22 December 2024, Sunday
KSFE Galaxy Chits Banner 2

ദേശീയ ധനസമ്പാദ്യ പൈപ്പ് ലൈൻ: ഓഹരിവിറ്റഴിക്കൽ നയത്തിന്റെ പുതിയ രൂപം

Janayugom Webdesk
August 27, 2021 5:00 am

അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാരിന്റെ നിക്ഷേപത്തെയും പൊതുസ്വത്തിനെയും ഉപയോഗിക്കുന്ന പദ്ധതിയായിട്ടാണ് നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 2021–22 വർഷത്തെ കേന്ദ്ര ബജറ്റിലാണ് കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമൻ ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ (നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ‌ലൈൻ) ആരംഭിക്കുമെന്ന് അറിയിച്ചത്. വരുന്ന നാല് വർഷത്തിനകം ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന പൊതുമേഖലയുടെ ആസ്തികൾ പാട്ടത്തിനു നൽകി വികസന പ്രവർത്തനങ്ങൾക്ക് മൂലധനം കണ്ടെത്താനുള്ള വഴികളാണ് ഈ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 

നാലുവർഷത്തിനുള്ളിൽ റോഡ്, റയിൽവേ, ടെലികോം, വിമാനത്താവളങ്ങൾ, ഊർജ വിതരണം തുടങ്ങിയ 13 സുപ്രധാന മേഖലകളിലെ ഇരുപതിലധികം ആസ്തികളിൽ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരിക എന്നതാണ് ഇതിന് പിന്നിൽ. യഥാർത്ഥത്തിൽ കോവിഡനന്തര ആധുനികമുതലാളിത്തത്തിന്റെ പുതിയ തന്ത്രമായിട്ട് മാത്രമേ ദേശീയ ധനസമ്പാദന പൈപ്പ് ലൈനിനെ കാണാൻ സാധിക്കുകയുള്ളൂ. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച സാമൂഹ്യ‑സാമ്പത്തിക പ്രതിസന്ധിയിലുഴലുന്ന ഇന്ത്യയിൽ സ്വകാര്യ സംരംഭകർ നേരിട്ട് മുതൽമുടക്കാൻ തയാറാവില്ല. അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടാണ് പൊതുമേഖലയുടെ ഓഹരി വിറ്റഴിക്കൽ നയം നേരിട്ട് നടപ്പിലാക്കാതെ വളഞ്ഞ വഴിയിൽ ആസ്തികൾ പാട്ടത്തിന് നൽകുകയും സർക്കാരിന് ഇതിൽ നിയന്ത്രണമുണ്ടെന്ന് വാദിക്കുകയും എന്നാൽ എത്ര വർഷത്തേക്കാണ് പാട്ടത്തിന് നൽകുന്നത് എന്ന കാര്യത്തിൽ മൗനം പാലിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ, നവലിബറൽ കാലത്ത് പിന്തുടർന്ന് പോന്നിരുന്ന സ്വകാര്യവൽക്കരണത്തിന്റെ ആധുനിക മുഖമായിട്ടു വേണം ദേശീയ ധനസമ്പാദന പദ്ധതിയെ വിലയിരുത്തേണ്ടത്. 

ധന സമ്പാദനത്തിന് ഉപയോഗിക്കുന്ന പദ്ധതികളോ അവയുടെ അടിസ്ഥാന സൗകര്യങ്ങളോ ഒരു നിശ്ചിത കാലയളവിലേക്ക് സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുകയും അതിലൂടെ ധനസമ്പാദനം നടത്തുകയും ചെയ്യുന്ന പദ്ധതിയാണ് ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ. ഇത്തരം അവകാശങ്ങൾ കൈമാറുന്നത് കൃത്യമായി നിർവചിക്കപ്പെട്ട ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണെന്ന് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ അവകാശപ്പെടുന്നു. പൊതുമേഖലയുടെ ആസ്തികൾ ചില നിബന്ധനകൾക്കു വിധേയമായി സ്വകാര്യമേഖലയ്ക്ക് പാട്ടത്തിന് നൽകുകയും അത് പരിപാലിക്കുകയും ചെയ്യുന്നു. സ്വകാര്യ മേഖലയിലെ മൂലധനവും കാര്യക്ഷമതയും ഉപയോഗിച്ച് പൊതുമേഖലാ ആസ്തികളിൽ നിക്ഷേപ മൂല്യം വർധിപ്പിക്കുക എന്നതാണ് ധനസമ്പാദന പദ്ധതിയുടെ തന്ത്രപരമായ ലക്ഷ്യമായി കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.
ദേശീയ ധനസമ്പാദന പൈപ്പ്‌ ലൈനിനെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത് നിതി ആയോഗാണ്. രണ്ട് വോള്യങ്ങളിലായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ 88 പേജുകളുള്ള ഒന്നാം വോള്യത്തിൽ ‘ധനസമ്പാദനത്തിനുള്ള ഗൈഡൻസ് ബുക്കും’, 114 പേജുകളുള്ള രണ്ടാം വോള്യത്തിൽ ‘ആസ്തികളുടെ പൈപ്പ് ലൈൻ ഉൾപ്പെടെയുള്ള ഇടക്കാല റോഡ് മാപ്പും’ ചേർത്താണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. 2021–22 സാമ്പത്തിക വർഷത്തെ കേന്ദ്രബജറ്റിലാണ് ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ പ്രഖ്യാപിച്ചതും അതിനെ വികസിപ്പിക്കാനുള്ള ദൗത്യം നിതി ആയോഗിനെ ഏൽപ്പിച്ചതും. ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ ദേശീയ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്‌ ലൈനുമായി സഹകരിച്ച് 2021–22 സാമ്പത്തിക വർഷം മുതൽ 2024–25 സാമ്പത്തിക വർഷം വരെയുള്ള കാലയളവിൽ നടത്തേണ്ട പ്രവൃത്തിയെ ആസൂത്രണം ചെയ്യുന്നു.
രാജ്യത്ത് നിലവിലുള്ള പൊതുമേഖല പദ്ധതികളിൽ സ്വകാര്യ മേഖലകളെ പങ്കാളികളാക്കി അതിലൂടെ ധനസമാഹരണം നടത്തുന്ന പദ്ധതിയാണ് ദേശീയ ധനസമ്പാദന പൈപ്പ് ലൈൻ. സ്വകാര്യ പങ്കാളികൾക്ക് ഉടമസ്ഥാവകാശം നൽകാത്ത രീതിയിലാണ് ദേശീയ ധനസമ്പാദനം വിഭാവനം ചെയ്യുന്നതെന്നും അടുത്ത നാലുവർഷത്തിനുള്ളിൽ ആറ് ലക്ഷം കോടിയുടെ ധനസമാഹരണം നടത്തുകയും ആ പണം രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് ചെലവഴിക്കുമെന്നുമാണ് നിർമ്മലാ സീതാരാമൻ അവകാശപ്പെടുന്നത്. സാമ്പത്തിക വളർച്ച, ജനക്ഷേമത്തിനായി ഗ്രാമ — നഗര സംയോജനം, തൊഴിലവസരങ്ങൾ വർധിപ്പിക്കൽ, സമൂഹത്തിലെ പിന്നാക്കക്കാരുടെ ഉന്നമനം എന്നിവയാണ് ആസ്തി വില്പനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് നിതി ആയോഗിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ പെട്രോളിയം ഉല്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്ത് കളഞ്ഞതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിലൂടെ ശേഖരിക്കുന്ന പണം അടിസ്ഥാന സൗകര്യവികസനത്തിനു പോലും കൃത്യമായി വിനിയോഗിക്കുന്നില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ട് ആസ്തി മൂലധന സമാഹരണവും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി ഉപയോഗിക്കുമോയെന്ന കാര്യവും സംശയ ദൃഷ്ടിയോടെ മാത്രമേ ഇന്ത്യൻ ജനത കാണുകയുള്ളൂ. 

ധനസമ്പാദനത്തിനായി മൊത്തം ആസ്തികളെ കോർ (കാതല്‍) ആസ്തികളെന്നും കാതല്‍ ആസ്തികൾ അല്ലാത്തവയെന്നും രണ്ടായി തരംതിരിച്ചു. റോഡുകൾ, റയിൽവേ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഊർജോല്പാദനം, ഊർജ വിതരണം, പ്രകൃതിവാതക പൈപ്പ് ലൈൻ, ടെലികോം, വെയർഹൗസുകൾ എന്നിവയെ കാതല്‍ ആസ്തികളായും ഭൂമി, കെട്ടിടങ്ങൾ എന്നിവയെ കാതല്‍ ആസ്തികൾ അല്ലാത്തവയെന്നും തരം തിരിച്ചു. കോർ ആസ്തികളാണ് നിലവിൽ വരുമാനം ഉണ്ടാക്കുന്നതും ഭാവിയിലും കൂടുതൽ ധനസമ്പാദനത്തിനുള്ള ഉപാധിയായി സർക്കാർ പരിഗണിക്കുന്നത്. ഉദാഹരണത്തിന് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളും ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകളും റോഡുകളിലെയും വൈദ്യുതി മേഖലകളിലെയും ആസ്തികൾ ധന സമ്പാദനത്തിന് ഉപയോഗിക്കുന്ന പ്രധാന ഘടകങ്ങളാണ്. നിക്ഷേപകർക്ക് ദ്വിതീയ വിപണികളിലൂടെ പണലഭ്യത നൽകികൊണ്ട് ഇവ സ്റ്റോക്ക് എക്സ് ചേഞ്ചുകളിലും ലിസ്റ്റ് ചെയ്യുന്നു.
ധനസമ്പാദന മാതൃകകളെ രണ്ട് സമീപനങ്ങളായിട്ടാണ് തരം തിരിച്ചിട്ടുള്ളത്. ഒന്നാമതായി, നേരിട്ടുള്ള കരാർ സമീപനവും രണ്ടാമതായി, ഘടനാപരമായ സാമ്പത്തിക മാതൃകയും. പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) അടിസ്ഥാനത്തിലുള്ള മറ്റ് ധനസമ്പാദന മാതൃകകളും ഇതിൽപ്പെടുന്നു. ഓപ്പറേറ്റ് മെയിന്റൈൻ ട്രാൻസ്ഫർ (ഒഎംടി), ടോൾ ഓപ്പറേറ്റ് ട്രാൻസ്ഫർ (ടിഒടി), ഓപ്പറേഷൻ മെയിന്റയിൻസ് ആന്റ് ഡെവലപ്പ്മെന്റ് (ഒഎംഡി), ഓപ്പറേഷൻ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് എഗ്രിമെന്റ് (ഒഎംഡിഎ) എന്നിവയാണ് ഇവ. ഇതിൽ ഒഎംടി, ടിഒടി എന്നിവ റോഡ് വികസനത്തിലും ഒഎംഡി, ഒഎംഡിഎ എന്നിവ വിമാനത്താവളങ്ങളുടെ വികസന കാര്യങ്ങളിലും ഉപയോഗിക്കുന്നു. ആസ്തി ധനസമാഹരണ പദ്ധതി നടപ്പിലാക്കാൻ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി രൂപീകരിക്കുകയും ഇതിന്റെ പുരോഗതി വിലയിരുത്തുകയും സർക്കാർ സൂക്ഷ്മമായി തന്നെ ഈ പ്രവൃത്തികൾ നിരീക്ഷിക്കുകയും ചെയ്യും. 

റോഡുകൾ 27ശതമാനം, റയിൽവേ 25, ഊർജം 15, ഓയിൽ ‑ഗ്യാസ് പൈപ്പ് ലൈനുകൾ എട്ട്, ടെലികോം ആറ് എന്നിങ്ങനെ മൊത്തം ആസ്തി ധനസമ്പാദന പൈപ്പ് ലൈനിന്റെ മൂല്യത്തിൽ 83 ശതമാനത്തോളം അഞ്ച് കാതല്‍ മേഖലയിൽ നിന്നാണ്. 2021–22 ധനകാര്യ വർഷം മുതൽ 2024–25 വർഷം വരെ യഥാക്രമം 88190 കോടി, 1,62,422 കോടി, 1,79,544 കോടി, 1,67,345 കോടി രൂപയാണ് ആസ്തി ധനസമാഹരണത്തിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ധനസമ്പാദനത്തിന് വിനിയോഗിക്കാൻ ഉദ്ദേശിക്കുന്ന ആസ്തികളിൽ ഏറ്റവും കൂടുതൽ റോഡ്, റയിൽവേ, ഊർജ മേഖലയിലാണ്. ഇത് ആസ്തി വില്പനയുടെ 66 ശതമാനത്തോളമാണ്.
ദേശീയ ധനസമാഹരണ പദ്ധതിയിൽ റോഡുകൾ (1,60, 200 കോടി), റയിൽവേ (1,52,496 കോടി), ഊർജ്ജ വിതരണം (45,200 കോടി) ഊർജോല്പാദനം (39,832 കോടി), ടെലികോം (35,100 കോടി), വെയർഹൗസുകൾ (28,900 കോടി), ഖനനം (28,747 കോടി), പ്രകൃതി വാതക പൈപ്പ് ലൈൻ (24,462 കോടി), പെട്രോളിയം ഉല്പന്ന പൈപ്പുലൈനും മറ്റുള്ളവയും (22,504 കോടി), വ്യോമയാനം (20, 782 കോടി), തുറമുഖങ്ങൾ (12,828 കോടി), സ്റ്റേഡിയങ്ങൾ (11,450 കോടി), നഗര കേന്ദ്രീകൃത റിയൽ എസ്റ്റേറ്റുകൾ (15,000 കോടി) എന്നിങ്ങനെ മൊത്തം ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികളാണ് വിറ്റഴിക്കുന്നത്. ദേശീയ ധനസമ്പാദന പദ്ധതി അനുസരിച്ച് 26,700 കിലോമീറ്റർ റോഡുകൾ, 400 റയിൽവേ സ്റ്റേഷനുകൾ, 90 പാസഞ്ചർ ട്രെയിനുകൾ, 2.86 ലക്ഷം കിലോമീറ്റർ ഭാരത് നെറ്റ് ഫൈബർ, ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും 14,917 ടവറുകൾ, 8,154 കിലോമീറ്റർ പ്രകൃതിവാതക പൈപ്പ് ലൈനുകൾ, 3,930 കിലോമീറ്റർ പെട്രോളിയം ഉല്പന്നങ്ങളുടെ (എൽപിജി ഉൾപ്പെടെ) പൈപ്പ് ലൈനുകൾ, 15 റയിൽവേ സ്റ്റേഷനുകളും തിരഞ്ഞെടുത്ത റയിൽവേ കോളനികളും അടക്കം സ്വകാര്യ സ്ഥാപനങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ നൽകും. 

രാജ്യത്തെ 25 വിമാനത്താവളങ്ങളെ സ്വകാര്യവൽക്കരിച്ച് നാലു വർഷത്തിനുള്ളിൽ 20,782 കോടി രൂപയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ള 25 വിമാനത്താവളങ്ങളുടെ ആസ്തികൾ വിറ്റഴിക്കുന്നു. നാല് ഘട്ടങ്ങളാണ് വിമാനത്താവളങ്ങളെ ധനസമ്പാദനത്തിനായി പരിഗണിക്കുന്നത്. ഒന്നാം ഘട്ടത്തിൽ ആറ്, രണ്ടാം ഘട്ടത്തിൽ എട്ട്, മൂന്നാം ഘട്ടത്തിൽ ആറ്, നാലാം ഘട്ടത്തിൽ അഞ്ച് വിമാനത്താവളങ്ങളുമാണ് നിതി ആയോഗ് തയ്യാറാക്കിയ റിപ്പോർട്ടിൽ ഇടം പിടിച്ചത്. സ്വകാര്യ പങ്കാളികൾ പ്രവർത്തിപ്പിക്കുന്ന ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളുരു എന്നീ വിമാനത്താവളങ്ങളുടെ ബാക്കിയുള്ള ഓഹരികൾ കൂടി വിറ്റഴിച്ച് ധനസമാഹരണം നടത്തും. ലാഭകരമല്ലാത്ത ചെറുകിട വിമാനത്താവളങ്ങൾ വൻകിട വിമാനത്താവളങ്ങളുമായി ചേർത്ത് പാക്കേജായി സ്വകാര്യ മേഖലയ്ക്ക് നൽകുന്നതും പരിഗണനയിലുണ്ട്.2023–24 സാമ്പത്തിക വർഷത്തിൽ സ്വകാര്യ പങ്കാളിത്തം പരിഗണിക്കുന്ന എട്ട് വിമാനത്താവളങ്ങളിൽ കോഴിക്കോടും ഉൾപ്പെടുന്നു. അതിനൊപ്പം ഒമ്പത് പ്രധാന തുറമുഖങ്ങളിലെ 31 പദ്ധതികൾ, കൽക്കരി മന്ത്രാലയത്തിന്റെ കീഴിലുള്ള 160 പദ്ധതികൾ, രണ്ട് ദേശീയ സ്റ്റേഡിയങ്ങളിലും രണ്ട് പ്രാദേശിക കേന്ദ്രങ്ങളിലും സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്തുമെന്നും ദേശീയ ധനസമ്പാദന പദ്ധതി അവകാശപ്പെടുന്നു. 

ഒരു ആസ്തിയും പൂർണമായി വിറ്റഴിക്കുകയല്ല അതിന് പകരം മെച്ചപ്പെട്ട രീതിയിൽ അവ ഉപയോഗിക്കുന്നുവെന്ന് വേണം ഈ ദേശീയ ധനസമ്പാദന പദ്ധതിയെ കണക്കാക്കേണ്ടതെന്നാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവകാശപ്പെടുന്നത്. ആധുനിക മുതലാളിത്ത സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയുടെ പൊതുമേഖലയുടെ സമ്പത്ത് കോർപ്പറേറ്റ് കൈകളിൽ ഏൽപ്പിക്കുക എന്ന ദൗത്യം നിർവഹിക്കുക മാത്രമാണ് ഇത്തരം ധനസമാഹരണ പദ്ധതികൾ കൊണ്ട് യഥാർത്ഥത്തിൽ സംഭവിക്കാൻ പോകുന്നത്. കോവിഡനന്തര കാലഘട്ടം നമ്മെ ഓർമ്മിപ്പിക്കുന്നത്, പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്നതാണ്. പൊതു മേഖലയ്ക്ക് അതിന്റെ ശക്തിയും അതിനൊപ്പം ദൗർബല്യവുമുണ്ട്. ആ ദൗർബല്യങ്ങൾ തിരുത്തി മൂന്നോട്ടുപോകുന്നതിന് പകരം സർക്കാർ സംവിധാനത്തിലൂടെ സ്വകാര്യ മേഖലയുടെ ബിസിനസ് താല്പര്യങ്ങൾ പരിപോഷിപ്പിക്കാൻ ശ്രമിച്ചാൽ ഇന്ത്യയിലെ ജനതയ്ക്കിടയിൽ സാമ്പത്തിക അസമത്വവും സാമൂഹിക അനീതിയും രൂക്ഷമാകും. ഇതിലൂടെ ഒരു രാജ്യത്തിന്റെ മൊത്തം സേവനങ്ങൾ സമ്പന്നവിഭാഗക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്ന തുടർപ്രവൃത്തിക്ക് ആക്കം കൂട്ടാൻ മാത്രമേ ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ സാധിക്കുകയുള്ളു. ഇന്ത്യയുടെ ദുർബലമായ സാമ്പത്തിക പരിതസ്ഥിതിയിൽ വൻകിട കോർപ്പറേറ്റുകൾക്ക് അടിയറവ് പറയുന്ന നയങ്ങൾ തിരുത്തി ജനകേന്ദ്രീകൃതവും മാനവിക വികസനത്തിലൂന്നിയതുമായ സുസ്ഥിരമായ വികസന കാഴ്ചപ്പാടുകളാണ് ഇന്നത്തെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.