7 November 2024, Thursday
KSFE Galaxy Chits Banner 2

വയോജന സംരക്ഷണത്തിന്റെ കേന്ദ്ര’മാതൃക’

എസ് ഹനീഫാ റാവുത്തര്‍
(ജനറൽ സെക്രട്ടറി സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ)
January 31, 2024 4:42 am

ഇന്ത്യയിൽ വയോജനങ്ങൾ വർധിച്ചുകൊണ്ടേയിരിക്കുകയാണ്. 2021‑ൽ ജനസംഖ്യയുടെ 10.6 ശതമാനമായിരുന്നു വയോജനങ്ങൾ. 2050 ആകുമ്പോൾ ഇത് 20.8 ശതമാനമായി ഉയരും. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ വയോജന ജനസംഖ്യ 36 ശതമാനം ആകു‌മെന്ന് കണക്കാക്കുന്നു. വയോജനങ്ങളിൽ 70ശതമാനം ദാരിദ്യ്രരേഖയ്ക്കു താഴെ കഴിയുന്നവരാണ്. രണ്ടുനേരത്തെ ആഹാരത്തിനുപോലും വഴിയില്ലാത്തവരാണ്. 30 ശതമാനം പേരും കിടപ്പുരോഗികളും ഒറ്റയ്ക്കു കഴിയുന്നവരും വിധവകളും ഉൾക്കൊള്ളുന്ന ഈ ജനസഞ്ചയം സർക്കാരിന്റെ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ്. അത് അവരുടെ അവകാശം കൂടിയാണ്.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 അന്തസോടെയുള്ള ജീവിതം മൗലികാവകാശമായി പ്രഖ്യാപിച്ചിട്ടുണ്ട്. അന്തസോടെയുള്ള ജീവിതം നയിക്കാൻ, ആഹാരം, വസ്ത്രം, പാർപ്പിടം, തുല്യമായ സാമൂഹ്യ അവസരങ്ങൾ തുടങ്ങിയവ കൂടിയേ കഴിയൂ. ഇതിനാവശ്യമായ വരുമാനം സമ്പാദിക്കാൻ സർക്കാർ അവസരം നൽകണം. എന്നാൽ നിസഹായരും പരാധീനരും, ശാരീരികവും മാനസികവുമായി അവശത അനുഭവിക്കുന്നവരുമായ വയോജനങ്ങൾക്ക് അന്തസോടെ ജീവിക്കാൻ സാഹചര്യമൊരുക്കേണ്ടത് സർക്കാർ തന്നെയാണ്. ദാരിദ്യ്രരേഖയ്ക്കു താഴെക്കഴിയുന്ന വയോജനങ്ങൾക്ക് കേന്ദ്രസർക്കാർ 1995‑ൽ പെൻഷൻ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് കഴിഞ്ഞവർക്ക് 200 രൂപയും 80 വയസ് കഴിഞ്ഞവർക്ക് 500 രൂപയുമാണ് കേന്ദ്ര പെൻഷൻ. ആർട്ടിക്കിൾ 21‑ൽ പ്രഖ്യാപിച്ചിട്ടുള്ള, അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശം ഈ പിച്ചക്കാശുകൊണ്ട് ഉറപ്പാക്കാനാകുമോ? വർഷങ്ങൾക്കു മുമ്പ് പ്രഖ്യാപിച്ച ഈ പെൻഷൻതുക വർധിപ്പിക്കാനുള്ള യാതൊരു നീക്കവും കേന്ദ്രത്തിനില്ല. ഈ രംഗത്തു പ്രവർത്തിക്കുന്ന സംഘടനകളുടെ നിരന്തരാവശ്യത്തിന് ചെവികൊടുക്കാൻ സർക്കാർ ഇനിയും തയ്യാറായിട്ടില്ല. പ്രഭാത് പട്നായിക്കിനെപ്പോലെയുള്ള സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായങ്ങളെയും സർക്കാർ മാനിക്കുന്നില്ല. ഭരണഘടനയുടെ 41-ാം ആർട്ടിക്കിളിൽ പ്രഖ്യാപിച്ചിട്ടുള്ള വാർധക്യകാലത്തു നൽകേണ്ട സാമ്പത്തിക പിന്തുണയും പരിഗണിക്കപ്പെടുന്നില്ല. ദേശീയ വയോജനവർഷം 1999‑ലാണ് പ്രഖ്യാപിച്ചത്. നയം പുതുക്കി റിപ്പോർട്ട് നൽകാൻ ഡോ. മോഹിനിഗിരി ചെയർമാനായ ഒരു കമ്മിറ്റിയെ നിയോഗിച്ചു. 2011‑ൽ പുതുക്കിയ വയോജനനയത്തിന്റെ കരട് കേന്ദ്രത്തിനു സമർപ്പിച്ചെങ്കിലും ഇതുവരെ അതിന്മേൽ തീരുമാനമെടുത്തിട്ടില്ല. വയോജനങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം, അവരുടെ സംരക്ഷണം, പോഷകാഹാരം, വിദ്യാഭ്യാസം, ഭവനം, ക്ഷേമം, തുടർസേവനപദ്ധതികൾ, നികുതിയിളവ് തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്രനയത്തിൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, നയം അംഗീകരിച്ച 1999 മുതൽ നയരേഖയിലെ വാഗ്ദാനങ്ങൾ നിറവേറ്റാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നു കാണാവുന്നതാണ്.

 


ഇതുകൂടി വായിക്കൂ; ആനയ്ക്കറിയാമോ ഇത് സിനിമയാണെന്ന്!


പാർലമെന്റ് 2007‑ൽ പാസാക്കിയ മെയിന്റനൻസ് ആന്റ് വെൽഫെയർ ഓഫ് പേരെന്റ്സ് ആന്റ് സീനിയർ സിറ്റിസണ്‍സ് ആക്ട് ഒരു നല്ല കാൽവയ്പായിരുന്നു. എന്നാൽ, എല്ലാ സംസ്ഥാനങ്ങളിലും നിയമം നടപ്പിലാക്കി എന്നുറപ്പ് വരുത്താൻ കേന്ദ്രസർക്കാരിന് സാധിച്ചിട്ടില്ല. ആക്ടിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച ബിൽ 2019‑ൽ ലോക്‌സഭയിലവതരിപ്പിക്കുകയും സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കയക്കുകയും ചെയ്തു. 2021 ജനുവരിയിൽ സ്റ്റാൻഡിങ് കമ്മിറ്റി റിപ്പോർട്ട് നൽകിയെങ്കിലും പാർലമെന്റിൽ അത് അവതരിപ്പിക്കാനും പാസാക്കാനും കേന്ദ്രം ഇനിയും തയ്യാറായിട്ടില്ല. കോവിഡിന്റെ മറവിൽ നിര്‍ത്തലാക്കിയ, വയോജനങ്ങൾക്ക് ട്രെയിൻ യാത്രയ്ക്ക് നൽകിയിരുന്ന യാത്രക്കൂലി ഇളവ് പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ഒരുക്കമല്ല. ബിജെപി എംപി രാധാ മോഹൻസിങ് അധ്യക്ഷനായ പാർലമെന്ററി കമ്മിറ്റി ഇളവുകൾ പുനഃസ്ഥാപിക്കാൻ ശുപാർശ ചെയ്തെങ്കിലും സർക്കാർ വഴങ്ങിയിട്ടില്ല. 1999‑ലെ കേന്ദ്ര വയോജന നയത്തിൽ വയോജനങ്ങൾക്ക് യാത്രാ ഇളവ് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള കാര്യംപോലും കേന്ദ്രം മറന്നുപോയിരിക്കുന്നു. വയോജനങ്ങൾക്കുവേണ്ടി കേന്ദ്രത്തിൽ വയോജനക്കമ്മിഷനും പ്രത്യേക വകുപ്പും രൂപീകരിക്കുമെന്നുള്ള പ്രഖ്യാപനവും പാഴായി.

സുപ്രീം കോടതിയിൽ 2016‑ൽ ഡോ. അശ്വിനികുമാർ ഇന്ത്യയിലെ വയോജനങ്ങളുടെ പരിതാപകരമായ അവസ്ഥയ്ക്ക് പരിഹാരം തേടി ഒരു പൊതുതാല്പര്യഹർജി ഫയൽ ചെയ്യുകയുണ്ടായി. 2018 ഡിസംബർ 13ന് ജസ്റ്റിസുമാരായ മദൻ ബി ലോക്കുർ, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ച് ഈ ഹർജിയിൽ വിധി പ്രഖ്യാപിച്ചു. വയോജനങ്ങൾക്ക് യാഥാർത്ഥ്യങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള പെൻഷൻ, ഭവനം, വാർധക്യപരിചരണവും ആരോഗ്യസേവന സൗകര്യവും മെയ്ന്റനൻസ് ആക്ടിന്റെ ഫലപ്രദമായ നിർവഹണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കണമെന്ന് കേന്ദ്രസർക്കാരിനു നിർദേശം നല്കുകയുണ്ടായി. പരമോന്നത കോടതിയുടെ നിർദേശങ്ങൾക്കനുസരിച്ച് നടപടി എടുക്കാൻ കേന്ദ്രസർക്കാർ ഇനിയും തയ്യാറായിട്ടില്ല. വയോജനപെൻഷൻ കേന്ദ്രവിഹിതം 5000 രൂപയായി വർധിപ്പിക്കുക, സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുക, മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് അധികപലിശ നൽകുക, ആദായനികുതിയിളവു നൽകി വയോജനനയത്തിലെ വാഗ്ദാനം പാലിക്കുക, റെയിൽവേ യാത്രാ ഇളവ് പുനഃസ്ഥാപിക്കുക, 1999‑ലെ ദേശീയ വയോജനനയം പരിഷ്കരിക്കുക, 2007ലെ മെയിന്റനൻസ് ആന്റ് വെൽഫെയർ ഓഫ് പേരന്റ്സ് ആന്റ് സീനിയർ സിറ്റിസണ്‍സ് ആക്ട് ഭേദഗതി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കുക, ഇപിഎഫ് പെൻഷൻ 7500 രൂപയായി വർധിപ്പിക്കുക തുടങ്ങിയവ നടപ്പിലാക്കി വയോജനങ്ങൾക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യമൊരുക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ഭരണഘടനയുടെ 21-ാം ആർട്ടിക്കിളിൽ ഉറപ്പുനൽകിയ പ്രകാരം അന്തസോടെയുള്ള ജീവിതം നയിക്കാൻ വയോജനങ്ങൾക്ക് അവസരം നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്.

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 6, 2024
November 6, 2024
November 6, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.