17 June 2024, Monday

ജൈവവൈവിധ്യം; ആഗോള കര്‍മ്മ പദ്ധതിയില്‍ പങ്കാളികളാകാം

സജി ജോണ്‍
May 26, 2024 4:25 am

പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ഒരു പുത്തൻ ഉല്പാദന-ഉപഭോഗ, സാമൂഹ്യ‑സാമ്പത്തിക ലോകക്രമം ഉരുത്തിരിയേണ്ടതുണ്ടെന്നു നമ്മെ വീണ്ടും ഓർമ്മപ്പെടുത്തിക്കൊണ്ടും; അതിൽ പങ്കാളികളാകുവാൻ നമ്മോട് ആവശ്യപ്പെട്ടുകൊണ്ടുമാണ് 2024ലെ അന്താരാഷ്ട്ര ജൈവവൈവിധ്യദിനം കടന്നുപോയത്. ജൈവവൈവിധ്യ സംരക്ഷണം, ജൈവവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം, ജൈവവിഭവങ്ങളുടെയും അതിൽനിന്നുള്ള പ്രയോജനങ്ങളുടെയും തുല്യവും നീതിപൂർവകവുമായ പങ്കുവയ്ക്കൽ എന്നിവ ലക്ഷ്യമാക്കി 1992ൽ റിയോ ഡി ജനീറോയിൽ ചേർന്ന ഭൗമ ഉച്ചകോടിയാണ് ജൈവവൈവിധ്യം സംബന്ധിച്ച ആദ്യ ആഗോളകരാറിനു രൂപം നൽകിയത്. തുടർന്ന്, ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യം ലോകത്തെ അറിയിക്കുവാനായി 1993ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം പ്രഖ്യാപിച്ചു. “പദ്ധതിയിൽ പങ്കാളികളാകൂ (Be part of the Plan)” എന്നതാണ്, 2024ലെ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ പ്രതിപാദ്യമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യനാൽ സൃഷ്ടിക്കപ്പെടുന്ന ജീവജാലങ്ങളുടെ വംശനാശം തടയുക, എല്ലാ ജീവജാലങ്ങളുടെയും വംശനാശ ഭീഷണി 2050ഓടെ പത്തിൽ ഒന്നായി കുറയ്ക്കുക, വന്യ ഇനങ്ങളുടെ സ്വാഭാവിക സുലഭത നിലനിർത്തുക, വന്യവും നാം പരിപാലിച്ചു വളർത്തുന്നതുമായ ജീവജാലങ്ങളുടെ ജനിതക വൈവിധ്യം സംരക്ഷിക്കുക തുടങ്ങിയവയാണ് പ്രാഥമിക ലക്ഷ്യങ്ങളായി നിർവചിക്കപ്പെട്ടിട്ടുള്ളത്. ജനിതക വൈവിധ്യങ്ങളുടെ ധനപരവും അല്ലാത്തതുമായ നേട്ടങ്ങളും അത് സംബന്ധിച്ച പരമ്പരാഗത അറിവുകളും; തദ്ദേശവാസികൾക്കും പ്രാദേശിക ജനസമൂഹങ്ങൾക്കും ഉൾപ്പെടെ എല്ലാവർക്കും തുല്യമായും നീതിപൂർവമായും വീതം വയ്ക്കപ്പെടുന്നുവെന്നും; അന്താരാഷ്ട്രതലങ്ങളിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മാനദണ്ഡങ്ങളിലൂടെ അവയെല്ലാം നാളേക്കായി സംരക്ഷിക്കപ്പെടുന്നുവെന്നും 2050ഓടെ ഉറപ്പാക്കണമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു ലക്ഷ്യം. ഉടമ്പടി പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാവശ്യമായ സമ്പത്ത്, ശാക്തീകരണം, സാങ്കേതികവും ശാസ്ത്രീയവുമായ മേഖലകളിലെ സഹകരണം, തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തുന്നതിനും പ്രത്യേകിച്ചും അവികസിത‑വികസ്വര രാജ്യങ്ങൾക്കും സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഇതര രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനും, കർമ്മപദ്ധതിയിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്.
ഭൂമിയിൽ ഏതാണ്ട് 1.75 മില്യൺ ഇനം ജീവജാലങ്ങളെയാണ് ഇതിനകം മനുഷ്യർ തിരിച്ചറിഞ്ഞിട്ടുള്ളത്. ഭൂമിയിലെ ജീവന്റെ ആകെ തുകയാണ് ജൈവവൈവിധ്യം എന്ന പദംകൊണ്ട് വിവക്ഷിക്കപ്പെടുന്നത്. എന്നാൽ മൊത്തം ജൈവവൈവിധ്യം 13 മില്യൺ വരുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തൽ. ഒരേയിനം ജീവജാലങ്ങളിൽ തന്നെയുള്ള ജനിതക വ്യത്യാസങ്ങൾപോലും അതിപ്രധാനമാണ്. ജൈവവൈവിധ്യവും അവ തമ്മിലുള്ള പരസ്പര വ്യവഹാരവും; അവയെല്ലാം കൂടി രൂപപ്പെടുത്തിയിട്ടുള്ള പരിസ്ഥിതിയുമാണ് ഭൂമിയിൽ മനുഷ്യന് ജീവിക്കുവാൻ കഴിയുന്ന അനുപമവും സവിശേഷവുമായ ചുറ്റുപാടുകളെ വാർത്തെടുത്തിട്ടുള്ളത്. ഈ ആവാസ വ്യവസ്ഥകളിൽ ഏതിലും സംഭവിക്കുന്ന അപചയം മറ്റ് ആവാസ വ്യവസ്ഥകളെയും സാരമായി ബാധിക്കുന്നു. ഇന്ന്, 75 ശതമാനം കര ആവാസവ്യവസ്ഥകളും 66 ശതമാനം സമുദ്രജല ആവാസവ്യവസ്ഥകളും മനുഷ്യരുടെ പ്രതിലോമകരമായ ഇടപെടലുകൾക്ക് വിധേയമായി കഴിഞ്ഞു. ഏതാണ്ട് 10 ലക്ഷത്തോളം സസ്യ‑ജന്തുജാലങ്ങൾ വംശനാശ ഭീഷണി നേരിടുന്നു. കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ “കര” ആവാസവ്യവസ്ഥയിലെ മുഖ്യകണ്ണിയായ വനങ്ങളുടെ 45 ശതമാനവും നമുക്ക് നഷ്ടമായി. ലോക ഭക്ഷ്യ‑കാർഷിക സംഘടനയുടെ കണക്കുകൾ പ്രകാരം 13 മില്യൺ ഹെക്ടർ വനഭൂമിയാണ് പ്രതിവർഷം ഇല്ലാതെയാകുന്നത്. വന്യജീവികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന പല രോഗങ്ങളും മനുഷ്യരിലേക്ക് പകരുവാൻ തുടങ്ങിയത് വന്യജീവി ആവാസവ്യവസ്ഥയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളുടെ ഫലമാണ്.
നമ്മുടെ ആഗോള ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) പകുതിയിൽ കൂടുതലും പ്രകൃതിയുടെ നേരിട്ടുള്ള ദാനമാണ്. ആഗോള ജനസംഖ്യയുടെ പകുതിയോളംപേർ പ്രകൃതിവിഭവങ്ങളെ നേരിട്ടാശ്രയിച്ചു ജീവിക്കുന്നവരാണ്. 8.1 ബില്യൺ വരുന്ന മൊത്തം ലോകജനസംഖ്യയിൽ 1.1 ബില്യൺ ജനങ്ങൾ, വനങ്ങളെ മാത്രം ആശ്രയിച്ചാണ് തങ്ങളുടെ ദൈനംദിന ജീവിതം നയിക്കുന്നത്. കൃഷി, മൃഗസംരക്ഷണം, വനസംരക്ഷണം, മത്സ്യബന്ധനം, ടൂറിസം, വാണിജ്യം തുടങ്ങിയ എല്ലാവിധ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം ജൈവവൈവിധ്യമാണ്. നമ്മുടെ ആഹാരത്തിന്റെ 80 ശതമാനത്തിന്റെയും ഉറവിടം സസ്യങ്ങളാണ്. ഏതാണ്ട് 300 കോടി ജനങ്ങൾക്ക് ജന്തുജന്യ മാംസ്യത്തിന്റെ 80 ശതമാനവും ലഭ്യമാകുന്നത് മത്സ്യങ്ങളിൽ നിന്നുമാണ്. കാർഷിക ജനിതകവൈവിധ്യത്തിൽ ഏതാണ്ട് മുക്കാൽ പങ്കും കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ നമുക്ക് നഷ്ടമായിട്ടുണ്ട്. അതുപോലെ, വളർത്തുമൃഗങ്ങളിലെ 30 ശതമാനം ഇനങ്ങളും വംശനാശ ഭീഷണി നേരിടുകയാണ്. ഭക്ഷ്യോല്പാദനം ചുരുക്കം ചില വിളകളിലേക്കും മൃഗങ്ങളിലേക്കും ചുരുങ്ങുമ്പോൾ നമ്മുടെ ഭക്ഷണ വൈവിധ്യവും അതുപോലെ ചുരുങ്ങുകയാണ്. ഇതു സൃഷ്ടിക്കുന്ന പോഷകക്കുറവ് പൊതുജനാരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഭക്ഷ്യവിളകളുടെ വന്യഇനങ്ങളിൽ ഏതാണ്ട് 20 ശതമാനവും നാശത്തിന്റെ വക്കിലാണ്. ഭക്ഷ്യോല്പാദനത്തിൽ മാത്രമല്ല നമുക്കുവേണ്ട എല്ലാ ഉപഭോഗ വസ്തുക്കളുടെയും സേവനങ്ങളുടെയും പ്രകൃതിദത്തമായ കൂടയാണ് ജൈവവൈവിധ്യം. അന്തരീക്ഷ വായുവും വെള്ളവും മണ്ണും ശുദ്ധീകരിക്കപ്പെടുന്നത് സൂഷ്മജീവികൾ ഉൾപ്പെടുന്ന ജൈവിക പ്രക്രിയയിലൂടെയാണ്. 

2030ലെ ആഗോള “സുസ്ഥിര വികസന ലക്ഷ്യങ്ങൾ” മിക്കതും ജൈവവൈവിധ്യത്തിന്റെയും ആവാസവ്യവസ്ഥകളുടെയും സംരക്ഷണവുമായി ചേർന്നു നിൽക്കുന്നവയാണ്. ദാരിദ്ര്യം തുടച്ചുനീക്കുക എന്നതാണ് സുസ്ഥിരവികസന ലക്ഷ്യങ്ങളിലെ ആദ്യത്തെ അജണ്ട. ഗ്രാമീണരുടെയും ആദിവാസി സമൂഹങ്ങളുടെയും ഉപജീവനം സാധ്യമാകുന്നത് ജൈവവൈവിധ്യത്തിലധിഷ്ഠിതമായ ആവാസവ്യവസ്ഥകളിലൂടെയാണ്. സുസ്ഥിര കൃഷിയിലൂടെ ഭക്ഷ്യസുരക്ഷയും പോഷകസുരക്ഷയുമൊരുക്കി “വിശപ്പുരഹിത ലോകം” സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ജൈവവൈവിധ്യ സംരക്ഷണത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. സുസ്ഥിരമായ സാമ്പത്തിക വളർച്ചയും ഉല്പാദനക്ഷമമായ തൊഴിലും പ്രദാനം ചെയ്യുന്നതിലും ഇതു വലിയ പങ്കുവഹിക്കുന്നു. “എല്ലാവര്‍‌‌ക്കും ശുദ്ധജലം; എവിടെയും ശുചിത്വം” എന്ന സുസ്ഥിര ലക്ഷ്യം നേടുവാനും ആവാസ വ്യവസ്ഥകളും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. “സുസ്ഥിരവും സുരക്ഷിതവുമായ നഗരങ്ങളും മനുഷ്യവാസ കേന്ദ്രങ്ങളും” എന്ന ലക്ഷ്യം നേടുന്നതിലും ജൈവവൈവിധ്യ സംരക്ഷണം പ്രധാനമാണ്. സുസ്ഥിര വ്യാവസായിക വൽക്കരണത്തിൽ സസ്യജാലങ്ങൾ, പവിഴപ്പുറ്റുകൾ, കണ്ടൽവനങ്ങൾ തുടങ്ങിയ “ഗ്രീൻ ഇൻഫ്രാസ്ട്രക്ച്ചർ” നൽകുന്ന സംഭാവനയും ചെറുതല്ല. സുസ്ഥിരമായ ഊർജലഭ്യത ഉറപ്പാക്കുകയെന്ന ലക്ഷം നേടുന്നതിൽ ജൈവവൈവിധ്യത്തെയും പ്രകൃതി വിഭവങ്ങളെയും വലിയതോതിൽ ആശ്രയിക്കേണ്ടിവരും. എല്ലാറ്റിലുമുപരി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ജൈവവൈവിധ്യവും ആവാസവ്യവസ്ഥകളും വഹിക്കുന്ന പങ്ക് ഉദാത്തമാണ്. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളെ ഒരു പരിധിവരെ തടഞ്ഞു നിർത്തുന്നത് കരഭൂമിയിൽ ഏതാണ്ട് 30 ശതമാനം വിസ്തൃതിയിലുള്ള നമ്മുടെ വനങ്ങളാണ് എന്ന് നമുക്കറിയാം. എന്നാൽ, കരഭൂമിയിൽ മൂന്ന് ശതമാനം മാത്രം വരുന്ന ചതുപ്പുനിലങ്ങളും ചെളിപ്രദേശങ്ങളും, വനങ്ങൾക്കു കഴിയുന്നതിന്റെ ഇരട്ടി അളവിൽ കാർബൺ സംഭരിച്ചു നിർത്തിയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രത കുറയ്ക്കുന്നത്. സമുദ്ര ആവാസ വ്യവസ്ഥകളുടെ ഭാഗമായ കണ്ടൽ വനങ്ങൾക്കുള്ള കാർബൺ സംഭരണശേഷി, കര ആവാസ വ്യവസ്ഥയുടെ ഭാഗമായ വനങ്ങളുടെ നാലിരട്ടിയാണ്. ഈ വിധത്തിൽ, ഓരോ ആവാസവ്യവസ്ഥയും അവയിലെ ജൈവവൈവിധ്യവും, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാൻ ശ്രദ്ധേയമായ പങ്ക് വഹിക്കുന്നു.
കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളിൽ മനുഷ്യൻ ജീവിച്ചത് ചുറ്റുമുള്ള ആവാസ വ്യവസ്ഥകളോട് ചേർ‌ന്നുനിന്നാണ്. എന്നാലിന്ന്, നാം മറ്റ് ആവാസ വ്യവസ്ഥയിലേ‌‌ക്ക് അതിക്രമിച്ചുകയറി അവയുടെ ജൈവവൈവിധ്യത്തെയും അവയ്ക്ക് മനുഷ്യ സമൂഹത്തിനു നൽകുവാൻ കഴിയുമായിരുന്ന സുസ്ഥിര സേവനങ്ങളെയും ഇല്ലാതാക്കുകയാണ്. ജൈവവൈവിധ്യ ശോഷണം ഇപ്പോഴത്തെ നിലയിൽ തുടർന്നാൽ പ്രകൃതിദത്തമായ ജൈവസമ്പത്തുകളെല്ലാം ക്രമേണ നഷ്ടമാകുകയും ജീവജാലങ്ങളെ താങ്ങിനിർത്തുവാൻ ഭൂമിക്ക് സാധ്യമാകാതെ വരികയും ചെയ്യും. ഫലമോ, മഹാമാരികളുടെയും അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും മാത്രമല്ല, വിശപ്പിന്റെയും മുന്നിൽ മനുഷ്യന് കീഴടങ്ങേണ്ടി വരും. അത് സംഭവിക്കരുതെങ്കിൽ, ജൈവവൈവിധ്യ സംരക്ഷണം, വെറും ദിനാചരണങ്ങൾക്കുമപ്പുറം ലോകരാഷ്ട്രങ്ങൾ ഏക മനസോടെ പങ്കാളികളാകുന്ന ഒരു മഹായത്നമായി മാറണം. അതിനുള്ള ആഹ്വാനമാണ് 2024ലെ ജൈവവൈവിധ്യ ദിനാചരണത്തിന്റെ “പദ്ധതിയിൽ പങ്കാളികളാകൂ” എന്ന സന്ദേശം. 2024 ഒക്ടോബർ 21 മുതൽ നവംബർ ഒന്ന് വരെ കൊളമ്പിയയിൽ നടക്കുന്ന 16-ാമത് അന്താരാഷ്ട്ര ജൈവവൈവിധ്യ സമ്മേളനത്തിൽ (സിഒപി 16); ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ എങ്ങനെ പ്രതികരിച്ചുവെന്നു തീർച്ചയായും വ്യക്തമാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.