27 April 2024, Saturday

ഇന്ത്യയെ കാണാത്ത കേന്ദ്രബജറ്റ്

സി ആര്‍ ജോസ് പ്രകാശ്
February 3, 2022 6:00 am

കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നാലാമത്തെ ബജറ്റ് പ്രസംഗമാണ് ഫെബ്രുവരി ഒന്നിന് നടത്തിയത്. ഒരു പ്രത്യേകതയുമില്ലാതെ, മുന്‍ ബജറ്റുകളെപ്പോലെ അവരത് അവതരിപ്പിച്ചു. കൃഷിക്കാരുടെ, തൊഴിലില്ലാത്തവരുടെ, തൊഴിലുറപ്പു പദ്ധതിയിലുള്ളവരുടെ, ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ക്കൊന്നും അവര്‍ ഒരു വിലയും കല്പിച്ചില്ല. പ്രധാനമന്ത്രിയുടെ, ബിജെപിയുടെ സാമ്പത്തിക നയമെന്തെന്ന് ധനമന്ത്രിക്ക് നല്ലതുപോലെ അറിയാം. അതിനുപറ്റിയ ബജറ്റ് വീണ്ടും അവതരിപ്പിക്കപ്പെട്ടു. ഈ സര്‍ക്കാരില്‍ പ്രതീക്ഷ അര്‍പ്പിച്ചവര്‍ വിഢികളായെന്നു മാത്രം.

രാജ്യം കൈവരിക്കുന്ന വളര്‍ച്ചയെക്കുറിച്ചാണ് എല്ലാ ബജറ്റുകളും വാചാലമാകുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തും ഇതുതന്നെയായിരുന്നു അവസ്ഥ. ജിഡിപിയില്‍ 9.2 ശതമാനം വര്‍ധനവുണ്ടാകുമെന്നു പ്രഖ്യാപിച്ചപ്പോള്‍, വളരെ ശക്തമായിട്ടാണ് നരേന്ദ്രമോഡി മേശപ്പുറത്തടിച്ചത്. 25 വര്‍ഷത്തേക്കുള്ള ബ്ലുപ്രിന്റാണ് അവതരിപ്പിക്കുന്നത് എന്ന പ്രഖ്യാപനമുണ്ടായപ്പോഴും ഇതായിരുന്നു അവസ്ഥ. 80 ലക്ഷം പേര്‍ക്ക് വീട്, 60 ലക്ഷം പേര്‍ക്ക് കുടിവെള്ളം, ‘5ജി’ 2023ല്‍ നിലവില്‍ വരും, ഇ‑പാസ്പോര്‍ട്ട് നടപ്പിലാക്കും, 7.5 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും. ഡിജിറ്റല്‍ റുപ്പി ആരംഭിക്കും, സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി രൂപ പലിശയില്ലാത്ത വായ്പയായി നല്കും, 400 തീവണ്ടികള്‍ കൂടി ഓടും, 2.73 ലക്ഷം കോടി രൂപ താങ്ങുവിലനല്കാന്‍ മാറ്റിവയ്ക്കും, ഒരു ക്ലാസ് റൂമിന് ഒരു റ്റി വി വീതം നല്കും, 25,000 കിലോമീറ്റര്‍ കൂടി ദേശീയപാതയാക്കും ഇങ്ങനെ പ്രഖ്യാപനങ്ങള്‍ ധാരാളമാണ്. 2014 മുതല്‍ ബിജെപി അവതരിപ്പിച്ചിട്ടുള്ള ബജറ്റുകളില്‍ പറഞ്ഞിട്ടുള്ള 50 ശതമാനം കാര്യങ്ങളെങ്കിലും നടപ്പിലാക്കിയോ എന്നു പരിശോധിക്കുമ്പോഴാണ്, ഇപ്പോഴത്തെ പ്രഖ്യാപനങ്ങളോട് ഒട്ടും മതിപ്പില്ലാതെ വരുന്നത്.

പഴയ കാര്യങ്ങളിലേക്ക് പോകുന്നില്ല. നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരിപ്പിച്ചു തുടങ്ങിയതിനു ശേഷം രാജ്യത്തിന്റെ സ്ഥിതിയെന്താണ്? പട്ടിണി കൂടി. തൊഴിലില്ലായ്മ വര്‍ധിച്ചു. ശിശുമരണവും ചികിത്സകിട്ടാതെ മരിക്കുന്നവരും കൂടി. ഭൂരിപക്ഷ ജനതയുടെയും വരുമാനം കുറഞ്ഞു. നിരക്ഷരരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു. ഇറക്കുമതികൂടുന്നു. 7.21 ലക്ഷം തസ്തികകള്‍ കേന്ദ്ര സര്‍വീസില്‍ മാത്രം ഒഴിഞ്ഞുകിടക്കുന്നു. പൊതുമേഖല നാള്‍ക്കുനാള്‍ ചെറുതായിവരുന്നു. എല്‍ഐസി പോലും വില്പനയ്ക്ക് വച്ചിരിക്കുന്നു. എസ്‌സി-എസ്‌ടി വിഭാഗത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരത്തെ മരിക്കുന്നവരുടെ രാജ്യമായി ഇന്നും ഇന്ത്യ നിലനില്ക്കുന്നു. ‘ലോക അസമത്വ റിപ്പോര്‍ട്ട്’, പുറത്തുവന്നത് 2022 ജനുവരി 17ന് ആണ്. ‘ഓക്സ്ഫാം’ തയാറാക്കിയ ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്, കോവിഡ് കാലത്ത് ലോകത്ത് ദരിദ്രരുടെ എണ്ണം കൂടിയെന്നാണ്. അതില്‍ ദുഃഖകരമായ കാര്യം, ലോകത്താകെ ദരിദ്രരുടെ എണ്ണത്തില്‍ 4.61 കോടിയുടെ വര്‍ധനവുണ്ടായപ്പോള്‍, അതില്‍ 52.27 ശതമാനവും ഇന്ത്യയിലാണെന്നതാണ്. ഇന്ത്യയില്‍ 84 ശതമാനം കുടുംബങ്ങളുടെ വരുമാനത്തില്‍ ഈ കാലയളവില്‍ കുറവുണ്ടായി.

 


ഇതുകൂടി വായിക്കാം; പ്രതീക്ഷകള്‍ കെടുത്തുന്ന കേന്ദ്ര ബജറ്റ്


അതേസമയം, 142 കോടീശ്വരന്‍മാരുടെ സമ്പത്തില്‍ 52 ശതമാനം വര്‍ധനവുണ്ടാകുകയും ചെയ്തു. ഇന്ത്യയില്‍ ആകെയുള്ള ജനസംഖ്യയുടെ 0.00001 ശതമാനം മാത്രമാണ് കോടീശ്വരന്‍മാര്‍. അവരുടെ കൈവശമുള്ളത് 53 ലക്ഷം കോടി ഡോളറാണ്. അമേരിക്ക ഉള്‍പ്പെടെ ലോകത്ത് ഒരു രാജ്യത്തും കോടീശ്വരന്‍മാര്‍ ഇത്ര വേഗതയില്‍ വളര്‍ന്നിട്ടില്ല. ഇവരില്‍ നിന്ന് ഒരു വര്‍ഷം മൂന്നു ശതമാനം ‘സമ്പന്ന നികുതി’ പിരിച്ചിരുന്നുവെങ്കില്‍ ഒരു വര്‍ഷം 12 ലക്ഷം കോടി രൂപ ഖജനാവില്‍ എത്തുമായിരുന്നു. ഇത്രയും പണമുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ ഉല്പന്നങ്ങളുടെയും പാചക ഗ്യാസിന്റെയും വില മൂന്നിലൊന്നായി കുറയ്ക്കാമായിരുന്നു. ഇന്ത്യ സമ്പന്നമായിക്കൊണ്ടിരിക്കുകയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ സര്‍ക്കാര്‍ സമ്പന്നമല്ല. ഭൂരിപക്ഷം ജനങ്ങളും അങ്ങനെതന്നെ. ജിഡിപി ഉയരുമ്പോള്‍, വിദേശ നിക്ഷേപം വര്‍ധിക്കുമ്പോള്‍, പുതിയ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ രാജ്യം കൂടുതല്‍ സമ്പന്നമാകും. അതിന്റെ ഗുണം ജനങ്ങളില്‍ എത്തിക്കുക എന്ന ചുമതലയാണ് ബജറ്റുകള്‍ നിര്‍വഹിക്കേണ്ടത്. എന്നാല്‍ ഇവിടെ എല്ലാ ബജറ്റുകളും അവര്‍ക്കെതിരായി മാറുന്നു. 2022–23 സാമ്പത്തിക വര്‍ഷത്തെ ബജറ്റിന്റെ അവസ്ഥയും വ്യത്യസ്തമല്ല.

2021–22 ല്‍ 35.21 ലക്ഷം കോടി രൂപയാണ് രാജ്യം ചെലവഴിക്കുന്നത്. ഇതില്‍ 8.22 ലക്ഷം കോടി രൂപയും ചെലവഴിക്കുന്നത് പലിശ നല്കാന്‍ മാത്രമാണ്. പ്രതിരോധത്തിന് 3.52 ലക്ഷം കോടിയും ശമ്പളത്തിന് 2.54 ലക്ഷം കോടിയും പെന്‍ഷന് 1.90 ലക്ഷം കോടിയും സബ്സിഡികള്‍ക്ക് 3.64 ലക്ഷം കോടിയും കേന്ദ്ര പദ്ധതികള്‍ക്ക് 8.53 ലക്ഷം കോടിയുമാണ് ചെലവ്. ഇനി വരവു പരിശോധിച്ചാല്‍, ആദായനികുതിയിലൂടെ 5.66 ലക്ഷം കോടിയും കോര്‍പറേറ്റ് ടാക്സിലൂടെ 5.52 ലക്ഷം കോടിയും ജിഎസ്‌ടിയിലൂടെ 6.84 ലക്ഷം കോടിയും എക്സൈസ് കസ്റ്റംസ് ഡ്യൂട്ടിയിലൂടെ 4.02 ലക്ഷം കോടിയും ലഭിക്കുന്നു. 15.49 ലക്ഷം കോടി രൂപയാണ് കടം വാങ്ങുന്നത്.

2022–23ല്‍ 39.45 ലക്ഷം കോടി രൂപയുടെ ചെലവുണ്ടാകുമെന്നാണ് ബജറ്റില്‍ പറയുന്നത്. അതേസമയം, യഥാര്‍ത്ഥത്തിലുള്ള വരവ് 22.84 ലക്ഷം കോടി രൂപ മാത്രമാണ്. ഇത് വ്യക്തമാക്കുന്നത്, പുതിയ സാമ്പത്തിക വര്‍ഷത്തില്‍ 16.61 ലക്ഷം കോടി രൂപ കടം വാങ്ങേണ്ടിവരുമെന്നാണ്. യഥാര്‍ത്ഥത്തില്‍ ഇത് 20 ലക്ഷം കോടി കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം ഓരോ വര്‍ഷവും സര്‍ക്കാരിന്റെ ചെലവില്‍ 11 ശതമാനത്തില്‍ അധികം വര്‍ധനവുണ്ടാകുന്നുണ്ട്. പണപ്പെരുപ്പവും വിലക്കയറ്റവും ഉയര്‍ന്നു പൊങ്ങുന്നതും പ്രശ്നമാണ്. ഈ സാഹചര്യത്തില്‍ പോലും കോര്‍പറേറ്റുകള്‍ക്ക് നല്ല ആനുകൂല്യമുണ്ട്. കോര്‍പറേറ്റ് സര്‍ചാര്‍ജ് 17 ശതമാനം ആയിരുന്നത് 12 ശതമാനമായി കുറച്ചു. അതേസമയം, കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം 4.74 ലക്ഷം കോടിയില്‍ നിന്ന് 3.63 ലക്ഷം കോടിയായി കുറച്ചു. ഭക്ഷ്യ സബ്സിഡിയില്‍ 27 ശതമാനവും വളം സബ്സിഡിയില്‍ 24 ശതമാനവും കുറവു വരുത്തി. തൊഴിലുറപ്പു പദ്ധതിക്ക് 98,000 കോടി രൂപ വേണ്ടിടത്ത് വകയിരുത്തിയത് 73,000 കോടി രൂപ മാത്രം. ഗ്രാമ വികസനത്തിന് 1,55,042 കോടിക്ക് പകരം വകയിരുത്തിയത് 1,38,203 കോടി രൂപമാത്രം. കേന്ദ്ര ബജറ്റിലെ മുന്‍ഗണനാക്രമം എങ്ങനെയെന്ന് ഇവിടെ വ്യക്തമാകുന്നു.

സാമ്പത്തിക രംഗത്ത് ഇന്ത്യ സഞ്ചരിക്കുന്നത് ശരിയായ പാതയിലൂടെയല്ല. 1980ല്‍ ലോകത്ത് ഉല്പാദിപ്പിച്ച സമ്പത്തില്‍, ഇന്ത്യയുടെ വിഹിതം 1.79 ശതമാനം മാത്രമായിരുന്നു. അന്ന് ചൈനയുടെ സ്ഥിതിയും ഒട്ടും മെച്ചമായിരുന്നില്ല, 1.81 ശതമാനം. എന്നാല്‍ 2021ല്‍ ലോക സമ്പത്തില്‍ ചൈനയുടെ വിഹിതം 17.84 ശതമാനം ആയി കുതിച്ചുയര്‍ന്നിരിക്കുന്നു. എന്നാല്‍ ഇന്ത്യയുടേത് 3.57 ശതമാനം മാത്രമാണ്. ജനുവരി മാസത്തില്‍ 1.41 ലക്ഷം കോടി രൂപ ജിഎസ്‌ടി ഇനത്തില്‍ കിട്ടിയത് വലിയ കേമമായിട്ടാണ് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. പക്ഷെ 23 ലക്ഷം കോടി രൂപ വരുമാനമുള്ള കേന്ദ്രസര്‍ക്കാര്‍, 20 ലക്ഷത്തോളം കോടി രൂപ ഒരു വര്‍ഷം കടമെടുക്കുന്ന സ്ഥിതിയും അതില്‍ 8.22 ലക്ഷം കോടി രൂപ പലിശ കൊടുക്കാന്‍ ചെലവഴിക്കുന്ന സ്ഥിതിയും കേന്ദ്രസര്‍ക്കാരിന്റെ ആകെ കടം 110 ലക്ഷം കോടി രൂപയോളം എത്തുന്ന സ്ഥിതിയും ഉണ്ടാകുന്നതില്‍ ധനമന്ത്രിക്ക് ഒരു ഉത്ക്കണ്ഠയുമില്ല. ഈ ബജറ്റിന്റെ ബാക്കിപത്രം എന്താണ്? രാജ്യത്തിന്റെ കടം സര്‍വകാല റിക്കാര്‍ഡില്‍ എത്തും. പെട്രോളിയം ഉല്പന്നങ്ങളുടെ അടക്കം വില വര്‍ധിക്കും. തൊഴിലുറപ്പു പദ്ധതിക്ക് ഒരു രൂപപോലും കൂടുതല്‍ വകയിരുത്താത്തതിന്റെ ദുരിതം ദയനീയമായിരിക്കും. ദരിദ്രരുടെ എണ്ണം ഇനിയും കൂടും. തൊഴിലില്ലാത്തവരുടെ എണ്ണം കുതിച്ചുയരും. എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക തകര്‍ച്ചയിലാകും. ഭക്ഷ്യ സബ്സിഡിയും വളം സബ്സിഡിയും കുറയും. 39 ലക്ഷം കോടി രൂപ ചെലവാക്കുമ്പോള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിന് 12,000 കോടി രൂപ മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിന്റെ ഫലമായി അവരുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. കര്‍ഷക ആത്മഹത്യ ഇനിയും വ്യാപകമാകും. അക്ഷരമറിയാത്തവരുടെ എണ്ണം കുതിച്ചുയരും. ഇറക്കുമതി ഇനിയും കൂടും. പൊതുമേഖല പൂര്‍ണമായി ഇല്ലാതാകും. പ്രതിരോധരംഗം കൂടി സ്വകാര്യ മേഖലയില്‍ ആകുമ്പോള്‍ രാജ്യത്തിന്റെ സുരക്ഷ തന്നെ അപകടത്തിലാകും. ഭൂരിപക്ഷ ജനതയുടെ വരുമാനം ഇനിയും കുറയും. കോര്‍പറേറ്റുകളുടെ വരുമാനം ഉയര്‍ന്നുകൊണ്ടേയിരിക്കും. സത്യത്തില്‍ ഈ ബജറ്റ് ഭൂരിപക്ഷ ജനതയെ ദുര്‍ബലപ്പെടുത്തുന്നതാണ് എന്ന് വ്യക്തം.

 


ഇതുകൂടി വായിക്കാം; വിശ്വാസ്യത ചോദ്യംചെയ്യുന്ന സ്ഥിതിവിവരകണക്കുകള്‍


 

ബജറ്റ് അവതരിപ്പിക്കുന്നതിന് വളരെ മുന്‍പുതന്നെ, കേരളം നിരവധി ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. കടമെടുപ്പ് പരിധി ജിഡിപിയുടെ അഞ്ച് ശതമാനമാക്കണം, ജിഎസ്‌ടി നഷ്ടപരിഹാരം നല്കല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടണം, ജനസംഖ്യാനുപാതികമായി 2.77 ശതമാനം കേന്ദ്ര വിഹിതം അനുവദിക്കണം, സെസ്, സര്‍ചാര്‍ജ് ഇവയുടെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് കൂടി നല്കണം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം കൂട്ടണം, കേന്ദ്ര ധനകാര്യ കമ്മിഷന്റെ ഗ്രാന്റില്‍ 6,000 കോടി രൂപയുടെ വെട്ടിക്കുറവു വരുത്താനുള്ള നീക്കം ഉപേക്ഷിക്കണം, കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകള്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം, കേരളത്തിന് ‘എയിംസ്’ അനുവദിക്കണം തുടങ്ങിയ 18 ആവശ്യങ്ങളില്‍ ഒന്നുപോലും പരിഗണിക്കാന്‍ ധനമന്ത്രി തയാറായില്ല. കേന്ദ്ര നടപടിമൂലം, കേരളത്തിന്റെ വരവും ചെലവും തമ്മില്‍ 36,000 കോടി രൂപയുടെ അന്തരമാണ് ഉണ്ടാകാന്‍ പോകുന്നത്. കേന്ദ്ര വിഹിതമായി കേരളത്തിന് 2.77 ശതമാനം കിട്ടുന്നതിനു പകരം 1.92 ശതമാനം മാത്രമാണ് കിട്ടുന്നത്.

ആകെ ലഭിക്കുന്ന തുക 15,720 കോടി രൂപ. ജിഎസ്‌ടി വിഹിതമായി 5,161 കോടിയും വരുമാന നികുതി വിഹിതമായി 4,740 കോടിയും കോര്‍പറേറ്റ് നികുതി വഹിതമായി 4,908 കോടിയും എക്സൈസ് തീരുവ ഇനത്തില്‍ 213 കോടിയും കിട്ടും. ലോട്ടറി, മദ്യം, ഭൂനികുതി, ഓഹരി നികുതി ഇവ ഒഴികെ മറ്റൊരു വരുമാനവും കേരളത്തിന് സ്വന്തമായി കണ്ടെത്താനാകില്ല. ഈ വരുമാനത്തില്‍ തന്നെ കോവിഡ് കാലത്ത് കുറവുണ്ടാകുകയും ചെയ്തു. ജിഎസ്‌ടി നടപ്പിലാക്കിയപ്പോള്‍ മറ്റുള്ളതെല്ലാം അതിന്റെ ഭാഗമായി മാറി. കേരളത്തെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക പ്രതിസന്ധിയാണ്. രാജ്യം 75 ബജറ്റുകള്‍ കണ്ടു. ഇനി വരാന്‍ പോകുന്ന 25 ബജറ്റുകള്‍ക്കാവശ്യമായ ബ്ലുപ്രിന്റ് ഉള്‍ക്കൊള്ളുന്നതാണ് ഈ ബജറ്റ് എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ബിജെപി ഭരണം തുടര്‍ന്നാല്‍ ഇന്ത്യന്‍ ജനതയുടെ ഭാവി കൂടുതല്‍ ഇരുളടഞ്ഞതായിരിക്കും എന്ന് പറയാതെ പറയുകയാണ്, ബജറ്റിലൂടെ ധനമന്ത്രി ചെയ്തിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.