വണ്‍ ലൈക്ക് = വണ്‍ സല്യൂട്ട്… ഇതൊരു കോണ്‍ഗ്രസ് നേതാവിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റാണ്. എല്‍ഡിഎഫ് തീര്‍ത്തും സമാധാനപരമായി നടത്തിയ ഒരു സമരത്തെ കോണ്‍ഗ്രസ് നേതാവ് അന്ന് വിവരിച്ചതാണിത്. എന്നാല്‍, ഇന്ന് അത് കോണ്‍ഗ്രസിനെ തിരിച്ചുകൊത്തിയിരിക്കുന്നു. അത് ഏറ്റെടുത്തിരിക്കുന്നതാകട്ടെ, ജനങ്ങളും. ഇടതുപക്ഷം നടത്തുന്ന ജനകീയ സമരത്തെ കോണ്‍ഗ്രസ് ഇങ്ങനെയാണ് അന്നും ഇന്നും എന്നും ആക്ഷേപിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒന്ന് കോണ്‍ഗ്രസില്‍ സംഭവിച്ചാല്‍ ആ കഥമാറും. സംഭവത്തെയാകെ വളച്ചൊടിക്കാൻ അവരെപ്പോലെ സമര്‍ത്ഥരായ മറ്റാരുമില്ല. മണിക്കൂറുകളോളം ജനജീവിതം സ്തംഭിപ്പിച്ച് അവര്‍ നടത്തുന്ന സമരത്തിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്തിയാല്‍ അവര്‍ക്കെതിരെ ഇല്ലാക്കഥയുണ്ടാക്കും. കള്ളക്കേസുകള്‍ നല്‍കും. എല്ലാം പതിവ് പരിപാടി. അതുതന്നെയാണ് ഇക്കഴിഞ്ഞ ദിവസം എറണാകുളത്തും സംഭവിച്ചത്.
ഒരു ജനാധിപത്യ രാജ്യത്ത് പ്രതിഷേധങ്ങള്‍ക്ക് വലിയ വില തന്നെയുണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വര്‍ഗവും തൊഴിലാളികളുമെല്ലാം അവകാശങ്ങള്‍ നേടിയെടുത്തത്. അവ സംരക്ഷിക്കാനും സമരമുറതന്നെ അനിവാര്യമെന്നതാണ് പുതിയ കാലഘട്ടം. കോണ്‍ഗ്രസിന്റെയും പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍, അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്തവര്‍ക്ക് എതിരെ അവര്‍ കൈക്കൊണ്ട നിലപാട് ഒരു രാഷ്ട്രീയ കക്ഷിക്ക് ചേര്‍ന്നതല്ല. ഒരു കാര്യം കൂടി ഓര്‍മ്മിക്കണം… രണ്ടാം യുപിഎ സര്‍ക്കാര്‍ തുടക്കം കുറിച്ച സാമ്പത്തികനയവും അത് അവരേക്കാള്‍ വേഗത്തില്‍ നടപ്പിലാക്കുകയുമാണ് എൻഡിഎ സര്‍ക്കാര്‍. ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്ന കാര്യത്തിലും എന്‍ഡിഎ, കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പാത പിന്തുടരുന്നവര്‍ തന്നെ. എന്നാല്‍, ഇന്ധന വിലവര്‍ധന കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് കോണ്‍ഗ്രസല്ല, നരേന്ദ്രമോഡിയാണ് എന്ന വിശ്വാസത്തിലാണ് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. നിയമസഭയില്‍ അടിയന്തര പ്രമേയം കൊണ്ടുവന്ന ഷാഫി പറമ്പില്‍പോലും ആ വിശ്വാസത്തിലാണ്. എണ്ണവില നിയന്ത്രണം കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് കോണ്‍ഗ്രസല്ലെന്ന് സഭാരേഖയില്‍ വരുത്തിയ യുവ എംഎല്‍എ, മന്‍മോഹന്‍ സിങ്ങിന്റെ മന്ത്രിസഭാ തീരുമാനം മാറ്റിയെഴുതിയ മട്ടിലാണ് പ്രസംഗം അവസാനിപ്പിച്ചത്.
പെട്രോള്‍, ഡീസല്‍ വില നിര്‍ണയ അധികാരം സംസ്ഥാന സര്‍ക്കാരിനല്ല. ഇത് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ, എൻഡിഎ സര്‍ക്കാരുകളാണ് എന്നകാര്യം ഒന്നാംക്ലാസുകാരനുപോലും അറിവുള്ളതാണ്. മന്‍മോഹന്റെ കാലം മുതല്‍ തുടങ്ങിയതാണ് വിലയിലെ ഈ കുതിച്ചു കയറ്റം. അതിനു ശേഷം വന്ന എൻഡിഎ സര്‍ക്കാര്‍ കഴിഞ്ഞ ഏഴു വര്‍ഷംകൊണ്ട് സെസും അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടി എന്ന പേരിലും പുതിയ നികുതികള്‍ കൊണ്ടുവരികയും അവ അനിയന്ത്രിതമായി വര്‍ധിപ്പിക്കുകയും ചെയ്തു. ക്രൂഡോയില്‍ വിലയില്‍ കുറവുവന്നാല്‍ പോലും പെട്രാള്‍, ഡീസല്‍ വിലയില്‍ കുറവ് വരാത്ത രീതിയില്‍ ആണ് സെസും അഡീഷണല്‍ സ്പെഷ്യല്‍ ഡ്യൂട്ടിയും വര്‍ധിപ്പിച്ചിരിക്കുന്നത്. 2013 വരെ സബ്‌സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ നൽകുന്ന രീതിയാണ് നിലനിന്നിരുന്നത്. എന്നാൽ 2013 ൽ രണ്ടാം യുപിഎ സർക്കാർ ഈ രീതി അവസാനിപ്പിക്കുകയും ഡിബിഡി സ്‌കീം നടപ്പിലാക്കുകയും ചെയ്‌തു. അതായത് ഉപഭോക്താക്കൾ മാർക്കറ്റ് വില നൽകി സിലിണ്ടർ വാങ്ങുകയും അതിന്റെ സബ്‌സിഡി അവർക്ക് ബാങ്ക് അക്കൗണ്ടിൽ നൽകുന്ന രീതിയും കൊണ്ടുവന്നു. അതിനോടൊപ്പം തന്നെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണവും കുറച്ചു. ഈ തീരുമാനം ഭാവിയിൽ സബ്‌സിഡി എന്നേക്കുമായി ഇല്ലാതാക്കുമെന്ന അപകടം ഇടതുപക്ഷം അന്നേ ചൂണ്ടിക്കാണിച്ചിരുന്നു. അടിസ്ഥാന എക്സൈസ് നികുതി 2016 ല്‍ 9.48 രൂപയുണ്ടായിരുന്നത് കുറച്ച് കുറച്ച് നിലവിലെ 1.4 രൂപയാക്കി കുറച്ചപ്പോള്‍ പങ്കുവയ്ക്കേണ്ടതില്ലാത്ത സെസ്, അഡീഷണല്‍ നികുതി കൃഷി സെസ് ഇനങ്ങളില്‍ 31.5 രൂപ കേന്ദ്രം പിരിച്ചെടുക്കുകയാണ്. സംസ്ഥാനങ്ങളുമായി നികുതി പങ്കുവയ്ക്കുന്നതില്‍ മോഡി സര്‍ക്കാര്‍ കാണിക്കുന്ന ഇരട്ടത്താപ്പ് യുപിഎ സര്‍ക്കാരില്‍ നിന്ന് കൈമാറി വന്നതാണ്.
2019 — 20 സാമ്പത്തിക വർഷത്തിൽ 35,605 കോടിരൂപയാണ് പാചക വാതക സബ്‌സിഡിക്കായി നീക്കിവച്ചത്. 2020 — 21 വർഷത്തിൽ സബ്‌സിഡിക്കായി നീക്കിവച്ച തുക 25,520 കോടിയായി കുറഞ്ഞു. 2021 — 22 കേന്ദ്ര ബജറ്റിൽ പാചകവാതകത്തിന്റെ സബ്‌സിഡിക്ക് വേണ്ടി വെറും 12,480 കോടി രൂപ മാത്രമാണ് കേന്ദ്ര ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ 2020 മേയ് മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള സബ്‌സിഡിയുടെ വരവ് നിലച്ചു. ഒന്നാം മോഡി സർക്കാരിന്റെ കാലം മുതൽ പടിപടിയായി പാചക വാതക വില വർധിപ്പിച്ചു. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന കാലഘട്ടത്തിൽ ഈ വിലവർധന രൂക്ഷമായി. 2020 മെയ്‌മാസം 581 രൂപ മാത്രം വിലയുണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന് 2021 ഒക്ടോബര്‍ മാസാവസാനം 940.5 രൂപയായി. അതായത് ഈ കാലയളവില്‍ 61 ശതമാനത്തിന്റെ വർധനവുണ്ടായി. അന്താരാഷ്ട്ര മാർക്കറ്റിലെ, പ്രത്യേകിച്ചും സൗദി ആരംകോയുടെ വിലക്കനുസൃതമാണ് പാചകവാതക വില എന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞുവച്ചിരുന്നത്. ഇതനുസരിച്ച് നോക്കിയാൽ 2014 — 15 സാമ്പത്തിക വർഷത്തിൽ ഒരു മെട്രിക് ടൺ എൽപിജിയുടെ അന്താരാഷ്ട്ര വില 880 ഡോളർ ആയിരുന്നത് 2016 — 17 ൽ 394 ഡോളർ ആയും 2021 — 22 സാമ്പത്തിക വർഷത്തിൽ 382 ഡോളർ ആയും കുറഞ്ഞു. ഗാർഹിക പാചകവാതകത്തിന്റെ വില 2014 — 15 ൽ 432 രൂപയായും 2016 — 17 ൽ 476 ആയും 2021 — 22 ൽ 900 രൂപയായും വർധിക്കുകയാണ് ഉണ്ടായത്. വില കൂടാനുള്ള പ്രധാന കാരണം പാചക വാതകത്തിന്റെ സബ്‌സിഡി എടുത്തുകളഞ്ഞതാണ്.
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അൻപതിലധികം തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോള്‍ ഇന്ധനവില കുറയ്ക്കുമെന്നാണ് ബിജെപി ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നത്. എന്നാല്‍, 2020 ഏപ്രിലില്‍ 20 ഡോളറും 2020 മെയില്‍ 28 ഡോളറുമായി കുറഞ്ഞിട്ടും ജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിച്ചിട്ടില്ല. യുപിഎ സര്‍ക്കാര്‍ തുടങ്ങിവച്ച ആചാരം എൻഡിഎ പിൻതുടര്‍ന്ന് വരുകയാണ്. ആ ആചാരത്തിനെതിരെ ജനജീവിതം നിശ്ചലമാക്കിക്കൊണ്ട് അവരെ ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ തീര്‍ത്തും അസഹനീയമെന്ന് തന്നെ പറയേണ്ടിവരും. എണ്ണവില കൂടിനില്‍ക്കുന്ന സാഹചര്യത്തില്‍ അവ ഉപയോഗിച്ചോടുന്ന വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍ നിരങ്ങിനീങ്ങേണ്ടിവരുന്നതും ഒരുനിലയ്ക്ക് മറ്റൊരു സാമ്പത്തിക നഷ്ടംകൂടി ഉണ്ടാക്കുന്നതും വസ്തുതയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.