23 December 2024, Monday
KSFE Galaxy Chits Banner 2

പാവപ്പെട്ടവര്‍ക്കല്ല,അതിസമ്പന്നര്‍ക്കും കോര്‍പറേറ്റുകള്‍ക്കുമുള്ള ബജറ്റ്

ഡി രാജ
February 5, 2022 6:00 am

കോര്‍പറേറ്റുകളോടും വന്‍കിട വ്യാപാര സ്ഥാപനങ്ങളോടുമുള്ള സര്‍ക്കാരിന്റെ വിധേയത്വം ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് 2022–23 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ്. ബിജെപിയുടെ സാമ്പത്തിക പക്ഷപാതിത്വങ്ങളും ‘അമൃത് കാലം’ അല്ലെങ്കിൽ അടുത്ത 25 വർഷത്തേക്ക് ഉദാരീകരണ നിലപാടുകളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കുവാന്‍ പോകുന്ന നയങ്ങളുടെ ശക്തമായ വഴികളും ഈ ബജറ്റ് ഒരിക്കൽക്കൂടി കാണിച്ചുതരുന്നുണ്ട്. സ്വകാര്യ മേഖലയുടെ വളര്‍ച്ചയ്ക്ക് ശക്തമായ പ്രചോദനം പ്രഖ്യാപിക്കുമ്പോള്‍തന്നെ പൊതു — സാമൂഹ്യ മേഖലകളോടുള്ള കടുത്ത അവഗണനയും ഈ ബജറ്റിന്റെ മുഖമുദ്രയാണ്. സര്‍ക്കാരിന്റെ ഉദ്ദേശ്യങ്ങളും അവര്‍ ആരെയാണ് സേവിക്കുവാന്‍ ആഗ്രഹിക്കുന്നതെന്നതും കണക്കിലെടുക്കുമ്പോള്‍ ഈ ബജറ്റിന്റെ രാഷ്ട്രീയ പരിഗണനകളുടെ പരിശോധന പ്രസക്തമാണ്. കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് ഇന്ത്യയുടെ തൊഴില്‍ ഘടന. 2020–21 ല്‍ ഈ മേഖലയുടെ ആകെ മൂല്യ വര്‍ധനവ് 20.2 ല്‍ നിന്ന് 2021–22ലെത്തുമ്പോള്‍ 18.8 ശതമാനമായി ഇടിയുകയാണുണ്ടായതെന്ന വസ്തുത പരിശോധിക്കുമ്പോള്‍ തന്നെ കാര്‍ഷിക മേഖലയുടെ സ്ഥിതി പരിതാപകരമാണെന്ന് വ്യക്തമാകുന്നു. ഗ്രാമീണ സമ്പദ്ഘടനയുടെ സുഗമമായ പ്രവര്‍ത്തനത്തിനും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും കാര്‍ഷിക മേഖലയില്‍ മുതല്‍ മുടക്കുകയെന്നത് അനിവാര്യമാണ്. എന്നാല്‍ അതിന് വിരുദ്ധമായി കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക — അനുബന്ധ മേഖലയ്ക്കുള്ള വിഹിതം ഗണ്യമായി വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. കാര്‍ഷിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ പ്രഖ്യാപിക്കുന്നുമില്ല. 2021–22ലെ പുതുക്കിയ ബജറ്റ് പ്രകാരം 4,74,750.47 കോടിയായിരുന്ന വിഹിതം ഒരു ലക്ഷം കോടി രൂപയെങ്കിലും കുറവ് വരുത്തി 3,70,303 കോടിയാണ് കാര്‍ഷിക മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്.

നെല്ലിന്റെയും ഗോതമ്പിന്റെയും സംഭരണത്തിനായുള്ള വിഹിതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10,000 കോടി രൂപയുടെ കുറവാണ് വരുത്തിയത്. കാര്‍ഷിക പ്രക്ഷോഭത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നും തന്നെ പാലിച്ചില്ലെന്നു മാത്രമല്ല, കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പു വരുത്തുന്നതിനെക്കുറിച്ച് ധനമന്ത്രി എന്തെങ്കിലും പരാമര്‍ശിക്കുക പോലും ചെയ്തില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ നടന്ന കര്‍ഷക പ്രക്ഷോഭത്തിന് മുന്നില്‍ പരാജയം സമ്മതിക്കുക എന്നത് ഇപ്പോഴും ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ലെന്നാണ് ഇതില്‍ നിന്ന് മനസിലാക്കേണ്ടത്. വിവാദമായ കാര്‍ഷിക കരിനിയമങ്ങള്‍ വന്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നതിന്റെ പ്രതികാരമെന്നോണം ഗ്രാമീണ സമ്പദ്ഘടനയെ തകര്‍ക്കുന്ന സമീപനം സ്വീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഈ സമീപനം ജനങ്ങളെ പ്രതിനിധീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഒരു സര്‍ക്കാരിന് യോജിച്ചതല്ല. മഹാമാരിയുടെയും മുന്‍വര്‍ഷങ്ങളില്‍ സംഭവിച്ച കെടുകാര്യസ്ഥതയുടെയും ഫലമായി തകര്‍ച്ചയിലായ സമ്പദ്ഘടനയെ ഉയര്‍ത്തെഴുന്നേല്പിക്കുവാന്‍ ശ്രമിക്കുകയാണ് ചെയ്യേണ്ടതെങ്കിലും ഫലപ്രദമായ നടപടികളുടെ അഭാവത്തില്‍ സമ്പദ്ഘടന പ്രത്യേകിച്ച് ഗ്രാമീണ മേഖല കടുത്ത അവഗണന നേരിടുകയാണ്. ഗ്രാമീണ വികസനത്തിനുള്ള ബജറ്റ് വിഹിതം 5.59 ശതമാനത്തില്‍ നിന്ന് 5.23 ശതമാനമായി കുറച്ചത് അതിന്റെ ഉദാഹരണമാണ്. 2021 ജൂണില്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉണ്ടായ ജോലി ആവശ്യകത 4.59 കോടിയായി ഉയര്‍ന്നത്, മഹാമാരിയുടെ കാലത്ത് കോടിക്കണക്കിനു പേരെ ദാരിദ്ര്യത്തില്‍ നിന്ന് പിടിച്ചുനിര്‍ത്തിയത് ദേശീയ തൊഴിലുറപ്പു പദ്ധതിയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്.


ഇതുകൂടി വായിക്കാം;ഇന്ത്യയെ കാണാത്ത കേന്ദ്രബജറ്റ്


അതിനുശേഷം ചില മേഖലകളില്‍ തിരിച്ചുവരവുണ്ടായെങ്കിലും തൊഴിലില്ലായ്മ ഇപ്പോഴും അമ്പരപ്പിക്കുന്ന നിരക്കില്‍തന്നെയാണ്. എന്നിട്ടും ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം വെട്ടിക്കുറയ്ക്കുന്നത് വികലമായ സാമ്പത്തിക ശാസ്ത്രം മാത്രമല്ല, തെറ്റായ രാഷ്ട്രീയത്തിന്റെയും തൊഴില്‍ നഷ്ടം മൂലം ദാരിദ്ര്യത്തിലമരുന്ന കോടിക്കണക്കിന് മനുഷ്യരോടുള്ള അനുഭാവരാഹിത്യത്തിന്റെയും പ്രകടനം കൂടിയാണ്. നടപ്പുവര്‍ഷത്തെ പുതുക്കിയ ബജറ്റ് പ്രകാരം തൊഴിലുറപ്പു പദ്ധതിക്കു വേണ്ടിയിരുന്ന വിഹിതം 98,000 കോടി രൂപയാണെങ്കിലും 2022–23 വര്‍ഷത്തേക്ക് മാറ്റിവച്ചിരിക്കുന്നത് 73,000 കോടി രൂപ മാത്രമാണ്. ഫണ്ടിന്റെ ദൗര്‍ലഭ്യവും സംസ്ഥാനങ്ങള്‍ക്ക് നല്കുവാനുള്ള കുടിശികയും സംബന്ധിച്ച് ഇതിനകം തന്നെ നിരവധി വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും കോര്‍പറേറ്റ് മേലാളന്മാരെ സേവിക്കുവാന്‍ മാത്രം തല്പരരായ ബിജെപി സര്‍ക്കാരിന്റെ ബധിരകര്‍ണങ്ങളില്‍ അവയൊന്നും പതിഞ്ഞില്ല. മാത്രമല്ല യഥാര്‍ത്ഥ സമ്പത്തുല്പാദകരായ കര്‍ഷകരെയും രാജ്യത്തെ തൊഴിലെടുക്കുന്നവരെയും ബോധപൂര്‍വം മറക്കുകയും ചെയ്തു.
‘അസമത്വം കൊല്ലുന്നു’ എന്ന തലക്കെട്ടില്‍ ഓക്സ്ഫാം ഇന്റര്‍ നാഷണല്‍ തയാറാക്കിയ ആഗോ­ള അസമത്വ റിപ്പോര്‍ട്ടില്‍ രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വല്ലാതെ വര്‍ധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പുകള്‍ നല്കിയിട്ടുണ്ട്.

2020ല്‍ 102 ആയിരുന്ന അതിസമ്പന്നരുടെ എണ്ണം മഹാമാരി രാജ്യത്ത് ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച 2021ല്‍ 142 ആയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രാജ്യത്തെ ജനസംഖ്യയിലെ ഏറ്റവും താഴെ തട്ടിലുള്ള 50 ശതമാനത്തിന്റെ ആകെ ആസ്തി കേവലം ആറു ശതമാനം മാത്രമായ വര്‍ഷം കൂടിയാണിതെന്നും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഭയാനകമായ ഈ സാഹചര്യം നേരിടുന്നതിനും പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനും സമ്പന്നര്‍ക്ക് അനുകൂലമായ നികുതി നയങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ ഓക്സ്ഫാം റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. അതിസമ്പന്നരായ 98 പേര്‍ക്ക് നാലുശതമാനം ആഡംബര നികുതി ചുമത്തിയാല്‍ അത്, രണ്ടു വര്‍ഷത്തിലധികം കാലത്തേക്ക് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെയും 17 വര്‍ഷം ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്റെയും ആറു വര്‍ഷത്തേക്ക് സമഗ്ര ശിക്ഷാ അഭിയാന്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനുമുള്ള തുകയാകുമെന്ന് ഓക്സ്ഫാം റിപ്പോര്‍ട്ട് കണ്ടെത്തുന്നുണ്ട്. സമാനമായി 98 അതിസമ്പന്ന കുടുംബത്തിന് ഒരു ശതമാനം നികുതി ചുമത്തിയാല്‍ ഏഴു വര്‍ഷത്തിലധികം കാലം ആയുഷ്മാന്‍ ഭാരത് പദ്ധതിക്കോ അല്ലെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസ — സാക്ഷരതാ വകുപ്പിന് ഒരു വര്‍ഷത്തേയ്ക്കോ ഉള്ള പണം കണ്ടെത്താനാവുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

 


ഇതുകൂടി വായിക്കാം; പ്രതീക്ഷകള്‍ കെടുത്തുന്ന കേന്ദ്ര ബജറ്റ്


 

ദൗര്‍ഭാഗ്യവശാല്‍ ചങ്ങാത്ത മുതലാളിത്ത സുഹൃത്തുക്കളെ ചെറുതായി പോലും ദോഷകരമായി ബാധിക്കാതിരിക്കുവാന്‍ ജാഗ്രത പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ സമ്പത്തിന്റെ പുനര്‍വിതരണത്തിനുള്ള ഒരു നടപടിയും സ്വീകരിക്കാതെ തങ്ങളുടെ ദരിദ്ര വിരുദ്ധ നിലപാടുകള്‍ തുടരുകയാണ്.
മഹാമാരിയുടെ വര്‍ഷങ്ങളില്‍ രാജ്യത്തെ പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ തകര്‍ച്ചയും സ്വകാര്യവല്ക്കരിക്കപ്പെട്ട ആരോഗ്യമേഖലയെ അമിതമായി ആശ്രയിക്കേണ്ടിവന്നതിന്റെ ദുരന്തങ്ങളും താങ്ങാനാകാത്ത ചെലവുകള്‍ വരുത്തിവച്ച അസമത്വവും ഉത്തരവാദിത്തമില്ലായ്മയും തുറന്നുകാട്ടപ്പെടുകയും ചെയ്തതാണ്. മൂന്നാം തരംഗത്തിന്റെ ഈ ഘട്ടത്തില്‍ പോലും അതില്‍ നിന്ന് പാഠമുള്‍ക്കൊള്ളുവാന്‍ കേന്ദ്ര സര്‍ക്കാര്‍ സന്നദ്ധമാകുന്നില്ല. ബജറ്റിന്റെ ആറ് തൂണുകളില്‍ ഒന്നാണെന്ന് പേരിട്ടിരിക്കുന്നുണ്ടെങ്കിലും ആരോഗ്യ — ക്ഷേമകാര്യ മേഖലയ്ക്കുള്ള വിഹിതത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നേരിയ വര്‍ധന മാത്രമാണ് വരുത്തിയത്.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിനുള്ള ആകെ ബജറ്റ് വിഹിതം കേവലം 0.96 ശതമാനവും ഗവേഷണത്തിന് 3.90 ശതമാനവും വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഇവ രണ്ടും നമ്മുടെ ആരോഗ്യ അടിസ്ഥാന സൗകര്യ മേഖലയില്‍ നിലനില്ക്കുന്ന വിടവ് നികത്തുന്നതിന് ഒട്ടും പര്യാപ്തമല്ല. ഈ നേരിയ വര്‍ധനവ് പോലും പൊതുജനാരോഗ്യ രംഗത്തിന്റെ പേരില്‍ സ്വകാര്യ മേഖലയ്ക്ക് നേട്ടമുണ്ടാകുന്നതിനാണ് വഴിയൊരുക്കുക. കോവിഡ് വാക്സിനേഷനുള്ള വിഹിതം 87 ശതമാനമാണ് കുറവുവരുത്തിയത്. നാം മഹാമാരിയില്‍ നിന്ന് പുറത്തുകടന്നുവെന്ന സര്‍ക്കാരിന്റെ വിശ്വാസമാണിത് സൂചിപ്പിക്കുന്നത്. പക്ഷേ അത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണ്. മോഡി ഭരണകാലയളവിന്റെ സവിശേഷതയെന്നതുപോലെ പോഷകാഹാരക്കുറവിലും പട്ടിണിയിലുമുള്‍പ്പെടെ എല്ലാ സൂചികകളിലും ഇന്ത്യ പിറകോട്ടു പോയിരിക്കുകയാണ്. ഈ പ്രശ്നങ്ങളെ കാണുന്നതിനു പകരം സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതത്തില്‍ 11 ശതമാനത്തിന്റെ കുറവ് വരുത്തി, മുന്‍ വര്‍ഷം 11,500 കോടിയായിരുന്നത് 10,233 കോടിയാക്കി. കുട്ടികളുടെ പോഷകാഹാരക്കുറവ് കൂടുതല്‍ രൂക്ഷമാക്കുവാനേ ഇതിടയാക്കുകയുള്ളൂ.
സ്കൂള്‍ പഠനത്തിനു ചേരാത്ത ആറിനും 14 നുമിടയില്‍ പ്രായമുള്ളവരുടെ എണ്ണം 2018ല്‍ 2.4 ശതമാനത്തില്‍ നിന്ന് 2021ല്‍ 4.6 ശതമാനമായി ഉയര്‍ന്നുവെന്ന വാര്‍ഷിക വിദ്യാഭ്യാസ റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍ നിലനില്ക്കേ ഈ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ശ്രദ്ധേയവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്.

പൊതുജനാരോഗ്യം, പൊതു വിദ്യാഭ്യാസം, തൊഴിലില്ലായ്മ എന്നിവയെല്ലാം വലിയ വെല്ലുവിളിയായി മുന്നില്‍ നില്ക്കുകയാണ്. ബിജെപിയുടെ കീഴില്‍ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച ഒരു പ്രതീക്ഷയ്ക്കും വകയില്ലെന്ന ധാരണയാണ് ഇതിലൂടെ ശക്തമാകുന്നത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി തന്റെ പിന്നാക്ക ജീവിത ഭൂതകാലത്തെക്കുറിച്ച് മോഡി പല തവണ വിളംബരംചെയ്യുന്നുവെങ്കിലും സാമൂഹ്യ നീതിയുടെ നിഷേധം അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ സവിശേഷതയായി മാറിയിരിക്കുന്നു. താല്ക്കാലിക തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍ — പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍— എന്നിങ്ങനെ മഹാമാരിക്കാലത്തെ ഏറ്റവും വലിയ ഇരകളായ പാര്‍ശ്വവല്‍കൃത വിഭാഗങ്ങള്‍ക്കുവേണ്ടി ഒരു സമാശ്വാസനടപടികളും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ല.

പകരം ഒരു പരിശോധനയുമില്ലാതെ വിദേശ സര്‍വകലാശാലകള്‍ക്ക് കാമ്പസുകള്‍ തുടങ്ങുവാനും അതുവഴി ഇപ്പോള്‍ തന്നെ താറുമാറായ ഈ മേഖലയെ കൂടുതല്‍ വികലമാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ സര്‍വകലാശാലകളും ഫീസ് ഘടനയും എല്ലാവരെയും ഉള്‍ക്കൊള്ളാത്ത സാഹചര്യവും ഇപ്പോള്‍തന്നെ നേട്ടമുണ്ടാക്കുന്ന സമ്പന്നര്‍ക്കുമാത്രം ഗുണം ചെയ്യുന്നതും ദളിതരെയും മറ്റ് പാര്‍ശ്വവല്കൃത വിഭാഗങ്ങളെയും കൂടുതല്‍ അകറ്റുന്നതുമായിരിക്കും. വ്യാപകമായ സ്വകാര്യവല്ക്കരണം സാമൂഹ്യനീതിയുടെ അടിവേരിനെയാണ് ബാധിക്കുന്നതെങ്കിലും സര്‍ക്കാര്‍ അതിന്റെ കോര്‍പറേറ്റ് അജണ്ട ഒരു ദാക്ഷിണ്യവുമില്ലാതെ നടപ്പിലാക്കുകയാണ്. സമൂഹത്തിലെ പാര്‍ശ്വവല്കൃത വിഭാഗത്തിനുള്ള വിഹിതത്തില്‍ ഒരു വര്‍ധനയും വരുത്തുന്നില്ല. സാമൂഹ്യ നീതി — അംഗപരിമിത ജനവിഭാഗ ക്ഷേമം, വനിതാ ശിശുക്ഷേമം, പിന്നാക്ക വിഭാഗം തുടങ്ങിയ മന്ത്രാലയങ്ങള്‍ക്ക് തുച്ഛമായ വിഹിതമാണ് നീക്കിവച്ചിരിക്കുന്നത്.

പട്ടികജാതി ക്ഷേമ ഘടക പദ്ധതിയുടെയും ആദിവാസി ഉപ പദ്ധതിയുടെയും അഭാവത്തിൽ, മോഡി സർക്കാരും നിതി ആയോഗും ഈ വിഭാഗങ്ങളെ തങ്ങളുടെ ദയാവായ്പ് പോലെയാണ് കൈകാര്യം ചെയ്യുന്നത്. ഭരണഘടന അനുശാസിക്കുന്ന അന്തസോടെ ജീവിക്കാനുള്ള അവരുടെ അവകാശം നിഷേധിക്കുകയാണ് ഇതിലൂടെ.
മഹാമാരിയുടെ ദുരന്തം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കണമെന്നും കമ്പോളത്തില്‍ വിനിയോഗിക്കപ്പെടുന്നതിനായി നേരിട്ട് പണം നല്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യം അധികാരികള്‍ ഇതുവരെ ഉള്‍ക്കൊണ്ടിട്ടില്ല. ദാരിദ്ര്യം, അസമത്വം, തൊഴിലില്ലായ്മ, രോഗങ്ങള്‍ എന്നിവയാൽ രാജ്യം ഉഴലുകയാണ്. എന്നാൽ പദ്ധതിച്ചെലവുകള്‍ കൂട്ടുന്നതിലൂടെ വളർച്ച കൊണ്ടുവരുമെന്ന് വിശ്വസിക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എയര്‍ ഇന്ത്യയുടെ കടം, പ്രതിരോധച്ചെലവുകള്‍ തുടങ്ങിയവയാണ് രാജ്യത്തിന്റെ പദ്ധതിച്ചെലവുകള്‍ കൂടുന്നതിനുള്ള കാരണം. ദേശസാല്ക്കരിക്കപ്പെട്ട നഷ്ടത്തിന്റെയും സ്വകാര്യവല്ക്കരിക്കപ്പെട്ട ലാഭത്തിന്റെയും മികച്ച ഉദാഹരണമാണ് എയര്‍ ഇന്ത്യയുടെ വില്പന. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരമെന്ന മോഡി സര്‍ക്കാര്‍ നേരത്തെ നല്കിയ വാഗ്ദാനം നടപ്പിലാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെങ്കിലും ധനമന്ത്രി മറ്റൊരു 60 ലക്ഷം തൊഴില്‍ വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇത്തരത്തിലുള്ള വന്‍ വാഗ്ദാനങ്ങളും അവയുടെ തന്നെ പരാജയങ്ങളും ജയിംസ് ബാള്‍ഡ്‌വിന്റെ ‘നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് ഞാന്‍ കാണുന്നുണ്ട്, അതുകൊണ്ട് നിങ്ങള്‍ പറയുന്നത് എനിക്ക് വിശ്വസിക്കുവാന്‍ കഴിയില്ല’ എന്ന ഉദ്ധരണിയെയാണ് ഓര്‍മ്മിപ്പിക്കുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം വഞ്ചനയാണ്, അത് എല്ലാവരും മനസിലാക്കുകുകയും അപലപിക്കുകയും വേണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.