22 November 2024, Friday
KSFE Galaxy Chits Banner 2

ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ

Janayugom Webdesk
November 16, 2021 5:22 am

ജന്തര്‍മന്ദര്‍ വീണ്ടും ചരിത്ര സമരത്തിനുള്ള ആഹ്വാനത്തിന്റെ വേദിയായിരിക്കുന്നു. തൊഴിലാളി യൂണിയനുകളും തൊഴിലാളികളുടെയും ജീവനക്കാരുടെയും സ്വതന്ത്ര ഫെ‍ഡറേഷനുകളും സംയുക്തമായി ചേര്‍ന്ന കണ്‍വെന്‍ഷനില്‍ രാജ്യത്തെ കര്‍ഷക പോരാട്ടത്തിന്റെ പ്രതിനിധികളും പങ്കെടുത്തു എന്നത് ശ്രദ്ധേയമാണ്. 2022 ഫെബ്രുവരിയിലെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന കാലയളവില്‍ രണ്ടു നാള്‍ രാജ്യത്ത് പൊതു പണിമുടക്ക് സംഘടിപ്പിക്കുവാനാണ് കണ്‍വെന്‍ഷന്റെ തീരുമാനം. ജനങ്ങളെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യം തന്നെ പ്രക്ഷോഭത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു തുടങ്ങിയ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും സ്വതന്ത്ര ഫെഡറേഷനുകള്‍ക്കുമൊപ്പം സംയുക്ത കര്‍ഷക സമരസമിതി കൂടി ദേശീയ പണിമുടക്കിന് നേതൃത്വം നല്‍കുമ്പോള്‍ അതൊരു ചരിത്രപോരാട്ടമായി തന്നെ മാറും, പ്രത്യേകിച്ച് ലോകം ശ്രദ്ധിക്കപ്പെടുന്ന യൂണിയന്‍ ബജറ്റവതരണ ദിവസങ്ങളിലെ പണിമുടക്കം.

കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന ഘട്ടത്തില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടമായിരുന്നില്ല ജന്തര്‍മന്ദിറില്‍. 500 പേര്‍ക്കായിരുന്നു അനുമതി. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം എല്ലായിടങ്ങളില്‍ നിന്നും തൊഴിലാളികളും കര്‍ഷകരുമെത്തി. ഇന്‍ഷുറന്‍സ്, ബാങ്കിങ്, റയില്‍വേ തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍, ടെലികോം, സംസ്ഥാന‑കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, വ്യവസായ മേഖലയിലെ തൊഴിലാളികള്‍, സ്കീം തൊഴിലാളികള്‍, അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ തുടങ്ങിയവരും പങ്കാളികളായി. കര്‍ഷക സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്‍പിഎഫ് പ്രസിഡന്റ് വി സുബ്ബരാമനും 700ഓളം കര്‍ഷകര്‍ക്കും കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ആയിരക്കണക്കിന് തൊഴിലാളികള്‍ക്കും ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് യോഗനടപടികള്‍ ആരംഭിച്ചത്. പാര്‍ലമെന്റ് പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, വൈദ്യുതി ഭേദഗതി ബില്‍, കുറഞ്ഞ താങ്ങുവിലയ്ക്ക് (എംഎസ്‌പി) നിയമപരമായ ഉറപ്പ് എന്നീ സുപ്രധാന വിഷയങ്ങളാണ് കണ്‍വെന്‍ഷന്‍ ചര്‍ച്ചചെയ്തത്.

 


ഇതുകൂടി വായിക്കാം;സമരങ്ങളുടെ അനിവാര്യത


 

ഐഎന്‍ടിയുസി വൈസ് പ്രസിഡന്റ് അശോക് സിങ്, എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍, എച്ച്എംഎസ് ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിങ് സിദ്ധു. സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, എഐടിയുടിയുസി ദേശീയ സെക്രട്ടറി സത്യവാന്‍, ടിയുസിസി ജനറല്‍ സെക്രട്ടറി ജി ദേവരാജന്‍, സേവ ദേശീയ സെക്രട്ടറി സോണിയ ജോര്‍ജ്ജ്, എഐസിസിടിയു ജനറല്‍ സെക്രട്ടറി രാജീവ് ദിമ്രി, എല്‍പിഎഫ് നേതാവ് ജെ പി സിങ്, യുടിയുസി നേതാവ് ശത്രുജീത് എന്നിവര്‍ പ്രഭാഷണം നടത്തി. ചരിത്രപ്രധാനമായ കര്‍ഷക സമരത്തെ സ്പര്‍ശിച്ചായിരുന്നു പ്രഭാഷണങ്ങള്‍. രാജ്യത്തെ എല്ലാ കോണുകളില്‍‍ നിന്നുള്ള തൊഴിലാളികളുടെയും ഐക്യദാര്‍ഢ്യം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളുണ്ടാക്കുന്ന പ്രതിസന്ധികള്‍ പരസ്പരബന്ധിതമാണ്. ആ പ്രാധാന്യത്തോടെ മുഴുവന്‍ ജനവിഭാഗങ്ങളെയും പണിമുടക്കില്‍ അണിനിരത്തണമെന്നാണ് നേതാക്കള്‍ ആഹ്വാനം ചെയ്തത്.

നരേന്ദ്രമോഡി സര്‍ക്കാര്‍, തൊഴിലാളി, കര്‍ഷക വിരുദ്ധ, ജനവിരുദ്ധ നടപടികള്‍ മാത്രമല്ല തുടരുന്നത്. രാജ്യത്തിന്റെ പൊതുസമ്പത്ത് വിദേശ കുത്തക കമ്പനികള്‍ ഉള്‍പ്പെടെ വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ദേശവിരുദ്ധമായി അടിയറവുവയ്ക്കുക കൂടിയാണ്. മിഷന്‍ ഉത്തര്‍പ്രദേശ്, മിഷന്‍ ഉത്തരാഖണ്ഡ്, മിഷന്‍ പഞ്ചാബ് എന്നതാണ് ഇപ്പോള്‍ ബിജെപിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ‘മിഷന്‍ ഇന്ത്യ’ എന്ന ദൗത്യം ഏറ്റെടുക്കാന്‍ എല്ലാവരും തയാറാവണമെന്നും നേതാക്കള്‍ ആഹ്വാനം ചെയ്തു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ അടിസ്ഥാന ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെയും ആര്‍എസ് എസിന്റെയും കുതന്ത്രങ്ങളെ മറികടന്നുവേണം ഇത്തരം ഐക്യം ശക്തിപ്പെടുത്താനെന്നും നേതാക്കള്‍ പറഞ്ഞു.  ബജറ്റ് തീയതികള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന മുറയ്ക്കേ പണിമുടക്ക് എന്നാണെന്ന് നിശ്ചയിക്കാനാവൂ. എങ്കിലും പണിമുടക്കിനുള്ള ആസൂത്രണങ്ങള്‍ രാജ്യവ്യാപകമായി ഉടനെ ആരംഭിക്കാനാണ് ആഹ്വാനം. സംസ്ഥാനതലത്തിലും താഴേത്തട്ടിലും സമാനരീതിയില്‍ തൊഴിലാളി, കര്‍ഷക കണ്‍വെന്‍ഷനുകള്‍ ചേരും.

ലേബര്‍ കോഡുകള്‍ തള്ളിക്കളയുക, കാര്‍ഷിക നിയമങ്ങളും വൈദ്യുത (ഭേദഗതി) ബില്ലും റദ്ദാക്കുക, സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ആദായ നികുതി അടയ്ക്കേണ്ടതില്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500 രൂപയുടെ സാമ്പത്തിക സഹായവും ഭക്ഷ്യവസ്തുക്കളും അനുവദിക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം വര്‍ധിപ്പിക്കാനും നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാനും തയാറാവുക, അനൗപചാരിക മേഖലകളിലേതുള്‍പ്പെടെ മുഴുവന്‍ തൊഴിലാളികള്‍ക്കും സാര്‍വത്രിക സാമൂഹിക സുരക്ഷ ഏര്‍പ്പെടുത്തുക, അങ്കണവാടി, ആശ, പാചക, മറ്റു സ്കീം തൊഴിലാളികള്‍ക്ക് നിയമാനുസൃതമായ കുറഞ്ഞ വേതനവും സാമൂഹിക സുരക്ഷയും അനുവദിക്കുക, പകര്‍ച്ചവ്യാധികള്‍ക്കിടയിലും ജനങ്ങളെ സേവിക്കുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ശരിയായ സംരക്ഷണവും ഇന്‍ഷുറന്‍സ് സൗകര്യങ്ങളും അനുവദിക്കുക, ദേശീയ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുവാന്‍ സമ്പന്നരില്‍ നിന്ന് ധന നികുതി ഈടാക്കുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ പൊതുനിക്ഷേപം വര്‍ധിപ്പിക്കുക, പെട്രോളിയം ഉല്പന്നങ്ങളുടെ സെന്‍ട്രല്‍ എക്സൈസ് തീരുവ കുറയ്ക്കുകയും വിലക്കയറ്റം തടയുന്നതിന് കൃത്യമായ പരിഹാരനടപടികളും സ്വീകരിക്കുക തുടങ്ങിയവയാണ് കണ്‍വെന്‍ഷന്‍ അംഗീകരിച്ച ആവശ്യങ്ങള്‍.

ജനവിരുദ്ധവും ദേശവിരുദ്ധവുമായ ഭരണനയത്തിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ പൊതുപണിമുടക്കിന്റെ വാര്‍ഷികമായ നവംബര്‍ 26ന് രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടത്താന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ തൊഴിലാളികളും കര്‍ഷകരും അണിനിരക്കുന്ന വമ്പിച്ച പ്രകടനം സംഘടിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ജില്ലാ, മണ്ഡലം കേന്ദ്രങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടക്കും. സംസ്ഥാനതല കണ്‍വെന്‍ഷനും ഈ കാലയളവില്‍ നടക്കും. പൊതുമേഖലാ യൂണിയനുകളുടെ സംയുക്തയോഗങ്ങളും ചേരും. ഡിസംബര്‍ മുതല്‍ 2022 ജനുവരി വരെ സംയുക്തയോഗങ്ങളും ഒപ്പുശേഖരണ ക്യാമ്പയിനും നടക്കും. ജനുവരിക്കുമുമ്പേ പ്രാദേശികമായി റാലികളും പൊതുയോഗങ്ങളും ഏകദിന ധര്‍ണകളും ഒന്നിലേറെ ദിവസങ്ങള്‍ നീളുന്ന പഥയാത്രകളും നടക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലേക്ക് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.
(കടപ്പാട്: ഐപിഎ)

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.