23 December 2024, Monday
KSFE Galaxy Chits Banner 2

24-ാം പാർട്ടി കോൺഗ്രസ്; വിജയവാഡയിലെ അരുണോദയം

കാനം രാജേന്ദ്രൻ
October 13, 2022 5:30 am

സിപിഐയുടെ 24-ാം പാർട്ടി കോൺഗ്രസ് ഒരു ചരിത്ര സംഭവമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് പാർട്ടിയുടെ ആന്ധ്രാഘടകവും വിജയവാഡയിലെ സഖാക്കളും. ഒക്ടോബർ 14 മുതൽ 18 വരെ നടക്കുന്ന സിപിഐ പാർട്ടി കോൺഗ്രസിന്റെ സന്ദേശം രാജ്യവ്യാപകമായി എത്തിക്കാൻ നിശ്ചയദാർഢ്യത്തോടെ രാജ്യത്തെമ്പാടുമുള്ള പാർട്ടി സഖാക്കളും പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ പാർട്ടി കോൺഗ്രസിന് ശേഷമുള്ള നാലു വർഷങ്ങളിൽ രാജ്യത്തുയർന്നുവന്ന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചും പാർട്ടി അഭിമുഖീകരിച്ച പ്രതിസന്ധികളെയും നേടിയെടുത്ത പുരോഗതിയെയും കുറിച്ച് സ്വയം വിമർശനപരമായി 24-ാം പാർട്ടി കോണ്‍ഗ്രസ് വിശകലനം ചെയ്യും. കൊല്ലത്തു ചേർന്ന 23-ാം പാർട്ടി കോൺഗ്രസിനു ശേഷം ദേശീയവും സാർവദേശീയവുമായ സംഭവങ്ങളെ സമഗ്രമായി വിശകലനം ചെയ്യാനുള്ള രാഷ്ട്രീയ പ്രമേയവും താഴെത്തട്ടുമുതൽ എല്ലാ ഘടകങ്ങളിലും ചർച്ച ചെയ്യപ്പെട്ടു കഴിഞ്ഞു.


ബ്രാഞ്ച് മുതൽ സംസ്ഥാന സമ്മേളനം വരെയുള്ള ഘടക സമ്മേളനങ്ങൾ വളരെ ആവേശകരമായി പൂർത്തീകരിച്ചുകൊണ്ടാണ് പാർട്ടി അതിന്റെ ഏറ്റവും ഉന്നതമായ ചർച്ചാ വേദിയായ പാർട്ടി കോൺഗ്രസിലേക്ക് കടക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും സമ്മേളനങ്ങൾ വിജയകരമായി പൂർത്തീകരിച്ചു കഴിഞ്ഞു. ഓരോ സമ്മേളനങ്ങളിലും ആഴവും പരപ്പും ഗൗരവവുമേറിയ ചർച്ചകളാണ് രാഷ്ട്രീയ വിഷയങ്ങളിന്മേൽ നടന്നത്. പാർട്ടി പ്രവർത്തകരും രാജ്യത്തെ ജനങ്ങളും വളരെ ആവേശപൂർവമായാണ് ഈ സമ്മേളനങ്ങളിൽ പങ്കാളികളായത്. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ് സമ്മേളനങ്ങൾ പാർട്ടിയുടെ ശക്തി വിളിച്ചോതുന്നതായി മാറി. പാർട്ടിയുടെ നിലപാടും വരാനിരിക്കുന്ന കാലത്ത് കൈക്കൊള്ളേണ്ട രാഷ്ട്രീയ നയസമീപനങ്ങളുടെ രൂപീകരണവും നടക്കുന്ന ഏറ്റവും ഉന്നതമായ വേദി എന്ന നിലയിൽ പാർട്ടി കോൺഗ്രസിൽ നടക്കുന്ന ചർച്ചകൾ അതീവ പ്രാധാന്യമർഹിക്കുന്നു. ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ സങ്കീർണതകളും സമ്മേളനത്തെ കൂടുതൽ ഗൗരവതരമാക്കുന്നുണ്ട്.


ഇതുകൂടി വായിക്കു; വിജയവാഡയിലേക്കുള്ള രക്തപതാകയുമായി യുവകമ്മ്യൂണിസ്റ്റുകള്‍ | CPI PARTY CONGRESS


23-ാം കൊല്ലം പാർട്ടി കോൺഗ്രസ് കാലയളവിലുണ്ടായ സാഹചര്യത്തിൽ നിന്നും ലോകത്ത് പല രാജ്യങ്ങളിലും വലത് വ്യതിയാനം സംഭവിക്കുന്ന കാഴ്ചയ്ക്കാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യാരാജ്യത്തും തീവ്ര വലത് ശക്തികൾ ഭരണം കയ്യാളുന്ന കാലത്താണ് ഈ സമ്മേളനം നടക്കുന്നതും. എന്നാൽ ആശാവഹമെന്നു പറയട്ടെ, ഈ കാലയളവിൽ ഇടതുപക്ഷ പുരോഗമന ശക്തികള്‍ ശക്തിപ്പെടുന്നതിന്റെ ചിത്രവും നമ്മുടെ മുന്നിലുണ്ട്. റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ച വോട്ടിൽ വർധനവുണ്ടാക്കാൻ കഴിഞ്ഞുവെന്നത് പ്രാധാന്യമേറിയ വസ്തുതയാണ്. അതുപോലെ ലോകത്തിലെ വൻ വികസിത രാജ്യങ്ങളിൽ ചിലയിടങ്ങളിലെങ്കിലും സോഷ്യലിസ്റ്റ് — ഇടത് ആഭിമുഖ്യമുള്ള പാർട്ടികൾക്ക് മെച്ചപ്പെട്ട വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. ലാറ്റിനമേരിക്ക, ചിലി-ബൊളീവിയ തുടങ്ങിയ രാജ്യങ്ങളിലും ഇടതുപക്ഷ മുന്നേറ്റങ്ങൾ ഉണ്ടായെന്നത് ആവേശകരമാണ്. സാമ്രാജ്യത്വ വികസിത രാജ്യങ്ങളുടെ നിയോലിബറൽ നയങ്ങൾക്കെതിരെ ആ രാജ്യങ്ങളിൽ തന്നെയുള്ള ട്രേഡ് യൂണിയനുകളും പരിസ്ഥിതി സംഘടനകളും വമ്പിച്ച പ്രക്ഷോഭങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. ഈ ലേഖനമെഴുതുമ്പോൾ ലണ്ടനിലെ റയിൽവേ തൊഴിലാളികൾ പണിമുടക്കിലാണ്. യഥാർത്ഥത്തിൽ മുതലാളിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായുള്ള ഒരു വലിയ ഭൗതിക ശക്തിയായി ഈ മുന്നേറ്റങ്ങൾ മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.

23-ാം പാർട്ടി കോൺഗ്രസ് നടക്കുന്ന കാലയളവിൽ തന്നെ പാർട്ടി അംഗീകരിച്ച രാഷ്ട്രീയപ്രമേയം രാജ്യത്തിന്റെ വലതുപക്ഷവല്ക്കരണത്തിനെതിരെ ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകത വളരെ വ്യക്തമായി പരാമർശിച്ചിരുന്നു. അതിലും ഭീകരമായ അവസ്ഥയിലേക്കാണ് രാജ്യവും ലോകവും പൊയ്‌ക്കൊണ്ടിരിക്കുന്നത്.  ഇന്ത്യയിൽ നിലവിലുള്ള ഏക ഇടതുപക്ഷ സർക്കാരാണ് 2016 മുതൽ കേരളത്തിലുള്ളത്. സമീപകാല ഇന്ത്യൻ രാഷ്ട്രീയത്തെ അപഗ്രഥിക്കുമ്പോൾ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യാൻ പോകുന്ന വിഷയങ്ങളും എടുക്കാൻ പോകുന്ന നിലപാടും രാജ്യം ഉറ്റുനോക്കുന്നുണ്ട്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഭരണസ്വാധീനം ഉറപ്പുവരുത്തുമെന്ന വലിയ രാഷ്ട്രീയ പ്രഖ്യാപനത്തോടെയാണ് ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഹൈദരാബാദിൽ പിരിഞ്ഞത്. മിഷൻ സൗത്ത് ഇന്ത്യ എന്ന കർമ്മപരിപാടിക്കും അവർ രൂപം നൽകിയിരിക്കുന്നു. നരേന്ദ്ര മോഡിയുടെ കീഴിൽ 2014 മുതൽ രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ മതനിരപേക്ഷ, ഫെഡറൽ ഘടനയ്ക്ക് ഏല്പിച്ച ആഘാതം ചെറുതൊന്നുമല്ല. ദളിത് മത ന്യൂനപക്ഷങ്ങൾ രാജ്യത്ത് അനുഭവിക്കുന്ന വേട്ടയാടൽ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണ്. കർഷകരുടെയും തൊഴിലാളികളുടെയും നേരെയുള്ള അവകാശ നിഷേധങ്ങൾക്കെതിരെ കർഷകരുടെ നീണ്ടുനിന്ന കർഷക സമരവും ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെ ഐക്യപതാകയിൻ കീഴിൽ അണിനിരന്നുകൊണ്ട് പണിമുടക്കങ്ങൾ ഉൾപ്പെടെ നടന്ന പ്രതിരോധവും ഇന്ത്യൻ സമരചരിത്രത്തിലെ ഉജ്ജ്വലമായ അടയാളപ്പെടുത്തലുകളാണ്.


ഇതുകൂടി വായിക്കു; വിജയവാഡയിലേക്കുള്ള രക്തപതാകയുമായി യുവകമ്മ്യൂണിസ്റ്റുകള്‍ | CPI PARTY CONGRESS


തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇന്ധനത്തിനും അവശ്യസാധനങ്ങൾക്കും വില കുതിച്ചുയർന്നു. കറൻസി പിൻവലിക്കലും ജിഎസ്‌ടിയും സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും നട്ടെല്ലൊടിച്ചപ്പോൾ സമ്പന്ന വർഗത്തിന് മാത്രമാണ് നേട്ടമുണ്ടായത്. ചങ്ങാത്ത മുതലാളിത്തത്തിന്റെ എല്ലാ ദോഷവശങ്ങളും കഴിഞ്ഞ എട്ടു വർഷമായി രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നു. രണ്ടു വർഷങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാഗധേയം നിർണയിക്കുമെന്നതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ തെരഞ്ഞെടുപ്പിനെ അതീവ പ്രാധാന്യത്തോടെയാണ് സമീപിക്കുന്നത്. ആര്‍എസ്എസിനാൽ നയിക്കുന്ന മോഡി ഭരണകൂടത്തിന്റെ നവ ലിബറൽ ആഗോളീകരണ നിലപാടുകളെ ചെറുത്തുതോല്പിക്കാനും ഒരു മതേതര ഇന്ത്യ കെട്ടിപ്പടുക്കാനും ഇടതുപക്ഷ ഐക്യം പരമപ്രധാനമാണ്. മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലും അടിയുറച്ച വിശാലമായ ഇടതുപക്ഷ ജനാധിപത്യ മതേതര ഐക്യനിര വളർത്തിയെടുക്കണമെന്നാണ് കൊല്ലം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.


ഇതുകൂടി വായിക്കു;സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തമിഴകത്തിലൂടെ പതാകജാഥ


 

നേരത്തേ ചൂണ്ടിക്കാണിച്ചപോലെ 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവിക്കും നമ്മുടെ രാഷ്ട്രീയ സംവിധാനങ്ങൾക്കും നിർണായകമാണ്. ആര്‍എസ്എസ് — ബിജെപി സഖ്യത്തെ അധികാരത്തിൽ നിന്ന് തൂത്തെറിയുക എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രാഥമിക ലക്ഷ്യവും പരിഗണനയും. ഇതിനായി കേന്ദ്രഭരണത്തിന്റെ ജനവിരുദ്ധ നയങ്ങളെ പൊതുജനമധ്യത്തിൽ തുറന്നു കാണിക്കാനും സ്വതന്ത്രമായും മതേതര ജനാധിപത്യ പാർട്ടികളുമായി ചേർന്നും പ്രചാരണ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും കഴിഞ്ഞ പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തിരുന്നു. കൊല്ലം പാർട്ടി കോൺഗ്രസിനു ശേഷം രാജ്യത്താകെ രാഷ്ട്രീയപരമായും സംഘടനാപരമായും പാർട്ടിക്ക് എത്ര മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ള പരിശോധനയും ഈ കോൺഗ്രസ് നടത്തും. കൂടുതൽ കരുത്തുറ്റതും സ്വതന്ത്രമായതും ശക്തിയായതുമായ ഒന്നായി കമ്മ്യൂണിസ്റ്റ് പാർട്ടിയെ മാറ്റുന്നതിനും, ദൈനംദിന രാഷ്ട്രീയത്തിൽ ഇടപെടലുകൾ നടത്താന്‍ കഴിയുന്ന പാർട്ടിയായി അതിനെ ശക്തിപ്പെടുത്തുന്നതിനുമുള്ള ചർച്ചകളും തീരുമാനങ്ങളുമായിരിക്കും തീർച്ചയായും വിജയവാഡ പാർട്ടി കോൺഗ്രസിനെ ശ്രദ്ധേയമാക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.