വപ്ന ഋതു’ എന്ന സമാഹാരത്തിലെ കവിതകളിൽ.
ആലംബമറ്റ കാലത്തിന്റെ വ്യഥകളിലുലഞ്ഞ കവിയുടെ ആത്മസാക്ഷ്യങ്ങളാണിവ. മഹാമാരി സ്തംഭിപ്പിച്ച കാലത്തിന്റെ സറീയലിസ്റ്റ് ആഖ്യാനമാണ് ‘സ്വപ്ന ഋതു’ എന്ന കവിത.

വൈയക്തികമായ അനുഭവങ്ങളെ സാമൂഹികതയിലേക്ക് ബന്ധിപ്പിച്ച് മാനവികതയുടെ ചെരാതുകൾ കൊളുത്തി വയ്ക്കാൻ ഈ കവി ശ്രമിക്കുന്നു. ലാളിത്യവും പ്രസന്നതയും സംവാദ സ്വഭാവവും ഈ കവിതകൾക്ക് പ്രത്യേക ചൈതന്യം നൽകുന്നു. കവിത രാഷ്ടീയ പ്രതികരണമായി രൂപപ്പെടുത്തുന്നതിന്റെ ഉന്മേഷം ഓരോ വാക്കിലും നിറയുന്നു. രൂപ ശില്പത്തിൽ ശ്രദ്ധാലുവല്ല ഈ കവി. എങ്കിലും, പ്രതിരോധത്തിന്റെയും പ്രതീക്ഷയുടെയും പ്രതികരണത്തിന്റെയും വീര്യം, ബിംബാവലികളിൽ കൊരുത്തിടുന്നുണ്ട്.
ഭൂപടം, കാറ്റിന്റെ ഗതി, മറവിയുടെ രാജ്യം തുടങ്ങിയ കവിതകൾ രാഷ്ട്രീയ ഭാഷയുടെ ചൂടും ചൂരും കൊണ്ട് ശ്രദ്ധേയമാണ്.

ഭൂഗോളം നെടുകെ പിളർന്നു
നിവർത്തുമ്പോൾ
തൊട്ടടുത്തുള്ള നാടുകൾ
മുറിവുകളോടെ
അകറ്റി വരയ്ക്കപ്പെടുന്നു
ചിലർക്ക് പുതിയ വഴികൾ
തുറക്കപ്പെടുന്നു
മറ്റു ചിലരുടെ വഴികൾ
അടഞ്ഞു പോകുന്നു
എന്ന് ‘ഭൂപടം’ എന്ന കവിതയിലെഴുതുന്നു. 

ഓർമ്മകളുടെ ഖനനം ഈ കവിയുടെ ശ്രദ്ധകളിലൊന്നാണ്, ഓർമ്മയെഴുത്ത് ഒരു സാംസ്കാരിക പ്രതിരോധമാണ്. നമ്മുടെ നഷ്ടങ്ങളെ തിരിച്ചറിയാനും, വിപണി കേന്ദ്രിത കാലത്തെ ശരിയായി മനസിലാക്കാനുമുള്ള വഴി, മറവിക്കെതിരെ ഓർമ്മകൾ കൊണ്ടുള്ള പ്രതിരോധം,
എല്ലാം കീഴ്മേൽ മറിഞ്ഞു കിടക്കുന്ന മറവിയുടെ ഈ രാജ്യത്ത് കാണാതായ അടയാളങ്ങൾ തിരയുന്ന കവിയെ കാണാം. ചിലപ്പോഴത് പച്ചയായ ഓർമ്മയെഴുത്താകുന്നു. ഗ്രാമീണതയുടെ വീണ്ടെടുപ്പാകുന്നു.
പൊങ്ങച്ച സംസ്കാരത്തെ ഗ്രാമാനുഭവങ്ങൾ കൊണ്ടു പ്രതിരോധിക്കുന്ന കവിതയാണ് ‘ചക്ക’.
വിപണിയിൽ ചക്ക ഹൈടെക് അവതാരം കൊള്ളുമ്പോൾ, ഗതകാല നാട്ടു ജീവിതത്തിൽ
ബൃഹദ് രൂപിയായ ഈ ഫലം എങ്ങനെയാണ് ജീവനകലയായി പ്രവർത്തിച്ചതെന്ന് ബന്ധങ്ങളെയും കൂട്ടായ്മകളെയും സ്നേഹ രുചികളെയും ഉല്പാദിപ്പിച്ചതെന്ന്, ഈ കവിത ആഖ്യാനം ചെയ്യുന്നു.
കുട്ടിക്കാലത്തെ ഓർമ്മയാണ് പറയുന്നത്, 1970 കളിലെ ഒരു കേരളീയ ഗ്രാമത്തിന്റെ ആത്മകഥയാണീ കവിത. അമ്മ വീട്ടിൽ നിന്ന് ചക്കയും തലയിലേറ്റി നാട്ടിടവഴിയിലൂടെ, ഓരോ വീട്ടുകാരുടെയും കുശലാന്വേഷണങ്ങൾക്ക് മറുപടി പറഞ്ഞ് നീങ്ങുന്ന കുട്ടിയുടെ ചിത്രം, മൺമറഞ്ഞ കാലത്തിന്റെ അനുഭൂതി ചരിത്രമായി ചിലർക്കെങ്കിലും അനുഭവപ്പെടാം.

ചക്ക തലയിൽ വെച്ച്
യാത്രയാക്കുന്നതിനു മുമ്പായി
അമ്മമ്മ അരിച്ചട്ടിണി, ഉണ്ട,
അവിൽ എന്നിങ്ങനെ
അതീവ രുചികരമായ
എന്തെങ്കിലും പലഹാരം
എന്നെക്കൊണ്ട്
വയറു നിറയെ കഴിപ്പിക്കും
എനിക്ക് ചക്കയും പൊറുത്ത്
കുറെ നടക്കാനുള്ളതാണല്ലോ,
വിശന്നു ക്ഷീണമുണ്ടാകാൻ
പാടില്ലല്ലോ… ”

പാളയിൽ കെട്ടിയ ചക്കയുമായി വയൽ വരമ്പിലൂടെ നടന്നു നീങ്ങിയ കുട്ടിയിലൂടെ ഗതകാല കേരള ഗ്രാമത്തിന്റെ ഭക്ഷണ സംസ്കാര ചരിത്രമെഴുതുന്നു കവി.
ഗോത്ര ആദിവാസി ജനവിഭാഗത്തിൽ നിന്ന് പഠിച്ചുയർന്നെത്തുന്ന വിദ്യാർത്ഥികൾ
ഉപരിപഠന കലാ ശാലകളിൽ നേരിടുന്ന അന്യവൽക്കരണത്തെയും അപമാനത്തെയും നിശിതവിമർശനത്തിനു വിധേയമാക്കുന്ന കവിതയാണ് ”കൊറഗത്തീ.’
കൊറഗർ എന്ന ഗോത്ര ജനവിഭാഗം നേരിടുന്ന അവഗണന, കാസർകോട്ടെ, ഗോത്ര ജനതയുടെ വർത്തമാന അവസ്ഥയുമായി ബന്ധപ്പെടുത്തി പറയുന്നു. തിളയ്ക്കുന്ന രാഷ്ടീയ ഭാഷ ഈ കവിതയെ ശ്രദ്ധേയമാക്കുന്നു.
ജനകീയ പ്രശ്നങ്ങളെയാണ് ഈ കവി അഭിസംബോധന ചെയ്യുന്നത്. അതിജീവനത്തിനായി പോരാടുന്ന ജനതയുടെ ശബ്ദങ്ങളെ പിന്തുടരുന്ന കവിതകൾ. പലായനങ്ങൾ, വിഭജനങ്ങൾ, യുദ്ധങ്ങൾ, കർഷക സമരങ്ങൾ, പാർശ്വവൽക്കരണങ്ങൾ ഇവയുടെ രാഷ്ടീയത്തിലേക്കുള്ള അനുഭാവപൂർണ്ണമായ നോട്ടങ്ങളാണ്, പൊരുതുന്ന ജനതയോടുള്ള ഐക്യദാർഢ്യ പ്രഖ്യാപനങ്ങളാണ്, രാധാകൃഷ്ണൻ പെരുമ്പളയുടെ ‘സ്വപ്ന ഋതു‘വിലെ കവിതകൾ.

സ്വപ്ന ഋതു
(കവിത)
രാധാകൃഷ്ണൻ പെരുമ്പള
ഹരിതം ബുക്സ്
വില: 140 രൂപ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.