22 November 2024, Friday
KSFE Galaxy Chits Banner 2

ചിന്തയ്ക്ക് ദാരിദ്ര്യം സംഭവിക്കുന്നു

അജിത് കൊളാടി
വാക്ക്
October 9, 2021 4:30 am

പ്രലോഭനങ്ങളും സ്ഥലജല ഭ്രമവും-അത്യാഗ്രഹിയുടെ വയറ് വലുതായതുകൊണ്ട് എത്ര കിട്ടിയാലും മതിവരില്ല. ചിന്തകർ പറയും അത്യാഗ്രഹം വലിയ വയറും ചെറിയ വായുമുള്ള പിശാചാണെന്ന്. അത്യാഗ്രഹി എപ്പോഴും കൂടുതൽ കിട്ടാൻ മോഹിക്കും. ഈ ഭൂമിയിലെ സമ്പത്തെല്ലാം കുറെയാളുകൾ മാത്രം കൈയടക്കിവച്ചിരിക്കുന്നത് സ്വത്തിനോടും അധികാരത്തോടുമുള്ള അത്യാഗ്രഹം കൊണ്ടല്ലെ? ഈ ഭൂമുഖത്തെ സമ്പത്തെല്ലാം ചില രാഷ്ട്രങ്ങൾ മാത്രം സ്വന്തമായി വയ്ക്കുവാൻ ആഗ്രഹിക്കുന്നതുകൊണ്ടല്ലെ, സമ്പന്നതയുടെ ഈ കാലഘട്ടത്തിലും കോടിക്കണക്കിനു മനുഷ്യർ അത്താ­ഴ പട്ടിണിക്കാരായി തുടരുന്നത്. മനുഷ്യൻ അധികാരം നിലനിർത്താനും, പ്രശസ്തി നേടാനും അത്യാഗ്രഹം നിരന്തരം കാണിക്കുന്നു.

ഗാന്ധിജിയുടെ കാലത്ത്, ഇവിടെ ഏറ്റവും സുലഭമായി നിലനിന്നത് കുറ്റം ചെയ്യുന്നത് ഏറ്റു പറയുക എന്ന ധീരതയായിരുന്നു. ഇന്ന് ജനത്തിന്റെ ആത്മാവിന്റെ ഭാഷ മാറിപ്പോയി. ഇന്ന്, കുറ്റം ചെയ്യുന്നവൻ, ഭരണാധികാരികളായാലും നിയമപാലകരായാലും സ്വയം വലിയവരാണെന്നു കരുതുന്നവർ. അത്രയേ “വലിയ മനുഷ്യർ” എന്നതിന് ഇന്ന് അർത്ഥമുള്ളു. സ്വയം, തങ്ങൾ വലിയവരാണെന്നു പറഞ്ഞു നടക്കുന്നവർ. പ്രത്യേക സ്ഥാനത്തിരുന്നു വലുതാകുന്ന ആളുകളുടെ വലിപ്പത്തെ “എക്സ്പോസ്” ചെയ്യാൻ നമുക്ക് സാധിക്കണം. പക്ഷെ, ഇന്ന് മലയാളി സ്ഥാനത്തിലിരുന്ന് വലുതായവരുടെ മാസ്മരിക വലയത്തിലാണ്. അതല്ല വേണ്ടത്. ഇന്നത്തെ കാലത്ത് തട്ടിപ്പ് തട്ടിപ്പെന്നും കളവ് കളവെന്നും പറയാൻ ജനം കരുത്താർജ്ജിക്കണം. രാജാക്കന്മാർ തുണി ഉടുക്കില്ല എന്നു പ­റഞ്ഞാൽ അത് ലാളിത്യത്തിന്റെ ധീരതയാണ്. അത് പറയാനാണ് ഗാന്ധിജിയും കാറൽ മാർക്സും പഠിപ്പിച്ചത്. ചെറുതാണ് വലുതെന്ന ചിന്ത കാറൽ മാർക്സിലും ഗാന്ധിജിയിലും ഒരുപോലെ പ്രബലമായി പ്രവർത്തിക്കുന്നുണ്ട്. ചെറിയ മനുഷ്യരുടെ മോചനമാണ് അവർ ലക്ഷ്യമാക്കിയത്. ചെറുത് ചെറുതല്ലെന്നും ചെറുതാക്കപ്പെട്ടതാണെന്നും ഉള്ള യുക്തിയാണ് ഈ മഹാത്മാക്കളുടെ ചിന്തകളെ ബന്ധിപ്പിക്കുന്ന ഏറ്റവും കരുത്തുറ്റ കണ്ണി.
ചെറിയവനാണ് വലിയവൻ, വലിയവൻ ചെറിയവനും.

 


ഇതുകൂടി വായിക്കാം;മോന്‍സൻ മാവുങ്കലിന്റെ ജാമ്യാപേക്ഷ തള്ളി


 

മഹത്വം നിർണ്ണയിക്കുന്നത് കർമ്മമാണ്, സത്യസന്ധതയാണ്, ത്യാഗമാണ്. വലിയവരായി നടിക്കുന്ന, നടക്കുന്ന, അത്യാർഭാടപൂർവമായ ജീവിതം നയിക്കുന്ന, അത് പ്രദർശിപ്പിച്ചു നടക്കുന്ന, പലരും യഥാർത്ഥത്തിൽ ചെറിയവർ. എത്രയെത്ര തട്ടിപ്പുകളിലൂടെ, വഞ്ചനകളിലൂടെ കേരളം അതുകണ്ടു. സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ സ്വയം വലിയവരെന്നു നടിക്കുന്നവരെ നയിക്കുന്നത് അത്യാഗ്രഹം ആണ്. സമൂഹത്തിലെ അന്തസ് നിർണയിക്കുന്നത്, ലൗകിക വിഷയങ്ങളാണെന്നും ബാഹ്യവസ്തുക്കളുടെ ഉടമസ്ഥ­തയിലൂടെയാണ് എന്നും ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും ഏമാന്മാരും ആശ്രിതരും. വളരെ അധികം വിദ്യാഭ്യാസ യോഗ്യതയുള്ളവരും ഇത്തരം ചിന്താഗതിയുടെ വക്താക്കൾ ആകുന്നു എന്നതാണ് ദൗർഭാഗ്യകരം. പ്രദർശനാത്മകതയിൽ വിശ്വസിക്കുന്നവരാണ് പലരും. കപടതയു­ടെ രൂപമായി, എന്നാൽ പൊതുരംഗങ്ങളിൽ സദാചാര പ്രസംഗം നടത്തി, അത്യാഡംബരങ്ങൾ പ്രദർശിപ്പിച്ച്, തന്റെ സ്വാധീന വലയത്തെക്കുറിച്ച് വാതോരാതെ സംസാരിച്ച്, ഉന്നതരോടൊപ്പുള്ള ചിത്രം പ്രദർശിപ്പിച്ച്, വെറും തട്ടിപ്പിന്റെ ആൾരൂപമായി ജീവിക്കുന്ന, വ്യത്യസ്ത മേഖലകളിലെ അഭിനേതാക്കളുടെ മുന്നിൽ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, ഉദ്യോഗസ്ഥ വൃന്ദവും, കലാകാരന്മാരും സാഷ്ടാംഗം പ്രണമിക്കുന്നു. ഒരു ജനതയുടെ സ്വഭാവത്തിന്റെ അധഃപതനം. വിവേക ബുദ്ധി തീരെ ഉപേക്ഷിച്ചുവോ ഈ മണ്ണ്.

ഇവിടെ അശ്ലീല ശബ്ദങ്ങൾ മുഴങ്ങുന്നു. അറു ബോറൻ നാടകങ്ങൾ അരങ്ങേറുന്നു. ഏററവും ഉന്നതർ മുതൽ താഴെ തട്ടിൽ ഉള്ളവർ വരെ സമൂഹത്തിന്റെ സമസ്ത മേഖലകളിലും തട്ടിപ്പിനിരയാകുന്നു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ തന്നെ ദൈനംദിനം അധാർമ്മിക പ്രവർത്തനങ്ങൾ സുലഭമായി നടക്കുന്നു. ആർക്കും ഒരു കുണ്ഠിതവും കാണുന്നില്ല. വിവിധ മേഖലകളിലെ നായകത്വവും നിക്ഷിപ്ത താല്പര്യമുള്ളവർക്കാണ്. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക, കലാ സാംസ്കാരിക, മത രംഗത്തെ സ്വാർത്ഥ താല്പര്യമുള്ളവരും സങ്കുചിത മനസ്കരും മതമൗലിക വാദികളും എല്ലാ വിറ്റ് കാശാക്കുന്നവരും പിടിച്ചടക്കിയിരിക്കുന്നു. ബാഹ്യദൃഷ്ടിക്കു മാത്രം നമ്മളിന്നു മനുഷ്യരാണ്. ചരിത്ര ദേവതയുടെ നിഗൂഢമായ അന്തർ ദൃഷ്ടിക്കു നാം കേവലം കൃമികളും കീടങ്ങളും. ഇവിടെ മനുഷ്യത്വത്തിന്റെ ഭീകരമായ അവസ്ഥാ പരിവർത്തനം നടന്നു കഴിഞ്ഞിരിക്കുന്നു. അതിനെ പ്രത്യുദ്ധരിക്കുകയാണ് ഇന്നത്തെ കടമ.

 


ഇതുകൂടി വായിക്കാം;ആനമയില്‍ ഒട്ടകങ്ങളും മലയാളിയും


തനിക്ക് അനന്തമായ സമ്പത്ത് ഉണ്ട് എന്നു സ്വയം പ്രദർശിപ്പിക്കുന്ന ആളുടെ വാക്കുകളിൽ, ചെയ്തികളിൽ, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും, രാഷ്ട്രീയ, സാമൂഹ്യ, കലാ രംഗത്തെ പലരും ഭ്രമിക്കണമെങ്കിൽ അവരുടെ സമ്പത്തിനോടുള്ള അത്യാഗ്രഹം എത്രമാത്രം ആണ് എന്ന് ഊഹിക്കാവുന്നതെ ഉള്ളു. ഇത്തരക്കാർ ജീവിക്കുന്നത് തന്നെ ഉപരിപ്ലവ ചിന്തകളിലാണ്. ആ മനുഷ്യന്റെ വീട്ടിൽ നിത്യ സന്ദർശകരായ പൊലിസ് ഉദ്യോഗസ്ഥർ എന്തേ, അയാളുടെ കപടമുഖം കാണാഞ്ഞത്. അത്രക്ക് ജാഗ്രതയില്ലാതെ ആയോ? ഇതിനു മുമ്പും എത്ര എത്ര തട്ടിപ്പുനാടകങ്ങൾ അരങ്ങേറി, രാജ്യത്തും കേരളത്തിലും. പക്ഷെ ജനത നിസംഗരാണ്.

മനുഷ്യരുടെ മനോമണ്ഡലങ്ങളിലഴുകി പിടിച്ചു കിടക്കുന്ന ചളികൾ- (അന്ധവിശ്വാസങ്ങൾ, വ്യാമോഹങ്ങൾ, അസൂയ, ഏതു മാർഗം ഉപയോഗിച്ചും സമ്പത്ത് കുന്നുകൂട്ടുക) തുടങ്ങിയവ തുടച്ചു നീക്കണം. ഇവിടെ ഏറ്റവും രൂക്ഷമായ ദാരിദ്ര്യം ന­ട്ടെല്ലിന്റെ ദാരിദ്ര്യമാണ്. നമ്മളറിയാതെ അധികാരത്തിന്റെ മുന്നിൽവച്ച്, ആടുന്ന നമ്മുടെ വാല് തിരിഞ്ഞുനോക്കിയാൽ കാണാം. തിരിഞ്ഞു നോക്കിയാൽ മാത്രം. മേലോട്ടുപോകുന്ന അധികാര സോപാനങ്ങളെ മാത്രം നോക്കുന്നതുകൊണ്ട് ആടുന്ന വാൽ ഇതുവരെ കണ്ടിട്ടില്ല. യാഥാർത്ഥ്യങ്ങളെ കാണാതെ, പലതിലും ഭ്രമിച്ച് നടക്കുന്നതു കൊണ്ട്, ഉന്നതരേയും വലയിൽ വീഴ്ത്താൻ കബളിപ്പിക്കലിൻ വൻ സ്രാവുകൾക്ക് എളുപ്പമാണ്.  ഇവിടെ വിലാപങ്ങൾ മാത്രമാണ് കേൾക്കുന്നത്. വീരകേസരി കൂടെ ഗർജജനങ്ങൾ കേൾക്കുന്നില്ല. അർത്ഥമില്ലാത്ത അധോനാദം വ്യാപകമാകുന്നു. സമൂഹത്തിലെ അസഹിഷ്ണുതയും തട്ടിപ്പും, വഞ്ചനയും നുണപ്രചരണങ്ങളും കീഴ്പ്പെടുത്താൻ നമ്മുടെ ചിന്തയും വാക്കും കർമ്മവും ഒരു പുതിയ ഉദ്ഗ്രഥനത്തിന് ഉഴിഞ്ഞുവയ്ക്കണം. അല്ലാതെ പുരാവസ്തുക്കളും നുണക്കഥകളും കണ്ടുംകേട്ടും തലച്ചോറ് പണയം വയ്ക്കുകയല്ല വേണ്ടത്.
ഇതൊക്കെ നടക്കുന്നത് പറയേണ്ടത്, പറയേണ്ട മുഹൂർത്തത്തിൽ പറയാനുള്ള ഭാഷ നാം മറന്നു പോയതിനാലാണ്. നമുക്ക് തുറന്നുപറയാനുള്ള ധീരതയുണ്ടാകുമ്പോൾ തീർച്ചയായും ഇത്തരക്കാർ ഈ കൊള്ളരുതായ്മകളിൽ നിന്ന് പിന്തിരിയേണ്ടി വരും. ഇന്നിപ്പോൾ പ്രതികരിക്കൽ എന്നത് പ്രതികരിക്കുക എന്ന വാക്ക് ഉപയോഗിക്കുക എന്നു മാത്രമായി ചുരുങ്ങി. അതോടു കൂടി പ്രതികരിക്കൽ അവസാനിച്ചു.

 


ഇതുകൂടി വായിക്കാം; സൗന്ദര്യവര്‍ധകനും ഒറ്റക്കല്ലിലെ പട്ടയവും


 

പണ്ട് രാഷ്ട്രത്തിന്റെ ജീവിതത്തിന് സമഗ്രതയും ആ സമഗ്രതയ്ക്കു കാന്തിയുണ്ടാക്കുന്ന ഉജ്ജ്വലതയും സൃഷ്ടിക്കാൻ ഏതെല്ലാം മുഖങ്ങൾ ഉദ്ദീപ്തമാകണമോ, അവയൊക്കെ ജ്വലിച്ചുനിന്നു. ഇന്ന് അതിന് പകരം കുത്സിത മാർഗങ്ങളിലൂടെ സമ്പത്ത് കുന്നുകൂട്ടി, ജനത്തെ വഞ്ചിച്ച് വിരാജിക്കുന്ന മുഖങ്ങൾ. അവരുടെ അതിസമ്പന്നതയിൽ ഭ്രമിച്ച് ബോധംകെടുന്ന സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ ഉന്നതരും. പണ്ട് ദുര്യോധനന് സ്ഥലജല വിഭ്രാന്തി പിടിപെട്ടതു പോലെ, എല്ലാവരും നിലത്തു വീണു കിടന്നുരുളുന്നു. ഇത്തരത്തിലുള്ള അനീതിയും വഞ്ചനയും മനുഷ്യ സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന പ്രക്രിയയും അനുസ്യൂതമായി നടന്നുകൊണ്ടിരിക്കുമ്പോൾ “പ്രഹസന്നിവ” എന്ന മട്ടിൽ ആളുകൾ മരവിച്ച് നിൽക്കുന്നു. എന്തൊരക്ഷോഭ്യതയാണ് ജനങ്ങൾക്ക് ഈ തട്ടിപ്പുകാർക്കെതിരെ.
ധർമ്മരോഷത്തിന്റെ ശക്തി ഉണ്ടാക്കലാണ് പുനരുത്ഥാനത്തിന്റെ രഹസ്യം. നമ്മൾ സമൂഹത്തിലെ അധർമ്മത്തോടുള്ള വാസം അവസാനിപ്പിച്ചില്ലെങ്കിൽ അത് നമ്മെ അവസാനിപ്പിക്കും. ഇവിടെ അസ്വാസ്ഥ്യവും അസമത്വവും ശുദ്ധ അസംബന്ധവും അസുരത്വവും അധമത്വവും അനൈ­ക്യവും അത്യാസക്തിയും, ആപത്തും വലിച്ചിടുന്നത്, ജാതിമത മൗലിക വാദത്തേക്കാൾ അധികം, ഞാൻ കേമൻ അവൻ അധമൻ എന്ന ചിന്തയാണ്. അഹങ്കാരത്തിൽനിന്നും അസൂയയിൽനിന്ന് അത് തുടങ്ങുന്നു.
മഹാഭാരതത്തിൽ ഘടോൽകച പുത്രനായ ബർബരികൻ, അസാമാന്യനായ യോദ്ധാവാണ്. ഒറ്റയാൾ പട്ടാളം. പരാജിതരോട് വല്ലാത്ത അനുകമ്പയായിരുന്നു അദ്ദേഹത്തിന്. വിജയിക്കാത്തവരെ കണ്ടാൽ മനമലിയും. യുദ്ധത്തിൽ പാണ്ഡവർ തോല്ക്കുമ്പോൾ, പാണ്ഡവപക്ഷത്തുനിന്ന് കൗരവരെ നശിപ്പിച്ചു. മറ്റൊരവസരത്തിൽ കൗരവർ തോല്ക്കുമ്പോൾ പാണ്ഡവരെ തകർത്തെറിഞ്ഞു. ഇത് തുടർന്നപ്പോൾ സൈനികർ, കൃഷ്ണനോട് പറഞ്ഞു, പരിഹാരം കാണാൻ.

അല്ലെങ്കിൽ യുദ്ധം നീളും. കൃഷ്ണൻ, ബർബരികനോട് വിചിത്രസ്വഭാവത്തെക്കുറിച്ച് ചോദിച്ചു. ശത്രുവോ, മിത്രമോ എന്നല­്ല പരാജയത്തെയാണ് താൻ ശ്രദ്ധിക്കുന്നത് എന്ന് പറഞ്ഞു, ബർബരികൻ. കൃഷ്ണന്റെ മറുപടി ബർബരികന്റെ ചിന്തയെ സ്വാധീനിച്ചു. കൃഷ്ണൻ പറഞ്ഞു “ബർബരികാ, താങ്കൾ കണ്ണുകൊണ്ട് കാണുന്നത്, മതിഭ്രമം ആണ്. അത് ഒരേസമയം ആഹ്ലാദിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും. വിജയി ആരെന്നോ, പരാജയപ്പെട്ടതാരെന്നോ, ആർക്കും നിശ്ചയിക്കാനാവില്ല. ഒരു തലത്തിൽ ജയിക്കുന്നവർ മറ്റൊരു തലത്തിൽ പരാജിതരായിരിക്കും. സമയമാകുന്ന സമുദ്രത്തിലെ വെറും കണങ്ങൾ ആണ് മനുഷ്യർ”
ബരബരികൻ ഇതുകേട്ട് കൃഷ്ണനോട് പറഞ്ഞു. “എന്റെ ശിരസ് അറുത്താലും. എന്നിട്ട് എന്റെ ശിരസിനെ കുരുക്ഷേത്രത്തിനു മധ്യേ ശൂലത്തിൽ നാട്ടിയാലും. ഇവിടെ പരസ്പരം വെട്ടിക്കൊല്ലുന്ന മൂർഖൻമാരെ കണ്ട് എനിക്ക് പരിഹാസപൂർവം ചിരിക്കണം. ജീവിതത്തിന്റെ വ്യാമോഹം കണ്ട് എനിക്ക് ചിരിക്കണം”. ശിരച്ഛേദം നടന്നു, രണഭൂമിയിൽ ആ ശിരസിനെ നാട്ടി. രണ്ടു പക്ഷത്തുള്ള സൈനികർ പരസ്പരം പൊരുതി മരിക്കുന്നതു കണ്ട് ബർബരിക ശിരസ് നിർത്താതെ ചിരിച്ചുകൊണ്ടിരിന്നുവത്രെ.
ഈ കാലത്തെ തട്ടിപ്പുകാരും അധർമ്മികളും വ്യാമോഹികളും സമ്പത്തിൽ ഭ്രമിക്കുന്ന നിയമപാലകരും സമൂഹത്തിലെ വിവിധ മേഖലകളിലെ ഉന്നതരും എല്ലാം ഇടയ്ക്കൊന്നു ശ്രദ്ധിച്ചാൽ ബർബരികന്റെ പരിഹാസചിരി കേൾക്കാനാകും. തങ്ങൾ എത്ര പരിഹാസ്യരാണെന്ന് അറിയും.

 

 


ഇതുകൂടി വായിക്കാം; മരപ്പൊട്ടന്മാരുടെ കാനേഷുമാരി കണക്കെടുപ്പ്


പ്രബുദ്ധ ചിന്തകൾ ഉദിച്ച കേരളത്തിൽ ചിന്തയ്ക്ക് ദാരിദ്ര്യം സംഭവിക്കുന്നോ? പരമ്പരാഗതമായ വിശ്വാസങ്ങളെ അവഗണിക്കുന്ന യുവജനങ്ങൾ അന്ധവിശ്വാസങ്ങൾ വച്ചു പുലർത്താറില്ല. പക്ഷെ അവരടക്കം പണം ഏതു വിധേനെയും സമ്പാദിക്കാനുള്ള മാർഗത്തിലൂടെ സഞ്ചരിക്കുന്നു. നമ്മുടെ എല്ലാ രാവുകളിലും മനുഷ്യദ്രോഹത്തിന്റെയും മനുഷ്യൻ കബളിക്കപ്പെടുന്നതിന്റെയും കഥകൾ പറഞ്ഞു കേൾക്കാനാകും. ദ്രോഹിച്ചവരും കബളിപ്പിച്ചവരും സുഖമായി വിരാജിക്കുന്നത് കാണുമ്പോഴും യാതൊരു വികാരവുമില്ലാതെ ഒരു ജനത സ്വൈരമായി ഇരിക്കുന്നു എങ്കിൽ, ഇവിടത്തെ മനുഷ്യ മനസിന് എന്തോ ഒരു കുറവുണ്ട്.
പാണ്ഡവ സഭാമന്ദിരത്തിന്റെ തറയുടെ തിളക്കം കണ്ട്, ദുര്യോധനനും ശകുനിയും വെള്ളം കെട്ടിക്കിടക്കുകയാണെന്ന് ധരിച്ച് വസ്ത്രം പൊക്കിപ്പിടിച്ച് നടന്നതും വെള്ളം കണ്ടപ്പോൾ കരയാണെന്നു ധരിച്ച് ചെന്നുചാടിയതും നമ്മൾ കേട്ടിട്ടുണ്ട്. അതാണ് സ്ഥലജല ഭ്രമം. അതാണ് തട്ടിപ്പുകാരന്റെ പക്കൽപ്പോയ ഉന്നതർക്ക് പറ്റിയതും. സ്ഥലജല ഭ്രമത്താൽ എല്ലാവരും വിഡ്ഢികളായി. കഥയിലെ സഭാമന്ദിരം നിർമ്മിച്ചത് പ്രശസ്ത അസുര ശില്പി മയൻ. അർജുനൻ പണ്ട് തന്നെ രക്ഷിച്ചതിന് പ്രത്യുപകാരമായി. വൈദഗ്ധ്യവും അനന്തമായ സൗന്ദര്യവും നിറഞ്ഞ, പ്രൗഢിയുള്ള മന്ദിരം. നമ്മൾ ഇപ്പോൾ കാണുന്ന പല സ്ഥലജല ഭ്രമവും സൃഷ്ടിക്കുന്നത് വെറും വിദൂഷകരും, കപടവേഷധാരികളും. അതാണ് ദുരന്തം.

TOP NEWS

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.