18 April 2025, Friday
KSFE Galaxy Chits Banner 2

ചൈനയും ഇന്ത്യയും ഭക്ഷ്യധാന്യ കയറ്റുമതിയും

കുനാല്‍ ബോസ്
April 8, 2025 4:40 am

ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമുള്ള രാജ്യങ്ങളായ ചൈനയ്ക്കും ഇന്ത്യക്കും മുന്നിലുള്ള വെല്ലുവിളി, കൂടുതൽ കൃഷിഭൂമി നശിപ്പിക്കപ്പെടുന്നില്ലെന്നും തരിശുഭൂമി കൃഷിക്കായി വീണ്ടെടുക്കുന്നുണ്ടെന്നും ഉറപ്പാക്കുക എന്നതാണ്. ഇരു രാജ്യങ്ങളും ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നുവെങ്കിലും തരിശുഭൂമി വീണ്ടെടുക്കുന്നതിൽ ചൈനയ്ക്കാണ് മുൻതൂക്കം. തരിശുഭൂമി കൃഷിക്കായി പുനഃസ്ഥാപിക്കുന്നതിന് ബീജിങ് വൻതോതിൽ നിക്ഷേപം നടത്തുകയാണ്. പ്രധാനമായും ചെടികള്‍ നടുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുന്ന ‘ഹരിതാഭയ്ക്ക് ധാന്യം’ (ഗ്രെയിന്‍ ഫോര്‍ ഗ്രീന്‍) പോലുള്ള പരിപാടികളിലൂടെ. അത്തരം സംരംഭങ്ങൾ മണ്ണിന്റെ ആരോഗ്യത്തിൽ ഗണ്യമായ പുരോഗതിക്ക് കാരണമാകുന്നു. എങ്കിലും, നഗരവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, വ്യവസായങ്ങൾ എന്നിവയ്ക്ക് വേണ്ടി ഭൂമിക്കായി അവകാശവാദം ഉന്നയിക്കുന്നതിനാൽ കാർഷികോപയോഗത്തിനായി പുതിയ ഭൂമി കണ്ടെത്തുന്ന പ്രക്രിയ മന്ദഗതിയിലാണ്.
കൃഷിഭൂമിയുടെ ഉടമാവകാശം വിഭജിക്കപ്പെട്ടതിനാൽ ആളോഹരി അവകാശം വെറും 0.74 ഹെക്ടറായി കുറഞ്ഞ ഇന്ത്യയെപ്പോലെ, ചൈനയും സമാനമായ പ്രശ്നത്തിൽ വലയുകയാണ്. എന്നാൽ ധനുക (ഇന്ത്യയിലെ മുൻനിര കാർഷിക ‑രാസവള കമ്പനി) ചൂണ്ടിക്കാണിച്ചതുപോലെ, കർഷകരെ സഹകരണ സംഘങ്ങളുണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നതിലൂടെ വിഘടിത ഭൂമി ഏകീകരിക്കുന്നതിൽ ബീജിങ് വിജയിച്ചു. “സഹകരണ സംഘങ്ങൾക്ക് കീഴിലുള്ള വലിയ യൂണിറ്റുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വന്‍തോതിലുള്ള കൃഷി സാധ്യമാക്കുന്നു. കൃഷിയുടെ ആധുനികവൽക്കരണം സാധ്യമാക്കുന്ന വലിയ പ്ലോട്ടുകൾ ഉല്പാനക്ഷമത മെച്ചപ്പെടുത്തുന്നതിലേക്ക് നയിച്ചു,” ധനുക റിപ്പോര്‍ട്ട് പറയുന്നു. 

ചൈന കമ്മ്യൂണിസ്റ്റ് രാജ്യമായതിനാൽ, പാർട്ടിയുടെ തീരുമാനവും നിയമവും, കർഷകരുള്‍പ്പെടെ അനുസരിക്കും. എന്നാല്‍ മറുവശത്ത്, ജനാധിപത്യ സംവിധാനമുള്ള ഇന്ത്യയില്‍ ചെറുകിട ഭൂവുടമകളെ, അവരുടെ ഭൂമി സഹകരണ സംഘങ്ങൾക്ക് പണയപ്പെടുത്താന്‍ നിർബന്ധിക്കാനാവില്ല. 2024–25 വ്യാപാര വർഷത്തിൽ (എംവെെ), ചൈനയില്‍ എല്ലാ ധാന്യങ്ങളുടെയും കൃഷിഭൂമിയുടെ വിസ്തൃതി 0.3 ശതമാനം അഥവാ 351,000 ഹെക്ടര്‍ വർധനവോടെ 119.3 ദശലക്ഷം ഹെക്ടറായി ഉയർന്നു, അതിൽ നെല്ല് 29 ദശലക്ഷം, ഗോതമ്പ് 23.6 ദശലക്ഷം, ധാന്യം 44.7 ദശലക്ഷം ഹെക്ടറുമായിരുന്നു. മെച്ചപ്പെട്ട കാർഷിക രീതികളുടെയും സാങ്കേതികവിദ്യയുടെയും ഫലമായി വിളവ് മെച്ചപ്പെട്ടതോടെ, ചൈന 207.5 ദശലക്ഷം ടൺ അരിയും 140.1 ദശലക്ഷം ടൺ ഗോതമ്പും 294.9 ദശലക്ഷം ടൺ മറ്റ് ധാന്യങ്ങളും വിളവെടുത്തു. ഉയർന്ന വിളവ് ലഭിക്കുന്ന ഇനങ്ങളുടെ കൃഷി വർധിപ്പിച്ചതിന്റെ ഫലമായി ധാന്യോല്പാദനത്തിൽ രണ്ട് ശതമാനം ഉയര്‍ച്ചയുണ്ടായെങ്കിലും, കർഷകർക്ക് വിഷ മലിനീകരണവുമായി പോരാടേണ്ടിവരുന്നു. ബമ്പർ ഉല്പാദനം മൂലം ചോളത്തിന്റെ വില കുറയുന്നത് കണക്കിലെടുത്ത്, കർഷകർക്ക് ആശ്വാസത്തിനായി ഇറക്കുമതി 14 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി. എങ്കിലും ഇറക്കുമതി സ്രോതസുകൾ വൈവിധ്യവൽക്കരിക്കാനുള്ള നയം പിന്തുടരുന്നതിനായി, തെക്കേ അമേരിക്കയില്‍ നിന്നുള്ള ധാന്യം വലിയ അളവിൽ ചെെന വാങ്ങുന്നു.

ഉയർന്ന ആഭ്യന്തര ഉല്പാദനവും ദുർബലമായ ആവശ്യകതയും കാരണം, ചൈനീസ് ഗോതമ്പ് ഇറക്കുമതി 37 ശതമാനം അഥവാ എട്ട് ദശലക്ഷം ടൺ വരെ കുറയാൻ സാധ്യതയുണ്ട്. പക്ഷേ, 2024–25 സാമ്പത്തിക വർഷത്തിൽ, അരി ഇറക്കുമതിയിൽ വർധനവുണ്ടായി. പ്രധാനമായും തായ്‌ലൻഡിൽ നിന്നാണ് വാങ്ങുന്നതെങ്കിലും മ്യാൻമർ, പാകിസ്ഥാൻ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതിയുണ്ട്. ഇന്ത്യ കയറ്റുമതി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത് ചൈനയുടെ വാങ്ങൽ മെച്ചപ്പെടുത്താൻ കാരണമായിട്ടുണ്ട്. അതേസമയം, ആഗോള അരി വില ഇടിഞ്ഞതിനാൽ, 2025ൽ ചൈന അരി ഇറക്കുമതിയെക്കുറിച്ചുള്ള പ്രവചനം 2,00,000 ടൺ വർധിപ്പിച്ച് 2.2 ദശലക്ഷം ടണ്ണായി നിജപ്പെടുത്തിയതായി യുഎസ് കാർഷിക വകുപ്പ് (യുഎസ്ഡിഎ) പറയുന്നു.
2023–24ലെ കൂടിയ ഇറക്കുമതിക്കും 2024ലെ റെക്കോഡ് വിളവെടുപ്പിനും ശേഷം, 2024–25 വർഷത്തേക്കുള്ള ചൈനയുടെ മൊത്തം ധാന്യ ഇറക്കുമതി ആവശ്യകത ശരാശരിയെക്കാൾ വളരെ താഴ്ന്ന 37.5 ദശലക്ഷം ടൺ ആയിരിക്കുമെന്ന് ഫുഡ് ആന്റ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) സമീപകാല റിപ്പോർട്ട് പറയുന്നു. ഇത് 2023–24ലെ ഉയര്‍ന്ന ഇറക്കുമതിക്കും 2024ലെ മികച്ച വിളവെടുപ്പിനും ശേഷം അധിക ധാന്യസംഭരണം ശേഷിക്കുന്നതിന്റെ സൂചനയാണ്. ചെെന ലോകത്തിലെ ഏറ്റവും വലിയ ധാന്യ ഇറക്കുമതിക്കാരായതിനാല്‍ ഗോതമ്പ് ഉള്‍പ്പെടെയുള്ളവയ്ക്കുള്ള ഓർഡറുകളിലെ മാറ്റം ആഗോള വിലകളിൽ സ്വാധീനം ചെലുത്തും.
ചൈനയുടെ 2024 ജൂണിൽ പ്രാബല്യത്തിൽ വന്ന ഭക്ഷ്യസുരക്ഷാ നിയമം, കൃഷിഭൂമി സംരക്ഷണം, ഭൂമി പരിവർത്തനം പരിമിതപ്പെടുത്തൽ, കർഷകര്‍ക്ക് വരുമാനപിന്തുണ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് ധാന്യവും അനുബന്ധ ഉല്പന്നങ്ങളും വിതരണം ചെയ്യുന്നതിനായി രൂപകല്പന ചെയ്തിട്ടുള്ളതാണെന്ന് ‘ധനുക’ പറയുന്നു. ഭക്ഷ്യസുരക്ഷ ആഗ്രഹിക്കുന്ന വികസ്വര ഏഷ്യൻ രാജ്യങ്ങൾ പ്രാദേശിക സാഹചര്യങ്ങൾക്കനുസൃതമായി, സമാനമായ ഒരു നിയമം സ്വീകരിക്കുന്നത് നല്ലതാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഗോതമ്പിനും അരിക്കും ഉല്പാദനച്ചെലവും ന്യായമായ വരുമാനവും ഉൾക്കൊള്ളുന്ന വില കർഷകർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബീജിങ് രണ്ട് ധാന്യങ്ങൾക്കും മിനിമം താങ്ങുവില (എംഎസ്‌പി) ഉറപ്പാക്കിയിട്ടുണ്ട്. ധാന്യ സംഭരണത്തിനും സർക്കാർ സൗകര്യമൊരുക്കുന്നതിലൂടെ ഭക്ഷ്യസുരക്ഷയുടെ അടിത്തറയാവുകയാണ് എംഎസ്‌പി.

2024 വരെ മൊത്തവില സ്ഥിരമായി കുറയുന്ന പ്രവണത രേഖപ്പെടുത്തിയ ഗോതമ്പിന്റെ നില പരിശോധിക്കാം. കഴിഞ്ഞ വർഷത്തെ വിളവെടുപ്പിൽ നിന്നുള്ള അധികലഭ്യതയും 2023–24 സാമ്പത്തിക വർഷത്തിലെ വലിയ ഇറക്കുമതിയും വിലക്കുറവിന് കാരണമായി. 2025ലെ ആദ്യപാദത്തില്‍ വിലകൾ സ്ഥിരത പുലർത്തിയെങ്കിലും പ്രതിവർഷ ശരാശരി 15 ശതമാനം കുറവായിരുന്നു. വിപണിവില താങ്ങുവിലയെക്കാള്‍ താഴെയായതിനെത്തുടർന്ന് ചിലയിടങ്ങളിൽ ഗോതമ്പ് വാങ്ങുന്നതിന് സര്‍ക്കാര്‍ ഇടപെടൽ ആവശ്യമായി വന്നു. ഉറപ്പായ വിലയും പൊതുസംഭരണവും കർഷകർക്ക് ഗുണകരമാണ്. ഒരു സീസണിലെ താങ്ങുില എങ്ങനെ തീരുമാനിക്കുന്നുവെന്നതും അതുപോലെ പ്രധാനമാണ്. അതുവഴി കർഷകർക്ക് അടുത്ത സീസണിലേക്ക് മികച്ച ചുവടുവയ്പ് നടത്താൻ പ്രോത്സാഹനം ലഭിക്കുന്നു.
ഇന്ത്യയും താങ്ങുവില നല്‍കുന്നുണ്ട്, പക്ഷേ അതിന്റെ വിളകളുടെ വ്യാപ്തി വളരെ വലുതാണ്. 2025ൽ, 22 കാർഷിക വിളകൾക്കും രണ്ട് വാണിജ്യ വിളകളായ അസംസ്കൃത ചണം, കൊപ്ര എന്നിവയ്ക്കും താങ്ങുവില ലഭിക്കും. ഇതിന് പുറമേ, രാജ്യത്ത് കരിമ്പിന് ന്യായമായ വിലയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉപഭോക്താവും ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ ഉല്പാദകനുമാണ് ഇന്ത്യ. എന്നാൽ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ, വെള്ളം പമ്പ് ചെയ്യുന്നതിന് ആവശ്യമായ വൈദ്യുതിക്ക് താരിഫ് വർധിപ്പിക്കാതിരിക്കുക, കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കുക എന്നിവ ആവശ്യപ്പെട്ട് രാജ്യത്തെ കർഷകർ ഇപ്പോഴും പ്രതിഷേധത്തിലാണ്. 

കാർഷികോല്പന്നങ്ങളുടെ ക്ഷാമവും പണപ്പെരുപ്പ സമ്മർദവും ഒഴിവാക്കാനുള്ള നല്ല വിളവെടുപ്പിന് ചൈനയ്ക്കും ഇന്ത്യക്കും വേണ്ടത് നല്ല മഴയാണ്. ഇരുരാജ്യങ്ങളും ഗണ്യമായ നിക്ഷേപം നടത്തിയിട്ടും ജലസേചന സൗകര്യങ്ങളിൽ ഈ അവസ്ഥ നിലനില്‍ക്കുന്നു. ചൈനയുടെ കൃഷി ഭൂമിയുടെ 50 ശതമാനത്തില്‍ ജലസേചന സൗകര്യമുള്ളപ്പോള്‍ ഇന്ത്യയിൽ 52 ശതമാനം വരുന്ന 73 ദശലക്ഷം ഹെക്ടർ പ്രദേശം ജലസേചന സൗകര്യമുള്ളതാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചത് 2024–25 വിള വർഷത്തിൽ (ജൂലൈ മുതൽ ജൂൺ വരെ) അരി, ഗോതമ്പ്, ചോളം എന്നിവയുടെ റെക്കോഡ് ഉല്പാദനം കൈവരിക്കാൻ ഇന്ത്യയെ സഹായിക്കും. ഭക്ഷ്യധാന്യോല്പാദന ലക്ഷ്യം 341.55 ദശലക്ഷം ടണ്ണാണ്. കാർഷികോല്പാദനത്തിൽ തുടർച്ചയായ പുരോഗതി കൈവരിക്കാൻ സാധിച്ചത് ഉയർന്ന വിളവ് നൽകുന്ന ഇനങ്ങളുടെ പ്രയോഗം വർധിപ്പിക്കൽ, ഇടവിളക്കൃഷി, വിള വൈവിധ്യവൽക്കരണം, മികച്ച കൃഷി രീതികൾ, കൂടുതൽ ഭൂമി സുരക്ഷിതമാക്കൽ എന്നിവ മൂലമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ഗോതമ്പ്, അരി, പഞ്ചസാര എന്നിവയുടെ വർധിച്ചുവരുന്ന പ്രാദേശിക ആവശ്യം നിറവേറ്റുകയും ആഭ്യന്തര വില ന്യായമായ തലത്തിൽ നിലനിർത്തുകയും ചെയ്യുക എന്നതിനാണ് രാജ്യം മുൻ‌ഗണന നല്‍കേണ്ടത്. കയറ്റുമതി എല്ലായ്പ്പോഴും മിച്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിതരണത്തെക്കുറിച്ചും ഭക്ഷ്യസുരക്ഷയെക്കുറിച്ചുമുള്ള ആശങ്കകളും വിലക്കയറ്റവും കാരണം 2022 മേയ് മാസത്തിൽ ഗോതമ്പ് കയറ്റുമതി നിരോധിച്ചു. 2023 ജൂലൈയിൽ ബസ്‌മതിയിതര വെളുത്ത അരി കയറ്റുമതി നിരോധിച്ചിരുന്നെങ്കിലും, 2024 സെപ്റ്റംബറിൽ നിരോധനം നീക്കി. അതേസമയം പുഴുക്കലരിയുടെ കയറ്റുമതിത്തീരുവ 20ൽ നിന്ന് 10 ശതമാനമായി കുറച്ചു. ഉദാരവൽക്കരണ നടപടികളെത്തുടർന്ന് ബസുമതിയിതര വെളുത്ത പുഴുക്കലരിയുടെ കയറ്റുമതി സാധ്യത മെച്ചപ്പെട്ടിട്ടുണ്ട്. ആഭ്യന്തര വിതരണ നിയന്ത്രണങ്ങൾ മറികടക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമാണ് കയറ്റുമതി നിരോധനം വേണ്ടിവന്നത്. ബസുമതിയുടെയും വെള്ള അരിയുടെയും ലോകത്തിലെ ഏറ്റവും വലിയ വില്പനക്കാരാണ് ഇന്ത്യ. ഇതിന്റെ വാർഷിക കയറ്റുമതി ഏകദേശം 18 ദശലക്ഷം ടണ്ണാണ്. ഏഷ്യയിലെ മറ്റ് പ്രധാന അരികയറ്റുമതിക്കാർ തായ്‌ലൻഡ്, വിയറ്റ്നാം, പാകിസ്ഥാൻ, മ്യാൻമർ, കംബോഡിയ എന്നിവരാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.